Wednesday, January 15, 2025
spot_img
More

    മുപ്പത്തിമൂന്നാം ദിവസം 24-03-2022 വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിന്റെ ക്രമമനുസരിച്ചുള്ള ദൈവമാതാവിന്റെ വിമല ഹൃദയ പ്രതിഷ്ടാ ഒരുക്കം

    ==========================================================================

    33 ദിവസത്തെ സമ്പൂർണ വിമലഹൃദയ പ്രതിഷ്ഠക്കുള്ള നിർദ്ദേശങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക

    ഇരുപത്തിയേഴു മുതൽ മുപ്പത്തിമൂന്നു വരെയുള്ള അവസാനത്തെ ആഴ്ചയിലെ ഒരുക്ക പ്രാർത്ഥനകൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ==========================================================================

    മുപ്പത്തിമൂന്നാം ദിവസം

    യേശുവിനെ അറിയുക


    ക്രിസ്താനുകരണ വായന

    ഭക്തവര്യനായ ദാവീദുരാജാവ് പിതാക്കന്മാർക്ക് നൽകപ്പെട്ട ദാനങ്ങളെ അനുസ്മരിച്ച് തന്റെ ശക്തിയോടുകൂടെ ദൈവത്തിന്റെ പേടകത്തിനുമുമ്പാകെ നൃത്തം ചെയ്തു. അദ്ദേഹം പല ഗാനോപകരണങ്ങൾ നിർമ്മിക്കുകയും സങ്കീർത്തനങ്ങൾ രചിക്കുകയുമുണ്ടായി. അവ ആഹ്ലാദപൂർവ്വം ആലപിക്കുന്നതിന് അദ്ദേഹം ഏർപ്പാടുചെയ്തു. പരിശുദ്ധാത്മാവിന്റെ പ്രചോദനത്താൽ അദ്ദേഹം തന്നെ പലപ്പോഴും വീണയുടെ അകമ്പടിയോടുകൂടെപ്പാടി. ഹൃദയപൂർവ്വം ദൈവത്തെ സ്തുതിക്കുവാനും ദിനംപ്രതി ഏകസ്വരത്തിൽ അവിടുത്തെ വാഴ്ത്തിപ്പുകഴ്ത്തുവാനും ഇസ്രായേൽ ജനത്തെ അദ്ദേഹം പഠിപ്പിച്ചു.
    വാഗ്ദാനപേടകത്തിന്റെ മുമ്പിൽ ഇങ്ങനെ ഭക്തിപ്രകടനങ്ങൾ നടത്തുകയും ദൈവസ്തുതികൾ പ്രകീർത്തിക്കുകയും ചെയ്തുവെങ്കിൽ, വി. കുർബാനയുടെ തിരുസന്നിധിയിലും ക്രിസ്തുവിന്റെ എത്രയും പരിശുദ്ധമായ ശരീരം സ്വീകരിക്കുന്ന സന്ദർഭങ്ങളിലും ക്രൈസ്തവർക്കും എനിക്കും എത്രമാത്രം ഭക്തിയും വണക്കവും ഉണ്ടായിരിക്കണം?

    അനേകംപേർ പുണ്യവാന്മാരുടെ അവശിഷ്ടങ്ങൾ സന്ദർശിക്കാൻ പല സ്ഥലങ്ങളിൽ സഞ്ചരിക്കുന്നുണ്ട്. അവർ പ്രവർത്തിക്കുന്ന അത്ഭുതങ്ങളെപ്പറ്റി കേട്ട് ആശ്ചര്യപ്പെടുന്നു. അവരുടെ നാമത്തിൽ സ്ഥാപിച്ചിട്ടുള്ള ബ്രഹ്മാണ്ഡ ദൈവാലയങ്ങൾ ചുറ്റി നടന്നു കാണുകയും പൊന്നു ചെപ്പുകളിൽ പട്ടുകൊണ്ടു പൊതിഞ്ഞുവച്ചിരിക്കുന്ന അവരുടെ വിശുദ്ധ അസ്ഥികൾ ചുംബിക്കുകയും ചെയ്യുന്നു.

    എന്നാൽ ഇവിടെ എന്റെ ദൈവവും പുണ്യവാന്മാർക്ക് പുണ്യവാനും മനുഷ്യരുടെ സൃഷ്ടികർത്താവും ദൈവദൂതന്മാരുടെ നാഥനുമായ അങ്ങ് എന്റെ അടുക്കൽ ബലിപീഠത്തിൽ സന്നിഹിതനായിരിക്കുന്നു.

    മേൽപറഞ്ഞവ കാണാൻ പോകുന്നത് പലപ്പോഴും കൗതുകത്താലും പുതിയ കാഴ്ചകൾ കാണുവാനുള്ള ആഗ്രഹത്താലുമാണ്. പരമാർത്ഥമായ അനുതാപം കൂടാതെ ഇത്ര ചപലമായി അങ്ങുമിങ്ങും ഓടിനടക്കുന്നതുകൊണ്ട് ജീവിതത്തിൽയാതൊരു സദ്ഫലവും ഉളവാകുന്നില്ല.

    ദൈവപുത്രനായ ക്രിസ്തുനാഥാ, അങ്ങ് പൂർണ്ണമായി വിശുദ്ധ കുർബാനയിൽ സന്നിഹിതനായിരിക്കുന്നു. ഭക്തിയോടും യോഗ്യതയോടുംകൂടെ അങ്ങയെ കൈക്കൊള്ളുമ്പോഴൊക്കെയും അങ്ങിൽ നിന്ന് നിത്യരക്ഷയുടെ ഫലം ഞങ്ങൾക്കു സമൃദ്ധിയായി സിദ്ധിക്കുന്നു.

    ഈ കുർബ്ബാനയിലേയ്ക്ക് ഞങ്ങളെ ആകർഷിക്കുന്നതു വല്ല വിനോദമോ കൗതുകമോ ജഡസന്തോഷമോ അല്ല; ദൃഢമായ വിശ്വാസവും പരിശുദ്ധമായ പ്രത്യാശയും സ്നേഹവുമാണ്.

    അദൃശ്യനും ലോകസ്രഷ്ടാവുമായ ദൈവമേ, അങ്ങ് ഞങ്ങളോട് എത്ര വിസ്മയാവഹമായ രീതിയിലാണു പെരുമാറുന്നത്! വിശുദ്ധ കുർബാനയിൽ അങ്ങയെ സ്വീകരിക്കുവാനുള്ള ഭാഗ്യം സിദ്ധിച്ചിരിക്കുന്ന അങ്ങേ തെരഞ്ഞെടുക്കപ്പെട്ടവരുടെ സകല കാര്യങ്ങളും എത്രയും മധുരമായും ഭംഗിയായും അങ്ങു നടത്തിക്കൊടുക്കുന്നു.

    ഇത് ബുദ്ധിശക്തിക്ക് അതീതമാണ്; ഭക്തന്മാരുടെ ഹൃദയങ്ങളെ പ്രത്യേകവിധം ആകർഷിച്ച് അവരുടെ സ്നേഹത്തെ ഉജ്ജ്വലിപ്പിക്കുന്നു.

    തങ്ങളുടെ ജീവിതം നേരെയാക്കാനൊരുങ്ങിയിരിക്കുന്ന അങ്ങയുടെ സത്യവിശ്വാസികൾ പരിശുദ്ധ കുർബാനയിൽ നിന്ന് ഭക്തിയെന്ന ദിവ്യവരവും പുണ്യത്തോടുള്ള സ്നേഹവും കൂടെക്കൂടെ കൈക്കൊള്ളുന്നു.

