Day 19-മാതാവിന്റെ വണക്കമാസം
ഈജിപ്തിലേക്കുള്ള തിരുക്കുടുംബത്തിന്‍റെ പലായനവും പ്രവാസ ജീവിതവും
ലോകപരിത്രാതാവിന്‍റെ ജനനത്തില്‍ പ്രപഞ്ചം മുഴുവന്‍ ആനന്ദപുളകിതരായി. പാപത്താല്‍ അധ:പതിച്ച മാനവലോകത്തിനു ഏറ്റവും വലിയ സൗഭാഗ്യവും പ്രത്യാശയും അതു നല്‍കി. ദൈവദൂതന്‍മാര്‍ സ്വര്‍ഗീയമായ ഗാനമാലപിച്ചു. “ഉന്നതങ്ങളില്‍ ദൈവത്തിനു സ്തുതി, ഭൂമിയില്‍ മനുഷ്യര്‍ക്കു സമാധാനവും പ്രത്യാശയും”. ബെത്ലഹത്തിലുണ്ടായിരുന്ന ആട്ടിയടയന്മാരും പൗരസ്ത്യ വിജ്ഞാനികളും അവതീര്‍ണ്ണനായ ദൈവസുതനെ സന്ദര്‍ശിച്ച് ആരാധനയര്‍പ്പിക്കുകയും അവരുടെ ഉപഹാരങ്ങള്‍ കാഴ്ചവയ്ക്കുകയും ചെയ്തു. ഹല്ലേലൂയ്യ എന്ന ഗീതം അലയടിച്ചു.
എന്നാല്‍ യഹൂദന്മാര്‍ക്കു ജനിച്ചിരിക്കുന്ന രാജശിശു തന്‍റെ പ്രതിയോഗിയായിരിക്കുമെന്ന് സേച്ഛാധിപതിയായ ഹേറോദേസ് കരുതി. എല്ലാ സേച്ഛാധിപതികളും ആധുനികയുഗത്തിലും പൗരാണികയുഗത്തിലും ക്രിസ്തുവിനെ തങ്ങളുടെ പ്രതിയോഗിയായിട്ടാണ് കാണുക. അല്ലെങ്കില്‍ സമ്പത്തിനും സ്ഥാനമാനങ്ങള്‍ക്കും ലൗകിക സുഖഭോഗങ്ങള്‍ക്കും പ്രതിബന്ധമായി ക്രിസ്തുവിന്‍റെ പ്രബോധനങ്ങളെ കാണുന്നവരുമുണ്ടാകും.
പൗരസ്ത്യ വിജ്ഞാനികള്‍ യൂദന്മാരുടെ നവജാതനായ രാജശിശുവിനെ കാണുവാനായി വന്നപ്പോള്‍ അക്കാര്യം ഗ്രഹിച്ച ഹേറോദേസ് തന്‍റെ പ്രതിയോഗിയായ രാജശിശുവിനെ വധിക്കുവാന്‍ തീരുമാനിച്ചു. തന്നിമിത്തം ദൈവദൂതന്‍ വി.യൗസേപ്പിന് പ്രത്യക്ഷനായി ശിശുവിനെയും അവന്‍റെ മാതാവിനെയും കൂട്ടിക്കൊണ്ട് ഈജിപ്തിലേക്കു പോകുവാനുള്ള നിര്‍ദ്ദേശം നല്‍കി.
അതനുസരിച്ച് വി.യൗസേപ്പ് പരി.കന്യകയെയും ദിവ്യശിശുവിനെയും കൂട്ടിക്കൊണ്ടു ഈജിപ്തിലേക്കു പലായനം ചെയ്തു. സുദീര്‍ഘമായ ഈ യാത്ര തിരുക്കുടുംബത്തിനു വളരെയധികം ക്ലേശകരമായിരുന്നു. വഴി അജ്ഞാതമാണ്.
അപരിചിതമായ ഒരു രാജ്യം, മണലാരണ്യപ്രദേശം, അപരിചിതമായ യാത്ര സാമ്പത്തികമായും വളരെ ക്ലേശം അനുഭവിച്ചിട്ടുണ്ടാവണം. ഭക്ഷണപാനീയങ്ങള്‍ ലഭിക്കുവാനും ബുദ്ധിമുട്ടുണ്ട്. യാത്രയില്‍ വഴിയരുകിലോ വൃക്ഷച്ചുവട്ടിലോ ഗുഹകളിലോ രാത്രികാലം കഴിക്കേണ്ടതായി വന്നിട്ടുണ്ടാകാം. എന്നാല്‍ ദൈവതിരുമനസ്സിനു വിധേയമായി അതെല്ലാം സസന്തോഷം സ്വീകരിച്ച ദൈവസുതന്‍ ഒരു ഭീരുവിനെപ്പോലെ പലായനം ചെയ്തു.
