Wednesday, January 15, 2025
spot_img
More

    “ഇരുപക്ഷം” എന്ന യാഥാർത്ഥ്യത്തിൽ നിന്ന് “ഒരു പക്ഷം” എന്ന ലക്ഷ്യത്തിലേക്ക്………

      · 

    സിറോ മലബാർ സഭയിൽ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അനേകം ശാസനകളും അവസാനം ജൂലൈ 3 നു അന്ത്യ ശാസനവും സിനഡ് പുറപ്പെടുവിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ ,എന്തിനാണ് ഇങ്ങനെയൊക്കെ വിട്ടുവീഴ്ചകൾ എന്ന് കരുതുന്ന വിശ്വാസികൾക്ക് ഉത്തരവുമായി താമരശ്ശേരി രൂപതയിലെ ജോസഫ് കളത്തിലച്ചന്റെ ഇതിനോടകം തന്നെ വയറലായ ഒരു ഫേസ്ബുക് കുറിപ്പ് മരിയൻ പത്രത്തിന്റെ വായനക്കാർക്കായി ചുവടെ ചേർക്കുന്നു …

    സീറോ മലബാർ സഭയിലെ വിശുദ്ധ കുർബാനയുമായി ബന്ധപ്പെട്ട ചർച്ചകളിൽ പലരും ഉപയോഗിക്കുന്ന പദമാണ് “ഇരുപക്ഷ”ത്തിന്റെയും നിലപാടുകൾ എന്നത്. കേരളത്തിലെ സീറോ മലബാർ സഭ വിശുദ്ധ കുർബാനയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഏറെക്കാലമായി രണ്ടു പക്ഷങ്ങളിൽ നിലകൊണ്ടിരുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. കാലക്രമത്തിൽ ആഗോള തലത്തിൽ ഈ സഭ വളർന്നെങ്കിലും സഭയുടെ സാന്നിധ്യമുള്ള ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിലും വിദേശ രാജ്യങ്ങളിലും ചിലപ്പോഴൊക്കെ ഇരുപക്ഷമായി മാറിക്കൊണ്ടാണ് സഭാംഗങ്ങൾ നിലപാടുകൾ സ്വീകരിച്ചിരുന്നത്. ഇരുപക്ഷം എന്ന ഈ യാഥാർത്ഥ്യം പൊതുവേ ബാഹ്യമായി പ്രകടമായിരുന്നില്ലെങ്കിലും ആന്തരികമായി നിലനിന്നിരുന്നു. ഇതിന് ചരിത്രപരമായ പല കാരണങ്ങളുമുണ്ടാകാം. എന്നാൽ, 2021ലെ സിനഡ് തീരുമാനത്തെത്തുടർന്ന് സീറോ മലബാർ സഭയിലെല്ലായിടത്തും ഏകീകൃത ബലിയർപ്പണം നടപ്പിലായത് “ഇരുപക്ഷം” എന്ന കാഴ്ചപ്പാടിന്റെ അവസാനവും “ഒരുപക്ഷം” എന്നതിന്റെ ആരംഭവുമായി നമുക്ക് കണക്കാക്കാം.

    2024 ജൂൺ 21ന് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പും എറണാകുളം അങ്കമാലി അതിരൂപതയുടെ അഡ്മിനിസ്ട്രേറ്ററും സംയുക്തമായി പുറപ്പെടുവിച്ച സിനഡനന്തര അറിയിപ്പിലും വ്യക്തമാക്കുന്നത് സഭയുടെ ഐക്യമാണ് ഏറെ പ്രധാനപ്പെട്ടതെന്നാണ്. വിശ്വാസത്തിന്റെ കേന്ദ്രബിന്ദുവായ വിശുദ്ധ കുർബാനയർപ്പണത്തിൽ ആ ഐക്യം കൈവരിക്കാൻ സാധിച്ചില്ലെങ്കിൽ ഐക്യത്തെപ്പറ്റി നമുക്ക് എങ്ങനെയാണ് പ്രഘോഷിക്കാൻ സാധിക്കുന്നത്? ബലിപീഠത്തിലെ ഐക്യത്തിന് വേണ്ടിയുള്ള പരിശ്രമങ്ങളും വിട്ടുവീഴ്ചകളും സമയവും സിനഡ് നൽകുമ്പോൾ ഭാവാത്മകമായി അത് സ്വീകരിക്കാൻ ബന്ധപ്പെട്ടവർക്ക് സാധിക്കണം. മിശിഹായുടെ സഭയിൽ രണ്ടു പക്ഷം വേണ്ട, ഒരുപക്ഷം മതി.വിശുദ്ധ കുർബാനയർപ്പണത്തിലാണ് ആ ഐക്യം അടിസ്ഥാനപരമായി പ്രകാശിതമാകേണ്ടത്.

    മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സഭാ പിതാവായിരുന്ന കാർത്തേജിലെ വി. സിപ്രിയാൻ സഭയുടെ ഐക്യത്തെക്കുറിച്ച് തന്റെ കൃതിയിൽ പരാമർശിക്കുന്നുണ്ട്. സഭയിൽ ഭിന്നതകൾ നിറഞ്ഞുനിന്നിരുന്ന ഒരു കാലഘട്ടത്തിൽ ജീവിച്ചിരുന്ന അദ്ദേഹം എ. ഡി 258 ൽ ആഫ്രിക്കയിലെ കാർത്തേജിൽ വെച്ച് രക്തസാക്ഷിത്വം വരിക്കുകയാണ് ചെയ്തത്. “സഭയുടെ ഐക്യം”(The Unity of the Church) എന്ന തന്റെ കൃതിയിൽ അബദ്ധപ്രബോധനങ്ങളെയും ഭിന്നതകളെയും തിന്മയുടെ പ്രവർത്തനങ്ങളായിട്ടാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. സഭയുടെ അടിസ്ഥാന സ്വഭാവമാണ് ഐക്യം എന്നു പറയുന്ന വി.സിപ്രിയാൻ കർത്താവിന്റെ ഭാഗിക്കപ്പെടാത്ത മേലങ്കിയെ സഭയുടെ ഐക്യത്തിന്റെ പ്രതീകമായി അവതരിപ്പിക്കുന്നു. ഐക്യം ഇല്ലെങ്കിൽ രക്ഷയുടെ അനുഭവത്തിലേക്ക് കടന്നുവരാൻ കഴിയുകയില്ല എന്ന് അദ്ദേഹം ഉദ്ബോധിപ്പിക്കുന്നു.

    അപ്പസ്തോലിക പിതാവായ അന്ത്യോഖ്യയിലെ വിശുദ്ധ ഇഗ്നേഷ്യസിനെപ്പോലെ മെത്രാനോട് ചേർന്ന് നിന്ന് സഭയുടെ ഐക്യം സംരക്ഷിക്കുവാൻ വി.സിപ്രിയാൻ ആഹ്വാനം ചെയ്യുന്നു.കാരണം, ശ്ലീഹന്മാരുടെ പിൻഗാമികളാണ് മെത്രാന്മാർ.അവരുമായി കൂട്ടായ്മയിലല്ലാത്തവർ സഭയിലല്ല. “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന പ്രാർത്ഥനയെക്കുറിച്ച് വി.സിപ്രിയാൻ ഇപ്രകാരം പഠിപ്പിക്കുന്നു: “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്നത് വ്യക്തിപരമായ ഒരു പ്രാർത്ഥനയല്ല, സഭയുടെ പ്രാർത്ഥനയാണ്. എനിക്ക് ആവശ്യമായ അപ്പം തരണമേ എന്നല്ല, ഞങ്ങൾക്ക് ആവശ്യമായ അപ്പം തരണമേ എന്നാണ് നാം ഇവിടെ പ്രാർത്ഥിക്കുന്നത്. എന്റെ കടങ്ങൾ ക്ഷമിക്കണമേ എന്നല്ല, ഞങ്ങളുടെ കടങ്ങൾ ക്ഷമിക്കണമേ എന്നാണ് നാം പ്രാർത്ഥിക്കുന്നത്. എല്ലാവർക്കും വേണ്ടിയുള്ള പ്രാർത്ഥനയാണിത്. അതിനാൽ കർതൃപ്രാർത്ഥന സഭയുടെ ഐക്യത്തെ വെളിപ്പെടുത്തുന്നു”. ഫ്രാൻസിസ് മാർപാപ്പയും തന്റെ അപ്പസ്തോലിക ലേഖനത്തിൽ ഇപ്രകാരം പറയുന്നു :

