Wednesday, January 15, 2025
spot_img
More

    ദൈവവചനമാകുന്ന കണ്ണാടിയില്‍ നോക്കിയാല്‍ എല്ലാ വ്യക്തികളുടെയും ജീവിതം മനോഹരമായിത്തീരും: ഫാ. മാത്യു വയലുമണ്ണില്‍

    ദൈവവചന ശുശ്രൂഷാ മേഖലയിലേക്ക് വളരെ യാദൃച്ഛികമായിട്ടാണ് ഞാന്‍ കടന്നുവരാന്‍ ഇടയായത്. കാരണം ഞാന്‍ വളരെ വേദനകലര്‍ന്ന ഒരു സാഹചര്യത്തിലാണ് ജനിച്ചതും വളര്‍ന്നതും എല്ലാം. ചെറുപ്പം മുതല്‌ക്കേ ദൈവവചനത്തോടുള്ള ബന്ധവും ആഗ്രഹവുമൊക്കെ എന്റെ മനസ്സിലുണ്ടായിരുന്നു. പക്ഷേ ഒരിക്കലും എനിക്ക് നാലുപേരുടെ മുമ്പില്‍ ഇതുപോലെ വചനം പറയാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അങ്ങനെയൊരു പദവി ഞാന്‍ സ്വപ്‌നം പോലും കണ്ടിരുന്നില്ല. പക്ഷേ ഉള്ളിന്റെയുള്ളില്‍ അങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നു.

    ദൈവവചനം കൊടുക്കുന്ന അഭിഷേകമെനിക്ക് കിട്ടണം. ഞാന്‍ അതിന് വേണ്ടി ഏറെ ആഗ്രഹിച്ചു പ്രാര്‍ത്ഥിച്ചിട്ടുണ്ട്. അങ്ങനെ ദൈവമായിട്ട് തന്നെ എനിക്ക് അനുഗ്രഹിച്ചു തന്ന ശുശ്രൂഷയാണ് ദൈവവചനപ്രഘോഷണ മേഖല. ഏതു സാധാരണക്കാര്‍ക്കും മനസ്സിലാകുന്ന ഭാഷയില്‍ ദൈവവചനം ഇങ്ങനെ കൊടുക്കാന്‍ കഴിയുക. നമ്മുടെ ഏതു പ്രശ്‌നത്തിനുമുള്ള പരിഹാരം, ഉത്തരം ബൈബിളിലെ ഓരോ താളുകളിലും കിടപ്പുണ്ട്. ചില നേരങ്ങളില്‍ നാം ഓരോ പ്രതിസന്ധിയിലിരുന്ന് നമ്മള്‍ ദൈവവചനം വായിക്കുമ്പോഴായിരിക്കും നമ്മുടെ പ്രശ്‌നങ്ങള്‍ക്കുള്ള മറുപടി ബൈബിളിനെ ഇന്ന പേജിലുണ്ടെന്ന് മനസ്സിലാകുന്നത്. ആ പേജു തുറന്നുവായിക്കുമ്പോള്‍ നമ്മള്‍ ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായിരിക്കും അതിലുള്ളത്.

    നമ്മുടെ ഓരോരുത്തരുടെയും പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം ദൈവവചനത്തിലുണ്ട്. പക്ഷേ ഇക്കാര്യം നമ്മളില്‍ പലര്‍ക്കും അറിയില്ല. എന്നോട് സംസാരിക്കുന്ന വചനം, ജീവനുള്ള ദൈവവചനമാണെന്ന്, അത് ദൈവം തന്നെയാണെന്ന് എനിക്കറിയില്ല. ദൈവവചനമാണെന്ന് അറിയാം. പക്ഷേ എന്നോട് സംസാരിക്കുന്ന ദൈവമാണ് അതിലുള്ളതെന്ന് അറിയില്ല.ഇത് മനസ്സിലാക്കിക്കഴിഞ്ഞപ്പോള്‍ ദൈവവചനത്തിലൂടെ ദൈവം എന്നോട് സംസാരിച്ച കാര്യം ഞാന്‍ പറഞ്ഞുകഴിഞ്ഞപ്പോള്‍ ഒരുപാട് പേര്‍ക്ക് അത് ആശ്വാസത്തിന് കാരണമായിത്തീര്‍ന്നു.