    വിസ്മയാവഹവും നിഗൂഢവുമായ വിശുദ്ധ കുർബാനയുടെ ദിവ്യവരം! ഇതു ക്രിസ്തുവിൽ വിശ്വസിക്കുന്നവർ മാത്രമേ മനസ്സിലാക്കിയിട്ടുള്ളു. അവിശ്വാസികൾക്കും പാപികൾക്കും ഇത് അനുഭവഭേദ്യമാകുകയില്ല.
    വിശുദ്ധ കുർബാന വഴി ആത്മീയവരം നൽകപ്പെടുന്നു; നഷ്ടപ്പെട്ടുപോയ പുണ്യയോഗ്യത തിരിയെത്തരുന്നു; പാപത്താൽ നഷ്ടപ്പെട്ട ആത്മവിശുദ്ധി വീണ്ടും സിദ്ധിക്കുന്നു.

    ഈ ദിവ്യവരത്തിൽ നിന്നു ലഭിക്കുന്ന ഭക്തിയുടെ പാരമ്യത്താൽ മനസ്സുമാത്രമല്ല, ബലഹീനമായ ശരീരവും കൂടി ഓജസ്സ് സമൃദ്ധമായി പ്രാപിക്കുന്നതുപോലെ തോന്നുന്നു അത്രയ്ക്ക് വിശിഷ്ടമാണ് ഈ ദിവ്യവരം.

    അതീവ സ്നേഹത്തോടെ വി. കുർബാനയിൽ നാം ഈശോയെ സ്വീകരിക്കണം. നമ്മുടെ മന്ദഭക്തിയെയും അലസതയെയും കുറച്ച് ദുഃഖിക്കുകയും മനസ്തപിക്കുകയും ചെയ്യേണ്ടതാണ്. രക്ഷപ്പെടാനുള്ളവരുടെ സകല പ്രത്യാശയും ഈശോയിലാണ് സ്ഥിതിചെയ്യുന്നത്.

    അവിടുന്നു നമ്മുടെ വീണ്ടെടുപ്പും വിശുദ്ധീകരണവുമാണ്. ജീവിച്ചിരിക്കുന്നവരുടെ ആശ്വാസവും പുണ്യവാന്മാരുടെ നിത്യസൗഭാഗ്യവുമാണ്.

    ആകയാൽ, രക്ഷാകരമായ ഈ രഹസ്യത്തെ അനേകം പേർ വിലവയ്ക്കാതിരിക്കുന്നത് എത്രയും ശോചനീയമായികുന്നു. സ്വർഗ്ഗത്തെ ആനന്ദിപ്പിക്കുന്നതും സർവ്വലോകത്തെയും പരിപാലിക്കുന്നതുമാണല്ലോ ഈ രഹസ്യം.

    ഹാ! കഷ്ടം! അവർണ്ണനീയമായ ഈ ദാനത്തെ സാരവത്തായി പരിഗണിക്കാതെ അനുദിന പരിചയം നിമിത്തം അലക്ഷ്യമായിത്തള്ളുന്ന മനുഷ്യഹൃദയം എത്ര അന്ധവും കഠിനവുമാണ്!

    ലോകത്തിൽ ഒരിടത്തുമാത്രം വിശുദ്ധ കുർബാന സമർപ്പിക്കപ്പെടുകയും ഒരു വൈദികൻ മാത്രം പരികർമ്മം ചെയ്യുകയുമായിരുന്നുവെങ്കിൽ, ആ സ്ഥലത്ത് അദ്ദേഹത്തിന്റെ അടുക്കലെത്തി ദിവ്യരഹസ്യങ്ങൾ സമർപ്പിക്കുന്നതു കാണാൻ മനുഷ്യർക്ക് എന്തുമാത്രം ആഗ്രഹം ഉണ്ടാകുമായിരുന്നുവെന്നാണ് നിനക്ക് തോന്നുന്നത്?

    ഇന്നാണെങ്കിൽ പുരോഹിതർ ധാരാളം സ്ഥലങ്ങളിൽ ക്രിസ്തുനാഥന്റെ ബലി സമർപ്പിക്കുന്നുണ്ട്. വി. കുർബാന സ്വീകരണം ലോകത്തിൽ പ്രചരിക്കുന്തോറും മനുഷ്യരുടെ നേർക്ക് ദൈവത്തിനുള്ള കൃപയും സ്നേഹവും വലുതാണെന്നു പ്രത്യക്ഷപ്പെടുമല്ലോ.

    നല്ലവനായ ഈശോ, പരദേശികളും പാവപ്പെട്ടവരുമായ ഞങ്ങളെ തന്റെ വിലയേറിയ തിരുശ്ശരീരവും രക്തവും കൊണ്ട് പോഷിപ്പിക്കാൻ തിരുമനസ്സായ നിത്യനായ അജപാലകാ, അങ്ങേയ്ക്ക് ഞങ്ങൾ സ്തോത്രം ചെയ്യുന്നു: ‘അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ’ എന്ന് അങ്ങയുടെ സ്വന്തം വാക്കുകളിൽക്കൂടെയും അങ്ങ് ഞങ്ങളെ ഈ രഹസ്യങ്ങൾ കൈക്കൊള്ളുവാൻ ക്ഷണിച്ചിരിക്കയാണല്ലോ.

    വിചിന്തനം

    ദിവ്യകാരുണ്യത്തിൽ ഈശോ നമുക്ക് നൽകിയിരിക്കുന്ന തന്റെ ശരീരരക്തങ്ങളുടെ മഹാത്മ്യം ആർക്ക് നിരൂപിക്കാനോ വർണ്ണിക്കാനോ കഴിയും?

    വിശുദ്ധ അഗസ്തീനോസ് പറഞ്ഞിട്ടുള്ളതുപോലെ ദൈവം സർവ്വശക്തനാണെങ്കിലും തന്നെക്കാൾ ശ്രേഷ്ഠമായി യാതൊന്നും നമുക്കു തരാൻ അവിടുത്തേയ്ക്ക് കഴിയുകയില്ല. തന്റെ ശരീരവും രക്തവുമാകുന്ന ദാനത്തേക്കാൾ കവിഞ്ഞൊരു ദാനം നൽകാൻ അവിടുത്തേയ്ക്കാകയില്ല. പിതാവിന്റെ ജ്ഞാനംതന്നെയായ അവിടുത്തേയ്ക്ക് നമ്മുടെ ഹൃദയം നേടിയെടുക്കാൻ വിശുദ്ധ കുർബാനയിൽ തന്നെത്തന്നെ നമുക്ക് തരുന്നതിനേക്കാൾ ഭേദമായ ഒരു മാർഗ്ഗമില്ല.

    പ്രാർത്ഥിക്കാം

    ഓ ഈശോ! ദിവ്യകാരുണ്യമാകുന്ന മഹാനുഗ്രഹത്തിനു നന്ദിയായി എന്നെ മുഴുവൻ ഞാൻ അങ്ങേയ്ക്ക് കാഴ്ചവയ്ക്കുന്നു; ഈ കാഴ്ച അങ്ങു സ്വീകരിച്ച് എന്നെ അനുഗ്രഹിക്കണമേ; ഇപ്പോഴും എപ്പോഴും എന്നേയ്ക്കും.
    ആമ്മേൻ.

    അനുസ്മരണാവിഷയം:
    അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ നിങ്ങളെല്ലാം എന്റെ അടുക്കൽ വരുവിൻ. ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം.

    അഭ്യാസം:
    ദിവ്യകാരുണ്യനാഥനോടുള്ള ബഹുമാനം വർദ്ധിക്കട്ടെ; തീക്ഷ്ണമായ സ്നേഹത്തോടെ അവിടുത്തെ സ്വീകരിക്കുക.


    2. മരിയൻ സമർപ്പണ ഒരുക്ക വായന- യഥാർത്ഥ മരിയഭക്തി- യിൽ നിന്ന്.

    യഥാര്‍ത്ഥ മരിയഭക്തിയുടെ ഭക്താഭ്യാസങ്ങള്‍ ഏതെല്ലാം?

    പരിശുദ്ധ കന്യകയോടുള്ള യഥാര്‍ത്ഥ ഭക്തിയെ പ്രകടിപ്പിക്കുന്ന പല ആന്തരികാഭ്യാസങ്ങളുമുണ്ട്. പ്രധാനമായവ താഴെ കുറിക്കാം.

    ( 1 ) ദൈവത്തിന്റെ മാതാവെന്ന നിലയില്‍ പരിശുദ്ധമറിയത്തെ ബഹുമാനിക്കുക. യഥാര്‍ത്ഥ ദൈവവും യഥാര്‍ത്ഥ മനുഷ്യനുമായ ക്രിസ്തുവിനെ മാറ്റി നിറുത്തിയാല്‍, ഏറ്റവും ഉത്കൃഷ്ടവും മഹത്ത്വപൂര്‍ണ്ണമായ സൃഷ്ടിയാണ് പരിശുദ്ധമറിയം. ആകയാല്‍ , മറ്റു വിശുദ്ധരെക്കാള്‍ കൂടുതലായ ബഹുമാനവും വണക്കവും ( hyper dulia ) അവള്‍ക്കു നല്കുക.

    ( 2 ) അവിടുത്തെ സുകൃതങ്ങളെയും വിശേഷാധികാരാവകാശങ്ങളെയും പ്രവൃത്തികളെയുംപറ്റി ധ്യാനിക്കുക.

    ( 3 ) അവിടുത്തെ മഹത്ത്വം മനനം ചെയ്യുക.

    ( 4 ) അവിടുത്തേക്ക് സ്‌നേഹം, സ്തുതി, നന്ദി ഇവ അര്‍പ്പിക്കുക.

    ( 5 ) പൂര്‍ണ്ണഹൃ ദയത്തോടുകൂടി അവിടുത്തെ മാദ്ധ്യസ്ഥ്യം തേടുക.

    ( 6 ) നമ്മെത്തന്നെ അവിടുത്തേക്കു സമര്‍പ്പിക്കുകയും അവിടുത്തോട് ഐക്യപ്പെടുകയും ചെയ്യുക.

    ( 7 ) എല്ലാ പ്രവൃത്തികളും അവിടുത്തെ പ്രീതിപ്പെടുത്തണം എന്ന ഉദ്ദേശ്യത്തോടെ ചെയ്യുക.

    ( 8 ) നമ്മുടെ പരമാന്ത്യമായ ക്രിസ്തുവിനുവേണ്ടിയും ക്രിസ്തുവഴിയും ‘ക്രിസ്തുവിലും ക്രിസ്തുവിനോടുകൂടിയും സര്‍വ്വ പ്രവ്യത്തികളും ചെയ്യുവാന്‍ വേണ്ടി, എല്ലാം പരിശുദ്ധമറിയംവഴിയും മറിയത്തോടുകൂടിയും മറിയത്തിലും മറിയത്തിനുവേണ്ടിയും തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യുക.

    യഥാര്‍ത്ഥ മരിയഭക്തിയെ പ്രകടമാക്കുന്ന പല ബാഹ്യാഭ്യാസങ്ങളുമുണ്ട്. അവയില്‍ പ്രധാനമായവ ഇവയാണ്.

    (1 ) മാതാവിന്റെ സൊഡാലിറ്റിയിലും ഇതര സഖ്യങ്ങളിലും അംഗമായി ചേരുക.

    (2) അവിടുത്തെ ബഹുമാനത്തിനായി സ്ഥാപിതമായിരിക്കുന്ന സന്യാസസഭകളില്‍ പ്രവേശിക്കുക.

    ( 3 ) അവിടുത്തെ മഹത്വത്തെ പ്രകീര്‍ത്തിക്കുക.

    (4) അവിടുത്തെ സ്തുതിക്കായി ഉപവാസങ്ങളും ദാനധര്‍മ്മങ്ങളും ബാഹ്യവും ആന്തരികവുമായ ആശാനിഗ്രഹങ്ങളും മറ്റും അറിയിക്കുക.

    ( 5 ) കൊന്തയും ഉത്തരിയവും ചെറുചങ്ങലയും ധരിക്കുക.

    (6) ക്രിസ്തുനാഥന്റെ ജീവിതത്തിലെ പതിനഞ്ചു പ്രധാന രഹസ്യങ്ങളുടെ സ്തുതിക്കായി ഒരു മുഴുവന്‍ കാന്തയോ ജപമാലയുടെ അഞ്ചു രഹസ്യങ്ങളടങ്ങി മുന്നില്‍ ഒരു ഭാഗമെങ്കിലുമോ ശ്രദ്ധയോടും ഭക്തിയോടും ധ്യാനാത്മകതയോടുകൂടി ചൊല്ലുക.
    അത് മംഗലവാര്‍ത്ത, സന്ദര്‍ശനം, തിരുജനനം , ഈശോയെ ദേവാലയത്തില്‍ സമര്‍പ്പിക്കുന്നത്, ഈശോയെ ദേവാലയത്തില്‍ കണ്ടുമുട്ടുന്നത്
    എന്നീ അഞ്ചു സന്തോഷ രഹസ്യങ്ങളുടെയോ ഈശോ രക്തം വിയര്‍ക്കുന്നത് , ഈശോയെ ചമ്മട്ടി കൊണ്ട് അടിക്കുന്നത്, ഈശോയെ മുള്‍ക്കിരീടം ധരിപ്പിക്കുന്നത്, ഈശോ കുരിശു വഹിക്കുന്നത്, ഈശോയുടെ കുരിശുമരണം എന്നീ അഞ്ചു ദുഖ രഹസ്യങ്ങളുടെയോ ഈശോയുടെ ഉത്ഥാനം, ഈശോയുടെ സ്വര്‍ഗാരോഹണം, പരിശുദ്ധാത്മാവിന്റെ ആഗമനം, പരിശുദ്ധ അമ്മയുടെ സ്വര്‍ഗ്ഗാരോപണം, പരിശുദ്ധ അമ്മയെ ത്രിലോകരാജ്ഞിയായി മുടി ധരിപ്പിക്കുന്നത് എന്നീ മഹിമയുടെ രഹസ്യങ്ങളുടെയോ സ്തുതിക്കാകാം.

    മാതാവ് ഈ ലോകത്തില്‍ ജീവിച്ചിരുന്നതിന്റെ സ്തുതിക്കായി ആറോ ഏഴോ ദശകങ്ങളോ, മറിയത്തിന്റെ വിശേഷാധികാരത്തെ സൂചിപ്പിക്കുന്ന പന്ത്രണ്ടു നക്ഷത്രങ്ങളുള്ള കിരീടത്തിന്റെ സ്മരണ്ക്കായി 3 സ്വര്‍ഗ്ഗ. 12 നന്മ അടങ്ങിയ ജപമോ, സഭയില്‍ സാര്‍വ്വത്രികമായി ചൊല്ലിവരുന്ന മാതാവിന്റെ ഒപ്പീസോ ചൊല്ലാവുന്നതാണ്. വി. ബൊനവെഞ്ച്വര്‍ മറിയത്തിന്റെ സ്തുതിക്കായി രചിച്ച കീര്‍ത്തനം ആലപിക്കുന്നതും സ്തുത്യര്‍ഹമാണ്. ഏറ്റവും ഭക്തിപരവും ഹൃദ്യവുമായ വിധം രചിച്ചിട്ടുള്ള ആ കീര്‍ത്തനങ്ങള്‍ ഹൃദയത്തെ സ്പര്‍ശിക്കാതെ ഉരുവിടുക പ്രയാസമാണ്.

