Wednesday, January 15, 2025
spot_img
More

    തിരുഹൃദയ നൊവേന

    പ്രാരംഭ ഗാനം

    (മറിയമേ നിന്‍റെ ….. എന്ന രീതി)

    ഈശോതന്‍ ദിവ്യ ഹൃദയമേ നിന്നെ 
    സ്നേഹിപ്പാന്‍ കൃപയേകണേ 
    നിന്‍ തിരുരക്തം വിലയായ് നല്‍കി നീ
    ലോകത്തിന്‍ പാപം മോചിച്ചു. 

    കല്‍പ്പന തെല്ലും പാലിക്കാതെ ഞാന്‍
    ഇന്നോളമങ്ങേ ദ്രോഹിച്ചു 
    പാപങ്ങളെല്ലാം വിസ്മരിച്ചെന്നെ 
    പൂര്‍ണ്ണമായ് കൈക്കൊണ്ടീടണേ, 

    കനിവോടെ എന്നെ കാക്കണേ എന്‍റെ
    യാചനയെല്ലാം കേള്‍ക്കണേ 
    ഇനിമേലിന്നുതൊട്ടൊരുനാളുമങ്ങേ 
    പിരിയാതിരിപ്പാന്‍ തുണയേകൂ.

    പ്രാരംഭ പ്രാര്‍ത്ഥന

    അനന്ത നന്മസ്വരൂപിയായ ദൈവമേ, അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു. അങ്ങേ എക പുത്രനെ ഈ ലോകത്തിലേക്കയച്ച് പാപാന്ധകാരത്തില്‍ നിപതിച്ച മനുഷ്യരാശിയെ രക്ഷിക്കാന്‍ തിരുമനസായതിനെ ഓര്‍ത്ത് ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. ഞങ്ങളുടെ രക്ഷയും ആശ്രയവുമായ ഈശോയെ, പാപികളായ ഞങ്ങളോരോരുത്തരെയും അങ്ങ് കാത്തുരക്ഷിക്കണമേ. അങ്ങേ ദിവ്യഹൃദയം വഴിയായി അപേക്ഷിക്കുന്ന സകലവും ലഭിക്കുമെന്ന് അങ്ങ് വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ. ഈശോയുടെ തിരുഹൃദയ ഭക്തരായ ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ അങ്ങ് കൈക്കൊള്ളണമേ. പ്രത്യേകമായി ഈ നൊവേനയില്‍ ഞങ്ങളപേക്ഷിക്കുന്ന കാര്യങ്ങള്‍ ….., സാധിച്ചുതന്ന് ഞങ്ങള്‍ക്കു സമാധാനവും സഹായവും നല്‍കണമെന്ന് അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു. 
    1 സ്വര്‍ഗ. 1 നന്മ. 1 ത്രിത്വ.

    സമൂഹ പ്രാര്‍ത്ഥന

    (ഈശോ വിശുദ്ധ മര്‍ഗരീത്താ മരിയത്തിന്നു പ്രത്യക്ഷപ്പെട്ട് നല്‍കിയ 12 വാഗ്ദാനങ്ങളെക്കുറിച്ച് നമുക്കു ധ്യാനിക്കാം.) .

    കാര്‍മ്മി: “എന്‍റെ ദിവ്യഹൃദയ ഭക്തരുടെ ജീവിതാന്തസ്സിനു വേണ്ട എല്ലാ അനുഗ്രഹങ്ങളും ഞാന്‍ പ്രദാനംചെയ്യും” എന്നരുളിച്ചെയ്ത ഈശോയെ, ഞങ്ങളെ അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

    സമൂ: ഞങ്ങളെ അനുഗ്രഹിക്കണമേ.

    കാര്‍മ്മി: “അവരുടെ കുടുംബങ്ങളില്‍ ഞാന്‍ സമാധാനം നല്‍കും” എന്നരുളിച്ചെയത ഈശോയെ,

    സമൂ: ഞങ്ങളെ അനുഗ്രഹിക്കണമേ.

    കാര്‍മ്മി: “അവരുടെ സങ്കടങ്ങളില്‍ ഞാന്‍ അവരെ ആശ്വസിപ്പിക്കും” എന്നരുളിച്ചെയത ഈശോയെ,

    സമൂ: ഞങ്ങളെ അനുഗ്രഹിക്കണമേ.

