Wednesday, January 15, 2025
spot_img
More

    ഓഗസ്റ് 21 : സിറോ മലബാർ സഭയിലെ ഇന്നത്തെ വിശുദ്ധൻ- വിശുദ്ധ പിയൂസ് പത്താമന്‍ പാപ്പ


    ഇന്ന് സിറോ മലബാർ സഭയിൽ ആഘോഷിക്കപ്പെടുന്ന വിശുദ്ധനാണ് വിശുദ്ധ പിയൂസ് പത്താമൻ പാപ്പാ. ആ വിശുദ്ധനെപ്പറ്റി കൂടുതൽ അറിയുവാൻ തുടർന്ന് വായിക്കുക

    1835 ജൂണ്‍ 2-ന് വെനീഷ്യായിലെ റീസ് എന്ന ഗ്രാമത്തില്‍ വളരെ പരിമിതമായ ജീവിത സാഹചര്യങ്ങളിലാണ് ജോസഫ് സാര്‍ത്തോ എന്ന വിശുദ്ധ പിയൂസ് പത്താമന്‍ ജനിച്ചത്. തിരുസഭയുടെ മുഖ്യ അജപാലകന്‍ എന്ന നിലയില്‍ സ്വയം ത്യാഗത്തിന്റെ മാതൃകയും, അതിയായ ഉത്സാഹവും വിശുദ്ധന്‍ പ്രകടമാക്കി. ക്രിസ്തീയ പ്രമാണങ്ങളുടെ വിശുദ്ധി കാത്ത് സൂക്ഷിക്കുന്നതില്‍ അതീവ തല്‍പ്പരനായിരുന്നു വിശുദ്ധന്‍. തിരുസഭയുടെ പ്രാര്‍ത്ഥനയും, ക്രിസ്തീയ വിശ്വാസത്തിന്റെ ഇളക്കം തട്ടാത്ത അടിസ്ഥാനവുമെന്ന നിലയില്‍ വിശുദ്ധ കുര്‍ബാനയുടെ പ്രാധാന്യത്തെ നല്ലവിധം മനസ്സിലാക്കിയിരുന്ന വിശുദ്ധന്‍ തിരുസഭയുടെ ആരാധനാരീതികളില്‍ ഒരു നവീകരണം കൊണ്ട് വരുവാനായി പരിശ്രമിച്ചു. ദിവ്യകാരുണ്യ സ്വീകരണത്തിന്റെ പ്രാധാന്യം ജനങ്ങള്‍ക്കു മനസ്സിലാക്കി കൊടുക്കുന്നതിനു വേണ്ടിയുള്ള പ്രയത്നങ്ങളിലും അദ്ദേഹം ഏര്‍പ്പെട്ടിരുന്നു.

    തന്റെ 23-മത്തെ വയസ്സില്‍ പൗരോഹിത്യ പട്ടം സ്വീകരിച്ച ജോസഫ് സാര്‍ത്തോ, പതിനേഴ്‌ വര്‍ഷങ്ങളോളം ഒരു ഇടവക വികാരിയായും, മാണ്ടുവായിലെ മെത്രാനായും സേവനമനുഷ്ടിച്ചതിനു ശേഷം 1892-ല്‍ വെനീസ് മെട്രോപോളിറ്റന്‍ സഭയുടെ പാത്രിയാര്‍ക്കീസ് ആയി നിയമിതനായി. തന്നെ ഏല്‍പ്പിച്ച പദവികളില്‍ വിശുദ്ധന്‍ പ്രകടമാക്കിയ ബുദ്ധികൂര്‍മ്മത, കഠിന പ്രയത്നം, അതിയായ ഭക്തി തുടങ്ങിയവ മൂലം 1903 ഓഗസ്റ്റ് 4-ന് പാപ്പായായി തിരഞ്ഞെടുക്കപ്പെടുകയും പിയൂസ് പത്താമന്‍ എന്ന നാമം സ്വീകരിക്കുകയും ചെയ്തു.

    “എല്ലാം ക്രിസ്തുവില്‍ നവീകരിക്കുക” എന്നതാണ് തന്റെ പ്രഥമ ലക്ഷ്യം എന്ന് പത്താം പിയൂസ് പാപ്പാ തന്റെ ചാക്രികലേഖനത്തില്‍ പ്രഖ്യാപിക്കുകയുണ്ടായി. ദേവാലയ സംഗീതങ്ങളിലെ നവീകരണം, അനുദിന ബൈബിള്‍ വായന, നിരവധി സഭാ സ്ഥാപനങ്ങളുടെ ആരംഭം, സഭാസ്ഥാപനങ്ങളുടെ പരിഷ്കാരം, സഭാ നിയമങ്ങളുടെ ഏകീകരണത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍, ഇവയെല്ലാം വിശുദ്ധന്റെ ലക്ഷ്യത്തിലേക്കുള്ള ചില നടപടികളായിരുന്നു.

    അദ്ദേഹം വിശുദ്ധ പത്രോസിന്റെ സിംഹാസനത്തില്‍ അവരോധിതനായതിന്റെ പതിനൊന്നാം വാര്‍ഷികദിനത്തില്‍ പൊട്ടിപുറപ്പെട്ട ഒന്നാം ലോക മഹായുദ്ധമാണ് വിശുദ്ധനെ മരണത്തിലേക്ക് നയിച്ച ആഘാതങ്ങളില്‍ ഒന്ന്. യുദ്ധം ആരംഭിച്ചു ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ശ്വാസനാളത്തെ ബാധിക്കുന്ന (Bronchitis) രോഗത്തിനടിമയായ വിശുദ്ധന്‍ 1914 ഓഗസ്റ്റ് 20-ന് കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു.

    തന്റെ വില്‍പത്രത്തില്‍ വിശുദ്ധന്‍ ഇപ്രകാരം കുറിക്കുകയുണ്ടായി, “ഞാന്‍ ഒരു പാവപ്പെട്ടവനായിട്ടാണ് ജനിച്ചത്, ഒരു പാവപ്പെട്ടവനായി ജീവിച്ചു, ഒരു പാവപ്പെട്ടവനായി മരിക്കണമെന്നാണ് എന്റെ ആഗ്രഹം.” ഈ വാക്കുകളിലെ സത്യത്തെ ഇതുവരെ ആരും നിഷേധിച്ചിട്ടുമില്ല. അദ്ദേഹത്തിന്റെ ദിവ്യത്വവും, അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാനുള്ള കഴിവും അതിനോടകം തന്നേ അംഗീകരിക്കപ്പെട്ടു കഴിഞ്ഞിരുന്നു. 1954 മെയ് 29-നാണ് പത്താം പീയൂസ് പാപ്പയെ വിശുദ്ധ പദവിയിലേക്കുയര്‍ത്തുന്നത്. 1672-ല്‍ പിയൂസ് അഞ്ചാമന് ശേഷം വിശുദ്ധനാക്കപ്പെടുന്ന പാപ്പായാണ് പിയൂസ് പത്താമന്‍.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!