    നമുക്കു പ്രാര്‍ത്ഥിക്കാം.

    പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.

    3. വിമലഹൃദയപ്രതിഷ്ഠാ ഒരുക്ക ധ്യാനവും വിചിന്തനവും



    ധ്യാനവിഷയവും പ്രാർത്ഥനയും

    മരിയൻ സമർപ്പണത്തിനുള്ള ഏറ്റവുമടുത്ത ഒരുക്കം


    “എന്റെ മകനേ , നീ യേശുക്രിസ്തുവിന്റെ കൃപാവരത്തിൽനിന്നു ശക്തി സ്വീകരിക്കുക . യേശുക്രിസ്തുവിന്റെ നല്ല പടയാളിയെപ്പോലെ കഷ്ടപ്പാടുകൾ സഹിക്കുക . സൈനികസേവനത്തിൽ ഏർപ്പെട്ടിരി ക്കുന്ന പടയാളി തന്നെ സൈന്യത്തിൽ ചേർത്ത ആളിന്റെ ഇഷ്ടം നിറവേറ്റാനുള്ളതിനാൽ മറ്റുകാര്യങ്ങളിൽ തലയിടാറില്ല ” ( 2 തിമോ 2 , 1 , 3 – 4 ).

    ആമുഖം

    കഴിഞ്ഞ 32 ദിവസങ്ങളിലെ വിചിന്തനവും പ്രാർഥനയുംവഴി പരി ശുദ്ധാത്മാവ് മരിയൻസമർപ്പണത്തിന് എന്നെ കാര്യക്ഷമമായി ഒരുക്കു കയായിരുന്നു . എന്റെ വിശ്വാസജീവിതത്തിന്റെ ലക്ഷ്യം ക്രിസ്തീയ പരിപൂർണത പ്രാപിക്കുകയാണ് എന്ന യാഥാർഥ്യബോധത്തോടെയാണ് 32 ദിവസങ്ങൾക്കുമുമ്പ് മരിയൻ പ്രതിഷ്ഠയുള്ള ഈ പ്രാർഥന തുടങ്ങിയത് . ധ്യാനാവസരത്തിൽ ലഭിച്ച (അഥവാ മുൻ വിശ്വാസജീവിതം വഴി ലഭിച്ച) മാനസാന്തരത്തിന്റെ ആഴത്തിലേക്കുള്ള ഒരു തീർഥയാത്രയായിരുന്നു അത് . കർത്താവ് കാരുണ്യപൂർവം എന്നിൽ സ്ഥാപിച്ച കൃപാവര ജീവിതത്തിന്റെ അടിത്തറമേൽ അവിടന്നുതന്നെ എന്നെ പണിതുയർത്തി . എന്നിൽ അവിടന്ന് ആരംഭിച്ച നവീകരണം കൂടുതൽ പൂർണത പ്രാപിച്ചു . ക്രിസ്തീയ ജീവിതം പാപം ഒഴിവാക്കൽ മാത്രമല്ലെന്നും വരപ്രസാ ദത്താൽ ഉപരിയുപരി സമ്പന്നമാകലാണെന്നും ബോധ്യമായി . ഈ പ്രാർഥനാദിനങ്ങളിൽ എന്റെ ആത്മാവിനെ അവിശ്വസനീയമാംവിധം ദൈവം കൃപാവരങ്ങളാൽ അലങ്കരിച്ചു . ഞാനും അർഥവത്തായി ഏറ്റുപറയുകയാണ് : “സ്വർഗത്തിലെ എല്ലാ ആത്മീയാനുഗ്രഹങ്ങളാലും ക്രിസ്തുവിനാൽ നമ്മെ അനുഗ്രഹിച്ച നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ ” (എഫേ. 1:3) .

    ലോകാരൂപി നിരാകരിക്കുക ‘ എന്നതിനെപ്പറ്റിയുള്ള ധ്യാനം പാപ ത്തോട് വിടപറയാൻ ഉപകരിച്ചു

    പരിശുദ്ധ കന്യകാമറിയത്തോടുള്ള സമ്പൂർണ സമർപ്പണം വഴി എന്റെ ജീവിതം പൂർണമായും ദൈവത്തിന്റേതായിത്തീരേണ്ടതിന് ഒന്നാം ഘട്ടത്തിന്റെ ആദ്യത്തെ 12 ദിനങ്ങളിൽ പരിശുദ്ധാത്മാവ് എന്നെ
    ചൂളയിൽ സ്ഫുടം ചെയ്ത് ഉപരിയുപരി വിശു ദ്ധീകരിക്കുകയായിരുന്നു . എന്റെ ജീവിതം തന്നെ നശിപ്പിക്കുന്ന മാരക വിഷമാണ് പാപം എന്ന ബോധ്യം ‘ പാപത്തെക്കാൾ നല്ലത് മരണം ‘ എന്ന കാഴ്ചപ്പാടിലേക്ക് എന്നെ നയിച്ചു . ഈ ലോകത്ത് ജീവിക്കണമെങ്കിൽ ചില പാപങ്ങളെങ്കിലും അനിവാര്യമായി ചെയ്യേണ്ടിവരുമെന്ന തെറ്റിദ്ധാരണ മാറി പാപരഹിതജീവിതം സാധ്യമാണെന്ന് എനിക്ക് ഉറപ്പായി . പാപത്തിനെത്തിനെതിരായ യുദ്ധം ആരംഭിക്കേണ്ടത് അതിന്റെ വേരുകളായ മൂല പാപങ്ങൾ കുടികൊള്ളുന്ന എന്റെ ഹൃദയത്തിലാണെന്ന് എനിക്ക് മനസ്സിലായി . അതു തിരുരക്തത്താലും തിരുവചനത്താലുമുള്ള ഹൃദയ വിശു ദ്ധീകരണ പ്രാർഥനയിലേക്ക് എന്നെ നയിച്ചു . അതോടൊപ്പംതന്നെ , പാപത്തിലേക്കുള്ള വാതായനങ്ങളായ ചില ആളുകൾ , സ്ഥലങ്ങൾ , വസ്തു ക്കൾ , സമ്പർക്കം , സാഹചര്യങ്ങൾ എന്നിവ പാടെ ഒഴിവാക്കേണ്ടതാണെന്ന വസ്തുത ഗ്രഹിച്ച് അതിനുവേണ്ടി ആത്മാർഥമായി ശ്രമിക്കാൻ കൃപ ലഭിച്ചു . പരിപൂർണതയ്ക്ക് ലഘുപാപങ്ങൾ സൃഷ്ടിക്കുന്ന പ്രതിബന്ധം എത്ര വലുതാണെന്നു മനസ്സിലാക്കാൻ കഴിഞ്ഞതിനാൽ അവ സസൂക്ഷ്മം കണ്ടെത്തി പശ്ചാത്തപിക്കാനും അവകൂടി ഉൾപ്പെടുത്തി കൂടക്കൂടെയുള്ള കുമ്പസാരംവഴി അവയെ ഒട്ടൊക്കെ ജയിക്കാനും എനിക്ക് ദൈവാനു ഗ്രഹമുണ്ടായി .

