വിശ്വാസിയുടെ എക്കാലത്തെയും ആയുധം പ്രാര്‍ത്ഥനയും ഉപവാസവുമാണെന്ന് ഫാ. റോയ് പാലാട്ടി സിഎംഐ. ദാനിയേല്‍ ഫാസ്റ്റിംങ് പ്രയറില്‍ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. മഹാമാരിയുടെ ഇക്കാലത്ത് നാം ഇന്ന് നേരിടുന്നതുപോലെയുള്ള സമാനമായ അനുഭവങ്ങളിലൂടെ പൂര്‍വ്വഇസ്രായേലും കടന്നുപോയിരുന്നു. ബാബിലോണ്‍ പ്രവാസകാലത്ത് ജീവിക്കുമ്പോള്‍ അവര്‍ക്ക് ദേവാലയമുണ്ടായിരുന്നില്ല ആരാധനകളുണ്ടായിരുന്നില്ല, പുരോഹിതരുണ്ടായിരുന്നില്ല.
അവര്‍ വല്ലാതെ വിഷമിച്ച ആ ദിവസങ്ങളില്‍ പ്രവാചകനായ ദാനിയേല്‍ ഇങ്ങനെയൊരു തീരുമാനമെടുത്തു. താന്‍ ഉപവസിച്ചു പ്രാര്‍ത്ഥിക്കുമെന്ന്. കാരണം തന്റെ ജനത്തിന്റെ ദു:സ്ഥിതി പ്രവാചകനെ അത്രയധികം വേദനപ്പെടുത്തിയിരുന്നു. ആ വേദനയില്‍ നിന്ന് പ്രവാചകന്‍ എടുത്ത തീരുമാനമായിരുന്നു ഉപവസിച്ചുള്ള പ്രാര്‍ത്ഥന.
ഞാന്‍ എന്റെ രുചികരമായ എല്ലാ ഭക്ഷണങ്ങളും പാനീയങ്ങളും വേണ്ടെന്ന് വച്ച് എന്റെ പിതാവായ ദൈവത്തിന്റെ മുമ്പില്‍ എളിമപ്പെട്ടു പ്രാര്‍ത്ഥിക്കും. ഇതിനെതുടര്‍ന്ന് ദാനിയേല്‍ 21 ദിവസം ഉപവസിച്ചു പ്രാര്‍ത്ഥിക്കാന്‍ തീരുമാനമെടുത്തു.ദൈവത്തിന്റെ മുമ്പില്‍ എളിമപ്പെടുത്താന്‍ തയ്യാറാകുന്ന ദിവസം മുതല്‍ ദൈവം നിന്റെ പ്രാര്‍ത്ഥന കേള്‍ക്കുമെന്നാണ് ദാനിയേലിനോട് ദൈവത്തിന്റെ ദൂതന്‍ പറഞ്ഞത്. 21 ദിവസം ദാനിയേല്‍ ഉപവസിച്ചു പ്രാര്‍ത്ഥിച്ചപ്പോള്‍ ഇസ്രായേല്‍ ജനതയുടെ മുഴുവന്‍ ജീവിതത്തില്‍ അത് മാറ്റങ്ങള്‍ക്ക് കാരണമായി.
രുചികരമായ ഭക്ഷണങ്ങളും പാനീയങ്ങളും വേണ്ടെന്ന് വച്ച് അതുകൊണ്ട് നാം ദൈവകരുണയ്ക്കായി പ്രാര്‍ത്ഥിക്കുക..മാനവരാശി ഒന്നടങ്കം മഹാമാരിയില്‍ അകപ്പെട്ട് ദുരിതങ്ങളും വേദനകളും സഹിക്കുമ്പോള്‍ അതില്‍ നിന്ന് ഞങ്ങളെ പൊതിഞ്ഞുപിടിക്കണമേയെന്ന് നമ്മള്‍ ഉപവസിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ ഒരു പ്രത്യേക പ്രാര്‍ത്ഥനാനിയോഗമായി ലക്ഷ്യം വയ്ക്കണം.. മറ്റൊന്ന് ഈ പ്രതിസന്ധികളിലൂടെ ലോകവും സഭയും കടന്നുപോകുമ്പോള്‍ ദൈവത്തിന്റെ മഹത്വം ഒരിക്കല്‍കൂടി ഇറങ്ങിവരാനുള്ള അവസരമായി ഇതിനെ രൂപാന്തരപ്പെടുത്തണമേയെന്ന്് നമ്മള്‍ പ്രാര്‍ത്ഥിക്കണം. അതിനായി നാം ദാനിയേല്‍ ചെയ്തതുപോലെ ഉപവസിക്കണം, കൂടുതല്‍ പ്രാര്‍ത്ഥിക്കണം.
രുചികരമായ ഭക്ഷണം ഉദരത്തിന് മാത്രമല്ല മനസ്സിനും ബാധകമാണ്. അതുകൊണ്ട് രൂചികരമായ ഭക്ഷണങ്ങളുടെപട്ടികയില്‍ നാം മത്സ്യമാംസാദികളും പാലുല്പന്നങ്ങളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അവ ഒഴിവാക്കുന്നതിന് പുറമെ മറ്റ് ചില രീതികള്‍ കൂടി നാം പ്രാര്‍ത്ഥനാജീവിതത്തില്‍ ഉള്‍പ്പെടുത്തണം. ദേവാലയങ്ങളില്‍ പോയോ മാധ്യമങ്ങളിലൂടെയോ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുക, 15 മിനിറ്റെങ്കിലും ദൈവവചനം വായിക്കുക. ദൈവകരുണയുടെ ജപമാല ചൊല്ലുക, ഈ മഹാമാരിയില്‍ നിന്ന് ദൈവജനത്തെ പൊതിഞ്ഞുപിടിക്കാന്‍ പരിശുദ്ധ അമ്മയോട് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക.ദാനിയേല്‍ പ്രവാചകന്റെ പുസ്തകം 9 -ാം അധ്യായം 19ാം വചനം -കര്‍ത്താവേ ശ്രവിക്കണമേ കര്‍ത്താവേ പൊറുക്കണമേ-ഇരുപത്തിയഞ്ച് തവണ സാഷ്ടാംഗം മുട്ടിന്മേല്‍ നിന്ന് എണീറ്റ് വീണ്ടും മുട്ടുകുത്തി പ്രാര്‍ത്ഥിക്കുക. ഈ പ്രാര്‍ത്ഥനാ ശൈലിഅനുവര്‍ത്തിച്ചുകൊണ്ട് നാം ഉപവസിച്ചു പ്രാര്‍ത്ഥിക്കുക. അപ്പോള്‍ നമ്മുടെ പ്രാര്‍ത്ഥന ദൈവം ശ്രവിക്കും. അവിടുന്ന് നമുക്ക് ഉത്തരം നല്കും.
കര്‍ത്താവേ ശ്രവിക്കണമേ കര്‍ത്താവേ പൊറുക്കണമേ എന്ന പ്രാര്‍ത്ഥന അനുദിനജീവിതത്തിലെ എല്ലാ നിമിഷങ്ങളിലും ഒരു നെടുവീര്‍പ്പുപോലെ നമ്മുടെ ഉള്ളില്‍ നിന്നുയരട്ടെ.