കാഞ്ഞിരപ്പള്ളി രൂപത സുവർണ ജൂബിലി വിശ്വാസ ജീവിത പരിശീലക മഹാസംഗമം രൂപതാധ്യക്ഷൻ മാർ ജേസ് പുളിക്കൽ നിർവഹിക്കുന്നു
“വിശ്വാസവെളിച്ചം” :സുവർണ ജൂബിലി വിശ്വാസ ജീവിതപരിശീലക മഹാസംഗമം
കാഞ്ഞിരപ്പള്ളി രൂപതാ സുവർണ്ണജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള വിശ്വാസജീവിതപരിശീലകരുടെ സംഗമം ‘വിശ്വാസ വെളിച്ചം’ കുമളി സെന്റ് തോമസ് ഫൊറോനാപ്പള്ളിയിൽ നടത്തപ്പെട്ടു. രൂപതയിലെ രണ്ടായിരത്തോളം വിശ്വാസ ജീവിത പരിശീലകർ പങ്കെടുത്ത സംഗമം രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. ലോകമെങ്ങും സുവിശേഷം പ്രസംഗിക്കാൻ അയക്കപ്പെട്ട ശ്ലീഹന്മാരുടെ ദൗത്യത്തിൻ്റെ തുടർച്ച നിർവഹിക്കുന്ന വിശ്വാസജീവിത പരിശീലകർക്ക് കാലഘട്ടത്തിന്റെ മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട് ശരിയായ ക്രിസ്തീയ മൂല്യങ്ങൾ കുട്ടികളിലും സമൂഹത്തിലും പകർന്നു നൽകാൻ വലിയ ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കാഞ്ഞിരപ്പള്ളി രൂപത മുൻ മേലധ്യക്ഷൻ മാർ മാത്യു അറയ്ക്കലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. സഭയുടെ വളർച്ചയിൽ വിശ്വാസജീവിത പരിശീലനത്തിന്റെ പ്രാധാന്യം അദ്ദേഹം ഓർമപ്പെടുത്തി.
സംഗമത്തിൻ്റെ ഭാഗമായി നടന്ന ചർച്ചാവേദിയിൽ പഞ്ചാബ് ഗവണ്മെന്റ് കോർഡിനേഷൻ ഡിപ്പാർട്മെന്റ് അഡീഷണൽ സെക്രട്ടറി ഡോ. നിർമ്മൽ ഔസേപ്പച്ചൻ ഐ. എ. എസ്, ബെത്‌ലഹേം സ്കൂൾ ഓഫ് ഗ്രെയ്‌സ് സ്ഥാപകരായ സോജി-മരിയ ദമ്പതികൾ എന്നിവർ പങ്കെടുത്തു . ഹാരി സി ജോസഫ് ചർച്ച നയിച്ചു.
രൂപതയിലെ വിശ്വാസ പരിശീലനവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളിൽ മികവുപുലർത്തിയവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു . രൂപതാ വിശ്വാസപരിശീലന വേദിയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന “ലൈറ്റ്” എന്ന മൊബൈൽ ആപ്ലിക്കേഷൻ മാർ ജോസ് പുളിക്കൽ ലോഞ്ച് ചെയ്തു. വിശദാംശങ്ങൾ ഡോ ജൂബി മാത്യു അവതരിപ്പിച്ചു.
വികാരി ജനറൽമാരായ റവ ഡോ. ജോസ് വെള്ളമറ്റം, റവ ഡോ. സെബാസ്റ്റ്യൻ കൊല്ലം കുന്നേൽ, രൂപതാ വിശ്വാസ ജീവിത പരിശീലന ഡയറക്ടർ റവ ഡോ തോമസ് വാളന്മനാൽ, കുമളി ഫൊറോനാ വികാരി റവ ഡോ. മാത്യു കല്ലറയ്ക്കൽ, കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ബിനോ പെരുന്തോട്ടം എന്നിവർ പ്രസംഗിച്ചു.