വി. മിഖായേൽ മാലാഖയോടുള്ള പ്രാര്‍ത്ഥന

മുഖ്യദൂതനായ വി.മിഖായേലെ, സ്വർഗ്ഗീയ സൈന്യങ്ങളുടെ പ്രതാപവാനായ പ്രഭോ, ഉന്നതശക്തികളോടും ഇരുളടഞ്ഞ ഈ ലോകത്തിലെ ഭരണകര്‍ത്താക്കളോടും ഉപരിതലങ്ങളിലെ ദുരാത്മാക്കളോടുമുള്ള യുദ്ധത്തിൽ ഞങ്ങളെ സഹായിക്കണമേ. ദൈവം സ്വന്തം ഛായയിൽ സൃഷ്ടിക്കുകയും വലിയ വില കൊടുത്ത് വീണ്ടെടുക്കുകയും ചെയ്ത മനുഷ്യരെ പിശാചിൻറെ ക്രൂരകരങ്ങളിൽ നിന്നും രക്ഷിക്കുവാൻ വരണമേ.

കർത്താവ്‌ രക്ഷിച്ച ആത്മാക്കളെ സ്വർഗ്ഗത്തിലേക്ക് കൂട്ടി കൊണ്ടുപോകുവാൻ നിയുക്തനായിരിക്കുന്നത് അങ്ങ് തന്നെ ആണല്ലോ. ആകെയാൽ ഞങ്ങളുടെ പാദങ്ങളുടെ കീഴിൽ പിശാചിനെ അടിപ്പെടുത്തുവാൻ സമാധാനദാതാവായ ദൈവത്തോട് പ്രാർത്ഥിക്കണമേ. സാത്താൻ ഒരിക്കലും മനുഷ്യരെ കീഴ്പ്പെടുത്തുകയോ തിരുസ്സഭയെ ഉപദ്രവിക്കുകയോ ചെയ്യാതിരിക്കട്ടെ.

കർത്താവിൻറെ കരുണ വേഗം ഞങ്ങളുടെ മേൽ ഉണ്ടാകുന്നതിനായി, ഞങ്ങളുടെ യാചനകൾ അത്യുന്നതൻറെ മുൻപിൽ സമർപ്പിക്കണമേ. ദുഷ്ടജന്തുവും പഴയ സർപ്പവുമായ സാത്താനെയും അവൻറെ കൂട്ടുകാരെയും പിടിച്ചുകെട്ടി പാതാളത്തിൽ തള്ളി താഴ്ത്തണമേ. അവൻ ഒരിക്കലും ഞങ്ങളെ വഴി തെറ്റിക്കാതിരിക്കട്ടെ. ആമ്മേൻ