    കാര്‍മ്മി: “ജീവിതകാലത്തും പ്രത്യേകം അവരുടെ മരണസമയത്തും ഞാന്‍ അവര്‍ക്ക് ഉറപ്പുള്ള സങ്കേതമായിരിക്കും എന്നരുളി ചെയ്ത” ഈശോയെ,

    സമൂ: ഞങ്ങളെ അനുഗ്രഹിക്കണമേ.

    കാര്‍മ്മി: “അവരുടെ എല്ലാ പ്രയത്നങ്ങളിലും ഞാന്‍ അനവധി ആശീര്‍വാദങ്ങള്‍ നല്‍കും എന്നരുളിചെയ്ത” ഈശോയെ, 
    സമൂ” ഞങ്ങളെ അനുഗ്രഹിക്കണമേ.

    കാര്‍മ്മി: “പാപികള്‍ എന്‍റെ ഹൃദയത്തില്‍ അനുഗ്രഹത്തിന്‍റെ വറ്റാത്ത ഉറവയും സമുദ്രവും കണ്ടെത്തും” എന്നരുളിച്ചെയ്ത ഈശോയെ’

    സമൂ: ഞങ്ങളെ അനുഗ്രഹിക്കണമേ.

    കാര്‍മ്മി: “മന്ദതയുള്ള ആത്മാക്കള്‍ തീക്ഷ്ണതയുള്ളവരാകും” എന്നരുളിച്ചെയ്ത ഈശോയെ,

    സമൂ: ഞങ്ങളെ അനുഗ്രഹിക്കണമേ.

    കാര്‍മ്മി: “തീക്ഷ്ണതയുള്ള ആത്മാക്കള്‍ അതിവേഗം പരിപൂര്‍ണ്ണതയുടെ പദവിയില്‍ പ്രവേശിക്കും” എന്നരുളിച്ചെയ്ത ഈശോയെ,

    സമൂ: ഞങ്ങളെ അനുഗ്രഹിക്കണമേ.

    കാര്‍മ്മി: “എന്‍റെ തിരുഹൃദയരൂപം പ്രതിഷ്ഠിച്ചു വണങ്ങുന്ന ഭവനങ്ങളില്‍ എന്‍റെ ആശീര്‍വാദമുണ്ടാകും” എന്നരുളിച്ചെയ്ത ഈശോയെ,

    സമൂ: ഞങ്ങളെ അനുഗ്രഹിക്കണമേ.

    കാര്‍മ്മി: “കഠിനഹൃദയരായ പാപികളെ മനസ്സുതിരിക്കുന്നതിനുള്ള വരം വൈദികര്‍ക്കു ഞാന്‍ നല്‍കും” എന്നരുളിച്ചെയ്ത ഈശോയെ,

    സമൂ: ഞങ്ങളെ അനുഗ്രഹിക്കണമേ.

    കാര്‍മ്മി: “തിരുഹൃദയഭക്തി പ്രചരിപ്പിക്കുന്നവരുടെ നാമം എന്‍റെ ഹൃദയത്തില്‍ ഞാന്‍ സൂക്ഷിക്കും” എന്നരുളിച്ചെയ്ത ഈശോയെ,

    സമൂ: ഞങ്ങളെ അനുഗ്രഹിക്കണമേ.

    കാര്‍മ്മി: “ഒന്‍പത് ആദ്യവെള്ളിയാഴ്ച തുടര്‍ച്ചയായി വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നവര്‍ക്ക് അവസാനം വരെയുള്ള നിലനില്‍പിന്‍റെ വരം നല്‍കും” എന്നരുളിച്ചെയ്ത ഈശോയെ,

    സമൂ: ഞങ്ങളെ അനുഗ്രഹിക്കണമേ.

    പ്രാര്‍ത്ഥിക്കാം

    “വഴിയും സത്യവും ജീവനും ഞാനാകുന്നു” എന്നും “അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ എല്ലാവരും എന്‍റെ അടുക്കല്‍ വരുവിന്‍, ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം”, എന്നും “എന്‍റെ നാമത്തില്‍ നിങ്ങള്‍ എന്നോട് അപേക്ഷിക്കുന്നതെല്ലാം ഞാന്‍ നിങ്ങള്‍ക്കു തരും” എന്നും അരുള്‍ചെയ്ത ഈശോനാഥാ, അങ്ങ് ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ കൈക്കൊണ്ട് ഞങ്ങളെ അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍.

    ലുത്തീനിയ

    കാര്‍മ്മി: നമുക്കെല്ലാവര്‍ക്കും വിശ്വാസത്തോടും പ്രതീക്ഷയോടും കൂടെ ഈശോയുടെ ദിവ്യഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ എന്നു പ്രാര്‍ത്ഥിക്കാം.

    സമൂ: ഈശോയുടെ ദിവ്യഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

    കാര്‍മ്മി: കാലിത്തൊഴുത്തില്‍ പിറന്ന്, 33 വത്സരം ഇഹലോകത്തില്‍ ജീവിച്ച്, കാല്‍വരിയില്‍ കുരിശില്‍ മരിച്ച്, മൂന്നാംദിനം ഉയിര്‍ത്തെഴുന്നേറ്റ്, ഞങ്ങളെ രക്ഷിച്ച ഈശോനാഥാ, ഞങ്ങളെ അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

    സമൂ: ഈശോയുടെ ദിവ്യഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

    കാര്‍മ്മി: ഞങ്ങളുടെ നിരവധിയായ പാപങ്ങള്‍ ഞങ്ങളോടു ക്ഷമിക്കണമെന്നും, മേലില്‍ പാപത്തില്‍ വീഴാതെ ഞങ്ങളെ അനുഗ്രഹിക്കണമെന്നും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

    സമൂ: ഈശോയുടെ ദിവ്യഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

    കാര്‍മ്മി: പ്രകൃതിക്ഷോഭം, തീരാരോഗങ്ങള്‍, അപകടങ്ങള്‍, ദാരിദ്ര്യം ഇവയില്‍നിന്നും മോചനം നല്‍കി ഞങ്ങളെ അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

    സമൂ: ഈശോയുടെ ദിവ്യഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

    കാര്‍മ്മി: നല്ലകാലാവസ്ഥയും സമൃദ്ധമായ വിളവുകളും നല്‍കി ഞങ്ങളെ അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

    സമൂ: ഈശോയുടെ ദിവ്യഹൃദയമേ, ഞങ്ങളെ അനുഗ്രഹിയണെമേ.

    കാര്‍മ്മി: എല്ലാ മനുഷ്യരും സഹോദരസ്നേഹത്തിലും സഹവര്‍ത്തിത്വത്തിലും സാധുജനാനുകമ്പയിലും വളര്‍ന്നുവരുവാന്‍ അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

    സമൂ: ഈശോയുടെ ദിവ്യഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

    കാര്‍മ്മി: ഞങ്ങളുടെ മക്കള്‍ സ്നേഹത്തിലും അനുസരണയിലും ദൈവഭക്തിയിലും അധികാരാദരവിലും വളര്‍ന്നുവരുവാന്‍ അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

    സമൂ: ഈശോയുടെ ദിവ്യഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

    കാര്‍മ്മി: എല്ലാ വിദ്യാര്‍ത്ഥീ-വിദ്യാര്‍ത്ഥിനികളും പഠനത്തില്‍ സമര്‍ത്ഥരും സഹപാഠികളോടു സ്നേഹമുള്ളവരും അദ്ധ്യാപകരോട് ആദരവുള്ളവരുമായി വളര്‍ന്നുവരുവാന്‍ അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

    സമൂ: ഈശോയുടെ ദിവ്യഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

    കാര്‍മ്മി: ഈ നൊവേനയില്‍ സംബന്ധിച്ച് പ്രാര്‍ത്ഥിക്കുന്ന ഞങ്ങള്‍ ഓരോരുത്തരുടെയും ആവശ്യങ്ങള്‍ സാധിച്ചുതന്ന് ഞങ്ങളെ അനുഗ്രഹിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

