Thursday, November 21, 2024
spot_img
More

    സാമ്രാജ്യത്വ അധിനിവേശം വഖഫിന്റെ രൂപത്തിലും വരാം!ഫാ. വർഗീസ് വള്ളിക്കാട്ട്

    വഖഫ് നിയമങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രതിസന്ധികളുടെ വെളിച്ചത്തിൽ, വഖഫ് എന്ന ഭരണ സംവിധാനത്തെ മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരാളുടെ മനസ്സിൽ ഉയർന്നുവരുന്ന ചില ചോദ്യങ്ങളുണ്ട്: മതേതര ഇന്ത്യയുടെ രാഷ്ട്രീയത്തിൽ മതാധിപത്യത്തിന്റെ ഉപകരണമായ വഖഫ് എങ്ങനെ കേന്ദ്ര സ്ഥാനത്തു വന്നു? ഇന്ത്യൻ ഭരണഘടനയും നിയമ വ്യവസ്ഥയും മുന്നോട്ടു വയ്ക്കുന്ന സിവിൽ – ക്രിമിനൽ നിയമ വ്യവസ്ഥകളാണ് എല്ലാ ഇന്ത്യക്കാർക്കും ബാധകമെങ്കിൽ, വഖഫ് നിയമത്തിന്റെ പ്രസക്തിയെന്താണ്?
    ഇന്ത്യയിലെ ഇതര മത സമുദായങ്ങൾക്കുള്ളതുപോലുള്ള റിലീജിയസ് – ചാരിറ്റബിൾ ട്രസ്റ്റുകൾകൊണ്ടു സാധിക്കാത്ത എന്താവശ്യമാണ് മുസ്ലീം സമുദായത്തിനു വഖഫ് സംവിധാനങ്ങളിലൂടെ നിർവ്വഹിക്കാനുള്ളത്?

    ഇസ്ലാമിക് തിയോക്രസിയുടെ ഭാഗമായ ഒരു ഭരണ സംവിധാനത്തിന് ഇന്ത്യൻ സെക്കുലർ ജനാധിപത്യ വ്യവസ്ഥയിൽ എന്തു പ്രസക്തിയാണുള്ളത് എന്നതുതന്നെയാണ് വഖഫ് ഉയർത്തുന്ന മുഖ്യമായ വിഷയം. യഥാർത്ഥത്തിൽ, ഇസ്ലാമിക രാഷ്ട്രീയത്തെ സങ്കുചിതവും ആധിപത്യ പ്രവണതയുള്ളതും സാമൂഹ്യ സംഘർഷങ്ങൾക്കു കാരണമുണ്ടാക്കുന്നതുമാക്കുന്നതിൽ മുഖ്യമാണ് കേന്ദ്രീകൃത സ്വത്തുമായി ബന്ധപ്പെട്ട വഖഫ് എന്ന ആശയം. സമുദായത്തിന്റെ സ്വത്തും സ്വത്വവും സംരക്ഷിക്കുക എന്നതിൽ ഊന്നി നിൽക്കുന്ന ഒന്നായി മുസ്ലീം രാഷ്ട്രീയത്തെ ചുരുക്കുന്നതിൽ വഖഫ് വഹിക്കുന്ന പങ്ക് ചെറുതല്ല. ഇന്ത്യപോലെ ഒരു സെക്കുലർ രാജ്യത്ത് നിയമപരമായി, വഖഫ് ഒരനാവശ്യ സംവിധാനമാണ് എന്നു ചിന്തിക്കുന്ന നിയമ വിദഗ്ധർ വളരെപ്പേരുണ്ട്. ഇസ്ലാമിക സ്വത്വരാഷ്ട്രീയത്തെ ഉറപ്പിക്കാനും തീവ്രതരമാക്കാനും ഉപകരിക്കുന്ന ഒരു രാഷ്ട്രീയ ആയുധം എന്ന നിലയിലാണ് രാഷ്ട്രീയക്കാർ വഖഫിനെ സമീപിക്കുന്നത്. വഖഫ് അടിസ്ഥാനപരമായി ഒരു രാഷ്ട്രീയ സ്ഥാപനമാണ്.

