ന്യൂഡല്‍ഹി: അധ:സ്ഥിതരായവര്‍ക്കുവേണ്ടി വൈദികര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനുള്ള നീക്കങ്ങളുടെ ഭാഗമായിട്ടാണ് ഫാ.സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റ് നടന്നിരിക്കുന്നതെന്ന് സിബിസിഐ ഓഫീസ് ഫോര്‍ ഡയലോഗ് ആന്റ് ഡെസ്‌ക് ഫോര്‍ എക്യുമെനിസം.
സാമൂഹിക ഉന്നമനത്തിനായുള്ള സഭയുടെ പ്രവര്‍ത്തനങ്ങളെ തകര്‍ക്കാനുള്ള മാര്‍ഗ്ഗങ്ങളായി ഈ അറസ്റ്റിനെ കരുതുന്നതായി ഡയലോഗ് കമ്മീഷന്‍ അംഗങ്ങളായ റവ. ഡോ തോമസ് ദാബ്രെ, റവ. ഡോ റാഫി മഞ്ഞളി, റവ ഡോ ചെറിയാന്‍ കറുകപ്പറമ്പില്‍ എന്നിവര്‍ പറഞ്ഞു.
ഫാ. സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില വളരെ മോശമാണെന്നും വയോധികനായ ഈ വൈദികനോട് കാണിക്കുന്ന നിഷേധാത്മക നിലപാടില്‍ മാറ്റം വരുത്തി എത്രയും വേഗം ജയില്‍ മോചിതനാക്കാനുള്ള നടപടികള്‍ക്കായി ഇടപെടണമെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഈമെയിലിലൂടെ രാഷ്ട്രപതിയോടും ഉപരാഷ്ട്പതിയോടും ആവശ്യപ്പെട്ടു.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ദേശീയ അന്വേഷണ ഏജന്‍സി കഴിഞ്ഞ മാസമാണ് ഫാ. സ്റ്റാനെ അറസ്റ്റ് ചെയ്തത്. സിബിസിഐ ഓഫീസ് ഫോര്‍ ഡയലോഗ് ആന്റ് ഡെസ്‌ക്ക് ഫോര്‍ എക്യുമെനിസം ചെയര്‍മാനാണ് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം.