യുകെ, യുഎസ്എ, ഓസ്‌ട്രേലിയ, മിഡില്‍ ഈസ്റ്റ് തുടങ്ങിയ രാജ്യങ്ങളിലേക്ക് മലയാളികളായ കത്തോലിക്കര്‍ ഉള്‍പ്പടെയുള്ള ഒരു വലിയ വിഭാഗം ആളുകള്‍ കുടിയേറിക്കൊണ്ടിരിക്കുമ്പോള്‍ പ്രസ്തുതരാജ്യങ്ങളിലെ കത്തോലിക്കാവൈദികര്‍ എത്രത്തോളം തങ്ങളുടെ വിളിയുംദൗത്യവും അനുസരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആത്മശോധന നടത്തണമെന്ന ആഹ്വാനവുമായി AFM UK കമ്മ്യൂണിറ്റിയിലെ ജോണി ആലപ്പാട്ട് എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. ദൈവവിരുദ്ധമായ പല നിയമങ്ങളും മേല്‍പ്പറഞ്ഞ രാജ്യങ്ങളില്‍ നടപ്പിലാക്കാന്‍ അധികാരികള്‍ തിടുക്കം കൂട്ടുമ്പോള്‍ വൈദികര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നാണ് ജോണി ഓര്‍മ്മിപ്പിക്കുന്നത്. വൈദികര്‍ ഉണര്‍ന്നാല്‍ ദേശവും സഭയും ഉണരുമെന്ന് വിശ്വസിക്കുന്ന അദ്ദേഹം അതിനുള്ള തെളിവുകളായി മലബാര്‍ കുടിയേറ്റകാലത്ത് വൈദികരുടെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളും ഇപ്പോള്‍ സജീവമായി നിലനില്ക്കുന്ന മുനമ്പം പ്രശ്‌നത്തില്‍ ഒരു വൈദികന്‍ നടത്തിയധീരമായ ഇടപെടലും ഉദാഹരിക്കുന്നു. ആ വൈദികന്‍ കാരണമാണ് മുനമ്പം പ്രശ്‌നത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ പുറംലോകം അറിഞ്ഞതെന്നും അദ്ദേഹം വിശദീകരിക്കുന്നു. വൈദികര്‍ക്ക് ഉണര്‍്ത്തുപാട്ടായി മാറാവുന്ന ആ കുറിപ്പിന്റെ പൂര്‍ണ്ണരൂപം ചുവടെ കൊടുക്കുന്നു.
മുനമ്പത്ത് വൈദിക സാന്നിധ്യം… ഒരു ചിന്ത..
ഇന്ത്യയിലെ മൂന്നാമത്തെ വലിയ ശക്തിയായ വഖഫ് മുനമ്പം ജനതയെ ഞെരുക്കുമ്പോള്‍ രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെ സകല മേഖലയിലും ഉള്ള ആള്‍ക്കാര്‍ അവരെ ഒറ്റപ്പെടുത്തിയപ്പോള്‍ ഒരു വൈദികന്റെ ധീരമായ നിലപാട്, ഒരു ദിനപത്രത്തിലൂടെയുള്ള ലേഖനം മുനമ്പത്തിന്റെ ചരിത്രം മാറ്റി എഴുതുന്നു…
സമരം പന്തലില്‍ വൈദിക സാന്നിധ്യം കൂടി ആയപ്പോള്‍ സമരത്തിന് കൊടുങ്കാറ്റിന്റെ ആവേശമായി..
കേരളത്തിന്റെ നവോത്ഥാനത്തില്‍ വൈദികരുടെ പ്രാധാന്യം ഇന്നും എത്രയുണ്ട് എന്ന് വിളിച്ചോതുന്നതാണ് മുനമ്പം എന്ന ഈ അവസാനത്തെ പ്രതിസന്ധിയും..
സഭാമക്കള്‍ തന്നെ വൈദികരെ തരംതാഴ്ത്തിയാലും പൊതുസമൂഹത്തില്‍ അവഹേളിച്ച് അവരുടെ മുറികളിലേക്ക് ആട്ടിയോടിച്ചാലും ദൈവസാന്നിധ്യമുള്ള ഒരു വൈദികന്‍ ഉണര്‍ന്നെഴുന്നേറ്റാല്‍ ഒരു ദേശം ഉണരും അതിന്റെ ഭാവവും രൂപവും മാറും.
