Day 22-മാതാവിന്റെ വണക്കമാസം
സഹരക്ഷകയായ പരിശുദ്ധ അമ്മ
ദൈവം മനുഷ്യനെ സൃഷ്ടിച്ചു. പരമോന്നതമായ സ്ഥാനത്തിന് അര്‍ഹനാക്കുകയും ചെയ്തു. പക്ഷെ പാപത്താല്‍ ഈ മഹനീയപദം നമുക്ക് നഷ്ടപ്പെട്ടു. പരിതാപകരമായ ഈ സ്ഥിതിയില്‍ നിന്നും മനുഷ്യകുലത്തെ രക്ഷിക്കുന്നതിന് അനന്തനന്മയായ ദൈവം കാരുണ്യപൂര്‍വ്വം തിരുമനസ്സായി. ആദിമാതാപിതാക്കന്മാരുടെ പതനം നിമിത്തം മനുഷ്യസ്വഭാവത്തില്‍ തന്നെ ഒരു തകിടംമറിച്ചില്‍ സംഭവിച്ചു.
ദൈവപരിപാലന, മനുഷ്യനെ മനുഷ്യന്‍ വഴിയായി പുനരുദ്ധരിക്കുന്നതിനാണ് ക്രമീകരിച്ചത്. പാപപങ്കിലമായ മാനവരാശിക്ക് അതിന്‍റെ തന്നെ പരിത്രാണകൃത്യം നിര്‍വഹിക്കുക അസാദ്ധ്യമാണ്. അതിനാല്‍ ദൈവസുതനായ യേശു മനുഷ്യനായി അവതരിച്ചു. മിശിഹാ അവിടുത്തെ പീഢാനുഭവവും മരണവും വഴി പൈശാചികതയില്‍ അടിമപ്പെട്ട ലോകത്തെ രക്ഷിക്കുന്നു.
കാല്‍വരിയിലെ മഹായജ്ഞം വഴി സമ്പാദിച്ച പ്രസാദവരത്താല്‍ മനുഷ്യകുലത്തെ സ്വപിതാവുമായി അവിടുന്ന്‍ ഐക്യപ്പെടുത്തി. മിശിഹായോടുകൂടി പരിത്രാണകര്‍മ്മത്തിന്‍റെ ഓരോ രംഗത്തിലും ഏറ്റവും കൂടുതല്‍ സഹകരിച്ചു പ്രവര്‍ത്തിച്ച വ്യക്തിയെ നാം കാണുന്നുണ്ട്. അത് ദൈവജനനിയായ പ.കന്യകാമറിയമല്ലാതെ മറ്റാരുമല്ല.
പരിത്രാണകര്‍മ്മത്തിന്‍റെ കേന്ദ്രവും അതിനു മകുടം ചാര്‍ത്തുന്നതുമായ സംഭവമാണ് കാല്‍വരിയിലെ മഹോന്നതമായ ബലി. പ.കന്യക മിശിഹായ്ക്കു വിധേയയായി, മിശിഹായോടുകൂടി അവിടുത്തെ ഹോമബലിയില്‍ ഏറ്റവും വലിയ സഹനത്തിലൂടെ സഹകരിച്ച് ലോകപാപത്തിനു പരിഹാരമര്‍പ്പിക്കുകയും മാനവകുലത്തിന് മുഴുവന്‍വേണ്ടി ആ ത്യാഗം സന്തോഷപൂര്‍വ്വം സഹിക്കുകയും ചെയ്തു.
മനുഷ്യകുലത്തിന്‍റെ നാശത്തിന് ആദവും ഹവ്വയും ഉത്തരവാദികളായതു പോലെ അതിന്‍റെ പരിത്രാണകര്‍മ്മത്തില്‍ രണ്ടാമത്തെ ആദമായ മിശിഹായും പുതിയ ഹവ്വായായ പ.കന്യകയും കാരണഭൂതരായി.
സഭാപിതാക്കന്മാരെല്ലാവരും തന്നെ പ.കന്യകയെ ഹവ്വായോടു ഉപമിച്ചിരിക്കുന്നത് കേവലം ആലങ്കാരികമായിട്ടല്ല. ഈശോയും മേരിയും തമ്മിലുള്ള ഐക്യം അഗാധമായതിനാലാണ്. മിശിഹായുടെ പീഢാനുഭവത്തിന്‍റെ അവസരത്തില്‍ മരിയാംബിക കുരിശിന്‍ചുവട്ടില്‍ സന്നിഹിതയായിരുന്നു (യോഹ.19:22-23). അവള്‍ മാനവവംശത്തെ പ്രതിനിധാനം ചെയ്തുകൊണ്ട് ആ മഹാബലിയോട് യോജിച്ച് സ്വയം സമര്‍പ്പിച്ചു.
മിശിഹായോടുള്ള കന്യാംബികയുടെ സ്നേഹവും ഐക്യവും മഹത്തരമായിരുന്നതിനാല്‍ മിശിഹാ ശാരീരികമായി സഹിച്ചതെല്ലാം പ.കന്യക അവളുടെ ഹൃദയത്തില്‍ സഹിക്കുകയുണ്ടായി. മിശിഹായോടുകൂടി സഹിച്ച മറിയത്തിന്‍റെ സ്നേഹം എത്ര അപാരമാണ്. പരിഹാരമര്‍പ്പിച്ച കൃത്യം എത്ര മഹത്തരമാണ്. അവളുടെ ദൈവമാതൃത്വം വഴി അവള്‍ സകല സൃഷ്ടികള്‍ക്കും അതീതയായിത്തീര്‍ന്നു. എല്ലാ പാപമാലിന്യങ്ങളില്‍ നിന്നും നിശ്ശേഷം വിമുക്തയായി.
