മുംബൈ: തീവ്രവാദി ബന്ധം ആരോപിച്ച് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്ത് ഒരുമാസത്തിലേറെയായി ജയിലില്‍ കഴിയുന്ന ഫാ.സ്റ്റാന്‍ സ്വാമി സഹതടവുകാരനുവേണ്ടി പ്രാര്‍ത്ഥനാസഹായം ചോദിക്കുന്നു. തന്റെ സഹതടവുകാരനായ വരവാര റാവുവിന് വേണ്ടിയാണ് ഫാ.സ്റ്റാന്‍ പ്രാര്‍ത്ഥന ചോദിച്ചിരിക്കുന്നത്.
റാവു രോഗിയാണെന്നും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നുമാണ് അച്ചന്റെ ആവശ്യം, നവംബര്‍ മൂന്നിന് 80 വയസ് പൂര്‍ത്തിയാക്കിയ വ്യക്തിയാണ് റാവു. തെലങ്കാനയിലെ ആക്ടിവിസ്റ്റും കവിയും അധ്യാപകനും എഴുത്തുകാരനുമായ റാവു മുംബൈയ്ക്ക് സമീപമുള്ള തലോജ ജയിലില്‍ 2018 ഓഗസ്റ്റ് മുതല്‍ കഴിയുകയാണ്. ഭീമ-കൊറിഗാവ് കേസുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തെയും ജയിലില്‍ അടച്ചിരിക്കുന്നത്. പ്രസ്തുത സംഭവത്തില്‍ അവസാനം അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയാണ് ഫാ. സ്റ്റാന്‍ സ്വാമി.
റാവുവിനെ തലോജ ജയിലില്‍ നിന്ന് നാനാവതി ഹോസ്പിറ്റലിലേക്ക് മാറ്റുവാന്‍ നവംബര്‍ 17 ന് ബോംബെ ഹൈക്കോടതി അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്കിയിരുന്നു. റാവു ഏറെക്കുറെ മരണക്കിടക്കയിലാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.