Wednesday, January 15, 2025
spot_img
More

    കെറ്ററിംഗിംഗിൽ നിര്യാതനായ മലയാളി വൈദികൻ റെവ. ഫാ. വിൽസൺ കൊറ്റത്തിലിന് അശ്രുപൂജയർപ്പിച്ച് യൂകെ മലയാളി സമൂഹം


    കെറ്ററിംഗ്‌: അപ്രതീക്ഷിത വിയോഗത്തിലൂടെ യൂകെയിലെ മലയാളിസമൂഹത്തിന് വേദനയും നടുക്കവും നൽകി കെറ്ററിംഗിൽ മലയാളി വൈദികൻ റെവ. ഫാ. വിൽസൺ കൊറ്റത്തിൽ MSFS അന്തരിച്ചു. അമ്പത്തൊന്നു വയസ്സായിരുന്ന അദ്ദേഹം നോർത്താംപ്ടൺ രൂപതയിലെ, കെറ്ററിംഗ്‌ സെൻറ്‌ എഡ്വേർഡ് പള്ളിയിൽ സഹവികാരിയായും സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ സെൻറ്‌ ഫൗസ്റ്റീന മിഷൻ ഡയറക്ടർ ആയും സേവനം ചെയ്തുവരികയായിരുന്നു.

    ചങ്ങനാശ്ശേരി അതിരൂപതയിലെ അയർക്കുന്നം സ്വദേശിയായ അദ്ദേഹം ആറുമാനൂർ ഇടവകഅംഗവും MSFS സന്യാസസഭാഅംഗമാണ്.

    ആകസ്മികമായി തങ്ങളിൽ നിന്നും വേർപിരിഞ്ഞ പ്രിയ ഇടയനെ പ്രാർത്ഥനാപൂർവ്വം ഓർമ്മിക്കാൻ ഇന്നലെ വൈകിട്ട് നാല് മുപ്പതിന് നോർത്താംപ്ടൺ, കേറ്ററിംഗ്, കോർബി, മറ്റു സമീപപ്രദേശങ്ങൾ എന്നിവിടങ്ങളിൽനിന്നായി നിരവധിപേർ അദ്ദേഹം സേവനം ചെയ്യുകയായിരുന്ന സെന്റ് എഡ്വേർഡ് ദൈവാലയത്തിൽ ഒത്തുചേർന്നു. 4: 30 നു നടന്ന വി. കുർബാനയ്ക്കും ഒപ്പീസുപ്രാർത്ഥനയ്‌ക്കും ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വം നൽകി. വികാരി ജനറാൾമാരായ റെവ. ഫാ. ജോർജ്ജ് ചേലക്കലും റെവ. ഫാ. ജിനോ അരീക്കാട്ടും ചാൻസിലർ റെവ. ഫാ. മാത്യു പിണക്കാട്ടും സെക്രട്ടറി റെവ. ഫാ. ഫാന്സുവ പത്തിലും MSFS  സഭാഅംഗങ്ങളായ വൈദികരും സമീപ പ്രദേശങ്ങളിൽ നിന്നുള്ള മറ്റു നിരവധി വൈദികരും വിശ്വാസസമൂഹവും പ്രാർത്ഥനാശുശ്രുഷകളിൽ പങ്കുചേർന്നു.

    നേരത്തെ മാർ ജോസഫ് സ്രാമ്പിക്കൽ, ഫാ. വിത്സൻറെ ഭൗതികശരീരം സൂക്ഷിച്ചിരുന്ന കെറ്ററിംഗ്‌ ജെനെറൽ ആശുപത്രിയിലെത്തി ഒപ്പീസുപ്രാർത്ഥന നടത്തി. ഇന്നലെ മൂന്നു മണി മുതൽ നാല് മണി വരെ പൊതുദർശനത്തിന് ഹോസ്പിറ്റലിൽ സൗകര്യമൊരുക്കിയിരുന്നു. 
    ഈശോയ്ക്കുവേണ്ടി വഴിയൊരുക്കാൻ വന്ന സ്നാപകയോഹന്നാനെപ്പോലെ, തൻ്റെ ദൗത്യം വിജയകരമായി പൂർത്തിയാക്കി വിത്സനച്ചൻ പിൻവാങ്ങിയെന്ന് ദിവ്യബലിമധ്യേയുള്ള അനുശോചനസന്ദേശത്തിൽ മാർ സ്രാമ്പിക്കൽ അനുസ്മരിച്ചു. തന്നെ ദൈവം വിളിക്കുന്നുവെന്ന തോന്നലിൽ, ഇടവക വൈദികരുടെ മധ്യസ്ഥനായ വി. ജോൺ മരിയ വിയാനിയുടെ സ്ഥലമായ ഫ്രാൻസിലെ ആർസിൽ പോയി ധ്യാനിച്ചൊരുങ്ങിയും വി. കുമ്പസാരം സ്വീകരിച്ചും അദ്ദേഹം ആത്മീയമായി നന്നായി ഒരുങ്ങിയിരുന്നെന്നും മാർ സ്രാമ്പിക്കൽ പറഞ്ഞു. യുകെയിൽ വച്ചുനടന്ന വൈദികരുടെ ധ്യാനത്തിലും വിത്സൺ അച്ചന്റെ സാന്നിധ്യം ഉണ്ടായിരുന്നു. 

