കുരുക്കുകളഴിക്കുന്ന മാതാവിനോടുള്ള പ്രാര്‍ത്ഥന എല്ലാ തടസ്സങ്ങളും നീക്കിക്കളയാന്‍ ഏറെ സഹായകമാണ്. ജീവിതത്തില്‍ അനേകവര്‍ഷങ്ങളായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന കാര്യങ്ങള്‍ പലതും ദൈവഹിതപ്രകാരം സാധിച്ചെടുക്കാന്‍ ഈ പ്രാര്‍ത്ഥന ചൊല്ലിയാല്‍ മതി. കുരുക്കുകളഴിക്കുന്ന മാതാവിനോടുളള പ്രാര്‍ത്ഥന ഇതാ ചുവടെ ചേര്‍ക്കുന്നു:
ജീവിതത്തിലെ കുരുക്കുകളെ നിന്റെ കരുണ നിറഞ്ഞ കണ്ണുകളാല്‍ കടാക്ഷിക്കണമേ. ഞാന്‍ എത്ര നിസ്സഹായനാണെന്ന് നീ അറിയുന്നു, എന്റെ വേദന നീ ഗ്രഹിക്കുന്നു. ഈ കുരുക്കുകള്‍ എന്നെ വരിഞ്ഞിരിക്കുന്നത് നീ കാണുന്നു. തന്റെ മക്കളുടെ ജീവിതത്തിലെ കുരുക്കുകള്‍ അഴിക്കുവാന്‍ ദൈവം നിയോഗിച്ചിട്ടുള്ള മാതാവായ മറിയമേ, എന്റെ ജീവിതത്തിലെ നാട ഞാന്‍ നിന്നെ ഭരമേല്പിക്കുന്നു.
നീയാകുന്നു എന്റെ ശരണം. തിന്മപ്പെട്ട ശക്തികള്‍ക്ക് അത് നിന്നില്‍ നിന്ന് തട്ടിയെടുക്കാനാവില്ലെന്ന് ഞാന്‍ ധൈര്യപ്പെടുന്നു. നിന്റെ കൈകള്‍ക്ക് അഴിക്കാനാവാത്ത കുരുക്കുകളില്ലല്ലോ. കരുത്തുറ്റ മാതാവേ നിന്റെ കൃപയാലും നിന്റെ മകനും എന്റെ വിമോചകനുമായ ഈശോയുടെ പക്കല്‍ നിന്നുള്ള മധ്യസ്ഥശക്തിയാലും ഈ കുരുക്ക് നീ കൈയിലെടുക്കണമേ.( ആവശ്യം പറയുക) .
ദൈവമഹത്വത്തിനായി ഈ കുരുക്ക് എന്നന്നേക്കുമായി അഴിച്ചുകളയണമേ. നീയാകുന്നു എന്റെ ശരണം. എനിക്കുതരുന്ന ഏകാശ്വാസവും എന്റെ ബലഹീനതയുടെ ശക്തീകരണവും എന്റെ ദാരിദ്ര്യത്തിന്റെ നിര്‍മ്മാര്‍ജ്ജനവും ക്രിസ്തുവിനോടൊപ്പം ബന്ധനങ്ങളില്‍ നിന്നുള്ള മോചനവുമായ മാതാവേ ഈ അപേക്ഷ കേള്‍ക്കണമേ. വഴി നടത്തണമേ. സംരക്ഷിക്കണമേ. ആമ്മേന്‍