ഇന്നു മലബാറിലേക്ക് നമ്മള്‍ നോക്കുമ്പോള്‍ മലബാറിന്റെ ഇന്നത്തെ പുരോഗതിയില്‍ സ്തുത്യര്‍ഹമായ സേവനം വഹിച്ചിട്ടുള്ള അനേകം വൈദിക കരങ്ങളെ നമുക്ക് കാണാന്‍ സാധിക്കും…
കേരളത്തിന്റെ സമഗ്രമായ വികസനത്തിന്റെ അടിത്തറയായ വിദ്യാഭ്യാസ മേഖലകളില്‍ അവര്‍ നല്‍കിയിരിക്കുന്ന പങ്ക് ആര് എതിര്‍ത്താലും അവിസ്മരണീയമാണെന്ന് പറയാതിരിക്കാന്‍ വയ്യ…കാരണം ഇന്ന് ജാതി മത ഭേദമന്യേ ലക്ഷങ്ങള്‍ അതിന്റെ ജീവിക്കുന്ന സാക്ഷികളാണ്.
വിശ്വാസികളുടെ ആത്മീയ മേഖലകളിലും ഒരുപറ്റം വൈദികര്‍ കരിസ്മാറ്റിക് ശുശ്രുഷയിലൂടെ ഉണര്‍ന്ന് പ്രവര്‍ത്തിച്ചപ്പോള്‍ അനേകം കുടുംബങ്ങളെ ദുരിതങ്ങളില്‍ നിന്നും ദുഃഖങ്ങളില്‍ നിന്നും കലഹങ്ങളില്‍ നിന്നും മോചിപ്പിച്ചു യേശുവിലുള്ള വിശ്വാസത്തില്‍ ആഴപ്പെടുത്തി ഒരു ക്രൈസ്തവ അഡ്രസ് നേടി കൊടുത്തു.
എന്നാല്‍ വൈദികര്‍ തളര്‍ന്ന അവസരങ്ങളില്‍, ദേശങ്ങളില്‍ സഭ കൂട്ടായ്മകളില്‍ അതിന്റെ അലയടികള്‍ നമുക്കും കാണാന്‍ സാധിച്ചു.അതിനു ഏറ്റവും നല്ല ഉദാഹരണം യൂറോപ്പ് തന്നെ.
ഇനി കാര്യത്തിലേക്ക് വരട്ടെ.
വിദേശരാജ്യങ്ങളില്‍ കുടിയേറിയിരിക്കുന്ന വിശ്വാസികള്‍ക്ക് വേണ്ടി നമ്മുടെ നാടുകളില്‍ നിന്നും വന്നിരിക്കുന്ന പ്രിയ വൈദികരോട് ആയി…
നിങ്ങള്‍ ഇന്ന് നിങ്ങളില്‍ ചിലര്‍ എടുത്തിരിക്കുന്ന മനോഭാവം 10, 80 വര്‍ഷം മുന്‍പ് മലബാറിലേക്ക് കുടിയേറിയിരുന്ന വിശ്വാസികളോടും ദേശത്തോടും അന്നത്തെ വൈദികര്‍ സ്വീകരിച്ചിരുന്നെങ്കില്‍ ഇന്ന് മലബാറിന്റെ അവസ്ഥ എന്തായിരുന്നേനേ?
ഇന്ന് നമ്മള്‍ പറയുന്ന പല എക്‌സ്‌ക്യൂസുകളും അന്ന് അവര്‍ പറഞ്ഞിരുന്നെങ്കില്‍ ഇന്ന് മലബാറില്‍ കത്തോലിക്കാ സഭയുടെ സാന്നിധ്യം എത്രമാത്രം നമ്മള്‍ കണ്ടേനെ? സാമൂഹ്യ മേഖലകളില്‍ ഇന്ന് നമ്മളില്‍ ചിലര്‍ എടുക്കുന്ന മനോഭാവും അജ്ഞതയും അന്ന് ഈ പ്രിയ വൈദികരില്‍ ഉണ്ടായിരുന്നെങ്കില്‍ മലബാറിന്റെ മാറ്റത്തില്‍ എന്ത് മാറ്റം വന്നേനെ?