അപരിചിതമായ ഒരു ദേശത്തു ചെല്ലുമ്പോള്‍ സ്ഥലവാസികള്‍ സംശയദൃഷ്ടിയോടെയായിരിക്കും അവരെ വീക്ഷിച്ചത്. ഈജിപ്ത് യഹൂദന്‍മാരോട് വിദ്വേഷമുള്ള ഒരു രാജ്യമായിരുന്നു. ഈജിപ്തും ഇസ്രായേലുമായി അനേകം യുദ്ധങ്ങള്‍ നടന്നിട്ടുണ്ട്. തന്നിമിത്തം അവര്‍ക്ക് ഈജിപ്തില്‍ ഹൃദ്യമായ ഒരു സ്വാഗതം ലഭിച്ചിരിക്കുകയില്ല. എന്നാല്‍ അപ്പോഴെല്ലാം പരിശുദ്ധ അമ്മയുടെ ഉദരത്തിലെ ഈശോയുടെ സാന്നിദ്ധ്യം അവര്‍ക്കു പ്രത്യാശയും ശക്തിക്കും നല്‍കിയിരിക്കണം.
യാത്രയും പ്രവാസജീവിതവും പ്രത്യാഗമനവും പ.കന്യകയ്ക്ക് വളരെ ദുഃഖമുളവാക്കി എന്നുള്ളത് നിസ്തര്‍ക്കമാണ്. എങ്കിലും അവര്‍ ഈശോയോടുള്ള സ്നേഹത്തെപ്രതി അതിനെയെല്ലാം സഹസ്രം സ്വാഗതം ചെയ്തു. പ.കന്യകയെ അനുകരിച്ച് നാം നമ്മുടെ ജീവിത ക്ലേശങ്ങളെ ക്ഷമാപൂര്‍വ്വമെങ്കിലും അഭിമുഖീകരിക്കുവാന്‍ പരിശ്രമിക്കണം. ദൈവത്തെയും സഹോദരങ്ങളെയും പഴിക്കാതെ ക്രൈസ്തവമായ ധീരതയോടും പ്രത്യാശയോടും കൂടിയാണ് സഹനത്തെ നാം അഭിമുഖീകരിക്കേണ്ടതാണ്.
സംഭവം
കമ്യൂണിസ്റ്റ് റഷ്യയുടെ ശക്തികേന്ദ്രമായ ക്രംലിനില്‍ കൂടി പോകുമ്പോള്‍ ഏറ്റവും അപ്രതീക്ഷിതമായ ഒരു കാഴ്ച കാണാം. റഷ്യയിലെ ഏറ്റവും വലിയ മതവിരുദ്ധരുടെ മദ്ധ്യേ പ.ജനനിയുടെ ഏറ്റവും വലിയ കലാസൗകുമാര്യം തുളുമ്പുന്ന ഒരു ചിത്രം കാണുന്നുണ്ട്. ഇബെരിയന്‍ നാഥ (The Iberian Madonna) എന്ന പേരിലാണ് ഈ ചിത്രം അറിയപ്പെടുന്നത്. റഷ്യ മാനസാന്തരപ്പെടും എന്നു ഫാത്തിമായില്‍ ചെയ്ത വാഗാദാനത്തിന്‍റെ ഒരു അനുസ്മരണമാണ് മോസ്കോയിലെ ഈ ചിത്രം. പ്രസ്തുത ചിത്രം ഗ്രീസിലുള്ള മൗണ്ട് ആതോസ് ആശ്രമത്തിലെ സന്യാസികള്‍ ആലേഖനം ചെയ്തതാണ്. സാര്‍ ആലക്സി എന്ന റഷ്യന്‍ ചക്രവര്‍ത്തി മോസ്കോയില്‍ ഓര്‍ത്തഡോക്സ് സഭയുടെ ഒരു കൗണ്‍സില്‍ 1648-ല്‍ വിളിച്ചുകൂട്ടി.