    ഏറ്റുമാനൂരടുത്തുള്ള ആറുമാനൂർ ഇടവകയിൽ കൊറ്റത്തിൽ കുടുംബത്തിൽ പതിനാറുമക്കളിൽ പതിമൂന്നാമനായാണ് 1968 ൽ വിൽസൺ അച്ചന്റെ ജനനം. 1985 ൽ ഏറ്റുമാനൂർ MSFS സെമിനാരിയിൽ വൈദികപഠനത്തിനു ചേർന്നു. 1997 ൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം പിന്നീട് കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്മ്യൂണിക്കേഷനിൽ ഡോക്ടറേറ്റും കരസ്ഥമാക്കി. പൗരോഹിത്യ സ്വീകരണത്തിനുശേഷം വൈവിധ്യമാർന്ന വൈദികശുശ്രുഷകളിലൂടെ അദ്ദേഹം വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തു. ചങ്ങനാശ്ശേരി എസ്. ബി. കോളേജിൽ കമ്മ്യൂണിക്കേഷൻ ഡിപ്പാർട്മെന്റ് തലവൻ, ആലുവായിലുള്ള MSFS സെമിനാരി റെക്ടർ, ബാംഗ്ലൂർ MSFS കോളേജ് പ്രിൻസിപ്പാൾ തുടങ്ങിയവയായിരിന്നു പ്രധാന ശുശ്രുഷാരംഗങ്ങൾ.  ബാംഗ്ലൂർ MSFS കോളേജ് പ്രിൻസിപ്പാളായി സേവനം ചെയ്തുവരവെയാണ് യുകെയിൽ നോർത്താംപ്ടൺ രൂപതയിൽ ലത്തീൻ, സീറോ മലബാർ രൂപതകളിൽ അജപാലന ശുശ്രുഷയ്ക്കായി അദ്ദേഹം നിയമിതനായത്. കഴിഞ്ഞ മൂന്നു വർഷത്തിലധികമായി കേറ്ററിങിലുള്ള സെന്റ് എഡ്വേർഡ് ദേവാലയത്തിലും സെന്റ് ഫൗസ്റ്റീന സീറോ മലബാർ മിഷനിലും അദ്ദേഹം സേവനം ചെയ്തുവരികയായിരുന്നു. 

    തുടർനടപടികൾക്കായി കെറ്ററിംഗ്‌ ജനറൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികദേഹം, നടപടികൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോയി സംസ്കരിക്കുമെന്ന്, ഇതുമായി ബന്ധപ്പെട്ട  കാര്യങ്ങൾ നിർവഹിക്കാനായി MSFS സന്യാസസഭ നിയമിച്ചിരിക്കുന്ന റെവ. ഫാ. ബെന്നി വലിയവീട്ടിൽ MSFS അറിയിച്ചു. നടപടികൾ പൂർത്തിയാകാൻ രണ്ടാഴ്ചയെങ്കിലും കാലതാമസം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

    ഹൃദ്യമായ പെരുമാറ്റം കൊണ്ടും ആഴമേറിയ പാണ്ഡിത്യവും ജീവിതവിശുദ്ധിയും കൊണ്ടും ഇടവക ജനങ്ങൾക്കെല്ലാം അദ്ദേഹം പ്രിയങ്കരനായിരുന്നെന്ന് വിശ്വാസികൾ അനുസ്മരിച്ചു. ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ എല്ലാ വി. കുർബാന കേന്ദ്രങ്ങളിലും വിൽസൺ അച്ചനുവേണ്ടി അനുസ്മരണപ്രാർത്ഥന നടത്തണമെന്ന് ഗ്രേറ്റ് ബ്രിട്ടൺ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ. ആൻ്റണി ചുണ്ടെലിക്കാട്ട് അഭ്യർത്ഥിച്ചു. വിൽസൺ കൊറ്റത്തിലച്ചന്റെ ആകസ്മിക വേർപാടിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയ്ക്കുള്ള അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ദുഖാർത്ഥരായ കുടുംബാങ്ങങ്ങളെയും വിശ്വാസി സമൂഹത്തെയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.  

    ഫാ. ബിജു കുന്നയ്ക്കാട്ട് PRO 

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!