ചുരുക്കി പറയട്ടെ… ഇനിയും ഉണര്‍ന്നു പ്രവൃത്തിക്കാന്‍ സാധിക്കാത്ത ബഹുമാനപെട്ട വൈദികര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.. അന്ന് മലബാറിന്റെ അവസ്ഥയും കാലാവസ്ഥയും മനസ്സിലാക്കി ജനങ്ങളുടെ ആത്മീയവും, ഭൗതികവും സാമൂഹ്യവുമായ ആവശ്യങ്ങള്‍ അറിഞ്ഞു പ്രിയ ബഹുമാനപ്പെട്ട വൈദികര്‍ അദ്ധ്വാനിച്ചത് പോലെ ഇന്ന് നിങ്ങള്‍ ആയിരിക്കുന്ന നാടിന്റെ (UK, USA, Autsralia, EU, Middleeast, etc …) അവസ്ഥ അറിഞ്ഞ് മനസ്സിലാക്കി ദീര്‍ഘ വീക്ഷണത്തോടെ പ്രവര്‍ത്തിക്കേണ്ട സമയമായി. അന്നു മലബാറില്‍ ആത്മീയ പുരോഗതിയോടൊപ്പം തന്നെ ഭൗതിക പുരോഗതിയും സാമൂഹ്യ പുരോഗതിയും കൈവരിക്കാന്‍ സാധിച്ചെങ്കില്‍ ഇന്ന് നിങ്ങള്‍ ആയിരിക്കുന്ന ദേശത്ത് ഭൗതിക പുരോഗതി എന്ന കടമ്പ കടക്കേണ്ട ആവശ്യമില്ല. മറിച്ച് ആത്മീയ മേഖലയും സാമൂഹ്യ മേഖലകളിലുംഅങ്ങേയറ്റം ശ്രദ്ധിക്കേണ്ട ആവശ്യമുണ്ട്. സാമൂഹിക പ്രതിബദ്ധതയിലേക്ക് വിശ്വാസികളെ വളര്‍ത്തേണ്ട ഉത്തരവാദിത്വവും പ്രിയ ബഹുമാനപ്പെട്ട വൈദികരെ നിങ്ങളില്‍ നിക്ഷിപ്തമാണ്. അബോര്‍ഷന്‍, mercy killing, same sex, drugs പോലുള്ള ദൈവനിഷേധാത്മമായ നിയമങ്ങള്‍ പാര്‍ലമെന്റില്‍ കൊണ്ടുവരുവാന്‍ ആലോചിക്കുമ്പോള്‍ അതിനെതിരെ നിങ്ങളെ ഏല്‍പ്പിച്ചിരിക്കുന്ന വിശ്വാസികളെ ഉണര്‍ത്താതെ അലസരായി കഴിയാന്‍ പാടില്ല. സ്‌കൂളുകളില്‍ കുട്ടികളില്‍ ഐഡന്റിറ്റി ക്രൈസിസ് കുത്തിവയ്ക്കുമ്പോള്‍, വിശ്വാസത്തിനും സാമൂഹിക പ്രതിബദ്ധതയ്ക്കും എതിരായ കാര്യങ്ങള്‍ പഠിപ്പിക്കുമ്പോള്‍ അതില്‍ മൗനം പാലിച്ചിരിക്കുന്നത് വലിയ സാമൂഹിക തിന്മയാണ്..
നിങ്ങളുടെ ഒരു ചെറിയ വാക്കിലൂടെയുള്ള പ്രചോദനം, നിങ്ങളുടെ സത്യത്തിനു വേണ്ടിയുള്ള ഉറച്ച നിലപാടുകള്‍, ആത്മ രക്ഷയ്ക്കായുള്ള വിട്ടുവീഴ്ചയില്ലാത്ത മനോഭാവം, നാളത്തെ സഭയെയും തലമുറയെയും കണ്ടു കൊണ്ടുള്ള ധീര പ്രവൃത്തികള്‍ കണ്ടുകൊണ്ട് വലിയ ചലനങ്ങള്‍ നമ്മള്‍ ആയിരിക്കുന്ന സാമൂഹിക വ്യവസ്ഥയില്‍ കൊണ്ടുവരാന്‍ സാധിക്കും. നമ്മുടെ മക്കള്‍ക്ക് സാമൂഹിക പ്രതിബദ്ധതയെ കുറിച്ചുള്ള ബോധ്യം ഉണ്ടാകും..