    വഖഫുകൾ പലവിധമുണ്ടെങ്കിലും ഒറ്റ നോട്ടത്തിൽ അപകടകരമായതു “ഉപയോക്താവ് മുഖേനയുള്ള വഖഫ്’ എന്ന വിഭാഗത്തിൽ പെട്ട വഖഫ് തന്നെയാണ്. ഉടമയുടെ അറിവോടെയോ സമ്മതത്തോടെയോ ഏതെങ്കിലും ഭൂമിയോ കെട്ടിടമോ അതിന്റെ ഏതെങ്കിലും ഭാഗമോ ഇസ്ലാമിക നിയമപ്രകാരം മതപരമോ ജീവകാരുണ്യമെന്നു മുസ്ലീം നിയമം അംഗീകരിച്ചിട്ടുള്ളതോ ആയ ഉദ്ദേശ്യങ്ങൾക്കായി സ്ഥിരമായി ഉപയോഗിച്ചിട്ടുണ്ടെങ്കിൽ, അത് ഉപയോക്താവ് വഖഫ് ആയി കണക്കാക്കും. കേരളത്തിലെ ചില തീവ്ര മുസ്ലീം സംഘടനകൾ ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രാർത്ഥനാ മുറികൾ അനുവദിക്കണം എന്ന ആവശ്യവുമായി മാനേജുമെന്റുകൾക്കുമേൽ സമ്മർദ്ദം ചെലുത്തുന്ന സംഭവങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ആധിപത്യത്തിന്റെയും അധിനിവേശത്തിന്റെയും ഉപകാരണമായി വഖഫ് നിയമങ്ങൾ ഉപയോഗിക്കപ്പെടാം എന്നതാണ് സ്ഥിതി. പൊതു സ്ഥലങ്ങളിൽ നിസ്കാരവും മറ്റും നടത്തിയും ദർഗകളും മറ്റും ഉണ്ടാക്കി, വഖഫ് നിയമത്തിലൂടെ അത്തരം പൊതു ഇടങ്ങളിൽ അധിനിവേശം നടത്തി സമൂഹത്തിൽ ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമങ്ങളും വർദ്ധിച്ചു വരികയാണ്.

    ശരീയത്തിൽ അധിഷ്ഠിതമായ ‘പുണ്യ ലക്ഷ്യങ്ങൾ’ക്കായാണ് വഖഫുകൾ സൃഷ്ടിക്കുന്നത്. അത് ശാശ്വതവും അവിഭാജ്യവുമാണ് എന്നു കരുതപ്പെടുന്നു. വഖഫുകൾ സൃഷ്ടിക്കുന്നതിന് പ്രമാണം സൃഷ്ടിക്കൽ, അതായത് രജിസ്‌ട്രേഷൻ മുതലായ ഔപചാരികത ആവശ്യമില്ല എന്നതും ശ്രദ്ധേയമാണ്. വഖഫ് വസ്തുവിന്റെ സമർപ്പണം പ്രകടമായിരിക്കണം എന്നില്ലത്രേ! അത് ഉപയോക്താവിലൂടെയോ അതുമായി ബന്ധമുള്ള ആരിലൂടെയും സജ്ജീകരിക്കാവുന്നതാണ്! ഒരിക്കൽ അതു വഖഫായി പ്രഖ്യാപിക്കപ്പെട്ടാൽ, അത് എന്നെന്നേക്കുമായി ഇസ്ലാമിക ദേവനായ അല്ലാഹുവിൽ നിക്ഷിപ്തമാണ് എന്നതാണ് വ്യവസ്ഥ! ഇതിനു സമാനമായി ഇന്ത്യയിൽ മറ്റൊരു സമുദായത്തിനും ഒരു നിയമമോ നടപടിയോ സംവിധാനമോ ഇല്ല!

