ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ഛൻ നയിക്കുന്ന വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിന്റെ ക്രമമനുസരിച്ചുള്ള വിമല ഹൃദയ പ്രതിഷ്ഠയും പ്രാർത്ഥനയും

ഈശോയ്ക്ക് പരിശുദ്ധ മറിയത്തിന്റെ കരങ്ങൾ വഴിയുള്ള സമ്പൂർണ്ണസമർപ്പണം പ്രതിഷ്ഠാ ജപം.

നിത്യമായി ഉടലെടുത്ത ജ്ഞാനമേ ! ഏറ്റവും മാധുര്യമുള്ള ആരാധ്യനായ ഈശോയെ ! നിത്യപിതാവിന്റെയും നിത്യകന്യകയുടെയും ഏകപുത്രനായ സത്യദൈവവും പൂർണമനുഷ്യനുമായ ഈശോയെ ! നിത്യതയിൽ പിതാവിന്റെ മഹത്വപൂർണമായ മടിത്തട്ടിൽ ആയിരിക്കുന്ന അങ്ങയെ ഞാൻ ആരാധിക്കുന്നു ; മനുഷ്യാവതാര സമയത്ത്‌ അവിടുത്തോട് ഏറ്റവും അനുരൂപയായ പരിശുദ്ധമറിയത്തിന്റെ വിശുദ്ധോദരത്തിലും അങ്ങയെ ഞാൻ താണു വീണ്ആരാധിക്കുന്നു .
പിശാചിന്റെ ക്രൂരമായ അടിമത്തത്തിൽനിന്ന് എന്നെ രക്ഷിക്കാൻ സ്വയം ശൂന്യനായി ദാസന്റെ രൂപം സ്വീകരിച്ച അങ്ങേക്കു ഞാൻ നന്ദി പറയുന്നു . പരിശുദ്ധമറിയത്തിലൂടെ ഞാനും അങ്ങയുടെ ദാസനായി /ദാസിയായി മാറേണ്ടതിന് പരിശുദ്ധയായ അങ്ങയുടെ അമ്മയ്ക്ക് എല്ലാക്കാര്യത്തിലും വിധേയപ്പെടാൻ അങ്ങ് കാണിച്ച സന്മനസ്സിന് ഞാനങ്ങയെ സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നു . ഹാ , എനിക്കു ദുരിതം ! ഞാൻ അവിശ്വസ്തനും അവിശ്വാസിയും ആയിരുന്നല്ലോ .
മാമോദീസായിൽ ഞാൻ എടുത്ത വ്രതവാഗ്ദാനങ്ങൾ പിഴവുകൂടാതെ പാലിക്കാൻ എനിക്കായില്ല. എന്റെ ഉത്തരവാദിത്വങ്ങൾ ഞാൻ നിറവേറ്റിയില്ല . അങ്ങയുടെ മകനെന്ന് മകളെന്ന് വിളിക്കപ്പെടാൻ ഞാൻ യോഗ്യനല്ല . അങ്ങയുടെ ദാസൻ/ദാസി ആയിരിക്കാനും എനിക്കു സാധിച്ചില്ല . അങ്ങയുടെ കോപവും ക്രോധവും വെളിപ്പെടാനുള്ളത് മാത്രമേ എന്നിലുള്ളൂ . അതിനാൽ ഒറ്റയ്ക്ക് അങ്ങയുടെ പരിശുദ്ധിക്കും മഹത്വത്തിനും മുമ്പിൽ വരാൻപോലും ഞാൻ ഭയക്കുന്നു . ഇക്കാരണത്താലാണ് എന്റെ സഹരക്ഷകയായി അങ്ങെനിക്ക് നല്കിയ അങ്ങയുടെ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം ഞാൻ തേടുന്നത് . പരിശുദ്ധഅമ്മയിലൂടെ എന്റെ പാപങ്ങൾക്കുള്ള മോചനവും അങ്ങയുടെ പ്രീതിയും ജ്ഞാനത്തിന്റെ ലഭ്യതയും അതിലുള്ള നിലനില്പും ഞാൻ പ്രതീക്ഷിക്കുന്നു. ഓ അമലോദ്ഭവയും നന്മനിറഞ്ഞവളുമായ പരിശുദ്ധമറിയമേ , ദൈവത്തിന്റെ ജീവിക്കുന്ന സക്രാരിയേ , നിത്യജ്ഞാനം അങ്ങിൽ മറഞ്ഞിരിക്കാനും മാലാഖമാരാലും മനുഷ്യരാലും ആരാധിക്കപ്പെടാനും അങ്ങു തിരുമനസ്സായി ! ദൈവത്തിനു കീഴിലുള്ള സകലതിൻ്റെയും, തന്റെ സാമ്രാജ്യത്തിന് അധീനമായിട്ടുള്ള സ്വർഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയാണവിടുന്ന്. പാപികളുടെ ഉറപ്പുള്ള സങ്കേതമേ , അങ്ങയുടെ ദയ ആർക്കും നിഷേധിക്കപ്പെടുന്നില്ലല്ലോ . ദൈവീകജ്ഞാനം സ്വീകരിക്കുവാനുള്ള എൻ്റെ ആഗ്രഹത്തെ സ്വീകരിക്കുക : ആ ലക്ഷ്യത്തിനായി ഞാൻ എന്റെ ഇല്ലായ്മയിൽനിന്ന് സമർപ്പിക്കുന്ന വ്രതവാഗ്ദാനങ്ങളെയും കാഴ്ചകളെയും സ്വീകരിക്കണമേ.
( ഇവിടെ മാമ്മോദീസാ പേര് പറയുകയും പ്രതിഷ്ഠാജപം ചൊല്ലിയതിനു ശേഷം പേരെഴുതി ഒപ്പിടുകയും ചെയ്യുക )
ഞാൻ ……………………………….. , അവിശ്വസ്ത(യാ)നായ പാപി , എന്റെ മാമോദീസായിലെ വ്രതങ്ങളെ നവീകരിക്കുകയും ഉറപ്പിക്കുകയും ചെയ്യുന്നു . പിശാചിനെയും അവന്റെ എല്ലാ പ്രവൃത്തികളെയും ആഘോഷങ്ങളെയും ഞാൻ വെറുത്തുപേക്ഷിക്കുന്നു; ഉടലെടുത്ത ജ്ഞാനമായ യേശുവിന് എന്നത്തന്നെ പൂർണമായി സമർപ്പിക്കാനും ജീവിതത്തിലെ എല്ലാ ദിവസവും സ്വന്തം കുരിശെടുത്ത് അവിടത്തെ അനുഗമിക്കാനും എന്നത്തേക്കാളും ഉപരിയായി അവിടത്തോട് വിശ്വസ്ത കാണിക്കാനും ഞാൻ തീരുമാനിക്കുന്നു . ഓ ! പരിശുദ്ധമറിയമേ , സ്വർഗനിവാസികൾ എല്ലാവരുടെയും സാന്നിധ്യത്തിൽ ഈ ദിവസം എന്റെ മാതാവും നാഥയുമായി അങ്ങയെ ഞാൻ സ്വീകരിക്കുന്നു . അങ്ങയുടെ അടിമയായി എന്നെത്തന്ന സമർപ്പിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു . എന്റെ ആത്മാവും ശരീരവും ആന്തരികവും ബാഹ്യവുമായ എല്ലാറ്റിനെയും എന്റെ എല്ലാ നല്ല പ്രവൃത്തികളുടെ യോഗ്യതകളും കഴിഞ്ഞതും ഇപ്പോഴുള്ളതും വരാനിരിക്കുന്നതും, ഒന്നും മാറ്റിവയ്ക്കാതെ, എല്ലാം അങ്ങേയ്ക്കു ഞാൻ സമർപ്പിക്കുന്നു . എന്റെയും എനിക്കുള്ളവയുടെയും മേൽ പരിപൂർണമായ അധികാരാവകാശങ്ങൾ ഞാൻ അങ്ങേയ്ക്കു നല്കുന്നു , സമയത്തിലും നിത്യതയിലും ദൈവമഹത്ത്വത്തിനുവേണ്ടി അങ്ങേ ഹിതാനുസാരം അവയെ വിനിയോഗിച്ചാലും.
