Wednesday, January 15, 2025
spot_img
More

    ഇതാ, കുരിശിലെ ബലിയുടെ നേർക്കാഴ്ച





    “…ദൈവത്തിന്‍റെ പ്രവൃത്തികൾ ഇവനിൽ പ്രകടമാകേണ്ടതിനാണ്.”  (യോഹ. 9: 3)

    ലോകരക്ഷയ്ക്കായി കാൽവരിയിലെ മരക്കുരിശിൽ ഈശോ അർപ്പിച്ച ബലിയുടെ ആവർത്തനവും അനുസ്മരണവും ആചരണവുമാണ് ഓരോ വി. കുർബാനയർപ്പണവും. ഈശോ, ഒരേ സമയം ബലിയർപ്പിക്കുന്ന പുരോഹിതനും ബലിവസ്തുവുമായി മാറിയ ആ ദിവ്യയാഗത്തിൻ്റെ തീവ്രത നിറഞ്ഞ ഒരു ദിവ്യബലിയർപ്പണം പോളണ്ടിലെ ഒരു ആശുപത്രിമുറിയിൽ കഴിഞ്ഞയാഴ്ച നടന്നു. ഓരോ ദിവസവും ലോകമെങ്ങും അർപ്പിക്കപ്പെടുന്ന നാലരലക്ഷം വി. കുർബാനയർപ്പണങ്ങളോടുചേർത്ത് ഒരു ബലികൂടി അർപ്പിക്കപ്പെട്ടു എന്നതിനേക്കാൾ, ആ ദിവ്യബലിയർപ്പിച്ച പുരോഹിതനും ബലി നടന്ന സാഹചര്യങ്ങളും, ലോകം മുഴുവനെയും ആ ആശുപത്രിമുറിയിലേക്കു ആദരവോടെ നോക്കിനിൽക്കാൻ പ്രേരിപ്പിച്ചു!

    നിത്യപുരോഹിതനായ ഈശോയുടെ പൗരോഹിത്യത്തിൽ പങ്കുചേരാൻ അദമ്യമായി ആഗ്രഹിച്ചു സെമിനാരി പഠനത്തിന് ചേർന്ന മൈക്കിൾ ലോസ് എന്ന ചെറുപ്പക്കാരന്‍റെ പ്രതീക്ഷകൾക്കുമേൽ കരിനിഴൽ വീഴ്ത്തിക്കൊണ്ടാണ് മരുന്നുകൾക്ക് സുഖപ്പെടുത്താനാവാത്ത കാൻസർ രോഗം കടന്നുവന്നത്, അതും പ്രതീക്ഷകൾ പൂവണിയേണ്ടിയിരുന്ന പരിശീലനകാലത്തിന്റെ അവസാനഘട്ടത്തിൽ. പക്ഷേ, ഈശോയുടെ പുരോഹിതനാകുകയെന്ന അദ്ദേഹത്തിന്‍റെ അടങ്ങാത്ത ആഗ്രഹത്തിന്റെ അഗ്നിയുടെമേൽ വെള്ളം കോരിയൊഴിച്ചു കെടുത്താൻ ഒരു കാൻസറിനുമായില്ല. “കൊല്ലാം, പക്ഷേ തോൽപ്പിക്കാനാവില്ല” എന്ന് കാൻസറിനോട് സധൈര്യം പറഞ്ഞ ബ്ര. മൈക്കിൾ ലോസിന്റെ നിശ്ചയദാർഢ്യത്തിനു മുൻപിൽ കാൻസറും ആഗ്രഹത്തിനുമുൻപിൽ   ദൈവവും തോറ്റുകൊടുത്തു. കത്തോലിക്കാ സഭയുടെ പരമാധികാരി ഫ്രാൻസിസ് മാർപാപ്പയുടെ അനുവാദവും ആശീർവാദവും സ്വീകരിച്ചു കാൻസർ കിടക്കയിൽ കിടന്നു ബ്ര. മൈക്കിൾ ലോസ്, ഒരേ ദിവസം തന്നെ ഡീക്കൻ പട്ടവും പുരോഹിതപട്ടവും സ്വീകരിച്ചു പ്രഥമ ദിവ്യബലിയർപ്പണം നടത്തി. പലതുകൊണ്ടും അപൂർവ്വമായ ഈ പൗരോഹിത്യ സ്വീകരണത്തിനും ആദ്യ ദിവ്യബലിയർപ്പണത്തിനും സ്വർഗ്ഗവും ഭൂമിയും ആദരവോടെ സാക്ഷികളായി. 

