ഔര്‍ലേഡി ഓഫ് പൊണ്‍ടോയ്‌സ് ഒരു മാര്‍ബിള്‍ ശില്പമാണ്. ആറടി ഉയരമാണ് ഇതിനുള്ളത്. നീളം കുറഞ്ഞ ശിരോവസ്്ത്രമാണ് മാതാവിന്റേത്, നീളമുള്ള ഇറുകിയ കൈകളുള്ള ഉടുപ്പാണ് ധരിച്ചിരിക്കുന്നത്. മാതാവിന്റെ കൈയില്‍ ഉണ്ണീശോ.
പൊണ്‍ടോയ്‌സ് ഓയിസ്പാലത്തിന് സമീപമുള്ള ഒരു പുരാതന നഗരമാണ്. പതിമൂന്നാം നൂറ്റാണ്ടിന് മുമ്പുതന്നെ ഇവിടെയൊരു ദേവാലയം സ്ഥിതി ചെയ്തിരുന്നു. മരിയഭക്തനായ ഒരു യുവാവാണ് മാതാവിന്റെ രൂപം കൊത്തിയെടുത്തത്.
1226 ല്‍ ദേവാലയകൂദാശ നടന്നു. 1249 ല്‍ ഇടവകദേവാലയമായി. അതോടെ മാതാവിന്റെ രൂപം പ്രധാനകവാടത്തില്‍ പ്രതിഷ്ഠിച്ചു. സെന്റ് ലൂയിസ് ഒമ്പതാമന്‍ രാജാവ് ഈ ദേവാലയം സന്ദര്‍ശിച്ചിട്ടുണ്ട്. 1431 ല്‍ ഈ ദേവാലയം നശിപ്പിക്കപ്പെട്ടു. പിന്നീട് 1484 ല്‍ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ പൂര്‍്ത്തിയായി. 1580 നും 1650 നും ഇടയില്‍ പ്ലേഗുബാധ പൊട്ടിപ്പുറപ്പെട്ടപ്പോഴും 1849 ല്‍ കോളറ തുടങ്ങിയപ്പോഴും എല്ലാവരും മാതാവിന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കാനായി ഇവിടെയെത്തിയിരുന്നു.
റിഫര്‍മേഷന്റെ കാലത്ത് പ്രൊട്ടസ്റ്റന്റുകാര്‍ മാതാവിന്റെ രൂപം മോഷ്ടിക്കാന്‍ ശ്രമിച്ചുവെങ്കിലും ശ്രമം പരാജയപ്പെട്ടു. അതിനെ തുടര്‍ന്ന് അവര്‍ ഉണ്ണീശോയുടെ ശിരസ് തകര്‍ത്ത് രൂപം നദിയിലേക്ക് വലിച്ചെറിഞ്ഞു. ഒരു മുക്കുവന് ഇത് കിട്ടുകയും വീണ്ടും അത് കൂട്ടിയോജിപ്പിക്കുകയും ചെയ്തു. 1585 ലും 1790 ലും ദേവാലയം ആക്രമിക്കപ്പെട്ടു. ഓരോ തവണയും മാതാവിന്റെ രൂപം സംരക്ഷിക്കപ്പെടുകയും അതിനു ശേഷം വീണ്ടും പുന:സ്ഥാപിക്കുകയും ചെയ്തു. 1800 ല്‍ ദേവാലയം വീണ്ടും പുനരുദ്ധരിക്കപ്പെട്ടു. പ്ലേഗുബാധയില്‍ നിന്ന് തങ്ങളെ രക്ഷിച്ച മാതാവിനോടുള്ള കൃതജ്ഞതാസൂചകമായി പ്രദക്ഷിണം നടത്താറുണ്ട്.