കരുണാനിധിയായ കന്യകയേ, അങ്ങേ മാതൃത്വത്തോട് നിത്യജ്ഞാനം പ്രകടിപ്പിച്ച വിധേയത്വത്തോടു യോജിച്ച് ആ വിധേയത്വത്തിന്റെ സ്തുതിക്കായി, എന്റെ അടിമത്തത്തിന്റെ ഈ ചെറിയ സമർപ്പണം അങ്ങ് സ്വീകരിക്കണമേ . അതിനിസ്സാരനും വലിയ പാപിയുമായ എന്റെ മേൽ നിങ്ങൾ ഇരുവർക്കുമുള്ള അധികാരത്തിന് എന്റെ അർച്ചനയായും പരിശുദ്ധത്രിത്വം അങ്ങയുടെമേൽ വർഷിച്ച നിരവധിയായ അനുഗ്രഹങ്ങൾക്ക് കൃതജ്ഞതയായും ഇതു സ്വീക രിച്ചാലും . ഇനിമേൽ എന്നും യഥാർഥ അടിമയെപ്പോലെ അങ്ങേ ബഹുമാനിക്കാനും എല്ലാ കാര്യങ്ങളിലും അങ്ങയെ അനുസരിക്കാനും ആഗ്രഹിക്കുന്നുവെന്ന് ഞാൻ ഇതാ പ്രഖ്യാപിക്കുന്നു .ഓ ! അതുല്യയായ മാതാവേ, അങ്ങേ പ്രിയസുതന് നിത്യ അടിമയായി എന്നെ സമർപ്പിക്കണമേ . അങ്ങുവഴി അവിടുന്ന് എന്നെ രക്ഷിച്ചതുപോലെ, അങ്ങുവഴി അവിടുന്ന് എന്നെ സ്വീകരിക്കുകയും ചെയ്യട്ടെ ! ഓ ! കരുണയുടെ മാതാവേ , യഥാർത്ഥമായ ദൈവിക ജ്ഞാനം ലഭിക്കാൻ തക്കസഹായം എനിക്കു നല്കണമേ . ഇതിനായി , മക്കളെയും അടിമകളെയുംപോലെ അങ്ങു സ്നേഹിക്കുകയും പഠിപ്പിക്കുകയും തീറ്റിപ്പോറ്റുകയും സംരക്ഷിക്കുകയും നയിക്കുകയും ചെയ്യുന്നവരുടെ ഗണത്തിൽ എന്നെയും ചേർക്കണമേ .
ഓ ! വിശ്വസ്തയായ കന്യകേ , എന്നെ അങ്ങയുടെ സുതനും മാംസം ധരിച്ച ജ്ഞാനവുമായ ഈശോമിശിഹായുടെ യഥാർഥ ശിഷ്യനും അനുയായിയും അടിമയുമാക്കണമേ ! അങ്ങനെ അങ്ങയുടെ മാധ്യസ്ഥ്യവും മാതൃകയുംവഴി ഭൂമിയിലെ അവിടുത്തെ പൂർണതയും സ്വർഗത്തിലെ അവിടത്തെ മഹത്ത്വവും എനിക്കു ലഭിക്കുമാറാകട്ടെ . ആമേൻ .

ഒപ്പ് …………………………………….

തീയതി …………………………….