    ക്രിസ്തീയ വിശ്വാസവും പൗരോഹിത്യജീവിതങ്ങളും ആക്രമിക്കപ്പെടുകയും അപഹസിക്കപ്പെടുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽത്തന്നെ വി. കുര്‍ബാനയുടെയും പൗരോഹിത്യത്തിന്റെയും മാഹാത്മ്യമുയർത്തുന്ന ഇത്തരം കാഴ്ചകളും വാക്കുകളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഈ നാളുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഭീകരാക്രമണം നടന്നു എല്ലാം തകർന്ന് മനമിടിഞ്ഞു നിൽക്കുമ്പോഴും, ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്ത വി. കുർബാനയിൽ സംബന്ധിക്കാൻ തങ്ങളുടെ വീടുകളുടെ വെറും നിലത്തു മുട്ടുകുത്തി ആദരവോടെ കൈകൂപ്പിനിന്ന പാവപ്പെട്ട ശ്രീലങ്കൻ ക്രൈസ്തവർ നൽകിയ സാക്ഷ്യം ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ സുവിശേഷ പ്രഘോഷണവും ക്രൈസ്തവസാക്ഷ്യവും വി. കുർബാനയുടെ പ്രഘോഷണവുമായിരുന്നു.

    കൊളംബോ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാല്‍ക്കം രഞ്ചിത്ത് അര്‍പ്പിച്ച ദിവ്യബലിയില്‍ ടെലിവിഷനിലൂടെ പങ്കുചേരുന്ന വിശ്വാസികള്‍

    കാലിഫോർണിയ സംസ്ഥാനത്തിലെ കത്തോലിക്കാ വൈദികരോട് കുമ്പസാരരഹസ്യം വെളിപ്പെടുത്തണമെന്ന് നിയമപരമായി ആവശ്യപ്പെടുന്ന ‘ബിൽ 360’ നെതിരെ ഓക് ലാൻഡ് മെത്രാൻ ആഞ്ഞടിച്ചത്, ക്രൈസ്തവ വിശ്വാസത്തിനെതിരായ ഈ നിയമം പാലിക്കാത്തതിനാൽ അറസ്റ്റു വരിക്കാനും ജയിലിൽ പോകാനും വരെ തയാറാണെന്നു പറഞ്ഞുകൊണ്ടായിരുന്നു. 

    ബലിയർപ്പിക്കാൻ ഈശോയ്ക്കുണ്ടായിരുന്ന പ്രതലം (അൾത്താര) ഒരു കുരിശായിരുന്നങ്കിൽ, ഫാ. മൈക്കിൾ ലോസ്സിന് അത് തന്റെ രോഗം ബാധിച്ച ശരീരവും കാൻസർ കിടക്കയുമായിരുന്നു. പരാതികളും പരിഭവങ്ങളുമല്ല, അടക്കാനാവാത്ത സന്തോഷവും ഈശോയോടുള്ള നിഷ്കളങ്കസ്നേഹവുമായിരുന്നു ആദ്യബലിയർപ്പണത്തിൽ അദ്ദേഹത്തിന്റെ മനസ്സ് നിറയെ. മറ്റുള്ളവരെപ്പോലെ തനിക്കില്ലാത്ത ശാരീരികക്ഷമതയെക്കുറിച്ചുള്ള നിരാശയല്ല, ഒരു മഹാഭാഗ്യം പോലെ വന്നുചേർന്ന പൗരോഹിത്യമെന്ന സ്വർഗീയ സമ്മാനത്തിന്റെ അഭൗമ ആനന്ദമായിരുന്നു ആ മുഖത്ത്. അതെ, പൗരോഹിത്യത്തിന്റെ മാഹാത്മ്യം അത് വഹിക്കുന്നവരും കാണുന്നവരും മറന്നുപോകുന്ന ഒരു കാലത്ത്, ഈ ദൈവദാനത്തിന്റെ മഹിമ പഠിപ്പിക്കാൻ ദൈവം തിരഞ്ഞെടുത്ത സവിശേഷ പാത്രമായിരുന്നു, ഫാ. മൈക്കിൾ ലോസ്. “എങ്കിലും, വിജ്ഞാനികളെ ലജ്ജിപ്പിക്കാൻ ലോകദൃഷ്ടിയിൽ ഭോഷന്മാരായവരെ ദൈവം തിരഞ്ഞെടുത്തു. ശക്തമായവയെ ലജ്ജിപ്പിക്കാൻ ലോകദൃഷ്ടിയിൽ അശക്തമായവയെയും.” (1 കോറി. 1: 27). 