    പാപമോഹം ഉണ്ടാകുമ്പോൾ തന്നെ എതിർക്കാനുള്ള കൃപയും ദൈവംതരാൻ തുടങ്ങി . അതോടെ പാപചിന്തകളുടെയും ലോക ചിന്തകളുടെയും സ്ഥാനത്ത് ദൈവ ചിന്തകളാണ് എന്റെ ഹൃദ യത്തെ ഇപ്പോൾ ഭരിക്കുന്നത് . സഹോദരരോടുള്ള അനുരഞ്ജനം കൂടുതൽ പ്രാപിക്കാൻ ഞാൻ മുൻകൈയെടുത്തതുവഴി എന്റെ അഹ ങ്കാരത്തിൽനിന്ന് കൂടുതൽ പുറത്തുവരാൻ സാധിച്ചു . അതോടെ പിശാചിനെ തോല്പിക്കാനും അവന്റെ കുതന്ത്രങ്ങൾ തിരിച്ചറിഞ്ഞ് അവനെതിരേയുള്ള ആത്മീയയുദ്ധം സജീവമാക്കാനും എനിക്കു കൃപ കിട്ടി . സർവോപരി , പാപത്തിന്റെ ത്രിവിധ രാജകീയ വീഥികൾ എന്നറി യപ്പെടുന്ന ശരീരത്തിന്റെ ദുരാശ , ലോകവസ്തുക്കളോടുള്ള ദുരാശ , തെറ്റായ ആത്മസ്നേഹം അഥവാ അഹങ്കാരം എന്നിവ വരുത്തുന്ന വിനാശത്തിന്റെ ആധിക്യം ഗ്രഹിക്കാനും അവയിൽനിന്നുള്ള മോചന ത്തിനായി യത്നിക്കാനും പരിശുദ്ധ മറിയത്തിന്റെ സഹായത്തോടെ പരിശ്രമിക്കാൻ എനിക്കു സാധിക്കുന്നു .

    രണ്ടാംഘട്ട വിചിന്തനം എന്റെ ബലഹീനതകളുടെ ആധിക്യം ബോധ്യപ്പെടുത്തി.

    രണ്ടാം ഘട്ടത്തിന്റെ ഏഴു ദിവസങ്ങളിലൂടെയുള്ള തീർഥാടന വേളയിൽ പരിപൂർണതയുടെ വഴിയിൽ ഞാൻ അഭിമുഖീഭവിക്കേണ്ട എന്റെതന്നെ ബലഹീനതകളും പരിമിതികളും കണ്ടെത്താൻ പരിശുദ്ധാത്മാവ് എന്നെ സഹായിക്കുകയായിരുന്നു . മുന്തിരിച്ചെടിയുടെ തായ്ത്തണ്ടിനോട് ശിഖരം ചേർന്നിരിക്കുന്നതു പോലെയുള്ള ബന്ധമാണ് jഞാന സ്നാന കൃപാവരത്താൽ യേശുവിനോട് എനിക്കുണ്ടായിരുന്നതെങ്കിലും എന്റെ നിരവധി തെറ്റായ തിരഞ്ഞെടുപ്പുകളുടെ ( പാപം ) ഫലമായി ദൈവ ത്തിൽനിന്ന് ഞാൻ വളരെയകന്നു ; കൂടാതെ , ഒരു ഹൃദയവും ഒരാത്മാ വുമെന്ന നിഷ്കളങ്കമായ പരസ്നേഹത്തിൽനിന്നു വീണ് സഹജരുമായും വളരെയേറെ അകന്നു . ആഗ്രഹിക്കാത്ത തിന്മ ചെയ്തുപോകുന്നതും ആഗ്രഹിക്കുന്ന നന്മ ചെയ്യാൻ പറ്റാത്തതുമായ ഒരു ആന്തരിക അസ ന്തുലിതാവസ്ഥ എന്നിൽത്തന്നെ സംജാതമായി ; ലോകത്തോടും ലോക വസ്തുക്കളോടും അനാരോഗ്യകരമായ അടുപ്പവും അവയാൽ സ്വാധീനിക്കപ്പെടുന്ന ദുരവസ്ഥയും വന്നുചേർന്നു . ദൈവത്തിൽനിന്നും സഹോദരങ്ങളിൽനിന്നും ഒഴിഞ്ഞുമാറിയതിന്റെ അനിവാര്യ ഫലമെന്നോണം ഞാൻ എന്നിൽത്തന്നെ ചുരുങ്ങിക്കൂടി സ്വയോന്മുഖനായി . അതോടെ , സുഖലോലുപത എന്റെ ജീവിതത്തിലേക്കു കടന്നുവന്നു . തത്ഫലമായി പ്രാർഥനാജീവിതത്തിലും പ്രേഷിതപ്രവർത്തനങ്ങളിലും അലംഭാവവും അലസതയുമായി . അതോടെ , ദൈവത്തിനും മറ്റുള്ളവർക്കും സ്വയം ദാനം ചെയ്യുന്ന നിഷ്കളങ്ക സ്നേഹത്താൽ സ്നേഹിക്കാനുള്ള കഴിവ് എനി ക്കില്ലാതായി . പരിണിതഫലമോ ? ലോകം എന്നെ ശക്തമായി സ്വാധീനി ക്കാൻ തുടങ്ങി . തന്റേതായ സിദ്ധാന്തങ്ങൾ വഴിയും മായാപ്രകടനങ്ങൾ വഴിയും ദുഷിച്ച മാതൃക വഴിയും ലോകം അതിന്റെ വശീകരണം എന്റെ നേർക്കയയ്ക്കുന്നു . ദൈവത്തോടുള്ള എന്റെ വിശ്വസ്തതയുടെ പേരിൽ ലോകം എന്നെ ഭീക്ഷണിപ്പെടുത്തുന്നു . എന്റെ വിശ്വാസത്തെപ്രതി ഞാൻ പീഡിപ്പിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യുന്നു .

    ബലഹീനതയ്ക്കുള്ള പരിഹാരം മറിയത്തിന്റെ സഹായം

    ഈ സ്ഥിതിയിൽ , സ്വർഗീയ സഹായം എനിക്ക് എത്രമാത്രം അത്യാവശ്യമാണെന്ന് മുമ്പത്തേക്കാളുമധികം ബാധ്യമായി . യേശുനാഥൻതന്നെ നേരിട്ടുതന്നെ ഒഴിച്ചുകൂടാനാവാത്ത സഹായം – പരി. മറിയം – എന്റെ അമ്മയായിത്തന്നെ എന്നാടൊപ്പമുണ്ടാകുമെന്നത് എനിക്ക് വൻ പ്രത്യാശയായിത്തീർന്നു . ഇതിനു മൂന്നാം ഘട്ടത്തിലെ ഏഴ് ദിവസത്തെ മരിയൻ പഠനവും പ്രാർഥനയും എനിക്കു വൻ സഹായമായി . ക്രിസ്തുനാഥൻ നിർവഹിച്ച മാനവ പരിത്രാണകർമത്തിൽ പരിശുദ്ധ മറിയം വഹിച്ച അതുല്യപങ്കിനെപ്പറ്റിയുള്ള അറിവ് പരിശുദ്ധ ദൈവ മാതാവിലേക്ക് എന്നെ വളരെയധികം അടുപ്പിച്ചു . എന്റെ അമ്മയെന്ന നിലയ്ക്ക് കന്യകമറിയത്തിന് എന്നോടുള്ള വാത്സല്യസ്നേഹം എന്റെ ഹൃദയം പ്രത്യാശയാൽ നിറച്ചു . എല്ലാ വരപ്രസാദങ്ങളുടെയും വിതരണക്കാരിയും ദൈവസന്നിധിയിൽ മനുഷ്യകുലത്തിന്റെ അഭിഭാഷികയും സ്വർഗത്തിലും ഭൂമിയിലുമുള്ള സർവ സമ്പത്തിന്റെയും മേൽ ദൈവ ത്താൽ അധികാരം ഏല്പിക്കപ്പെട്ടവളുമായ പരിശുദ്ധമറിയത്തിന്എന്റെജീവിതംഭരമേല്പിച്ചുകൊടുക്കുന്നതിലുള്ളയുക്തി എനിക്ക് നന്നായി ബോധ്യമായി .

