ഇരിട്ടി: ആറളം, കൊട്ടിയൂര്‍ വന്യജീവി സങ്കേതങ്ങളുടെ ചുറ്റുമുള്ള ജനവാസ കേന്ദ്രങ്ങള്‍ ബഫര്‍ സോണ്‍ എന്ന പേരില്‍ പരിസ്ഥിതി ലോല മേഖലയാക്കിയതിനെതിരെ തലശ്ശേരി അതിരൂപത സമരത്തിന് ഇറങ്ങുന്നു. പരിസ്ഥിതി ലോല മേഖലാ പ്രഖ്യാപനത്തിലൂടെ ബഫര്‍ സോണ്‍ ആക്കുന്ന കര്‍ഷകരുടെ ഭൂമി അഞ്ച് വര്‍ഷത്തിനിടയില്‍ വനമായി മാറുകയും സ്വമേധയാ കര്‍ഷകര്‍ ഇത്തരം ഭൂമിയില്‍ നിന്ന് കുടിയിറങ്ങേണ്ടിവരികയും ചെയ്യുന്ന സാഹചര്യത്തിലാണ് സഭ സമരം നയിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
കരട് പ്രഖ്യാപനം തിരുത്തി ജനവാസകേന്ദ്രങ്ങള്‍ വരുന്നിടം ബഫര്‍ സോണ്‍സീറോയാക്കി പരിസ്ഥിതി ലോലം വനത്തില്‍ നിജപ്പെടുത്തണമെന്നാണ് സഭയുടെ ആവശ്യം.
മാങ്ങോട് സെന്റ് മേരീസ് പള്ളി ഹാളില്‍ നടന്ന ആലോചനായോഗത്തിന് തലശ്ശേരി സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി നേതൃത്വം നല്കി. ആയിരത്തോളം വീടുകളെ നേരിട്ടും രണ്ടായിരത്തിലധികം പേരുടെ കൃഷിയിടങ്ങളെ പരോക്ഷമായും ബാധിക്കുന്നതാണ് കരട് വിജ്ഞാപനം.