പരിശുദ്ധ അമ്മയോട് ചേര്‍ന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ തിന്മകള്‍ വിട്ടകലും. ശത്രുക്കള്‍ പരാജിതരാകും. ഓരോ ജപമാലപ്രാര്‍ത്ഥനയും പരിശുദ്ധ അമ്മയോടുള്ള നമ്മുടെ സ്‌നേഹവും കടപ്പാടുമാണ്. അമ്മ വഴിയായി നമുക്ക് ഇതിനകം എത്രയോ നന്മകള്‍ ലഭിച്ചിരിക്കുന്നു. ചെറുതും വലുതുമായി നന്മകള്‍. ഒരുപക്ഷേ വലിയ നന്മകള്‍ കിട്ടുമ്പോള്‍ മാത്രമേ നാം അവയെക്കുറിച്ച് ഓര്‍മ്മിക്കാറുള്ളൂ.
എന്നാല്‍ നാം അറിയാതെ പോലും നമ്മുടെ ജീവിതത്തില്‍ മാതാവിന്റെ അനുഗ്രഹങ്ങള്‍ സമൃദ്ധമായി ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്.
പരിശുദ്ധ അമ്മയോടുള്ള സ്‌നേഹം ഒരു കൈമാറ്റം കൂടിയാണ്. തലമുറകളില്‍ നിന്ന് തലമുറകളിലേക്ക്. ഇന്ന് നാം മരിയഭക്തരാണെങ്കില്‍ അതിന് നാം കടപ്പെട്ടിരിക്കുന്നത് നമ്മുടെ മാതാപിതാക്കളോടാണ്. മുന്‍തലമുറയോടാണ്.
മാതാവിനോടുള്ള സ്‌നേഹവും കടപ്പാടും പ്രാര്‍ത്ഥനയും അടുത്ത തലമുറയിലേക്ക് കൈമാറേണ്ടത് നമ്മുടെ കടമയാണ്.നമ്മുടെ മക്കളെ..നമ്മുടെ കൊച്ചുമക്കളെ എല്ലാം അമ്മയുടെ നീലക്കാപ്പയ്ക്കുള്ളില്‍ ആശ്രയം കണ്ടെത്താന്‍ നാം അവരെ പഠിപ്പിക്കണം. വിളിച്ചാല്‍ വിളി കേള്‍ക്കുന്നവളും നിലവിളിച്ചാല്‍ ഓടിയെത്തുന്നവളും സഹായിക്കാന്‍ മനസ്സുള്ളവളുമാണ് അമ്മയെന്ന് നാം അവര്‍ക്ക് പറഞ്ഞുകൊടുക്കണം. അങ്ങനെ അമ്മയോടുള്ള സ്‌നേഹത്തിന്റെ തുടര്‍ച്ചക്കാരാകണം നമ്മള്‍. അത് പരിശുദ്ധ അമ്മയ്ക്ക എത്രത്തോളം സന്തോഷകരമായ കാര്യമായിരിക്കുമെന്നോ?
നമ്മുടെ ചെയ്തികള്‍ കണ്ട് നമ്മുടെ അടുത്തതലമുറയും മാതാവിലേക്ക് കൂടുതല്‍ ചേര്‍ന്നുനില്ക്കട്ടെ.
പരിശുദ്ധ ജപമാലയുടെ റാണീ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.