അദൃശ്യനായ ദൈവം വെളിപാടിലൂടെ തൻറെ സ്നേഹതികവിൽ നിന്നുകൊണ്ട് മനുഷ്യരോട് സ്വമിത്രങ്ങളോട് എന്നപോലെ സംഭാഷിക്കുന്നു. (CCC 142) വിശ്വാസംവഴി മനുഷ്യൻ തൻറെ ബുദ്ധിയേയും മനസ്സിനെയും പൂർണ്ണമായി ദൈവത്തിനു സമർപ്പിക്കുന്നു(CCC 143). ഇത്തരത്തിലുള്ള വിശ്വാസത്തിൻറെ അനുസരണത്തിന് മാതൃകയായി വിശുദ്ധഗ്രന്ഥം നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത് അബ്രാഹത്തെയാണ്. വിശ്വാസത്തിൻ്റെ, അനുസരണത്തിൻ്റെ ഏറ്റവും പൂർണ്ണമായ മൂർത്തഭാവമാണ് പരിശുദ്ധ കന്യകാമറിയം. നാം ദൈവത്തിൽ മാത്രമേ വിശ്വസിക്കാവൂ എന്നും (CCC 150) ദൈവത്തിൽ വിശ്വസിക്കുകയെന്നാൽ പിതാവിലും പുത്രനിലും പരിശുദ്ധാത്മാവിലും വിശ്വസിക്കുക എന്നാണെന്നും തുടർന്ന് പറയുന്നു. മറ്റ് മതസ്ഥരിൽ നിന്നും തിരുസഭയെ വ്യതിരിക്തമാക്കുന്ന പ്രധാപ്പെട്ട ഒന്നാണല്ലോ പരിശുദ്ധ ത്രിത്വത്തിലുള്ള വിശ്വാസം. വിശ്വാസം ഒരു കൃപാവരം ആണ് എന്നും (CCC 153) അതേസമയം അത് ഒരു മാനുഷികപ്രവർത്തിയാണ് എന്നും തുടർന്ന് പറയുന്നു (CCC 154). പിന്നീട് അത് ഒന്നിപ്പിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു “വിശ്വസിക്കുക എന്നത് കൃപാവരം മുഖേന ദൈവത്താൽ ഉത്തേജിതമായി, ഇച്ഛാശക്തിയുടെ ആജ്ഞാനുസരണം ദൈവിക സത്യത്തിന്, സമ്മതമരുളുന്ന ബുദ്ധിയുടെ പ്രവർത്തനമാണ്”. വിശ്വാസവും യുക്തിയും തമ്മിലും (CCC 158) വിശ്വാസവും ശാസ്ത്രവും തമ്മിലുള്ള (CCC 159) ബന്ധത്തെക്കുറിച്ച് തുടർന്ന് പ്രതിപാദിക്കുന്നുണ്ട്. നിത്യരക്ഷ പ്രാപിക്കുവാൻ വിശ്വാസം കൂടിയേ തീരൂ എന്ന് CCC 161-ൽ പഠിപ്പിക്കുന്നു. “യേശുക്രിസ്തുവിലും നമ്മുടെ രക്ഷയ്ക്കായി അവിടുത്തെ അയച്ചവനിലും വിശ്വസിക്കുക നിത്യരക്ഷാപ്രാപ്തിക്ക് അവശ്യമാണ്…” “അവസാനം വരെ വിശ്വാസത്തിൽ ഉറച്ചു നിൽക്കാത്ത ആരും നിത്യരക്ഷ പ്രാപിക്കുകയുമില്ല” വിശ്വാസം നമുക്ക് നഷ്ടപ്പെടാൻ സാധ്യതയുള്ളതുകൊണ്ട് ജാഗരൂകരായിയിരിക്കണമെന്ന് CCC 162-ൽ പിപ്പിക്കുന്നു. വിശ്വാസം സ്നേഹത്താൽ പ്രവർത്തന നിരതമാകണമെന്ന് CCC 162-ൽ പഠിപ്പിക്കുന്നത് ഏറെ ശ്രദ്ധേയമാണ്. CCC ആമുഖത്തിൽ ഇരുപത്തിയഞ്ചാം ഖണ്ഡികയിൽ വിശ്വാസ സത്യങ്ങളുടയും പ്രബോധങ്ങളുടെയും ഏക ലക്ഷ്യം സ്നേഹമായിരിക്കണം എന്ന് പഠിപ്പിക്കുന്നത് ഇവിടെ പ്രത്യേകം ഓർമ്മിക്കാം.
ഈ വിഷയ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് ചുവടെ നൽകുന്ന ലിങ്ക് കാണുക.
https://youtu.be/i6BT3ZRsMe4