ജനാധിപത്യവ്യവസ്ഥയുടെ പ്രധാനപ്പെട്ട തൂണുകളിലൊന്നാണ് മാധ്യമങ്ങള്‍. അവര്‍ക്ക് ചില സത്യങ്ങള്‍ ലോകത്തോട് വിളിച്ചുപറയാനുണ്ട്. ചില തിരുത്തലുകള്‍ സമൂഹത്തിന് നല്കാനുമുണ്ട്. അങ്ങനെയാണ് അവര്‍ സ്റ്റേറ്റിന്റെ ഭാഗമായി നിലകൊള്ളുന്നത്.
മാധ്യമങ്ങളുടെ ഈ കടമ തിരിച്ചറിഞ്ഞവരായിരുന്നു ഒരുകാലത്തെ പത്രപ്രവര്‍ത്തകര്‍. സത്യവും നീതിബോധവും പുലര്‍ത്തുന്നവരായിരുന്നു അവര്‍. ചെറിയ ചെറിയ നേട്ടങ്ങള്‍ക്കുവേണ്ടി അവര്‍ തങ്ങളുടെ കടമയില്‍ മായം ചേര്‍ത്തില്ല. കാലം മാറിയപ്പോള്‍ മാധ്യമങ്ങള്‍ക്ക് അവയുടെ നിഷ്പക്ഷത നഷ്ടമായി, സത്യവും നീതിയും നഷ്ടമായി. ഏതെങ്കിലുമൊക്കെയുള്ള പക്ഷം പിടിക്കലുകളും ചേരിതിരിവകളും പ്രകടമായി.
ഇത്തരം പൊതുപ്രവണതകള്‍ക്കിടയിലും ഭേദപ്പെട്ട രീതിയില്‍ എന്നാല്‍ തന്റേതായ പരിമിതിയില്‍ നിന്നുകൊണ്ട് പത്രപ്രവര്‍ത്തനം നടത്തുന്ന ഒരാളാണ് ഷാജന്‍ സ്‌കറിയായും അദ്ദേഹത്തിന്റെ മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈനും. തനിക്ക് ഇഷ്ടമില്ലാത്തതും തനിക്ക് യോജിക്കാന്‍ കഴിയാത്തതുമായ എന്തിനെയും നിശിതമായി വിമര്‍ശിക്കുന്നതില്‍ ഒരു തരം ആനന്ദവും ആത്മസംതൃ്പ്തിയും അദ്ദേഹം പ്രകടിപ്പിക്കുന്നതായി തോന്നിയിട്ടുമുണ്ട്. കത്തോലിക്കാസഭയ്‌ക്കെതിരെ പലപ്പോഴും അദ്ദേഹം ആഞ്ഞടിച്ചിട്ടുമുണ്ട്.
സഭയ്‌ക്കെതിരെ അദ്ദേഹം നിശിതവിമര്‍ശനങ്ങള്‍ ഉയര്‍ത്തിയപ്പോള്‍ സഭ അദ്ദേഹത്തിനെതിരെ ഒരു നടപടിക്കും തുനിഞ്ഞിട്ടില്ല. എന്നാല്‍ എല്ലാവരും അങ്ങനെയായിരിക്കണമെന്നില്ലല്ലോ?ഷാജന്‍ സ്‌കറിയ നല്കിയ ചില വാര്‍ത്തകളുടെ പേരില്‍ അദ്ദേഹത്തിനെതിരെ ചില വേട്ടയാടലുകള്‍ നടന്നുകൊണ്ടിരിക്കുന്ന സമയമാണ് ഇത്.
വാര്‍ത്തകള്‍ വാസ്തവമോ അവാസ്തവമോ ആവാം. നാം വായിക്കുന്ന, കേള്‍ക്കുന്ന എല്ലാവാര്‍ത്തകളും സത്യമായിരിക്കണമെന്നില്ല. ഒരു ചെറിയ ശതമാനമെങ്കിലും അസത്യമുണ്ടെങ്കില്‍ തെറ്റിദ്ധാരണജനകമായി എന്നതിന്റെ പേരില്‍ നിയമനടപടികള്‍ക്ക് ഒരുങ്ങേണ്ടതുമാണ്. പക്ഷേ ഇവിടെ സംഭവിച്ചിരിക്കുന്നത് അതല്ല എന്നതാണ് മറുനാടന്‍ മലയാളിയും ഷാജന്‍ സ്‌കറിയായും പൊതുസമൂഹത്തിന്‌റെ പിന്തുണ അര്‍ഹിക്കുന്നവരായി മാറിയിരിക്കുന്നത്.
