വത്തിക്കാന്‍ സിറ്റി: അപ്രതീക്ഷിതമായ ഫോണ്‍കോളിലൂടെ പലരെയും അത്ഭുതപ്പെടുത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ ഇത്തവണ അമ്പരപ്പിച്ചത് ഒരു കന്യാസ്ത്രീ ഡോക്ടറെയാണ്. ഡോ. ഏഞ്ചല്‍ ബിപെന്‍ഡു വിനാണ് ഇത്തവണ പാപ്പായുടെ ഫോണ്‍ കോള്‍ കിട്ടിയത്.
ബെര്‍ഗോമയില്‍ കോവിഡ് രോഗികളെ ശുശ്രൂഷിക്കുകയാണ് ഡോക്ടര്‍ സിസ്റ്റര്‍. ദു:ഖശനിയാഴ്ചയാണ് പാപ്പയുടെ ഫോണ്‍കോള്‍ സിസ്റ്ററെ തേടിയെത്തിയത്. ഞാന്‍ വത്തിക്കാന്‍ സിറ്റിയില്‍ നിന്നാണ് വിളിക്കുന്നത്. നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങളുടെ പേരില്‍ നന്ദി പറയാന്‍ ഞാനാഗ്രഹിക്കുന്നു. മറുതലയ്ക്കല്‍ നിന്ന് കേട്ട സ്വരം അങ്ങനെയായിരുന്നു.
ഡോക്ടര്‍ സിസ്റ്റര്‍ ഞാന്‍ തന്നെയാണ്. ഇത് ഫ്രാന്‍സിസ് മാര്‍പാപ്പയാണോ എന്ന് സിസ്റ്റര്‍ തിരികെ ചോദിച്ചു. അതെ, നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതിന് നന്ദി. നിങ്ങളുടെ വിശ്വാസജീവിതത്തിന് സാക്ഷ്യമാണ് നിങ്ങളുടെ പ്രവൃത്തി. പകര്‍ച്ചവ്യാധികള്‍ അവസാനിച്ചുകഴിയുമ്പോള്‍ നമുക്ക് കാണാം എന്ന് പറഞ്ഞാണ് പാപ്പ ഫോണ്‍ സംസാരം അവസാനിപ്പിച്ചത്.
കോംഗോക്കാരിയായ സിസ്റ്റര്‍ പലേര്‍മയില്‍ നിന്നാണ് മെഡിസിന്‍ പഠിച്ചത്. പതിനാറ് വര്‍ഷമായി ഇറ്റലിയില്‍ ജീവിക്കുന്നു. ഡോക്ടര്‍ എന്ന നിലയില്‍ താന്‍ തന്റെ ജോലി മാത്രമാണ് നിര്‍വഹിക്കുന്നതെന്ന് വിനയാന്വിതയായി ഡോക്ടര്‍ പറയുന്നു. സിസ്റ്റേഴ്‌സ് ഓഫ് ദ റെഡീമര്‍ സന്യാസസഭാംഗമാണ്.