    “ആരാധനക്രമത്തിൽ ഞാൻ എന്നു പറയുന്നില്ല, ഞങ്ങൾ എന്നു മാത്രമേയുള്ളൂ.ഞങ്ങൾ എന്നതിന്റെ വ്യാപ്തി പരിമിതപ്പെടുത്തുന്നത് പൈശാചികമാണ്. ആരാധനക്രമം വ്യക്തി കേന്ദ്രീകൃതമായ ദൈവിക രഹസ്യത്തിന്റെ അറിവിലേക്ക് നമ്മെ വിടുന്നില്ല. മറിച്ച് അത് ഒരുമിച്ച്, ഒരു കൂട്ടായ്മയായി, വചനത്തിലൂടെയും കൗദാശിക പ്രതീകങ്ങളിലൂടെയും നമുക്ക് വെളിപ്പെടുത്തിത്തരുന്ന രഹസ്യത്തിന്റെ ആഴത്തിലേക്ക് നമ്മെ കൈപിടിച്ചു കൊണ്ടുപോകുന്നു”(ഞാൻ അത്യധികം ആഗ്രഹിച്ചു,No. 19).

    ഇരുപക്ഷത്തിൽ നിന്നും ഒരു പക്ഷത്തിലേക്കുള്ള യാത്രയാണ് സീറോ മലബാർ സഭ ഇപ്പോൾ നടത്തുന്നത്. ആ ഒരുപക്ഷം എന്നത് ബലിപീഠത്തിന്റെ ഐക്യമാണ്. യാഥാർത്ഥ്യബോധത്തോടെയാണ് ഈ യാത്രയെ നാം സ്വീകരിക്കേണ്ടത്. ഇതിനുവേണ്ടി ത്യാഗങ്ങൾ സഹിച്ച അനേകരുണ്ട്. ബലിപീഠത്തിലെ ഐക്യമില്ലായ്മ ഒരു സഭ എന്ന നിലയിൽ നമ്മെ തളർത്തുകയേയുള്ളൂ. സഭയുടെ ഐക്യത്തിനു വേണ്ടിയാണ് സിനഡ് പിതാക്കന്മാർ വിശുദ്ധ കുർബാനയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇപ്പോഴും വിട്ടുവീഴ്ചകൾ ചെയ്യുന്നത്. ബലിപീഠത്തിന്റെ ഐക്യം എന്ന ഒരു പക്ഷം യാഥാർത്ഥ്യമാകാനെടുക്കുന്ന ചവിട്ടുപടിയായി ഇത്തരം വിട്ടുവീഴ്ചകളെ നമുക്ക് മനസ്സിലാക്കാം.

    രണ്ടാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ‘ഡിഡാക്കെ’ (പന്ത്രണ്ട് അപ്പസ്തോലന്മാരുടെ പ്രബോധനം) എന്ന കൃതിയിൽ ഇപ്രകാരം പറയുന്നു :”സഭ ഏകവും വിശുദ്ധവുമാണ്.സഭയുടെ ഐക്യത്തിന്റെ പ്രതീകമാണ് വിശുദ്ധ കുർബാന “. സഭയ്ക്ക് വേണ്ടിയും ഇവിടെ പ്രാർത്ഥിക്കുന്നുണ്ട്. “കർത്താവേ, നിന്റെ സഭയെ ഓർക്കണമേ. എല്ലാവിധ തിന്മകളിൽ നിന്നും അവളെ രക്ഷിക്കേണമേ. നിന്റെ സ്നേഹത്തിൽ അവളെ പൂർണ്ണയാക്കണമേ. വിശുദ്ധീകരിക്കപ്പെട്ട അവളെ അവൾക്ക് വേണ്ടി നീ ഒരുക്കിയിരിക്കുന്ന നിന്റെ രാജ്യത്തിലേക്ക് നാല് ദിക്കുകളിൽ നിന്നും ഒന്നിച്ചു ചേർക്കണമേ. എന്തെന്നാൽ ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതാകുന്നു”. കർത്താവ് തന്റെ സഭയെ കൈപിടിച്ചു നടത്തട്ടെ.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!