അസ്സീസി: ഇങ്ങനെയൊരു കൗമാരക്കാരനെ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. ചിന്തിക്കാന്‍ പോലും കഴിയാത്തത്ര വേദനയുടെ നിമിഷങ്ങളില്‍ കഴിയുമ്പോഴും അവന്റെ മുഖത്ത് ശാന്തതയുണ്ടായിരുന്നു. ഒരു കൗമാരക്കാരന്റെ മുഖത്ത് അത്തരമൊരു ശാന്തത, അതുപോലൊരു നിമിഷത്തില്‍ ഒരിക്കലും ചിന്തിക്കാന്‍ കഴിയുന്നതല്ല. വാഴ്ത്തപ്പെട്ട കാര്‍ലോ അക്യൂട്ടിസിന്റെ അവസാന നിമിഷങ്ങള്‍ക്ക് സാക്ഷിയായ വൈദികന്‍ സാന്‍ട്രോ വില്ലായുടേതാണ് ഈ വാക്കുകള്‍.
സെന്റ് ജെറാള്‍ഡ് ഹോസ്പിറ്റല്‍ ചാപ്ലയ്‌നാണ് ഇദ്ദേഹം. ഈ വൈദികനാണ് കാര്‍ലോയ്ക്ക് അന്ത്യകൂദാശ നല്കിയത്. രോഗീലേപനവും വിശുദ്ധ കുര്‍ബാനയും കാത്ത് ആശുപത്രിയില്‍ കിടന്ന കാര്‍ലോയെക്കുറിച്ചാണ് അച്ചന്‍ മനസ്സ് തുറന്നത്.
രോഗീലേപനവും ദിവ്യകാരുണ്യവും അവന്‍ കാത്തു കിടക്കുകയായിരുന്നു. അവന്‍ ആ നിമിഷങ്ങളില്‍ അത്രത്തോളം ആഗ്രഹിച്ചിരുന്നു. അച്ചന്‍ പറഞ്ഞു.
ലൂക്കീമിയ ബാധിതനായി പതിനഞ്ചാം വയസിലാണ് കാര്‍ലോ സ്വര്‍ഗ്ഗപ്രാപ്തനായത്. പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച നാള്‍ മുതല്‍ കാര്‍ലോയുടെ ജീവിതം ദിവ്യകാരുണ്യ കേന്ദ്രീകൃതമായിരുന്നു.
മുഖം വിളറിയിരുന്നുവെങ്കിലും അവിടെ പ്രസന്നത ഉണ്ടായിരുന്നു. അച്ചന്‍ പറയുന്നു. എനിക്ക് അതിന് മുമ്പ് അവനെക്കുറിച്ച് എന്തെങ്കിലും അറിയാമായിരുന്നില്ല. പക്ഷേ അന്ത്യനേരത്തെ ആ മുഖവും ദിവ്യകാരുണ്യത്തോടുള്ള സ്‌നേഹവും അവനെക്കുറിച്ച് കൂടുതല്‍ അറിയണമെന്ന ആഗ്രഹം എന്നില്‍ ജനിപ്പിച്ചു. അവന്റെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ പഠിക്കണമെന്ന് ഞാന്‍ തീരുമാനിച്ചു. ദിവ്യകാരുണ്യത്തില്‍ ജീവിക്കുന്ന യഥാര്‍ത്ഥക്രിസ്തുവുമായി അവന്‍സ്‌നേഹത്തിലാണെന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. ഒരു നാള്‍ അവന്‍ വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുമെന്ന് എനിക്കറിയാമായിരുന്നു. വളരെ കുറച്ചുനേരത്തേക്ക് മാത്രമായിട്ടാണെങ്കിലും എനിക്ക് കാര്‍ലോയുമായി കണ്ടുമുട്ടാന്‍ അവസരം ലഭിച്ചുവല്ലോ. ദൈവത്തിന് നന്ദി. അച്ചന്‍ പറഞ്ഞു.
വാഴ്ത്തപ്പെട്ട പദപ്രഖ്യാപനത്തിന് ശേഷം നടന്ന ചടങ്ങില്‍ കാര്‍ലോയുമായി ബന്ധപ്പെട്ട നിമിഷങ്ങളെക്കുറിച്ച് ചികിത്സിച്ച ഡോക്ടര്‍മാരുള്‍പ്പടെയുള്ളവര്‍ പങ്കുവച്ചിരുന്നു.