മരിയൻ മിനിസ്ട്രിയിലൂടെ ജപമാലസഖ്യത്തിൽ അംഗങ്ങളാകുവാൻ

നിങ്ങളുടെ പേരും പൂര്‍ണ്ണമായ വിലാസവും പിന്‍കോഡും ഫോണ്‍നമ്പറും ഇമെയിൽ ഐഡിയും സഹിതം japamalasakhyam@marianpathram.com എന്ന ഈമെയിലിലേക്കു അയച്ചുതരുക. ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി അമേരിക്കയിലുള്ള ജപമാല സഖ്യത്തിന്റെ പ്രധാന ഓഫീസുമായി ബന്ധപ്പെടുകയും നിങ്ങളുടെ പേരുകള്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോമലബാര്‍ രൂപതയുടെ അംഗീകാരമുള്ള മരിയന്‍ മിനിസ്ട്രിയുടെ രജിസ്ട്രറില്‍ ചേർക്കുകയും ചെയ്യും. ജപമാല സഖ്യത്തിന്റെ ഓഫീസില്‍ നിന്ന് നിങ്ങളുടെ മെയിലിലേക്കായിരിക്കും ഔദ്യോഗികമായ അറിയിപ്പ് ലഭിക്കുന്നത്. (ഔദ്യോഗിക മറുപടി ഇമെയിലിന്റെ inbox ൽ കാണുന്നില്ല എങ്കിൽ spam ലും തിരയണം) നിങ്ങൾ നൽകുന്ന വിവരങ്ങൾ മറ്റ് ആവിശ്യങ്ങൾക്ക് ഉപയോഗിക്കുന്നതല്ല.

