എല്ലാവരും സമാധാനമാണ് ആഗ്രഹിക്കുന്നത്. പക്ഷേ പലര്‍ക്കും സമാധാനം ലഭിക്കാറില്ല. കുടുംബങ്ങളില്‍ പ്രത്യേകിച്ചും. ഭിന്ന സ്വഭാവക്കാരായ ദമ്പതികളും അവരെ കണ്ടുവളരുന്ന മക്കളും സാമ്പത്തികമായ പ്രശ്‌നങ്ങളും സ്വഭാവദൂഷ്യങ്ങളും എല്ലാം കുടുംബങ്ങളുടെ സമാധാനം ഭഞ്ജിക്കുന്നതിന് കാരണമായി മാറാറുണ്ട്.
ഇങ്ങനെയൊരു സാഹചര്യത്തില്‍ കുടുംബങ്ങളില്‍ സമാധാനത്തിന് വേണ്ടി നാം പ്രാര്‍ത്ഥിക്കേണ്ടത് ഏറ്റവും അത്യാവശ്യമാണ്. വിഭജനത്തിന്റെയും അനൈക്യത്തിന്റെയും അരൂപികള്‍ നാം ആയിരിക്കുന്ന എല്ലാ ഇടങ്ങളില്‍ നിന്നും വിട്ടുപോകണം.
സാത്താനാണ് നമുക്കിടയില്‍ അസമാധാനം വിതയ്ക്കുന്നത്. അവന്റെ വിടുതലിനായി നമുക്ക് ഇങ്ങനെ പ്രാര്‍ത്ഥിക്കാം:
കര്‍ത്താവായ ഈശോയേ, ഞങ്ങളുടെ കുടുംബങ്ങളില്‍ സമാധാനം നിറയ്ക്കണമേ. സമാധാനത്തിന് ഭംഗംവരുത്തുന്നതായ എല്ലാവിധ വ്യക്തിത്വസവിശേഷതകളെയും വ്യക്തികളെയും ഞങ്ങള്‍ അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു. അങ്ങേ തിരുരക്തത്താല്‍ അവരെയും അവയെയും കഴുകിവിശുദ്ധീകരിക്കണമേ. ഭൂമിയില്‍ സമാധാനത്തോടെ ജീവിക്കാന്‍ വേണ്ട എല്ലാസാഹചര്യങ്ങളും ഞങ്ങള്‍ക്ക് നല്കണമേ.
ഇണയും തുണയുമായി ഞങ്ങളെ കൂട്ടിയോജിപ്പിച്ച അങ്ങേ അനന്തമായ കാരുണ്യത്തിനും ഞങ്ങള്‍ നന്ദി പറയുന്നു. ഞങ്ങള്‍ക്കിടയിലുള്ള അനൈക്യത്തെ നിര്‍വീര്യമാക്കണമേ. ഞങ്ങളുടെ ബന്ധം ദൃഢീകരിക്കണമേ. പരസ്പരം മനസ്സിലാക്കാനും കൂടുതല്‍ സ്‌നേഹിക്കാനും ഞങ്ങളെ സഹായിക്കണേ. സമാധാന ദാതാവായ ദൈവമേ ഞങ്ങളുടെ കുടുംബങ്ങളില്‍ സമാധാനം നിറയ്ക്കണമേ.
ആമ്മേന്‍