    വഖഫ് അടിസ്ഥാനപരമായി ഇസ്ലാമിക മത വിശ്വാസത്തിൽ അധിഷ്ഠിതമാണ്. മതേതര സമൂഹത്തിന്റെ നീതിബോധവുമായി അതിനു ബന്ധമില്ല. ശരീയത്തിൽ അധിഷ്ഠിതമായല്ലാതെ വഖഫിന് നിലനിൽപ്പോ പ്രസക്തിയോ ഇല്ല. ഒരു ഇസ്ലാമിക തിയോക്രസിയിൽ മാത്രമേ വഖഫിന് ശരീയത്തു വിഭാവനം ചെയ്യുന്ന രീതിയിൽ പ്രവർത്തിക്കാനാകൂ! മതേതര നീതി ബോധവുമായോ ന്യായ സങ്കല്പവുമായോ അതൊരിക്കലും പൊരുത്തപ്പെടുകയില്ല. എത്രതന്നെ പരിഷ്കരണങ്ങൾ വരുത്തിയാലും കൂടുതൽ ആനുകൂല്യങ്ങളും അധികാരങ്ങളും അവകാശങ്ങളും വേണമെന്ന ആവശ്യമുയിരുന്നതിന്റെ കാരണവും മറ്റൊന്നല്ല. സമ്പൂർണ്ണമായ ഇസ്ലാമികവൽക്കരണത്തിൽ കുറഞ്ഞു യാതൊന്നിനും വഖഫിന്റെ ലക്ഷ്യങ്ങൾ എത്തിപ്പിടിക്കാനുമാകില്ല! കാരണം, വഖഫ് ‘ദാർ അൽ ഇസ്ലാമിന്റെ’ ഭൂമികയിലാണ് സ്ഥിതി ചെയ്യുന്നത്! വഖഫിന്റെ ഒരു പ്രത്യേക നിയമത്തിന്റെ അസ്തിത്വത്തിനു മതേതര ഇന്ത്യയിൽ എത്രത്തോളം പ്രസക്തിയുണ്ട് എന്ന ചോദ്യം ശക്തമായി ഉയർന്നു വരുന്നതിനെ ഈ പശ്ചാത്തലത്തിൽ വേണം കാണാൻ.

    ഇസ്ലാമിക വ്യക്തിനിയമം എന്ന തലത്തിൽ മാത്രം പരിഗണിക്കപ്പെടേണ്ട വഖഫ് എന്ന ശരീയത്തു സംവിധാനത്തെ, ഇന്ത്യൻ ജൂഡീഷ്യറിയുമായും സിവിൽ ഭരണവുമായും കൂട്ടിക്കുഴച്ചു സമൂഹത്തിൽ ഭിന്നതയും സംഘർഷവും വളർത്തുന്ന വർഗീയ രാഷ്ട്രീയം ഒരു രാഷ്ട്രീയ പാർട്ടിയും ഉയർത്തിപ്പിടിക്കാതിരിക്കുന്നതാണ് നാടിന്റെ നന്മക്കും സമാധാന ജീവിതത്തിനും അഭികാമ്യം!

    ഇസ്ലാമിക സാമ്രാജ്യത്വത്തിന്റെയും മത പരിവർത്തനത്തിന്റെയും ഇതര മത വിഭാഗങ്ങളുടെ വസ്തു വകകൾ കവർന്നെടുക്കുന്നതിന്റെയും ആയുധം എന്ന നിലയ്ക്കാണ് ചരിത്രത്തിൽ വഖഫ് അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത് എന്ന് ചരിത്ര വസ്തുതകൾ പരിശോധിക്കുന്നവർക്കറിയാം. സുൽത്താനേറ്റു, മുഗൾ കാലഘട്ടങ്ങളിൽ, കേന്ദ്രീകൃതവും ദിവ്യാധിപത്യ സ്വഭാവത്തോടെയുമുള്ള വഖഫ് ഭരണം ഘാസിമാരുടെയും പിന്നീട് സദ്ർ-അസ്-സുദൂർ എന്ന മത കാര്യാലയത്തിന്റെയും കീഴിൽ പ്രവർത്തിച്ചിരുന്നു. തർക്കമുണ്ടായാൽ ശരിയത്തിനു അനുകൂലമായ നിലപാടെടുക്കാൻ സിറ്റിംഗ് ജഡ്ജി ബാധ്യസ്തനാകുന്നതിന്റെ ചരിത്ര പശ്ചാത്തലം ഇതിൽനിന്നു വ്യക്തമാണ്. മത നിരപേക്ഷ ന്യായബോധത്തിനു വഖഫിന്റെ താല്പര്യങ്ങൾ സംരക്ഷിക്കാനും സമുദായത്തിനു നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യം നേടാനും സാധ്യമാവുകയില്ല എന്നതുതന്നെയാണ് അതിനു കാരണം.