    സത്യത്തിൽ, മൈക്കിൾ ലോസ് വൈദികനാകണമെന്നു ഏറ്റവും ആഗ്രഹിച്ചത് ദൈവമായിരിക്കാം! ഒരു മരണാസന്നന്റെ ജീവിതത്തിൽ പൗരോഹിത്യം, അത് സ്വീകരിക്കുന്നവനും, കാണുന്നവനും അത്ഭുതമാണെന്ന് ദൈവം കണ്ടിരിക്കാം! എന്തെന്നാൽ ക്രിസ്തു അവനോടു പറഞ്ഞു: “ബലഹീനതയിലാണ് എന്‍റെ ശക്തി പൂർണമായി പ്രകടമാകുന്നത്.” (2 കോറി. 12: 9). വി. കുര്‍ബാനയെന്ന അപ്പത്തിന്റെ രൂപത്തിൽ ഈ മകന്റെ കയ്യിൽ എഴുന്നള്ളിവരാൻ ഈശോ ഏറെ ആഗ്രഹിച്ചു എന്നാണ് പ്രത്യേക അനുവാദത്തോടെ, ലോകത്തിന്റെ മുഴുവൻ പ്രാർത്ഥനയോടെ നടന്ന ഈ പൗരോഹിത്യ സ്വീകരണവും ദിവ്യബലിയർപ്പണവും നമ്മോടു പറയുന്നത്. 

    ഈശോ തന്‍റെ ഹൃദയമാണ് പൗരോഹിത്യമായി ഒരാൾക്ക് നൽകുന്നതെന്ന് തിരുസഭ പഠിപ്പിക്കുന്നു. അതുകൊണ്ടാണ്, ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവത്തിനു കൊടുക്കുന്നതുപോലുള്ള പ്രാധാന്യം പൗരോഹിത്യത്തിനും പുരോഹിതർ ചെയ്യുന്ന ശുശ്രുഷയ്ക്കും കാലങ്ങളായി സഭ നല്കിപ്പോരുന്നത്. പൗരസ്ത്യ ദൈവശാസ്ത്രവും കാഴ്ചപ്പാടുമനുസരിച്ചു, അന്ത്യഅത്താഴ സമയത്തു ഈശോ ശിഷ്യന്മാരുടെ കാലു കഴുകിയതു, അവരെ ലോകത്തിന്റെ പൊടികളിലും അഴുക്കുകളിലും നിന്ന് കഴുകി വിശുദ്ധീകരിച്ചു പൗരോഹിത്യം നല്കിയതാണെന്നു വിശ്വസിക്കുന്നു. ഈ  ശുശ്രുഷയ്ക്കായി പ്രത്യേകമായി ഈശോ തിരഞ്ഞെടുത്തവർ തൻ പ്രത്യേക പരിശീലനം നൽകിയ തന്റെ പന്ത്രണ്ടു ശിഷ്യന്മാർ മാത്രമാണെന്നതിനാലാവാം ഈശോ തനിക്കു ഏറ്റവും പ്രിയപ്പെട്ട തന്റെ അമ്മയെയും പ്രിയ സ്നേഹിതൻ ലാസറിനെയുമൊക്കെ അതിൽ നിന്ന് മാറ്റി നിറുത്തിയത്! വി. ജോൺ മരിയ വിയാനിയുടെ വാക്കുകളിൽ, “ഒരു പുരോഹിതൻ താൻ ആരാണെന്നു സത്യത്തിൽ മനസ്സിലാക്കിയാൽ അവൻ മരിച്ചുപോകും, ഭയം കൊണ്ടല്ല, സ്നേഹം കൊണ്ട്.” വി. ഫ്രാൻസിസ് അസീസി പറഞ്ഞു: “ഒരു പുരോഹിതനെയും ഒരു മാലാഖയെയും ഞാൻ ഒരുമിച്ചു കണ്ടാൽ, ഞാൻ ആദ്യം പുരോഹിതനെ വണങ്ങും; കാരണം, മാലാഖ, ദൈവസന്നിധിയിൽ നിൽക്കുന്നതേയുള്ളൂ, പുരോഹിതനാകട്ടേ, ദൈവത്തെ എന്നും കൈകളിൽ  എടുക്കുന്നവനാണ്.”