    എല്ലാ ക്രിസ്തീയ സുകൃതങ്ങളുടെയും പരമോന്നത മാതൃക യായ മറിയത്തിൽനിന്ന് ക്രിസ്തുവിനെ അനുകരിച്ചുള്ള ജീവിതത്തിന്റെ ഒരു യഥാർഥചിത്രം എനിക്കു കൂടുതൽ വ്യക്തമാകുകയും ചെയ്തു .

    യേശുവിനെപ്പറ്റിയുള്ള ധ്യാനം യേശുവിലേക്ക് ഏറെ അടുപ്പിച്ചു

    മരിയൻ സമർപ്പണ ഒരുക്കത്തിന്റെ അന്തിമ ഘട്ടത്തിൽ ഇക്ക ഴിഞ്ഞ ഏഴ് ദിവസങ്ങളിൽ ഈ സമർപ്പണത്തിന്റെ പരമോന്നത ലക്ഷ്യത്തി ലേക്ക് പരിശുദ്ധാത്മാവ് എന്നെ കൈപിടിച്ച് നയിക്കുകയായിരുന്നു . ആത്യ ന്തികമായി , യേശുവിനുള്ള ആത്മാർപ്പണമാണ് മരിയൻസമർപ്പണം എന്ന കാര്യം എനിക്കു വ്യക്തമായി.

    പിശാചിനെയും പാപത്തെയും സ്വാർഥത്തെയും വലിച്ചെറിഞ്ഞ് യേശുവിനെ കർത്താവായി ഹൃദയത്തിൽ പൂജിക്കുകയാണല്ലോ ജ്ഞാനസ്നാനം വഴി ഞാൻ തുടങ്ങിയ ക്രിസ്തീയ ജീവിതത്തിന്റെ അന്തഃസത്ത . യേശുവുമായുള്ള ഒരു യഥാർഥ “വിവാഹ” ഉടമ്പടി ജീവിതമാണ് അത് എന്ന തിരിച്ചറിവ് ഈ ദിവസങ്ങളിൽ എന്നിൽ വർധമാനമായി .

    പരിശുദ്ധമറിയംവഴിയേശുവിന്എന്നെഅടിയറവ്* വയ്ക്കേ ണ്ടതിന്റെ യുക്തി യേശുക്രിസ്തുവിനെപ്പറ്റിയുള്ള ധ്യാനത്തിലൂടെ എനിക്കു വ്യക്തമായി . കാരണം , യേശുക്രിസ്തു സത്യദൈവവും സകലമനുഷ്യരുടെയും ഏകരക്ഷകനും സമഗ്രമോചകനും ആകുന്നു . അവിടന്ന് എന്നെ സ്വന്തമാക്കാനായി എനിക്കുവേണ്ടി ദാഹിക്കുന്നവനാണ് . ഞാൻ എന്നെത്തന്നെ അവിടത്തേക്കു സമർപ്പിച്ചാൽ അവിടന്ന് എന്നെ പൂർണമായി രക്ഷിക്കും.

    യേശുനാഥനുമായുള്ള അത്യഗാധബന്ധത്തിലേക്ക് പ്രവേശിക്കുന്നതിന് ആ ‘ സ്വർഗീയ ‘ വരനെപ്പറ്റിയുള്ള ആഴമേറിയ അറിവ് എനിക്ക് അത്യന്താപേക്ഷിതമായിരുന്നു . യേശു സത്യദൈവം തന്നെയാണ് , അവിടന്ന് എന്റെ സ്വന്തം രക്ഷിതാവാണ് എന്നീ വിഷയങ്ങളെ പ്പറ്റിയുള്ള വിചിന്തനം യേശുവിന് എന്റെ ജീവിതത്തിൽ കൊടുക്കേണ്ട സ്ഥാനം എത്ര വലുതാണെന്ന് എനിക്ക് മനസ്സിലാക്കിത്തന്നു . മാത്രമല്ല, ഈ വിചിന്തനം അവിടത്തേക്ക് എന്നോടുള്ള സ്നേഹത്തിന്റെ വ്യക്തി പരമായ ഒരനുഭവത്തിലേക്ക് എന്നെ നയിക്കുകയും ചെയ്തു . ഇത്, പരിശുദ്ധ മറിയത്തെ അനുകരിച്ച് സർവോപരി യേശുവിനെ സ്നേഹിക്കാനും അവളുടെ മാതൃകയനുകരിച്ചും അവളുടെ കരം പിടിച്ചും എന്റെ ജീവിതം യേശുവിനായി സമർപ്പിക്കാനും എന്നെ ശക്തമായി പ്രേരിപ്പിക്കുകയും ചെയ്തു . അങ്ങനെ സമ്പൂർണ മരിയൻസമർപ്പണം ആത്മാർഥമായി നടത്താൻ കഴിഞ്ഞ 33 ദിവസത്തെ ഒരുക്കത്തിലൂടെ പരിശുദ്ധാത്മാവ് എന്നെ പരിശീലിപ്പിച്ചു . ദൈവത്തിനു സ്തുതി ; ആവേ മരിയ !

    വിവാഹതലേന്നത്തെ കാത്തിരിപ്പിനു സമാനമായ കാത്തിരിപ്പ്

    മരിയൻ പ്രതിഷ്ഠയ്ക്കുള്ള ഒരുക്കത്തിന്റെ 33 ദിവസം പിന്നിട്ട ഞാൻ ഇപ്പോൾ വലിയ ഒരു കാത്തിരിപ്പിലാണ് . വിവാഹത്തിന്റെ തലേ ദിവസത്തിലെത്തിയ പ്രതിശ്രുത വധുവിനെപ്പോലെയാണു ഞാനിപ്പോൾ . നാളെ ജീവിതകാലം മുഴുവൻ നീണ്ടുനില്ക്കുന്ന ഒരു ഉടമ്പടി സ്നേഹത്തിലേക്ക് ഞാൻ കാലെടുത്തുവയ്ക്കും . യേശുവിനെ ‘ വരനായി ‘ സ്വീകരിക്കും . യേശു ആനന്ദവായ്പോടെ എന്റെ ജീവിതത്തിന്റെ ഭരണം ഏറ്റെടുക്കും . സർവാധിപനായ ദൈവവും രക്ഷകനുമായ അവിടന്ന് എന്റെ ജീവിതം ഏറ്റെടുക്കുന്നതോടെ ഞാൻ എല്ലാത്തരത്തിലും വ്യത്യസ്തനായിത്തീരും .