    മുൻവിധി പക്ഷപാതങ്ങളോടെയും ഇസ്ലാമിക പ്രത്യയശാസ്ത്രം അവകാശപ്പെടുന്ന മേൽക്കൈ ഉറപ്പാക്കിയും മാത്രമേ വഖഫ് ബോർഡിനും വഖഫ് ട്രൈബ്യൂണലിനും വഖഫ് തർക്കങ്ങളിൽ തീരുമാനമെടുക്കാൻ കഴിയൂ എന്നത് വഖഫ് എന്ന ആശയത്തിന്റെതന്നെ ഭാഗമാണ്. റവന്യൂ വിഷയങ്ങളിൽ മാത്രമല്ല, സമുദായത്തിന്റെ മതപരവും സാംസ്‌കാരികവുമായ വിഷയങ്ങളിലും വഖഫ് സ്വാധീനം ചെലുത്തുന്നുണ്ട്. തോമസ് അർനോൾഡ്, റിചാർഡ് ഈറ്റൺ തുടങ്ങിയവർ മധ്യയുഗത്തിലെ വഖഫ് രൂപങ്ങളെക്കുറിച്ചു നടത്തിയിട്ടുള്ള വിശദമായ പഠനത്തിൽനിന്ന് ഇക്കാര്യങ്ങൾ വ്യക്തമാകുന്നതാണ്.

    ദേശീയ സ്മാരകങ്ങൾക്കും പുരാതന നിർമ്മിതികൾക്കും പൊതു ഇടങ്ങൾക്കും ഇതര മത സമുദായങ്ങളുടെ ആരാധനാലയങ്ങൾക്കും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ വിസ്തൃതമായ ഭൂവിഭാഗങ്ങൾക്കും വിവിധ സമുദായങ്ങൾ തിങ്ങിപ്പാർക്കുന്ന ഗ്രാമങ്ങൾക്കുമെല്ലാം നേരേ വഖഫ് അവകാശ വാദങ്ങൾ ഉയർന്നുവരുന്ന ഇന്നത്തെ സാഹചര്യത്തിൽ, രാജ്യത്തിന്റെ സമഗ്രതക്കും സമുദായങ്ങളുടെ ഐക്യത്തിനും സമൂഹത്തിന്റെ സമാധാന പൂർണ്ണമായ ജീവിതത്തിനും നിലവിലുള്ള വഖഫ് നിയമത്തിൽ ഒരു പുനർ വിചിന്തനം ആവശ്യമാണ് എന്നു കാണാം.

    യഥാർത്ഥത്തിൽ, നിലവിലുള്ള വഖഫ് നിയമം ബ്രിട്ടീഷ് ഭരണകാലത്തെ വഖഫ് നിയമങ്ങളെക്കാൾ സുൽത്താനെറ്റ് – മുഗൾ ഭരണകാലത്തിന്റെ തുടർച്ചയാണ് എന്നു കാണാവുന്നതാണ്. മുസ്ലീം ഭരണത്തിന്റെ പതനത്തിനു ശേഷം ബ്രിട്ടീഷുകാർ പൊതുവേ വഖഫുകളെ പിന്തുണച്ചിരുന്നില്ല. അവർ പൊതുവേ സെക്കുലർ നിയമത്തിലൂടെയാണ് വഖഫ് സംബന്ധമായ കേസുകൾ കൈകാര്യം ചെയ്തിരുന്നത്. 1919 നു ശേഷം, ഇന്ത്യൻ രാഷ്ട്രീയത്തിൽ വർഗീയ ധ്രുവീകരണം വർധിക്കുകയും കോൺഗ്രസ്സും മുസ്ലീം ലീഗും ബ്രിട്ടീഷുകാരും മുസ്ലീങ്ങളെ ഒപ്പം നിർത്താൻ മത്സരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് 1926, 1934, 1935, 1936 വർഷങ്ങളിൽ, വിവിധ വഖഫ് നിയമങ്ങളുടെ ഒരു കുത്തൊഴുക്കുതന്നെ ഉണ്ടായത്! ഇന്നും വഖഫ് നിയമങ്ങൾക്ക് പല്ലും നഖവും മുളപ്പിക്കാൻ രാഷ്ട്രീയ പാർട്ടികളും ഭരണകൂടങ്ങളും മത്സരിക്കുന്നതിന്റെ യുക്തിയും മറ്റൊന്നല്ല. ഈ പശ്ചാത്തലത്തിൽ വേണം 1954 ൽ ഇന്ത്യയുണ്ടാക്കിയ വഖഫ് നിയമവും, തുടർന്ന് വന്ന ഒരോ വഖഫ് നിയമ പരിഷ്കാരവും വിലയിരുത്താൻ.

