Wednesday, January 15, 2025
spot_img
More

    പിതാവിനെ സ്നേഹിച്ച പുത്രൻ


    ഞാന്‍ പിതാവിനെ സ്‌നേഹിക്കുന്നുവെന്നും അവിടുന്ന്‌ എന്നോടു കല്‍പിച്ചതുപോലെ ഞാന്‍ പ്രവര്‍ത്തിക്കുന്നുവെന്നും ലോകം അറിയണം.”(യോഹന്നാന്‍ 14 : 31)

    ദുഃഖവെള്ളി കഴിഞ്ഞു. ഇനി ഉത്ഥാനം പ്രതീക്ഷിച്ചുള്ള കാത്തിരിപ്പാണ്. കാൽവരി കുരിശിലേക്ക് നടന്നുപോയ യേശു ഉയർത്തിപ്പിടിച്ച വലിയ ഒരു മൂല്യമുണ്ട് .തന്നെ ഉത്തരവാദിത്വം ഏൽപ്പിച്ച പിതാവിനോട് കാണിച്ച് പൂർണ്ണമായ വിധേയത്വം. എന്തിലുമേതിലും പിതാവിൻറെ ഹിതം നിർവഹിക്കുന്നതിനായിരുന്നു യേശു പ്രാധാന്യം കൊടുത്തത്.

    കയ്പ്പേറിയ കാസയാണ്  തനിക്ക് പാനം ചെയ്യാനുള്ളത് എന്നറിഞ്ഞിട്ടും, ഗത്സമേൻ തോട്ടത്തിൽവച്ച് ഒരു നിമിഷം പതറിപ്പോയ ഈശോ ഈ കാസ ഒന്ന് മാറ്റിത്തരണമെന്ന് പിതാവായ ദൈവത്തോട് അപേക്ഷിക്കുന്നു. എന്നാൽ അടുത്ത നിമിഷത്തിൽ തന്നെ അത് തിരുത്തുകയാണ്. അല്ല എന്‍റെ ഇഷ്ടമല്ല, അങ്ങയുടെ ഇഷ്ടം നിറവേറട്ടെ.പിതാവിന്റെ വചനം പൂർണ്ണമായി പാലിക്കുക എന്നതായിരുന്നു യേശുവിന്റെ ജീവിതം.. അവിടുന്ന് നമുക്ക് തരുന്ന ഉപദേശവും അതു തന്നെ.

    ” എന്നെ സ്‌നേഹിക്കുന്നവന്‍ എന്‍റെ വചനം പാലിക്കും. അപ്പോള്‍ എന്‍റെ പിതാവ്‌ അവനെ സ്‌നേഹിക്കുകയും ഞങ്ങള്‍ അവന്‍റെ അടുത്തു വന്ന്‌ അവനില്‍ വാസമുറപ്പിക്കുകയും ചെയ്യും.”യോഹന്നാന്‍ 14 : 23.
     

    യോഹന്നാൻ ശ്ലീഹായുടെ സുവിശേഷത്തിൽ പിതാവായ ദൈവവും ഈശോയും തമ്മിലുള്ള ഗാഢമായ ബന്ധത്തെക്കുറിച്ച് നിരവധി തവണ എടുത്തെടുത്തു പറയുന്നുണ്ട്. പിതാവും പുത്രനും തമ്മിലുള്ള സ്നേഹബന്ധം, ഓരോ ക്രിസ്ത്യാനിയുടെയും ജീവിതത്തിൽ ഉണ്ടാകേണ്ട ഒരു യാഥാർത്ഥ്യമായിരിക്കണം എന്ന് വ്യക്തമാക്കുന്നു.
     എന്നാൽ നമ്മുടെ സമകാലീന സംഭവങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ പിതാവും പുത്രനും തമ്മിലുള്ള ബന്ധം, മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം ശിഥിലമായി വരുന്നു. മാതാപിതാക്കളുടെ ക്രൂര പീഡനത്തിന് വിധേയമായി കഴിഞ്ഞ പത്തു ദിവസത്തിനുള്ളിൽ ഇവിടെ ജീവൻ നഷ്ടപ്പെട്ടത് രണ്ട് പിഞ്ചുകുഞ്ഞുങ്ങൾക്കാണ്..  

    എങ്ങോട്ടാണ് നമ്മുടെ ലോകം പ്രയാണം ചെയ്യുന്നത്.?. സ്നേഹബന്ധങ്ങൾക്ക് വില നഷ്ടപ്പെടുന്നു. ചോര നീരാക്കി മക്കളെ വളർത്തിക്കൊണ്ടുവരുന്ന മാതാപിതാക്കൾ പ്രായമാകുമ്പോൾ അനാഥാലയങ്ങളിലും ദേവാലയങ്ങളിലും ഉപേക്ഷിക്കപ്പെടുന്നു. അവരുടെ ആവശ്യങ്ങൾ പരിഗണിക്കാൻ പോലും താല്പര്യമില്ലാതെ സ്വാർത്ഥതയുടെ അടിമകളായി മക്കൾ മാറുന്നു.
     