    യാക്കോബ് ശ്ലീഹായുടെ ലേഖനം ഒന്നാം അധ്യായം 22 മുതല്‍ 25 വരെ വായിക്കുമ്പോള്‍യാക്കോബ് ശ്ലീഹാ ദൈവവചനത്തെ കണ്ണാടിയോട് സാമ്യപ്പെടുത്തിയിരിക്കുന്നതായി നാം കാണുന്നു. ദൈവവചനം ഒരു കണ്ണാടിയാണ്. അത് നോക്കിയിട്ട് നാം കടന്നുപോകുന്നു. തന്നെതന്നെ മാറ്റം വരുത്തുന്നി്‌ല്ലെങ്കില്‍ അതുകൊണ്ട് യാതൊരു പ്രയോജനവുമില്ല.

    എന്നെ ഏറ്റവും സ്വാധീനിച്ചതാണ് അക്കാര്യം. ദൈവവചനമാകുന്ന കണ്ണാടി. നമ്മളെല്ലാവരും കണ്ണാടി കണ്ടിട്ടുളളവരും നോക്കിയിട്ടുള്ളവരുമാണ്. പക്ഷേ നമ്മെ സംബന്ധിച്ചിടത്തോളം അത് പുറം കാണാനുള്ള മാര്‍ഗ്ഗമാണ്. ഓര്‍ഡറാക്കാനുള്ള മാര്‍ഗ്ഗമാണ് അത്. പക്ഷേ ദൈവവചനമാകുന്ന കണ്ണാടി നമ്മുടെ ജീവിതത്തെ മനോഹരമാക്കുന്ന കണ്ണാടിയാണ്. ഞാന്‍ അധികകാലമായിട്ടില്ല ദൈവവചനപ്രഘോഷണരംഗത്തെത്തിയിട്ട്. ഞാന്‍ ഒരുപാട് ജീവിതങ്ങളെ കണ്ടിട്ടുണ്ട്.പൊട്ടിപ്പൊളിഞ്ഞ ദാമ്പത്യബന്ധങ്ങള്‍.. പ്രതീക്ഷ തകര്‍ന്നുപോയവര്‍.. പ്രശ്‌നങ്ങളിലൂടെ കടന്നുപോയവര്‍.

    പക്ഷേ ദൈവവചനമാകുന്ന കണ്ണാടിയില്‍ നോക്കിയേേപ്പാള്‍ അവരുടെ ജീവിതം അനുഗ്രഹിക്കപ്പെട്ടതായി മാറുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ വിശ്വസിക്കുന്നത് ദൈവവചനമാകുന്ന കണ്ണാടിയോളം ഒരു നല്ല കണ്ണാടി ലോകത്തില്‍ ഇല്ല എന്നാണ്. ദൈവവചനമാകുന്ന കണ്ണാടിയില്‍ നോക്കിയാല്‍ ഏതൊരുവ്യക്തിയുടെയും ജീവിതം നന്നാകും, ഭാവി ശരിയാകും. ഏതൊരു ജീവിതവും അനുഗ്രഹപ്രദവും മനോഹരവുമായിത്തീരും. നമ്മള്‍ കടയില്‍ നിന്ന് വാങ്ങുന്ന കണ്ണാടി ഉടഞ്ഞുപോയാല്‍ അത് വേസ്റ്റായിമാറും. പക്ഷേ ദൈവവചനമാകുന്ന കണ്ണാടിയുടെ പ്രത്യേകത ഞാന്‍ മനസ്സിലാക്കിയത് എത്ര പൊട്ടി്‌പ്പൊളിഞ്ഞ ജീവിതങ്ങളും ദൈവവചനമാകുന്ന കണ്ണാടിയില്‍ നോക്കിയോ ഒരു പാടുപോലും ഇല്ലാതെ മനോഹരമാകും എന്നാണ്.