    ഇന്നു മുഗൾ സദറിന് സമാനമായ ഒരു അധികാര കേന്ദ്രമായി വഖഫ് ബോർഡുകൾ മാറിയിരിക്കുന്നു! സെക്കുലർ നിയമങ്ങളും ഭരണഘടനയും റവന്യു ഭരണ സംവിധാനവും നോക്കുകുത്തിയാവും വിധം അതിന്റെ അധികാരങ്ങളും ഭരണ സംവിധാനങ്ങളും വളർന്നിരിക്കുന്നു! വഖഫ് സംബന്ധമായ വിഷയങ്ങളിൽ വഖഫ് ബോർഡിന്റെ നിർദേശങ്ങൾ നടപ്പാക്കാൻ സംസ്ഥാന ഭരണകൂടങ്ങൾ കടപ്പെട്ടിരിക്കുന്നു! സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ പ്രീണന രാഷ്ട്രീയത്തിനു നാന്ദി കുറിച്ചത് 1954 ലെ വഖഫ് നിയമത്തിലൂടെ ആയിരുന്നു എന്നു വിലയിരുത്തുന്നവരുണ്ട്. തുടർന്നു വന്ന വഖഫ് നിയമ പരിഷ്കാരങ്ങൾ വിലയിരുത്തിയാൽ, ഈ ആരോപണം അടിസ്ഥാന രഹിതമല്ല എന്ന് ആർക്കും ബോധ്യമാകും.

    1995, 2013 വർഷങ്ങളിൽ കോൺഗ്രസ്സ് സർക്കാരുകൾ കൊണ്ടുവന്ന പരിഷ്കാരങ്ങളാണ് ഇന്നു കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ രൂഷമായിക്കൊണ്ടിരിക്കുന്ന വൻ സാമൂഹ്യ പ്രതിസന്ധികൾക്ക് കാരണമായിരിക്കുന്നത്. ഒപ്പം, “വഖഫ് ബൈ യൂസർ” എന്ന വകുപ്പ് സൃഷ്ടിക്കുന്ന പ്രശ്നങ്ങളും!

    ഇവയെല്ലാം പരിഹരിച്ചു വഖഫ് നിയമങ്ങളെ മുസ്ലീം സമുദായത്തിന്റെ വ്യക്തി നിയമങ്ങളുടെ ഭാഗം മാത്രമായി പരിമിതപ്പെടുത്തുകയോ, രാജ്യത്തിന്റെ പൊതു നിയമമനുസരിച്ചു വഖഫ് വസ്തു വകകൾ സംരക്ഷിക്കുന്നതിനു നിയമപരമായ സംവിധാനങ്ങൾ സൃഷ്ടിക്കുകയോ ചെയ്തുകൊണ്ട് സമൂഹത്തിൽ വർദ്ധിച്ചുവരുന്ന പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളും മുസ്ലീം സമുദായ നേതൃത്വവും തയ്യാറാകും എന്നു പ്രതീക്ഷിക്കാം.

    ഫാ. വർഗീസ് വള്ളിക്കാട്ട്

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!