ക്രിസ്തുവുമായി ആഴമായ ബന്ധം സ്ഥാപിക്കണോ? നിങ്ങള്‍ ഈ പാപം ഒഴിവാക്കിയേ തീരൂ..

ആത്മീയപരിവേഷമുള്ള പലരുടെയും ധാരണ തങ്ങള്‍ മറ്റുള്ളവരെക്കാള്‍ ഭേദപ്പെട്ടവരും നല്ലവരുമാണെന്നാണ്. കാരണം തങ്ങള്‍ നിത്യവും പള്ളിയില്‍ പോകുന്നു, വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നു. ദിവ്യകാരുണ്യം സ്വീകരിക്കുന്നു, കൊന്ത ചൊല്ലുന്നു, നോമ്പെടുക്കുന്നു, ദശാംശം നല്കുന്നു. അതുകൊണ്ട് തങ്ങള്‍ വിശുദ്ധമായ ജീവിതമാണ് നയിക്കുന്നതെന്നും മറ്റുള്ളവരെക്കാള്‍ തങ്ങള്‍ നല്ലവരാണെന്നുമാണ് ഇവര്‍ കരുതിപ്പോരുന്നത്.

പക്ഷേ ഇറ്റാലിയന്‍ പുരോഹിതനായ ഫാ. ലോറെന്‍സോ സ്‌കുപോലി പറയുന്നത് ഇതാണ് നമ്മെ ദൈവത്തില്‍ നിന്ന് അകറ്റുന്ന ഏറ്റവും വലിയ പാപം എന്നാണ്. ആത്മീയാഹങ്കാരമാണ് ഇത്. ചുങ്കക്കാരന്‍െയും ഫരിസേയന്റെയും പ്രാര്‍ത്ഥന തന്നെ മനസ്സിലേക്ക് കൊണ്ടുവരൂ. ഫരിസേയന്‍ എന്താണ് പ്രാര്‍ത്ഥിച്ചതെന്നും ചുങ്കക്കാരന്‍ എന്താണ് പ്രാര്‍ത്ഥിച്ചതെന്നും നമുക്കറിയാം. ഫരിസേയയന്റെ വിചാരം ചുങ്കക്കാരനും മോശക്കാരനും താന്‍ നല്ലവനും ആണെന്നായിരുന്നു. നമ്മില്‍ ചിലരുടെയെങ്കിലും വിചാരവും ഇങ്ങനെയാണ്. കാരണം മുകളില്‍ എഴുതിയതുതന്നെ.

പള്ളിയില്‍ പോകുന്നതിന്റെയും ഭക്ത്യാഭ്യാസങ്ങളുടെയും കണക്കുകളാണ് ഇവിടെ നമ്മെ ന്യായീകരിക്കുന്നത്. ഇത് ശരിയായ ആത്മീയത അല്ലെന്നാണ് ഫാ. ലോറെന്‍സോ പറയുന്നത്. അത്തരക്കാര്‍ സ്വന്തം തെറ്റുകള്‍ കാണാന്‍ കണ്ണില്ലാത്തവരാണ്, മറ്റുള്ളവരെ കുറ്റം വിധിക്കുന്നവരാണ്. ഇത്തരക്കാര്‍ ദൈവത്തിന് മുമ്പില്‍ പോലും തങ്ങളുടെ ഭകത്യാഭ്യാസങ്ങളുടെയും ദാനധര്‍മ്മങ്ങളുടെയും പേരു പറഞ്ഞ് നെഞ്ചുവിരിച്ചുനില്ക്കാന്‍ ശ്രമിക്കും.

ക്രിസ്തുവുമായി ആഴമായ വ്യക്തിബന്ധം സ്ഥാപിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ നമുക്ക് ഇത്തരം വിധിയെഴുത്തുകളും മേനിനടിക്കലുകളും വേണ്ട. പകരം ആ ചുങ്കക്കാരന്റെ ഒറ്റവരി പ്രാര്‍ത്ഥന മനസ്സിലുരുവിട്ടാല്‍ മതി.

ശരിയായിരുന്നു ഫരിസേയന്‍ എല്ലാ ഭക്ത്യകൃത്യങ്ങളും അനുഷ്ഠിച്ചിരുന്നു. പക്ഷേ അയാള്‍ക്കൊരിക്കലും എളിമയുള്ള ഹൃദയമുണ്ടായിരുന്നില്ല. എളിമയുള്ള ഹൃദയമുള്ളവരെയാണ് ദൈവം കടാക്ഷിക്കുന്നത്. ഉരുകിയ മനസ്സാണ് ദൈവത്തിന് സ്വീകാര്യമായ ബലി എന്നാണല്ലോ സങ്കീര്‍ത്തനകാരന്‍ പറയുന്നത്.

അതുകൊണ്ട് ദൈവവുമായി ആഴമായ വ്യക്തിബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന നമ്മള്‍ ഒരിക്കലും അനുഷ്ഠിക്കുന്ന ഭക്തകൃത്യങ്ങളുടെ പേരില്‍ അഹങ്കരിക്കാതിരിക്കുകയും അത് ചെയ്യാത്തവരെ പരിഹസിക്കാതിരിക്കുകയും ചെയ്യട്ടെ. ആത്മീയാഹങ്കാരത്തില്‍ നിന്ന് നമുക്ക് ഒഴിഞ്ഞുനില്ക്കാം. അപ്പോള്‍ നാം ദൈവത്തിന് ഇഷ്ടമുള്ളവരായിത്തീരും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.