    കഴിഞ്ഞ ദിവസം പത്രത്തിൽ കാണുകയുണ്ടായി അമ്മയെ ക്രൂരമായി മർദ്ദിച്ച മകനെക്കുറിച്ച്.. ഈ മകൻ ബൈക്ക് അപകടത്തിൽ പെട്ട് ആശുപത്രിയിൽ കിടന്നപ്പോൾ ആറേഴ് മാസം കഷ്ടപ്പെട്ട് കൂലിപ്പണിയെടുത്ത് ത്യാഗം സഹിച്ചാണ് ഈ അമ്മ മകനെ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. എന്നാൽ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി സുബോധം നഷ്ടപ്പെട്ടതുകൊണ്ട് അമ്മയുടെ വില മനസ്സിലായില്ല.ചായ ചൂടാക്കി കൊടുത്തില്ല എന്ന ഒറ്റ കാരണം കൊണ്ട് അമ്മയെ ക്രൂരമായി മർദ്ദിച്ച് അവശയാക്കി.
    ബന്ധങ്ങളുടെ വില നഷ്ടപ്പെടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോവുന്നത്.

    എന്നാൽ കുരിശിലെ ബലിയിലൂടെ ഈശോ പിതാവുമായുള്ള സ്നേഹബന്ധം മാനവകുലത്തിനു മുഴുവൻ മാതൃകയായി കാണിച്ചുകൊടുക്കുകയാണ്. മാതാപിതാക്കളെ ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യം സമൂഹത്തിന് വ്യക്തമാക്കി കൊടുക്കുന്നു. മാത്രമല്ല ഈശോ പറയുന്നത് ഞാനും പിതാവും ഒന്നായിരിക്കുന്നതുപോലെ നമ്മളും ഒന്നായിരിക്കണം.
    ഇവിടെ ക്രൈസ്തവ യുവജനങ്ങൾക്കും യുവജന സംഘടനകൾക്കും വളരെയേറെ കാര്യങ്ങൾ ചെയ്യാനുണ്ട്.

    മദ്യത്തിനും മയക്കുമരുന്നിനും മൊബൈൽ ഫോണിന്റെയും അടിമത്തത്തിൽ പൂണ്ട് കിടക്കുന്ന ഒരു യുവ സമൂഹമാണ് നമുക്ക് ചുറ്റും വളർന്നുവരുന്നത്. പണമുണ്ടാക്കാൻ വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത അവസ്ഥയിലേക്ക് യുവജനം അധപതിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ബന്ധങ്ങളുടെ വില നഷ്ടപ്പെടുകയും ചെയ്യുന്നു . ഇവിടെ യുവജനങ്ങളെ യേശുവിലേക്ക് വഴിനടത്തുകയും യേശുവുമായുള്ള സ്നേഹ ബന്ധത്തിൽ നിലനിറുത്തുന്നതിനുമായി കത്തോലിക്ക യുവജന സംഘടനകൾ ശക്തമായി പ്രവർത്തിക്കേണ്ട ഒരു കാലമാണിത് .ഈയൊരു ദൗത്യം കൂടി ഈ ദുഃഖ വെള്ളി ,ദുഃഖശനി ആചരണത്തിലൂടെ നമുക്ക് കരഗതമാകണം.
     

    അങ്ങനെ ഒരവസ്ഥ യേശുവുമായി നമുക്ക് ഉണ്ടാകുമ്പോൾ അത്തരം വ്യക്തിയിൽ പിതാവായ ദൈവം സജീവസാന്നിധ്യമായി നിലനിൽക്കുമെന്നും, ഇപ്രകാരം പിതാവും പുത്രനും ഒരു വ്യക്തിയുടെ ഭാഗമായി നിലകൊള്ളുമ്പോൾ പരിശുദ്ധാത്മാവ് വഴിയുള്ള പ്രചോദനങ്ങളും പ്രവർത്തനങ്ങളും ശക്തമാവുകയും, ലോകമറിയുന്ന രീതിയിൽ യേശുവിന്‍റെ ശിഷ്യനായി ,ശിഷ്യയായി മാറ്റപ്പെടുകയും ചെയ്യുമെന്നും കാൽവരി നമുക്ക് വ്യക്തമാക്കി തരുന്നു..

    പിതാവിനെ കാണാനും അറിയാനും യേശുവിലേക്ക് നോക്കിയാൽ മതി.

