നിയമവിരുദ്ധമെന്ന് പോലീസ് ഭാഷ്യം; ദേവാലയത്തില്‍ ഒറ്റയ്ക്ക് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു; വൈദികനെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു

അതിരമ്പുഴ: മദ്ബഹയുടെ വിരി പോലും തുറക്കാതെ സ്വകാര്യമായി സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ വിശുദ്ധ കുര്‍്ബാന അര്‍പ്പിച്ച അസിസ്റ്റന്റ് വികാരി ഫാ. ലിബിന്‍ പുത്തന്‍പറമ്പിലിനെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി. നിരോധനാജ്ഞ നിലനില്‌ക്കെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചത് നിയമവിരുദ്ധമാണെന്നാണ് പോലീസ് ഓഫീസറുടെ വാദം.

എന്നാല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച അന്നുതന്നെ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയും മറ്റും ദേവാലയം അടച്ചതായും തിരുക്കര്‍മ്മങ്ങള്‍ ഉണ്ടായിരിക്കുന്നതല്ലെന്നും അറിയിച്ചിരുന്നതായും ഈ വിവരം പോസ്റ്ററുകള്‍ വഴി പള്ളിയിലും പരിസരങ്ങളിലും പതിച്ചിരുന്നതായും ദേവാലയ അധികൃതര്‍ അറിയിച്ചു. പ്രധാന ഗേറ്റ് പൂട്ടിയിട്ടിരിക്കുകയുമാണ്. ഒരു ചടങ്ങും പള്ളിയില്‍ നടന്നിട്ടില്ല. വൈദികര്‍ സ്വകാര്യമായിട്ടാണ് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത്.

ദേവാലയ ശുശ്രൂഷികള്‍ മാത്രമാണ് വൈദികനൊപ്പം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനുണ്ടായിരുന്നത്. പള്ളിയുടെ വാതില്ക്കല്‍ എത്തി ദേവാലയശുശ്രൂഷിയോട് വിവരം തിരക്കിയ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ കുര്‍ബാനയ്ക്ക് ശേഷം വൈദികനോട് സ്‌റ്റേഷനിലെത്താന്‍ നിര്‍ദ്ദേശം നല്കുകയായിരുന്നു. ഓഫീസറുടെ ഈ നടപടി വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുകയാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.