വി. യൗസേപ്പിതാവിനോടുള്ള പ്രാർത്ഥന !
ഭാഗ്യപ്പെട്ട മാര്‍ യൗസേപ്പേ, ഞങ്ങളുടെ അനര്‍ത്ഥങ്ങളില്‍ അങ്ങേപക്കല്‍ ഓടിവന്ന്‍ പരിശുദ്ധ ഭാര്യയോട് സഹായം അപേക്ഷിച്ചതിനു ശേഷം അങ്ങേ മദ്ധ്യസ്ഥതയും ഞങ്ങളിപ്പോള്‍ മനോശരണത്തോടെ യാചിക്കുന്നു. ദൈവജനനിയായ അമലോത്ഭവ കന്യകയോട് അങ്ങേ ഒന്നിപ്പിച്ച ദിവ്യ സ്നേഹത്തെക്കുറിച്ചും ഉണ്ണീശോയെ അങ്ങ് ആലിംഗനം ചെയ്ത അങ്ങേ പൈതൃകമായ സ്നേഹത്തെക്കുറിച്ചും ഈശോമിശിഹാ തന്‍റെ തിരുരക്തത്താല്‍ നേടിയ അവകാശത്തിന്‍മേല്‍ കൃപയോടെ നോക്കണമെന്നും അങ്ങയുടെ ശക്തിയാലും മഹത്വത്താലും ഞങ്ങളുടെ ആവശ്യങ്ങളില്‍ ഞങ്ങളെ സഹായിക്കണമെന്നും എളിമയോടെ അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു.
തിരുക്കുടുംബത്തിന്‍റെ എത്രയും വിവേകമുള്ള കാവല്‍ക്കാരാ, ഈശോമിശിഹായുടെ തെരഞ്ഞെടുക്കപ്പെട്ട ജനത്തെ ആദരിക്കേണമേ. എത്രയും പ്രിയമുള്ള പിതാവേ, അബദ്ധത്തിന്‍റെയും വഷളത്വത്തിന്‍റെയും കറകളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളേണമേ. ഞങ്ങളുടെ എത്രയും വല്ലഭമുള്ള പാലകനെ, അന്ധകാര ശക്തികളോട് ഞങ്ങള്‍ ചെയ്യുന്ന യുദ്ധത്തില്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഞങ്ങളെ കൃപയോടെ സഹായിക്കണമേ.
അങ്ങ് ഒരിക്കല്‍ ഉണ്ണിയീശോയെ മരണകരമായ അപകടത്തില്‍ നിന്നും കാത്തുരക്ഷിച്ചതു പോലെ ഇപ്പോള്‍ തിരുസഭയെ ശത്രുവിന്‍റെ കെണിയില്‍ നിന്നും ആപത്തുകളൊക്കെയില്‍ നിന്നും കാത്തുകൊള്ളേണമേ. ഞങ്ങള്‍ അങ്ങേ മാതൃകയനുസരിച്ച് അങ്ങേ സഹായത്താല്‍ ബലം പ്രാപിച്ച് പുണ്യജീവിതം കഴിപ്പാനും നല്ല മരണം ലഭിച്ച് സ്വര്‍ഗ്ഗത്തില്‍ നിത്യഭാഗ്യം പ്രാപിപ്പാന്‍ തക്കവണ്ണം അങ്ങേ മാദ്ധ്യസ്ഥതയാല്‍ ഞങ്ങളെ എല്ലാവരേയും എല്ലായ്പ്പോഴും കാത്തുകൊള്ളണമേ. ആമ്മേന്‍.