വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് വ്യാപനം ശക്തിയോടെ തുടരുമ്പോള്‍ ലോക യുവജനസംഗമവും ലോക കുടുംബസംഗമവും മാറ്റിവയ്ക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തീരുമാനിച്ചതായി വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടര്‍ മാറ്റോ ബ്രൂണി മാധ്യമങ്ങളെ അറിയിച്ചു. ഇതനുസരിച്ച് ലോക യുവജനസംഗമം 2023 ഓഗസ്റ്റിലും ലോക കുടുംബസംഗമം 2022 ജൂണിലും നടക്കും. ലിസ്ബണിലും റോമിലുമായിരിക്കും യഥാക്രമം ഈ പ്രോഗ്രാമുകള്‍ നടക്കുക.
ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി പതിനായിരക്കണക്കിനാളുകള്‍ പങ്കെടുക്കുന്ന പ്രോഗ്രാമില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും പങ്കെടുക്കും. മേരി തിടുക്കത്തില്‍ യാത്ര പോയി എന്നതാണ് യൂത്ത് ഡേയുടെ വിഷയം. കുടുംബസ്‌നേഹം ദൈവവിളിയും വിശുദ്ധിയിലേക്കുള്ള വഴിയും എന്നതാണ് കുടുംബസംഗമത്തിന്റെ വിഷയം.
ലോക യുവജനസംഗമവും ലോകകുടുംബസംഗമവും സ്ഥാപിച്ചത് വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ്. ലോക യുവജനസംഗമം 1985 ലും ലോക കുടുംബസംഗമം 1994 ലുമാണ് ആരംഭിച്ചത്. മൂന്നുവര്‍ഷം കൂടുമ്പോഴാണ് ഈ രണ്ടുപ്രോഗ്രാമുകളും നടക്കുന്നത്.