നമ്മുടെ നാട്ടിലെ പോലെ ഇവിടെ പബ്ലിക് ജാഥ നടത്തി പ്രതികരിക്കേണ്ട ആവശ്യമില്ല. മറിച്ച് ഒരു മിനിറ്റില്‍ താഴെ ഓണ്‍ലൈനില്‍ എംപിമാരോട് സംസാരിക്കാനുള്ള അവസ്ഥകളുണ്ട്. അതൊക്കെ മാക്‌സിമം പ്രയോജനപ്പെടുത്താന്‍ നിങ്ങള്‍ സഭാ മക്കളെ പ്രേരിപ്പിക്കണം..
ഇന്ന് മലയാളികള്‍ വിദേശ രാജ്യങ്ങളില്‍ സാന്നിധ്യം അറിയിച്ച ഒരു ശക്തിയായി മാറി. നാട്ടില്‍ നടന്ന കുടിയേറ്റങ്ങളില്‍ പ്രിയ ബഹു. വൈദികര്‍ ജാതി മത ഭേദമന്യേ എല്ലാവരെയും ചേര്‍ത്ത് പിടിച്ചു സാമൂഹ്യ ക്ഷേമത്തിനായി അധ്വാനിച്ചതുപോലെ, നിങ്ങളായിരിക്കുന്ന ദേശങ്ങളിലുള്ള എല്ലാ മലയാളികളെയും ചേര്‍ത്ത് പിടിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കട്ടെ.
അങ്ങനെ നമ്മുടെ സാന്നിധ്യം മൂല്യചൂതി വന്നുകൊണ്ടിരിക്കുന്ന സംസാരങ്ങള്‍ വീണ്ടെടുക്കാന്‍ സഹായകകരമാവട്ടെ. നിങ്ങളെ ഏല്പിച്ചിരിക്കുന്ന വിശ്വാസികളെ നിലപാടുകള്‍ ഉള്ള, സത്വ ബോധമുള്ള, തനിമയുള്ള ഒരു സമുദായമായി വളര്‍ത്തിയെടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കട്ടെ.
പല ദേശങ്ങളിലും യഹൂദരും, ഇസ്ലാം വിശ്വാസികളും അതുപോലെ മറ്റു കുടിയേറ്റക്കാരും അവരുടെ വ്യക്തിത്വം കാത്തു സൂക്ഷിച്ചു തനിമയില്‍ വളരുന്നു.
ഇന്ന് മലബാറിനെ നോക്കി നമ്മള്‍ പറയുന്നതുപോലെ ഒരു 60 വര്‍ഷം കഴിയുമ്പോള്‍ നിങ്ങള്‍ ആയിരിക്കുന്ന ദേശത്തെ സഭാ മക്കള്‍ വിശ്വാസത്തിലും സാമൂഹിക പ്രതിബദ്ധതയും വളര്‍ന്നുവരുന്ന ഒരു തലമുറയെ കണ്ടുകൊണ്ട് ഈ ദേശത്തെ നോക്കി നിങ്ങളെ പ്രതി ദൈവത്തെ സ്തുതിക്കാന്‍ ഇടയാകട്ടെ.. ഇതിനായിരിക്കട്ടെ ദൈവം നിങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നത്…
സസ്‌നേഹം
ജോണി ആലപ്പാട്ട്
യുകെയില്‍ വന്നകാലം മുതല്‍ തന്നെ ദൈവികശുശ്രൂഷകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ജോണി. ഫാ. സോജി ഓലിക്കലിന്റെ സുവിശേഷപ്രഘോഷണ ശുശ്രൂഷകളുമായി ബന്ധപ്പെട്ടാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. പ്രവാചകധീരതയോടെയുള്ള നിലപാടുകള്‍ വ്യക്തമാക്കാന്‍ താങ്കള്‍ക്ക് ഇനിയും കഴിയട്ടെയെന്ന് മരിയന്‍പത്രം ആശംസിക്കുന്നു.