എന്താണ് പരിശുദ്ധ ജപമാല സഹോദര സഖ്യം?
കത്തോലിക്കാസഭയിലെ  അതിപുരാതനമായ ഒരു ആത്മീയ സംഘടനയാണ് പരിശുദ്ധ ജപമാല സഹോദര സഖ്യം.   ഡൊമിനിക്കന്‍സഭാംഗവും പ്രസംഗകനുമായ വാഴ്ത്തപ്പെട്ട അലന്‍ 1470 ല്‍ ആരംഭിച്ചതാണ് ഈ കൂട്ടായ്മ. 1475 ല്‍ സാര്‍വത്രികസഭയുടെ അംഗീകാരം ഈ കൂട്ടായ്മയ്ക്ക് ലഭിച്ചു. തുടര്‍ന്ന് ഡൊമിനിക്കന്‍സഭാംഗങ്ങളുടെ പ്രയത്‌നഫലമായി യൂറോപ്പ് മുഴുവനും പിന്നീട് മറ്റ് ഭൂഖണ്ഡങ്ങളിലേക്കും ഈ കൂട്ടായ്മ വളര്‍ന്നു.
സഖ്യത്തിന്റെ ലക്ഷ്യം
പരിശുദ്ധ അമ്മയെ ജപമാലയിലൂടെ വണങ്ങി  ബഹുമാനിക്കുകയാണ് പരിശുദ്ധ ജപമാല സഖ്യത്തിന്റെ ലക്ഷ്യം. പരിശുദ്ധ അമ്മയുടെ മാതൃസംരക്ഷണവും മാധ്യസ്ഥസഹായവും സഖ്്യത്തിലെ അംഗങ്ങള്‍ക്കുവേണ്ടി നേടിയെടുക്കുക എന്നതാണ്  അംഗങ്ങളുടെ ഒരേയൊരു കടമ.
അംഗങ്ങള്‍ ചെയ്യേണ്ടത്
ആഴ്ചയിലൊരിക്കല്‍ പരിശുദ്ധ ജപമാലയിലെ ഇരുപത്  ദിവ്യ രഹസ്യങ്ങള്‍ ചൊല്ലുക എന്നതുമാത്രമാണ് അംഗങ്ങള്‍ ചെയ്യേണ്ടത്. എന്നാല്‍ എന്തെങ്കിലും കാരണത്താല്‍ ജപമാല ചൊല്ലാന്‍ സാധിക്കാതെ വന്നാലും അതൊരു പാപമാകുന്നില്ല.
ജപമാല ചൊല്ലേണ്ട രീതി
ധ്യാനാത്മകമായിട്ടായിരിക്കണം ജപമാല ചൊല്ലേണ്ടത്.  ഉപയോഗത്തിലിരിക്കുന്ന രഹസ്യങ്ങള്‍ക്ക് പകരം മറ്റൊരു രഹസ്യവും ഉപയോഗിക്കാന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ ദണ്ഡവിമോചനം ലഭിക്കുകയില്ല. വെഞ്ചരിച്ച ജപമാലയാണ് ഉപയോഗിക്കേണ്ടത്. ലോകമെങ്ങുമുള്ള അംഗങ്ങളെ ഓരോ അംഗവും തങ്ങളുടെ ജപമാലയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.  ഇതിനായി പൊതുവായി  ഒരു നിയോഗം ഒരിക്കല്‍വച്ചാല്‍ മതിയാവും. ഇരുപതു ദിവ്യരഹസ്യങ്ങള്‍ ഒറ്റയടിക്ക് ചൊല്ലിത്തീര്‍ക്കണം എന്നുമില്ല. സൗകര്യപ്രദമായരീതിയിലും സമയത്തിലും അത് ചൊല്ലി പൂര്‍ത്തിയാക്കിയാലും മതിയാവും.
ആര്‍ക്കൊക്കെ അംഗങ്ങളാകാം
സ്ത്രീപുരുഷഭേദമോ  പ്രായവ്യത്യാസമോ ജീവിതാവസ്ഥകളിലുള്ള അന്തരമോ ഇല്ലാതെ  ആര്‍ക്കുവേണമെങ്കിലും ജപമാല സഖ്യത്തില്‍ അംഗങ്ങളാകാം. എങ്കിലും ഏഴു വയസു പുര്‍ത്തിയായിരിക്കണം എന്നൊരു നിയമമുണ്ട്. കടമകളെക്കുറിച്ച് ബോധ്യമുള്ളതും കത്തോലിക്കാവിശ്വാസത്തില്‍ വളരുന്നതുമായ ഏതൊരാള്‍ക്കും ഇതിലെ അംഗങ്ങളാകാം. ലോകത്തിലെ വിവിധഭാഗങ്ങളില്‍ നിന്നായി  മരിയഭക്തരായ ആയിരക്കണക്കിന്  ആളുകള്‍ ഇതില്‍ അംഗങ്ങളായുണ്ട്. വിശുദ്ധരും മാര്‍പാപ്പമാരും ഇതിലെ അംഗങ്ങളായിരുന്നു. വിശുദ്ധ ലൂയിസ് ഡി മോണ്‍ഫോര്‍ട്ടിനെ പോലെയുള്ളവര്‍ ഉദാഹരണം.
എങ്ങനെ അംഗമാകാം?
ജപമാല സഖ്യം എന്ന ആത്മീയസംഘടന രൂപീകൃതമായ ഇടവകകളില്‍ ഒരു രജിസ്ട്രറുണ്ട്. ഈ രജിസ്ട്രറില്‍ പേരുചേര്‍ത്താല്‍ മാത്രമേ ഇതില്‍ നി്ന്നുള്ള ആത്മീയനന്മകള്‍ ലഭി്ക്കുകയുള്ളൂ.പ്രാദേശികമായ ഒരു ഗ്രൂപ്പില്‍ അംഗമായാല്‍ പോലും അതിന് സാര്‍വ്വത്രികമായ രീതിയില്‍ അംഗീകാരമുണ്ട്. ഒരിക്കല്‍ അംഗമായാല്‍ മരണമടഞ്ഞാല്‍ പോലും  അംഗത്വം നഷ്ടമാകുന്നുമില്ല.
പരിശുദ്ധ ജപമാല സാഹോദര സഖ്യത്തിലൂടെ ലഭിക്കുന്ന നന്മകള്‍
ദണ്ഡവിമോചനവും മറ്റ് ആനൂകൂല്യങ്ങളും  ഇതിലെ അംഗങ്ങള്‍ക്ക് ലഭിക്കുന്നു. അംഗത്വം ലഭിച്ച ദിവസം തന്നെ ഒരു പൂര്‍ണ്ണദണ്ഡവിമോചനം ലഭിക്കും. ക്രിസ്തുമസ്, ഈസ്്റ്റര്‍, മാതാവിന്റെ പ്രധാന തിരുുനാളുകളായ സ്വര്‍ഗ്ഗാരോപണം, പരിശുദ്ധ ജപമാലയുടെ തിരുനാള്‍ അമലോത്ഭവതിരുനാള്‍,, മംഗളവാര്‍ത്തതിരുനാള്‍, തുട്ങ്ങിയ ദിനങ്ങളിലും ഒരു പൂര്‍ണ്ണദണ്ഡവിമോചനം ഒരു അംഗത്തിന് ലഭിക്കുന്നു. . കുടുംബങ്ങളിലും സമൂഹത്തിലും സന്യാസഭവനങ്ങളിലും എല്ലാം ജപമാല ചൊല്ലുമ്പോള്‍ പൂര്‍ണ്ണ്ദണ്ഡവിമോചനം ലഭിക്കുന്നു. ഒരുപാട് ദൈവാനുഗ്രഹങ്ങള്‍ നേടിത്തരുന്ന ഒന്നാണ് ജപമാലസഖ്യത്തിലെ അംഗത്വം. മരണസമയത്ത് ശക്തി ലഭിക്കാനും ശുദ്ധീകരണസ്ഥലത്ത് നിന്ന് മോചനം പ്രാപിക്കാനും ഇതിലെ അംഗത്വം സഹായകരമാണ്. ഡൊമിനിക്കന്‍ സഭാംഗങ്ങളുടെ വിശുദ്ധകുര്‍ബാനകളിലും സുകൃതങ്ങളിലും ഭാഗഭാക്കാകാനും കഴിയുന്നു.

japamalasakhyam@marianpathram.com