കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങളോ, വിശുദ്ധ റഫായേല്‍ മാലാഖയോട് പ്രാര്‍ത്ഥിച്ചാല്‍ മതി

കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങളില്ലാത്തവരായി ആരെങ്കിലുമുണ്ടാവുമോ? പുറമേയ്ക്ക് പ്രകടിപ്പി്ക്കാറില്ലെങ്കിലും എത്രയോ നീറുന്ന പ്രശ്‌നങ്ങളുമായിട്ടായിരിക്കും ഓരോ ദമ്പതിമാരും രാപ്പലുകള്‍ തള്ളിനീക്കുന്നത്.

ഇത്തരം ദമ്പതികള്‍ക്കെല്ലാം ആശ്രയിക്കാന്‍ കഴിയുന്ന ശക്തമായ മാധ്യസ്ഥനാണ് വിശുദ്ധ റഫായേല്‍. ബൈബിളില്‍ പരാമര്‍ശിക്കുന്ന മാലാഖമാരില്‍ ഒരാളാണ് റഫായേല്‍. തോബിത്തിന്റെ പുസ്തകത്തിലാണ് റഫായേല്‍ മാലാഖയെ നാം കണ്ടുമുട്ടുന്നത്

അവിടെ ഏഴുതവണ വിവാഹം കഴിച്ചിട്ടും ഭര്ത്താക്കന്മാര്‍ മരിച്ചതിന്റെ പേരില്‍ ദുഷ്പ്രചരണങ്ങള്‍ക്ക് വിധേയയായി കണ്ണീരുകുടിച്ചു കഴിയുന്ന സാറായെ നാം കണ്ടുമുട്ടുന്നു. ആ സാറായെയും തോബിയാസിനെയും തമ്മില്‍ ഒന്നിപ്പിക്കുന്നതും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതും റഫായേല്‍ മാലാഖയാണ്.

അതുകൊണ്ടാണ് ദാമ്പത്യപ്രശ്‌നങ്ങളുടെ മാധ്യസ്ഥനും സഹായകനുമായി റഫായേല്‍ മാലാഖയെ നാം സമീപിക്കുന്നത്. വിശുദ്ധ റഫായേല്‍ മാലാഖയുടെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുന്നതിന് മുമ്പ് ജീവിതപങ്കാളിയോട് രമ്യതയിലാവുകയും മാപ്പ് ചോദിക്കുകയും വേണം. പ്രാര്‍ത്ഥനയും കരുണയും ഒരുമിച്ചുചേരുമ്പോഴാണ് ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുന്നത്.

നമുക്ക് വിശുദ്ധ റഫായേല്‍ മാലാഖയോട് ഇങ്ങനെ പ്രാര്‍ത്ഥിക്കാം:

ഓ മുഖ്യദൂതനായ വിശുദ്ധ റഫായേലേ അങ്ങയുടെ മാധ്യസ്ഥശക്തിയില്‍ ഉറച്ചുവിശ്വസിച്ചുകൊണ്ട് ഞാന്‍ നേരിട്ടുകൊണ്ടിരിക്കുന്ന ദാമ്പത്യത്തിലെ പ്രശ്‌നങ്ങളെയെല്ലാം അങ്ങയുടെ സന്നിധിയിലേക്ക് സമര്‍പ്പിക്കുന്നു. പരസ്പരം മനസ്സിലാക്കാന്‍ കഴിയാതെ പോകുന്ന സാഹചര്യങ്ങളെയും ജീവിതപങ്കാളിയില്‍ നിന്നുണ്ടാകുന്ന തെറ്റിദ്ധാരണകളെയും അവഗണനകളെയും കുത്തുവാക്കുകളെയും എല്ലാം സമര്‍പ്പിക്കുന്നു. അവഎന്റെ ഹൃദയത്തിനേല്പിക്കുന്ന മുറിവുകള്‍ മറ്റാരും അറിയാതെ പോകുന്നവയാണ്.

എന്റെ പ്രിയപ്പെട്ട റഫായേല്‍ മാലാഖയേ ഞങ്ങളുടെ കുടുംബജീവിതത്തെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കുന്ന എല്ലാവിധ പൈശാചികശക്തികളെയും സ്വാധീനങ്ങളെയും നിര്‍വീര്യമാക്കണമേ. തോബിയാസിന്റെയും സാറായുടൈയും ജീവിതത്തെ അനുഗ്രഹിക്കാന്‍ ദൈവത്തിന്റെ ദൂതനായി മാറിയ റഫായേലേ എന്റെ കുടുംബജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്കും അവിടുന്ന് മാധ്യസ്ഥനായി മാറണമേ. ആമ്മേന്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.