പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാള്‍ അടുത്തുവന്നപ്പോള്‍ തിരുനാളിനെക്കുറിച്ചായിരുന്നില്ലല്ലോ അവരുടെ ചിന്ത. മറിച്ച് ഈ തിരുനാളിനെങ്കിലും നിന്നെ വധിക്കണമെന്ന് ആലോചിച്ച് പ്രമുഖരായ പുരോഹിതന്മാരും നിയമജ്ഞരും ഒരുമിച്ചുചേരുന്നത് ഞാന്‍ കാണുകയാണ്. നിന്റെ ഭൗതികമായ സാന്നിധ്യം ഇല്ലാതിരുന്നപ്പോഴും നിയമജ്ഞരുടെയും പുരോഹിതരുടെയും ഉള്ളില്‍ നിന്നെക്കുറിച്ചുളള ഭയമുണ്ടായിരുന്നു. അവരുടെ ചിന്തകളിലെപ്പോഴും നിന്നെ എങ്ങനെ വധിക്കണം എന്ന ആലോചനയാണ് ഉണ്ടായിരുന്നത്.
അങ്ങ് ചെയ്ത ഒരു നന്മയും കാണാതെ തിന്മയുടെ കാര്‍മേഘം മാത്രം കാണാന്‍ ശ്രമിച്ചവര്‍ക്ക് അങ്ങ് എന്നും ഒരു പ്രതിയോഗിയായിരുന്നു. സ്വാര്‍ത്ഥതാല്പര്യങ്ങളുടെ മഴമേഘങ്ങളായിരുന്നു അവരുടെ മനസ്സിലെപ്പോഴും. അങ്ങയുടെ പ്രകാശത്തിന്റെ സാന്നിധ്യമൊരിക്കലും അവരെ സന്തോഷിപ്പിച്ചിരുന്നില്ല.
പക്ഷേ അങ്ങ് എപ്പോഴും പ്രകാശമായിരുന്നു. എല്ലാ മനസ്സുകളെയും പ്രചോദിപ്പി്ക്കുന്ന, എല്ലാ ഹൃദയങ്ങളെയും ആനന്ദിപ്പിക്കുന്ന എല്ലാ സങ്കടങ്ങള്‍ക്കും പരിഹാരമുണ്ടാക്കുന്ന പ്രകാശം. എന്നാല്‍ അങ്ങയെ എതിര്‍ക്കുന്നവരുടെ മനസ്സിലോ തിന്മ കടന്നുപോയപ്പോള്‍ ഒരിക്കലും അങ്ങയുടെ മനസ്സില്‍ തിന്മയുടെ അസ്വസ്ഥതകള്‍കടന്നുവന്നില്ല.
പ്രിയ ഗുരുവേ അങ്ങ് എത്രയോ വലിയ മാതൃകയാണ് എനിക്ക് ഇന്ന് നല്കുന്നത്. ആരൊക്കെ തിന്മ വിചാരിച്ചാലും ആരൊക്കെ ഗൂഢാലോചനകള്‍ നടത്തിയാലും ആരൊക്കെ സ്വാര്‍ത്ഥതയുടെ വഴിയിലൂടെ സഞ്ചരിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചാലും അങ്ങയെ പോലെ അതെല്ലാം കാണാന്‍ കഴിയുമെങ്കില്‍… കടന്നുപോകലിന്റെ പെസഹാകളില്‍ ഒരു തിരി്ച്ചുവരവിന്റെ പ്രതീക്ഷ നല്കാന്‍ കഴിയുന്ന അങ്ങയുടെ സാന്നിധ്യം എന്റെ മനസ്സില്‍ ഉദിപ്പിക്കാന്‍ അങ്ങയോട് ഞാന്‍ യാചിക്കുന്നു. അവിടുത്തെ കൃപയെനിക്ക് നല്കിയാലും. എന്നും എപ്പോഴും ഗുരുവേ നിന്റെ ഹൃദയത്തോട് ചേര്‍ന്നിരിക്കാനുളള വരം നല്കിയാലും.
ഫാ. ടോമി എടാട്ട്