    ‘ എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു. പിന്നെ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരുക എന്നു നീ പറയുന്നതെങ്ങനെ?ഞാന്‍ പിതാവിലും പിതാവ്‌ എന്നിലും ആണെന്നു നീ വിശ്വസിക്കുന്നില്ലേ? ഞാന്‍ നിങ്ങളോടു പറയുന്ന വാക്കുകള്‍ സ്വമേധയാ പറയുന്നതല്ല; പ്രത്യുത, എന്നില്‍ വസിക്കുന്ന പിതാവ്‌ തന്‍റെ പ്രവൃത്തികള്‍ ചെയ്യുകയാണ്‌.ഞാന്‍ പിതാവിലും പിതാവ്‌ എന്നിലും ആണെന്ന്‌ ഞാന്‍ പറയുന്നതു വിശ്വസിക്കുവിന്‍. അല്ലെങ്കില്‍ പ്രവൃത്തികള്‍മൂലം വിശ്വസിക്കുവിന്‍.സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്നില്‍ വിശ്വസിക്കുന്നവനും ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ ചെയ്യും. ഞാന്‍ പിതാവിന്‍െറ അടുത്തേക്കു പോകുന്നതുകൊണ്ട്‌ ഇവയെക്കാള്‍ വലിയവയും അവന്‍ ചെയ്യും.നിങ്ങള്‍ എന്റെ നാമത്തില്‍ ആവശ്യപ്പെടുന്നതെന്തും, പിതാവു പുത്രനില്‍ മഹത്വപ്പെടാന്‍വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കും.”യോഹന്നാന്‍ 14 : 9-13.

    സ്നേഹത്തിന്‍റെ പാരമ്യമാണ് നാമിവിടെ കാണുന്നത് .പൂർണ്ണമായും പിതാവിന്‍റെ ഹിതത്തിന്  വിധേയപ്പെടുന്ന യേശു. പിതാവ് തന്നെ ഏൽപ്പിച്ച ഒരു വ്യക്തിപോലും നശിക്കാൻ ഇടയാകാതെ പിതാവുമായുള്ള ബന്ധത്തിൽ നിലനിൽക്കണമെന്ന് ആഗ്രഹത്തോടുകൂടി യാണ് കുരിശിൽ അവസാന തുള്ളി രക്തം പോലും ചിന്തുന്നത്. സ്നേഹിതനുവേണ്ടി മരിക്കുക എന്നതിനേക്കാൾ വലിയ ഒരു ത്യാഗം ഇല്ല എന്ന് കാണിച്ചു തന്നു കൊണ്ട്, സ്നേഹത്തിന്‍റെ അർത്ഥമെന്താണെന്ന് ഈശോ വ്യക്തമാക്കുന്നു.

    ഈ അനുഭവം നമുക്കും നമ്മുടെ കുടുംബത്തിലും അയൽവാസികളിലും പ്രസരിക്കുന്നതിനുള്ള ഒരു മാധ്യമമായി എന്നെ മാറ്റണമെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും അങ്ങനെ ആയി തീരുന്നതിനു വേണ്ടി നിരന്തരം പരിശ്രമിക്കുകയും ചെയ്യാം .അപ്രകാരം ഒരു മനോഭാവം നമ്മിൽ ഉണ്ടാകുമ്പോൾ നമ്മുടെ നാട്ടിൽ ഒരു സ്നേഹ സംസ്കാരം രൂപപ്പെടുന്നു.
     

    ഇപ്പോൾ തിരഞ്ഞെടുപ്പ് കാലമാണ് .രാഷ്ട്രീയ പാർട്ടികൾ പരസ്പരം പഴിചാരുകയും എതിർ സ്ഥാനാർത്ഥികളെ കഴിയുന്നത്ര അപമാനിക്കുകയും ചെയ്യുമ്പോൾ അവിടെ സംഭവിക്കുന്നത് പൈശാചികശക്തിയുടെ ആതിപത്യമാണ്.   ദൈവാത്മാവിനാൽ നിറഞ്ഞു നിൽക്കുന്ന വ്യക്തികൾക്ക് ഇപ്രകാരം അപരനെ ഇകഴ്ത്തി സംസാരിക്കാൻ സാധിക്കുകയില്ല .അപരനിലെ നന്മ കാണാനും പ്രോത്സാഹിപ്പിക്കാനുമാണ് ദൈവാത്മാവ് പ്രചോദനം നൽകുക.
     മറ്റുള്ളവരുടെ നന്മ കാണാനും പ്രോത്സാഹിപ്പിക്കാനും നന്മയുടെ ഒരു സംസ്കാരം രൂപപ്പെടുത്താനും ഈ നോമ്പുകാലം നമുക്കൊരു പ്രചോദനനമായി മാറട്ടെ .അങ്ങനെ സ്നേഹം നിറഞ്ഞ മനസ്സോടെ ഉത്ഥാനമഹോത്സവത്തിന് നമുക്ക് ഒരുങ്ങാം .

    “ഞാന്‍ എന്‍െറ പിതാവിലും നിങ്ങള്‍ എന്നിലും ഞാന്‍ നിങ്ങളിലുമാണെന്ന്‌ ആ ദിവസം നിങ്ങള്‍ അറിയും.(യോഹന്നാന്‍ 14 : 20.)
    ഇതിൽപരം വലിയൊരാനന്ദം ക്രിസ്ത്യാനികൾക്ക് ലഭിക്കാനില്ല…

    പ്രേംജി മുണ്ടിയാങ്കൽ

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!