മുച്ചൂട്ടും നശിപ്പിച്ചേ അടങ്ങൂ എന്ന മട്ടില്‍, ഒരുതരത്തില്‍ ഭ്രാന്തുപിടിച്ച് ഷാജന്‍ സ്‌കറിയായ്ക്ക് പിന്നാലെ പാഞ്ഞുകൊണ്ടിരിക്കുകയാണ് പോലീസും കോടതിയുമെല്ലാം. ഇത് അത്യന്തം ഭീതിപ്പെടുത്തുകയും ആശങ്കപ്പെടുത്തുകയും ചെയ്യുന്ന കാര്യമാണ്.
മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ പത്രത്തിന്റെ എല്ലാ നയങ്ങളും അവര്‍ പുലര്‍ത്തുന്ന സമീപനങ്ങളും ശരിയാണെന്ന അര്‍ത്ഥത്തിലല്ല ഇത്രയുമെഴുതിയത്.മറിച്ച് ഒരു പത്രസഥാപനത്തെ ഇല്ലാതാക്കാന്‍, തങ്ങള്‍ക്കെതിരെ എഴുതുകയോ സംസാരിക്കുകയോ ചെയ്യുന്നവരെ നിശ്ശബ്ദരാക്കാന്‍ ഭരണകൂടം നടത്തുന്ന അടിച്ചമര്‍ത്തല്‍ നയത്തോടുള്ള തികഞ്ഞ വിരുദ്ധാഭിപ്രായംകൊണ്ടുതന്നെയാണ്.
ഏത് അതിക്രമവും വൃത്തികേടും കാണിക്കുന്ന കള്ളപ്പണക്കാരനും സമ്പന്നനും കോടതിയെസമീപിച്ച് മുന്‍കൂര്‍ ജാമ്യം നേടാനുള്ള സാഹചര്യം അനുവദിക്കുകയും കോടതി അത്തരം ആനൂകൂല്യങ്ങള്‍ അവര്‍ക്കായി അനുവദിച്ചുകൊടുക്കുകയും ചെയ്യുമ്പോഴും ഷാജന്‍ സ്‌കറിയ എന്ന വ്യക്തിക്ക് ജാമ്യംപോലുംഅനുവദിക്കാതെ വരുന്ന നീതിന്യായവ്യവസ്ഥയുടെ ഇരട്ടത്താപ്പ് നയം കണ്ടതിന്റെ നടുക്കത്തിലാണ്.
മറുനാടനില്‍ ജോലി ചെയ്ത് ജീവിക്കുന്നവരുടെ പോലും ജോലി അവസാനിപ്പിക്കുന്നവിധത്തില്‍ റെയ്ഡുകള്‍ നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന പോലീസ് കിരാതത്വം കണ്ടു പേടി തോന്നിയിട്ടാണ്.
ഇത്ര മാത്രം അധികാരവര്‍ഗ്ഗം വേട്ടയാടന്‍ ഷാജന്‍ സ്‌കറിയ എന്താണ് ചെയ്ത തെറ്റ്? അയാള്‍ ഒരു ഭീകരവാദിയാണോ.. ദേശദ്രോഹിയാണോ, കള്ളക്കടത്തുകാരനും നികുതി വെട്ടിപ്പുകാരനുമാണോ?
ഭീകരാക്രമണക്കേസുകളില്‍ പെട്ടവര്‍ക്കുപോലും ജാമ്യവ്യവസ്ഥ നല്കുന്ന കോടതിപാരമ്പര്യം മുമ്പിലുള്ളപ്പോഴാണ്, തന്റെ അഭിപ്രായങ്ങളും കണ്ടെത്തലുകളും നട്ടെല്ലുവളയ്ക്കാതെ ലോകത്തോട് വിളിച്ചുപറഞ്ഞതിന്റെ പേരില്‍ പത്രപ്രവര്‍ത്തകനായ ഷാജന്‍സ്‌കറിയായെ അധികാരവര്‍ഗ്ഗം വേട്ടയാടുന്നത്. ഇത് അപലപനീയമാണ്. അത്യന്തം നികൃഷ്ടമായ പ്രവൃത്തിയുമാണ്.
അന്തസുള്ളതാണ് പത്രപ്രവര്‍ത്തനം. അത് കുഴലൂത്തായി മാറിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനസാഹചര്യത്തിലാണ് ഷാജന്‍ സ്‌കറിയയുടേത് വേറിട്ട ശബ്ദവും അയാള്‍ ഒരു ഒറ്റയാള്‍പട്ടാളവുമായി മാറുന്നത്. അതുകൊണ്ടുതന്നെ ഷാജന്‍ സ്‌കറിയ്ക്ക് പിന്തുണ കൊടുക്കേണ്ടത് അത്യാവശ്യമാണ്. വന്‍ മാധ്യമങ്ങളൊക്കെ ഷാജന്‍സ് കറിയയ്‌ക്കെതിരെയുള്ള നടപടികളില്‍ അപകടകരമായ നിശ്ശബ്ദതയാണ് പുലര്‍ത്തുന്നത്.
അടിയന്തിരാവസ്ഥ കാലത്തേതിന് സമാനമായ രീതിയിലുള്ള മാധ്യമഅടിച്ചമര്‍ത്തല്‍ നടന്നുകൊണ്ടിരിക്കുമ്പോഴും അതിനെതിരെ ഇനിയും പ്രതികരിക്കാതിരിക്കുന്നത്, ജെറുസലേം ദേവാലയത്തില്‍ നാണയമാറ്റക്കാരെയും കച്ചവടക്കാരെയും അടിച്ചുപുറത്താക്കിയ ക്രിസ്തുബോധ്യത്തിന് വിരുദ്ധമാണെന്ന മനസ്സിലാക്കുന്നതുകൊണ്ടാണ് ഇത്രയുമെഴുതിയത്. ഇന്ന് ഒരു മറുനാടന്‍ മലയാളിയാണ് ഇതുപോലൊരു ദുര്യോഗം നേരിടുന്നതെങ്കില്‍ നാളെ അത് മരിയന്‍പത്രമോ അല്ലെങ്കില്‍ മറ്റേതെങ്കിലുമോ ഒരു പത്രസ്ഥാപനമോ ആകില്ലെന്ന് ആരറിഞ്ഞു?
തന്റെ കീഴിലുള്ളവരെ ഏതുവിധേനയും ഞെരുക്കാന്‍ അധികാരികള്‍ക്ക് കഴിയും. അതൊരുതരം മനുഷ്യത്വരഹിതമായ സമീപനമാണ്. മറുനാടന്‍ മലയാളി എന്നത് ഒരു പത്രസ്ഥാപനമാണ്. അവിടത്തെ ജോലി കൊണ്ട് ഭക്ഷണം കഴിച്ച് ജീവിക്കുന്ന ഒരു പറ്റം ആളുകളുണ്ട്. വീടുവായ്പ മുതല്‍ മക്കളുടെ സ്‌കൂള്‍ ഫീസ് വരെ കൊടുക്കാനുള്ളവര്‍. ഇപ്പോള്‍ അവര്‍ കൂടിയാണ് പട്ടിണി അനുഭവിക്കേണ്ടിവരുന്നത്. മറ്റൊരാളുടെ കഞ്ഞിയില്‍ പാറ്റയെ പിടിച്ചിടാന്‍ ഏത് എമ്പ്രാന്മാര്‍ക്കും കഴിയും. പക്ഷേ കഴിച്ചുകൊണ്ടിരിക്കുന്ന കഞ്ഞിയില്‍ പാറ്റവീഴുന്നതു കണ്ട് കണ്ണ് നിറഞ്ഞ് എണീറ്റുപോകുന്നവരുടെ വേദന അനുഭവിക്കുന്നവര്‍ക്കേ മനസ്സിലാകൂ. അതിനെയെല്ലാം ഏതുപേരിട്ട് ന്യായീകരിച്ചാലും ദൈവതിരുമുമ്പില്‍ മറുപടികൊടുക്കേണ്ടിവരും.
മറുനാടനും ഷാജനും എതിരെ ആരോഗ്യപരവും ഉത്തരവാദിത്തപരവുമായസമീപനമാണ് അധികാരികള്‍ നടത്തുന്നതെങ്കില്‍ അതിനെക്കുറിച്ചാരും ആകുലപ്പെടുകയില്ലായിരുന്നു.പക്ഷേ നടക്കുന്നത് മുഴുവന്‍ കിരാത നടപടികളാണ്. അതുകൊണ്ട് പൊതുസമൂഹം മുഴുവന്‍ ഇതോര്‍ത്ത് ആശങ്കപ്പെടുന്നത്.
അതുകൊണ്ടുതന്നെ ഷാജന്‍ സ്‌കറിയ്‌ക്കെതിരെ നടക്കുന്ന മനുഷ്യരഹിതവും പക്ഷപാതപരവുമായ വേട്ടയാടലുകള്‍ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. നമ്മുടെ ഭൂരിപക്ഷത്തിന്റെയും നിശ്ശബ്ദത ജനാധിപത്യവ്യവസ്ഥയ്ക്ക് സംഭവിക്കുന്ന അപചയമാണ്.
ഫാ.ടോമി എടാട്ട്
ചീഫ് എഡിറ്റര്‍