    തങ്ങളുടെ മാനുഷിക ഹൃദയത്തോടൊപ്പം, ദൈവത്തിന്റെ ഹൃദയം (പൗരോഹിത്യം) കൂടി കൊണ്ടുനടക്കുന്ന എല്ലാ വൈദികർക്കുമായി പ്രാർത്ഥിക്കാം. “എന്തെന്നാൽ, പരമമായ ശക്തി ഞങ്ങളുടേതല്ല ദൈവത്തിന്റേതാണ്‌ എന്ന് വെളിപ്പെടുത്തുന്നതിന് ഈ നിധി മണ്പാത്രങ്ങളിലാണ് ലഭിച്ചിരിക്കുന്നത്” (2 കോറി. 4: 7) എന്ന് എല്ലാ പുരോഹിതരും കരുതട്ടെ. പ്രാർത്ഥനയും വിശുദ്ധിയും കൊണ്ട് പൊതിയപ്പെട്ട ഈശോയുടെ ഹൃദയമായി പൗരോഹിത്യം വാഴ്ത്തപ്പെടട്ടെ! ഈശോയുടെ തിരുഹൃദയഭക്തിയുടെ പ്രത്യേകതയുള്ള ഈ ജൂൺ മാസത്തിൽ, എല്ലാവരുടെയും ഹൃദയങ്ങൾ ഈശോയുടെ തിരുഹൃദയം പോലെയാകട്ടെ! 

    ദൈവത്തെ കയ്യിലെടുക്കുന്ന എല്ലാ പുരോഹിതരും ഈശോയുടെ തിരുഹൃദയത്തിലെ മുറിവിൽ എന്നും സുരക്ഷിതരായിരിക്കട്ടെ. കാരണം വി. കുർബാനസ്വീകരണത്തിനു തൊട്ടുമുൻപ് അവർ സ്വരം താഴ്ത്തി ഇങ്ങനെ പ്രാർത്ഥിക്കുന്നു: “കർത്താവായ മിശിഹായേ, ഞാൻ അയോഗ്യനെങ്കിലും നിന്റെ അനുഗ്രഹങ്ങളുടെ നിക്ഷേപം ഇതാ, എന്റെ കരങ്ങളിൽ. നിന്റെ കാരുണ്യത്താൽ ഞാൻ ദാനമായി സ്വീകരിക്കുന്ന ഭയഭക്തിജനകമായ ഈ രഹസ്യത്തിന്റെ ശക്തിവിശേഷം എന്നെങ്കിൽ പ്രകടമാക്കണമേ.”  (സീറോ മലബാർ കുർബാനക്രമം)

    വിശുദ്ധമായ ചിന്തകൾ ഈ ആഴ്ചയിൽ നമ്മെ നയിക്കട്ടെയെന്ന പ്രാർത്ഥനയോടെ, 

    ഫാ. ബിജു കുന്നയ്ക്കാട്ട് 

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!