    സമൂ: ഈശോയുടെ ദിവ്യഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

    പ്രാര്‍ത്ഥിക്കാം

    എന്‍റെ ഈശോയെ, ഗാഗുല്‍ത്താമലയില്‍ രണ്ടു കള്ളന്മാരുടെ നടുവില്‍ കുരിശിന്മേല്‍ തൂങ്ങിക്കിടന്ന് അങ്ങേ തിരുഹൃദയം കുന്തത്താല്‍ കുത്തിത്തുറക്കപ്പെട്ട്, അവസാനതുള്ളി രക്തംവരെ ചിന്തി മനുഷ്യകുലത്തെ രക്ഷിച്ചതിനെ ഓര്‍ത്ത് ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. ഞങ്ങളുടെ പാപങ്ങളുടെ കാഠിന്യത്താലാണ് അങ്ങ് ഇത്ര കഠോരമായ പീഡകള്‍ സഹിച്ചത് എന്ന് ഓര്‍ത്ത് ഞങ്ങള്‍ പൊറുതിയപേക്ഷിക്കുന്നു. കരുണാവാരിധി്യും പാപങ്ങള്‍ പൊറുക്കുന്നവനുമായ ദൈവമേ, അങ്ങേ സന്നിധിയില്‍ കേണപേക്ഷിക്കുന്ന ഞങ്ങളുടെ പാപങ്ങള്‍ മായ്ച്ചുകളയുകയും സ്വര്‍ഗ്ഗഭാഗ്യത്തിന് അര്‍ഹരാക്കുകയും ചെയ്യണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ. ആമ്മേന്‍.

    സമാപന പ്രാര്‍ത്ഥന

    സ്നേഹംനിറഞ്ഞ ഈശോയുടെ ദിവ്യഹൃദയമേ, അങ്ങേ തിരുമുമ്പില്‍ സാഷ്ടാംഗം പ്രണമിച്ച് എന്‍റെ പൂര്‍ണ്ണഹൃദയത്തോടെ അങ്ങയെ ആരാധിക്കുന്നു. അങ്ങേ ദിവ്യഹൃദയത്തില്‍ എന്‍റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. കാരുണ്യവാനായ ഈശോയെ, പാപത്താല്‍ വിരൂപമായിരിക്കുന്നതും കോപാഗ്നിയാല്‍ ജ്വലിക്കുന്നതുമായ എന്‍റെ ഹൃദയത്തെ കടാക്ഷിക്കണമേ. എന്‍റെ നല്ല ഈശോയെ, എന്‍റെ എല്ലാ ദുര്‍ഗുണങ്ങളും നീങ്ങുന്നതിനും അങ്ങേ സ്നേഹശീലവും ക്ഷമയും കണ്ടുപഠിക്കുന്നതിനും വേണ്ട അനുഗ്രഹം നല്‍കണമേ. അങ്ങേ മഹത്വത്തിനും ശക്തിക്കു യോജിച്ചവിധം അങ്ങയെ സ്നേഹിക്കത്തക്ക ഒരു ഹൃദയം എനിക്കു നല്‍കണമേ. കര്‍ത്താവേ അങ്ങേ അനന്തകൃപയാല്‍ എന്‍റെ പ്രാര്‍ത്ഥന സ്വീകരിച്ച് എന്നെ അനുഗ്രഹിക്കണമേ. ആരാധനയക്കു പാത്രമായ ഈശോയുടെ ദിവ്യഹൃദയമേ, അങ്ങ് എന്‍റെ ആവശ്യങ്ങളും ആഗ്രഹങ്ങളും വ്യക്തമായി അറിയുന്നുവെന്നു ഞാന്‍ വിശ്വസിക്കുന്നു. അങ്ങ് ഞങ്ങള്‍ ഓരോരുത്തരേയും കനിഞ്ഞ് അനുഗ്രഹിക്കണമേ. ഈ നൊവേനയില്‍ ഞങ്ങള്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുന്ന ………. ആവശ്യം അങ്ങേ കൃപാകടാക്ഷത്താല്‍ സാധിച്ചുതന്ന് ഞങ്ങളെ രക്ഷിക്കണമെന്നുഞങ്ങള്‍ വിനയപുരസരം അപേക്ഷിക്കുന്നു. ആമ്മേന്‍.

    സമാപന ഗാനം

    (രീതി: അദ്ധ്വാനിക്കുന്നവര്‍ക്കും…. ) കാരുണ്യനിധിയാമീശോ 
    കാത്തരുളീടുക നീ 
    നിത്യമായ് സ്നേഹിച്ചീടാന്‍ 
    ഞങ്ങളില്‍ കൃപയേകൂ നീ. 

    സാത്താനാല്‍ ബന്ധിതനായ 
    പാപവഴി നടന്നു 
    ബന്ധനം നീക്കിയെന്നെ 
    നേര്‍വഴി കാട്ടേണമേ. 

    സ്നേഹത്തിന്‍ സന്ദേശങ്ങള്‍ 
    മാനവര്‍ക്കേകിയോനെ 
    ആലംബഹീനര്‍ ഞങ്ങള്‍ 
    നിത്യം വണങ്ങീടുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!