മൗണ്ട് ആതോസിലെ സന്യാസവര്യരും അതില്‍ സംബന്ധിക്കുന്നതിനായി അവിടെ വന്നുചേര്‍ന്നു. അവര്‍ തങ്ങളുടെ നാഥയുടെ ചിത്രം ആഘോഷപൂര്‍വ്വം സംവഹിച്ചു കൊണ്ടുവന്ന്‍ സാര്‍ ചക്രവര്‍ത്തിക്കു സമ്മാനിച്ചു. ചക്രവര്‍ത്തി അത് അദ്ദേഹത്തിന്‍റെ സ്വകാര്യ കപ്പേളയില്‍ സ്ഥാപിക്കുകയാണ് ചെയ്തത്. ആറു വത്സരത്തിനു ശേഷം റഷ്യയില്‍ മുഴുവന്‍ ഒരു സാംക്രമിക രോഗബാധ ഉണ്ടായി. മരണാസന്നനായ ചക്രവര്‍ത്തി മാതൃസ്വരൂപം തിരികെ കൊണ്ടുവരുന്നതിനു ആവശ്യപ്പെട്ടു. രൂപം ചക്രവര്‍ത്തിയുടെ രോഗശയ്യയ്ക്ക് സമീപം കൊണ്ടുവന്ന ഉടനെ തന്നെ അദ്ദേഹം അത്ഭുതകരമായി രോഗവിമുക്തി പ്രാപിച്ചു.
കൃതജ്ഞത സൂചകമായി ചക്രവര്‍ത്തി ഒരു ചാപ്പല്‍ റെഡ് സ്ക്വയറില്‍ നിര്‍മ്മിച്ച് അവിടെ ഒരു രൂപം സ്ഥാപിച്ചു. അവിടെ ധാരാളം അത്ഭുതങ്ങള്‍ നടന്നു കൊണ്ടിരുന്നു. 1917-ല്‍ കമ്യൂണിസ്റ്റുകാര്‍ മോസ്കോയില്‍ ആധിപത്യം സ്ഥാപിച്ചപ്പോള്‍ ക്രംലിനില്‍ ദൈവ മാതാവിനു പ്രതിഷ്ഠിച്ച ഒരു ദേവാലയം ഉണ്ടായിരിക്കുകയെന്നത് അസ്ഥാനത്തായി. അവര്‍ റഷ്യയിലെ ദേവാലയങ്ങള്‍ നശിപ്പിച്ചപ്പോള്‍ അതും നശിപ്പിച്ചു. പക്ഷെ ഒരു കമ്യൂണിസ്റ്റ് കലാപ്രേമി പ്രസ്തുതരൂപം ഒരു മഹത്തായ കലാസൃഷ്ടിയാണെന്നറിഞ്ഞ് മതവിരുദ്ധ കലാശാലയില്‍ സ്ഥാപിക്കുകയാണുണ്ടായത്. ആ തിരുസ്വരൂപം അവളുടെ വിമലഹൃദയ വിജയത്തെ പ്രതീക്ഷിച്ച് ഇന്നും നിലകൊള്ളുന്നു.
പ്രാര്‍ത്ഥന
ദൈവമാതാവായ പ.കന്യാമറിയമേ, ഈജിപ്തിലേക്കുള്ള പ്രയാണങ്ങളില്‍ അവിടുന്നും അങ്ങേ വിരക്തഭര്‍ത്താവായ മാര്‍ യൗസേപ്പും ഉണ്ണി മിശിഹായും അനേകം യാതനകള്‍ അനുഭവിക്കേണ്ടിവന്നല്ലോ എങ്കിലും അതെല്ലാം ദൈവതിരുമനസ്സിനു വിധേയമായി സന്തോഷപൂര്‍വ്വം സഹിച്ച് ഞങ്ങളുടെ ജീവിതത്തില്‍ ഞങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും ക്ലേശങ്ങളും ക്ഷമാപൂര്‍വ്വം അഭിമുഖീകരിച്ച് സ്വര്‍ഗരാജ്യത്തില്‍ എത്തിച്ചേരുവാനുള്ള അനുഗ്രഹം പ്രാപിച്ചു തരണമേ. അങ്ങ് ജീവിച്ചതും പ്രവര്‍ത്തിച്ചതും ഈശോയ്ക്കു വേണ്ടിയായിരുന്നു. അതുപോലെ ഞങ്ങളും എല്ലാക്കാര്യങ്ങളും ഈശോയ്ക്കുവേണ്ടി ചെയ്യുവാനും സഹിക്കുവാനും ഞങ്ങളെ പ്രാപ്തരാക്കേണമേ.
എത്രയും ദയയുള്ള മാതാവേ
ലുത്തീനിയ
പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ
പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
സുകൃതജപം
വിനയത്തിന്‍റെ മാതൃകയായ കന്യകാമാതാവേ, ഞങ്ങളെ വിനയം പഠിപ്പിക്കണമേ.