    ജ്ഞാനസ്നാന സമർപ്പണത്തിന്റെ ബോധപൂർവകമായ നവീകരണം

    എന്റെ ജ്ഞാനസ്നാന ദിവസമാണല്ലോ ക്രിസ്ത്യാനി എന്ന നിലയ്ക്ക് എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനദിനം . എന്നാൽ , എന്റെ മരിയൻ സമർപ്പണത്തിന്റെ ദിവസമായ നാളെയും സമാന പ്രാധാന്യ മുള്ളതാണ് . കാരണം , എന്റെ ജ്ഞാനസ്നാനത്തിലെ സമർപ്പണത്തി ന്റെ ഒരു തീവ്രമാക്കലും ആഴപ്പെടലുമാണ് നാളത്തെ മരിയൻസമർപ്പണത്തിൽ നടക്കാൻ പോകുന്നത് . മാത്രമല്ല , ഇഞാനസ്നാനത്തിൽ എനിക്കുവേണ്ടി മറ്റുള്ളവരാണ് സമർപ്പണം നടത്തിയത് . എന്നാൽ നാളെയാകട്ടെ , സമ്പൂർണ സമർപ്പണത്തിന്റെ അർഥ തലങ്ങളെല്ലാം മനസ്സിലാക്കി ഞാൻതന്നെ അതുചെയ്യുന്നു.

    യേശുവിന് എന്നെ കൈപിടിച്ചു കൊടുക്കുന്നത് പരിശുദ്ധ അമ്മ

    യേശുവുമായുള്ള ” വിവാഹ ” ത്തിലേക്ക് എന്നെ കൈപിടിച്ചു നയിക്കു ന്നത് എന്റെ ഏറ്റവും വത്സലയായ അമ്മ പരിശുദ്ധമറിയം തന്നെയാണ് . എത്ര ദിവസങ്ങളായി അവൾ ഈ ദിനത്തിനായി കാത്തിരിക്കയായിരുന്നു !

    മറിയം വഴിയുള്ള സമർപ്പണം എന്റെ കുറവുനികത്തും

    യേശുവിനുള്ള ജീവിതസമർപ്പണം പരിശുദ്ധ മറിയം വഴി നട് ത്തുന്നതിന് തക്ക കാരണമുണ്ടെന്നു ഞാൻ തിരിച്ചറിയുന്നു . അത് എന്റെ സമർപ്പണത്തിലെ എല്ലാ കുറവുകളും അപൂർണതകളും മാതാവ് പരിഹരിക്കുകയും അവളുടെ പൂർണതകൊണ്ട് അതിനെ ദൈവത്തിന് സ്വീകാര്യമാക്കുകയും ചെയ്യും എന്നതാണ് . പ്രധാനമായും പരിശുദ്ധ മറിയത്തിനു നാളെ ഞാൻ സമർപ്പിക്കുന്നത് താഴെ പറയുന്നവയാണ് :
    ♥️(1) ശരീരം അതിന്റെ എല്ലാ അവയവങ്ങളോടും ഇന്ദ്രിയങ്ങളോടുംകൂടെ
    ♥️(2) ആത്മാവ് അതിന്റെ എല്ലാ ശക്തികളോടുംകൂടെ
    ♥️(3) എനിക്കിപ്പോഴുള്ളവയും ഭാവിയിൽ ലഭിക്കാനിരിക്കുന്നവയുമായ എല്ലാ ഭൗതികസമ്പത്തും വസ്തുവകകളും
    ♥️(4) എന്റെ പുണ്യങ്ങളും യോഗ്യതകളുമാകുന്ന ആത്മീയ സമ്പത്തും
    ♥️(5) കഴിഞ്ഞ കാലങ്ങളിൽ ചെയ്തതും ഇപ്പോൾ ചെയ്യുന്നതും ഇനി ചെയ്യാൻ പോകുന്നതുമായ എല്ലാ സത് പ്രവൃത്തികളും .

    ഇപ്രകാരമുള്ള സമർപ്പണം വഴി ഞാൻ എന്നത്തന്നെ മറിയത്തിനും അവൾ വഴി യേശുവിനും അടിമയാക്കുകയാണു ചെയ്യുന്നത് . ഇനിമേൽ പാപസുഖങ്ങൾ ആഗ്രഹിക്കാൻപോലും എനിക്കവകാശമില്ല . ലോകത്തിന്റെ മൂല്യങ്ങളോടും ശൈലികളോടും ഇനി ഒരു ബന്ധവും എനിക്കുണ്ടാവില്ല. ഒരു വ്യക്തിയും എന്റെ ഹൃദയം കവരുകയില്ല ; അതു പൂർണമായും യേശുവിനും മറിയത്തിനുമായി സമർപ്പിതമാകും , ലോകവസ്തുക്കൾ അത്യാവശ്യത്തിനുമാത്രം എന്നത് എന്റെ ജീവിതാദർശമായിത്തീരും .

    ചുരുക്കത്തിൽ , ധ്യാനാവസരത്തിൽ ദൈവം എന്നിൽ സമാരംഭിച്ച ജീവിതനവീകരണം എന്ന പ്രക്രിയ മരിയൻ സമർപ്പണത്തിലൂടെ വളർന്നു പക്വതപ്രാപിക്കുകയാണു ചെയ്യുന്നത് .

    ശ്രദ്ധിക്കുക :

    ( സമർപ്പണത്തിനൊരുക്കമായി ഇന്ന് തക്ക ഒരുക്കത്തോടും പൂർണമായ അനുതാപത്തോടുംകൂടെ കുമ്പസാരമെന്ന കൂദാശ സ്വീകരിക്കണം . ഉപവാസവും പരിത്യാഗവും ഈ സമർപ്പണത്തിന്റെ ഫലദായകത്വത്തിന് വളരെ പ്രയോജനം ചെയ്യും ).

    ബൈബിൾ വായന

    “ഇതിനുശേഷം ഞാൻ നോക്കിയപ്പോൾ ഇതാ , എണ്ണിത്തിട്ട പ്പെടുത്താൻ ആർക്കും സാധിക്കാത്ത ഒരു വലിയ ജനക്കൂട്ടം , അവർ സകല ജനതകളിലും ഗാത്ര ങ്ങളിലും രാജ്യങ്ങളിലും ഭാഷകളിലും നിന്നുള്ളവർ . അവർ വെള്ളയങ്കിയണിഞ്ഞ് കൈകളിൽ കുരുത്തോലയുമായി സിംഹാസനത്തിനുമുമ്പിലും കുഞ്ഞാടിന്റെ മുമ്പിലും നിന്നിരുന്നു . അവർ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു : സിംഹാസനാരൂഢനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും പക്കലാണു രക്ഷ. ദൂതന്മാരെല്ലാം സിംഹാസനത്തിനും ശ്രഷ്ഠന്മാർക്കും നാലുജീവി കൾക്കും ചുറ്റും നിന്നു . അവർ സിംഹാസനത്തിനുമുമ്പിൽ കമിഴ്ന്നു വീണ് , ദൈവത്തെ ആരാധിച്ചുകൊണ്ടു പറഞ്ഞു : ആമേൻ , നമ്മുടെ ദൈവത്തിനു സ്തുതിയും മഹത്ത്വവും ജ്ഞാനവും കൃതജ്ഞതയും ബഹുമാനവും അധികാരവും ആധിപത്യവും എന്നേക്കുമുണ്ടായിരിക്കട്ടെ ! ആമേൻ . ശ്രേഷ്ഠന്മാരിലൊരുവൻ എന്നോടു ചോദിച്ചു : വെള്ളയങ്കി യണിഞ്ഞ ഇവർ ആരാണ് ? ഇവർ എവിടെനിന്നു വരുന്നു ? ഞാൻ മറുപടി പറഞ്ഞു : പ്രഭോ , അങ്ങക്കറിയാമല്ലോ . അപ്പോൾ അവൻ പറഞ്ഞു ; ഇവരാണു വലിയ ഞെരുക്കത്തിൽ നിന്നു വന്നവർ ; കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ വസ്ത്രങ്ങൾ കഴുകിവെളുപ്പിച്ചവർ . അതുകൊണ്ട് ഇവർ ദൈവത്തിന്റെ സിംഹാസനത്തിനുമുമ്പിൽ നില്ക്കുകയും അവിടത്തെ ആലയത്തിൽ രാപകൽ അവിടത്തെ ശുശ്രൂഷിക്കുകയും ചെയ്യുന്നു . സിംഹാസനസ്ഥൻ തന്റെ സാന്നിധ്യത്തിന്റെ കൂടാരത്തിൽ അവർക്ക് അഭയം നല്കും . ഇനിയൊരിക്കലും അവർക്കു വിശക്കുകയോ ദാഹിക്കുകയോ ഇല്ല . വെയിലോ ചൂടോ അവരുടെമേൽ പതിക്കുകയില്ല . എന്തെന്നാൽ , സിംഹാസനമധ്യത്തിലിരിക്കുന്ന കുഞ്ഞാട് അവരെ മേയിക്കുകയും ജീവജലത്തിന്റെ ഉറവകളിലേക്കു നയിക്കുകയും ചെയ്യും . ദൈവം അവരുടെ കണ്ണുകളിൽനിന്ന് കണ്ണീർ തുടച്ചുനീക്കും ” ( വെളി 7 , 9 – 17 ) .

    ഇന്നത്തെ പ്രാർഥന

    എന്നെ വിശുദ്ധീകരിക്കുന്ന പരിശുദ്ധാത്മാവേ , കഴിഞ്ഞ 33 ദിവ സങ്ങളിൽ അവിടന്ന് എന്നിൽ ചൊരിഞ്ഞ കൃപാസമൃദ്ധിക്കായി ഞാൻ നന്ദി പറയുന്നു. പാപത്തിന്റെ ആധിപത്യത്തിൽനിന്നും ബലഹീനതകളുടെ അടിമത്ത്വങ്ങളിൽനിന്നും അവിടന്ന് എന്നെ മറിയത്തിന്റെ സങ്കേതത്തിലെത്തിച്ചതിന് മാത്രം . യേശുവിനെ എന്റെ ജീവിതത്തിന്റെ കർത്താവായി അവരോധിക്കാൻ എന്റെ ആത്മാവിനെ അങ്ങ് സജ്ജമാക്കിയതിന് യേശുനാഥനാടുള്ള പ്രേമത്താൽ എന്റെ ഹൃദയം നിറച്ച്പരിശുദ്ധാത്മാവേ , അവിടത്തക്കുവേണ്ടി വിലപ്പെട്ട സർവതും – എന്റെ ജീവൻപോലും – ത്യജിക്കാൻ എന്നെ ശക്തിപ്പെടുത്തണമേ. വിഭജിക്കപ്പെടാത്ത ഹൃദയത്തോടെ നാളെ എന്നത്തന്നെ യേശുവിനു കൊടുക്കാൻ എന്നെ പ്രാപ്തനാ(യാ)ക്കണമേ . ഈ ദിവസം അങ്ങ് എന്നിൽ ശക്തമായി പ്രവർത്തിക്കണമേ . നാളത്തെ പ്രതിഷ്ഠയ്ക്ക് ഒരുക്കമായി ഈ ദിവസം മുഴുവൻ പ്രാർഥനയിൽ മുഴുകാൻ എന്നെ സഹായിക്കണമേ . പരിശുദ്ധ മറിയത്തിന് എന്നത്തന്നെ സമർപ്പിക്കാനുള്ള തീവ്രദാഹത്താൽ ഈ ദിനം മുഴുവൻ എന്റെ ഹൃദയം നിറയ്ക്കണമേ . നാളത്തെ എന്റെ സമർപ്പണം ഏറ്റവും ഫലദായകമാകാനാവശ്യമായ എല്ലാ കൃപകളും എനിക്ക് ഇന്നു തരണമേ , പരിശുദ്ധ മറിയമേ , ഞാൻ മുഴുവനും നിന്റേത് ! ആമേൻ.

    സത്കൃത്യം

    മരിയൻ തീർഥാടന ദേവാലയം സന്ദർശിക്കുക അഥവാ ഒരു ഭവനത്തിലുള്ള മാതാവിന്റെ തിരുസ്വരൂപം അലങ്കരിക്കുക., “എന്റെ അമ്മേ, എന്റെ ആശ്രയമേ !” എന്ന സുകൃതജപം പല പ്രാവശ്യം ആവർത്തിക്കുക

    ==========================================================================

    https://www.youtube.com/watch?v=RDYhuNmz8Js&list=PL3uhR8KUVQTxrd02-lFANST3UYzhj5ARI&index=33

    ശാലോം ടി വി യിൽ ബഹുമാനപ്പെട്ട വട്ടായിലച്ചൻ നയിച്ച വിമലഹൃദയ പ്രതിഷ്ഠ അച്ഛന്റെ പ്രേത്യേക അനുവാദത്തോടെ ഇവിടെ നൽകുന്നു. സാധിക്കുന്ന എല്ലാവരും സമയം കണ്ടെത്തി ഈ അനുഗ്രഹപ്രദമായ ശുശ്രൂഷയിൽ പങ്കുകൊള്ളുക

    ==========================================================================

    DAY 1 പ്രതിഷ്ഠാ ഒരുക്കം DAY17 പ്രതിഷ്ഠ ഒരുക്കം

    DAY 2 പ്രതിഷ്ഠാ ഒരുക്കം DAY18 പ്രതിഷ്ഠ ഒരുക്കം

    DAY 3 പ്രതിഷ്ഠാ ഒരുക്കം DAY 19 പ്രതിഷ്ഠ ഒരുക്കം

    DAY 4 പ്രതിഷ്ഠാ ഒരുക്കം DAY 20 പ്രതിഷ്ഠ ഒരുക്കം

    DAY 5 പ്രതിഷ്ഠാ ഒരുക്കം DAY 21 പ്രതിഷ്ഠ ഒരുക്കം

    DAY 6 പ്രതിഷ്ഠാ ഒരുക്കം DAY 22 പ്രതിഷ്ഠ ഒരുക്കം

    DAY 7 പ്രതിഷ്ഠാ ഒരുക്കം DAY 23 പ്രതിഷ്ഠ ഒരുക്കം

    DAY 8 പ്രതിഷ്ഠാ ഒരുക്കം DAY 24 പ്രതിഷ്ഠ ഒരുക്കം

    DAY 9 പ്രതിഷ്ഠാ ഒരുക്കം DAY25 പ്രതിഷ്ഠ ഒരുക്കം

    DAY 10 പ്രതിഷ്ഠാ ഒരുക്കം DAY 26

    DAY 11 പ്രതിഷ്ഠാ ഒരുക്കം DAY 27

    DAY 12 പ്രതിഷ്ഠ ഒരുക്കം DAY 28

    DAY 13 പ്രതിഷ്ഠ ഒരുക്കം DAY 29

    DAY 14 പ്രതിഷ്ഠ ഒരുക്കം DAY 30

    DAY 15 പ്രതിഷ്ഠ ഒരുക്കം DAY 31

    DAY16 പ്രതിഷ്ഠ ഒരുക്കം DAY 32

    MARIAN MINISTRY & THE CONFRATERNITY OF THE MOST HOLY ROSARY

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!