    ദൈവവചനമാകുന്ന കണ്ണാടിയില്‍ നോക്കാന്‍ എല്ലാവരെയും പഠിപ്പിക്കണം. ആ കണ്ണാടിയില്‍ നോക്കിയിട്ട് വേണം ഓരോ ദിവസവും ആരംഭിക്കാന്‍. ഓരോ സമയവും മുന്നോട്ടുപോകാന്‍. അങ്ങനെയൊരു കണ്ണാടിയില്‍ നോക്കുന്ന ജീവിതശൈലി രൂപപ്പെടുത്തിയെടുത്താല്‍ നമ്മുടെ ക്രിസ്തീയജീവിതം ഏറ്റവും മനോഹരമായിത്തീരും. നാം എന്തിന് ഇറങ്ങിയാലും അത് മനോഹരമായിത്തീരും. വിജയത്തിലെത്തുകയും ചെയ്യും.

    ദൈവത്തിന്റെ വിജയകരമായ കരം കാണാനും അനുഭവിക്കാനും കഴിയും.ദൈവവചനത്തിന് വേണ്ടി ജീവന്‍ പോലും പണയപ്പെടുത്തി ഇറങ്ങിയെങ്കില്‍ മാത്രമേ നമുക്ക് ഒരുതലമുറയെ രക്ഷിച്ചെടുക്കാന്‍ കഴിയൂ. ഇന്നത്തെ തലമുറ എന്തു ദൈവം, എന്തു ധ്യാനം, എന്തുവിശ്വാസം എന്ന് നമ്മുടെ നേരെ വിരല്‍ചൂണ്ടുന്ന കാലമാണ്. അപ്പോള്‍ അതിനെക്കാള്‍ വലിയ സാക്ഷ്യമുണ്ടെങ്കില്‍ മാത്രമേ ഒരു ജനതയെ നമുക്ക് പണിതുയര്‍ത്താന്‍ കഴിയൂ. ദൈവത്തിലേക്ക് കൊണ്ടുവന്ന് ദൈവത്തില്‍ പണിയപ്പെടുന്ന ഒരുജീവിതം, ദൈവം അവരുടെ ജീവിതത്തിന്മേല്‍ കരം തൊടുന്ന അനുഭവം ഉണ്ടാകണം.

    മോശയെ ദൈവം വിളിച്ചത് മുമ്പില്‍ നിര്‍ത്താനാണ്.പുറകില്‍ നില്ക്കാനല്ല പുറകിലുളളത് പിറുപിറുപ്പും ശാപവുമായിരിക്കാം.ജനങ്ങള്‍ മുഴുവന്‍ പിറുപിറുക്കുമ്പോഴുംഅസ്വസ്ഥരാകുമ്പോഴും നമുക്ക് മുന്നില്‍ തന്നെയായിരിക്കാം. പ്രാര്‍ത്ഥനയോടെ വിശ്വാസത്തോടെ മുമ്പില്‍ നില്ക്കാന്‍ കഴിഞ്ഞാല്‍ ഒരു ദേശത്തെ. ജനത്തെ നമുക്ക് ദൈവത്തിന്റെ ആഗ്രഹപ്രകാരം എത്തേണ്ടിടത്ത് എത്തിക്കാന്‍ നമ്മെ ദൈവം ഉപകരണമാക്കും.

    ( ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത സംഘടിപ്പിച്ച സുവിശേഷത്തിന്റെ ആനന്ദം എന്ന പ്രോഗ്രാമില്‍ നല്കിയ സന്ദേശത്തില്‍ നിന്ന്)

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!