വത്തിക്കാന്‍സിറ്റി: അനിശ്ചിതത്വത്തിന്റെ മുമ്പിലും നമ്മുടെ വാക്കുകള്‍ ദൈവം കേള്‍ക്കുന്നില്ലെന്ന് തോന്നുന്ന നിമിഷങ്ങളിലും കര്‍ത്താവുമായുള്ള സംഭാഷണം ഒരിക്കലും അവസാനിപ്പിക്കരുതെന്ന് ലെയോ പതിനാലാമന്‍ പാപ്പ. അവിടുന്ന് നമ്മോടാവശ്യപ്പെടുന്ന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ നമുക്കു ബുദ്ധിമുട്ടുണ്ടാകുമ്പോള്‍ ആ ബുദ്ധിമുട്ടുപോലും വിശ്വാസപൂര്‍വ്വം അവിടുത്തോട് തുറന്നുപറയാന്‍ നാം തയ്യാറാകണം. ദൈവത്തിന്റെ പ്രവര്‍ത്തനങ്ങളെ ഒരിക്കലും വിധിക്കരുത്.
നമ്മുടെ പ്രതീക്ഷകള്‍ക്കനുസരിച്ച് കാര്യങ്ങള്‍ നടക്കാതെപോകുമ്പോഴും തന്റെ പ്രവൃത്തിയിലൂടെ ദൈവം നമുക്ക് വെളിപെടുത്തിക്കൊണ്ടിരിക്കുന്നത് എന്താണെന്ന് പ്രാര്‍ത്ഥനയിലൂടെ നാം വിനയപൂര്‍വ്വം മനസ്സിലാക്കിയെടുക്കണം. ദൈവത്തിന്റെ വഴികള്‍ മനസ്സിലാക്കുകയും സ്വീകരിക്കുകയും ചെയ്യുന്നത് എല്ലായ്പ്പോഴും എളുപ്പമല്ല. പ്രത്യേകിച്ച് അവ നമ്മുടെ വഴികളില്‍ നിന്ന് വളരെ വ്യത്യസ്തമായിരിക്കുമ്പോള്‍. വിശ്വാസത്തിന്റെ എല്ലാ യുക്തിക്കും വിരുദ്ധമായി തെറ്റുന്നത് കര്‍ത്താവാണെന്ന ചിന്തിക്കാനുള്ള പ്രലോഭനം പോലും നമുക്കുണ്ടാകാം.
അവിടന്ന് നമ്മുടെ വാക്കുകള്‍ കേള്‍ക്കുന്നില്ലെന്നും അല്ലെങ്കില്‍ നമ്മെക്കുറിച്ച് ശ്രദ്ധിക്കുന്നില്ലെന്ന് കരുതാനും ഇടയുണ്ട്. ഇങ്ങനെയുള്ള നിമിഷങ്ങളില്‍ പോലും ഒരിക്കലും കര്‍ത്താവുമായുള്ള സംഭാഷണം അവസാനിപ്പിക്കരുത്.
ഞായറാഴ്ച കാസില്‍ഗൊണ്ടോല്‍ഫയിലെ ലിബര്‍ട്ടി സ്ക്വയറില്‍വച്ച് മധ്യാഹ്ന പ്രാര്‍ത്ഥന നയിച്ച് സന്ദേശം നല്‍കുകയായിരുന്നു പാപ്പ.