ഹൃദയവ്യഥയുടെ തീച്ചൂളയില്‍ നമുക്കുവേണ്ടി പ.കന്യക സ്വയം ഹോമിച്ചു. ഒരു വ്യക്തി പരിപൂര്‍ണ്ണത പ്രാപിക്കുന്നത് മിശിഹായുടെ പരിത്രാണ കൃത്യത്തില്‍ എത്രമാതം സഹകരിക്കുന്നുവോ അതിന്‍റെ തോതനുസരിച്ചാണ്. നരകുലപരിത്രാതാവായ മിശിഹാ കഴിഞ്ഞാല്‍ നമ്മുടെ രക്ഷണീയ കര്‍മ്മത്തില്‍ ഏറ്റവും കൂടുതല്‍ സഹകരിച്ചത് ദൈവമാതാവാണെന്നു നിസ്തര്‍ക്കം പറയുവാന്‍ സാധിക്കും. അതിനാല്‍ പ.കന്യകയേ ‘സഹരക്ഷക’ എന്നു അഭിസംബോധന ചെയ്യുന്നതില്‍ യാതൊരു തെറ്റുമില്ല. തന്നിമിത്തം എല്ലാ മനുഷ്യരും ഈ മാതാവിനെ ബഹുമാനിക്കുകയും അവിടുത്തെ അപദാനങ്ങള്‍ പ്രകീര്‍ത്തിക്കുകയും ചെയ്യേണ്ടതാണ്.
സംഭവം
കേരളത്തിലെ ഒരു ക്രൈസ്തവ ദേവാലയത്തിന്‍റെ മുന്‍വശത്തുള്ള ചാപ്പലില്‍ അമലോത്ഭവ മാതാവിന്‍റെ ഒരു മനോഹരമായ സ്വരൂപമുണ്ട്. ഒരു ദിവസം രണ്ടു മൂന്നു അക്രൈസ്തവര്‍ മദ്യപാനം കഴിഞ്ഞിട്ട് അതിലെ വരുമ്പോള്‍ അവരിലൊരാള്‍ വളരെ ഹീനമായ വിധത്തില്‍ പ.കന്യകയുടെ രൂപത്തെ നോക്കി ഇപ്രകാരം പറഞ്ഞു: “ഇവള്‍ നൃത്തം ചെയ്യാന്‍ ഒരുങ്ങി നില്‍ക്കുകയാണ്. തുടങ്ങടീ നിന്‍റെ നൃത്തം” ഇതു പറഞ്ഞ് അഞ്ചാറടി മുമ്പോട്ടു വച്ചപ്പോള്‍ ഉടനെതന്നെ അയാള്‍ സര്‍പ്പദംശനമേറ്റു. അയാളെ വിഷവൈദ്യന്‍റെ അടുത്തു കൊണ്ടുചെന്നപ്പോള്‍ അയാളുടെ മറുപടി ഇങ്ങനെയായിരിന്നു, “വിഷം ചികിത്സിച്ചു ഭേദപ്പെടുത്തുവാന്‍ സാദ്ധ്യമല്ല, ദൈവകോപമാണ്”. അതിനു പരിഹാരമര്‍പ്പിക്കണമെന്ന്‍ വൈദ്യന്‍ ആവശ്യപ്പെട്ടു. അതനുസരിച്ച് ആ മനുഷ്യനും അയാളുടെ കുടുംബാംഗങ്ങളും ദേവാലയത്തില്‍ വന്നു. പ്രത്യേകം പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചു മരണത്തില്‍ നിന്നു രക്ഷ പ്രാപിക്കുകയും ചെയ്തു. ഇപ്പോള്‍ അവിടുത്തെ അക്രൈസ്തവര്‍ക്കു പോലും മാതാവിനോടു വലിയ ഭക്തിയാണ്.
പ്രാര്‍ത്ഥന
ദൈവമാതാവേ! അവിടുത്തെ ദിവ്യസുതനോടു കൂടി ഞങ്ങളുടെ രക്ഷാകര്‍മ്മത്തില്‍ അവിടുന്നു നിസ്തുലമായ പങ്കുവഹിച്ചുവല്ലോ. ഇനിയും ഞങ്ങളുടെ ഒരോരുത്തരുടേയും രക്ഷണീയ കര്‍മ്മത്തില്‍ അവിടുന്നു സഹകരിക്കുന്നുണ്ട്. ദിവ്യനാഥേ, ഞങ്ങള്‍ എല്ലാവരും സ്വര്‍ഗ്ഗീയ സൗഭാഗ്യത്തില്‍ വന്നുചേരുന്നതുവരെ ഞങ്ങളുടെ നിത്യരക്ഷയ്ക്കാവശ്യമായ എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്കു നല്‍കേണമേ. അങ്ങേ ദിവ്യസുതന്‍റെ രക്ഷാകര്‍മ്മത്തില്‍ സഹകരിച്ച് അജ്ഞാനികളെ മാനസാന്തരപ്പെടുത്തുവാനും അകത്തോലിക്കരുടെ പുനരൈക്യത്തിനും ഇടയാകട്ടെ. നാഥേ, അങ്ങാണ് ഞങ്ങളുടെ പ്രത്യാശ. ഞങ്ങളുടെ അഭയവും ശക്തിയും നീ തന്നെ. ഞങ്ങളെ സഹായിക്കണമേ.
എത്രയും ദയയുള്ള മാതാവേ
ലുത്തീനിയ
പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ
പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
സുകൃതജപം
കുരിശിലെ യാഗവേദിയില്‍ സന്നിഹിതയായ ദൈവമാതാവേ, ഞങ്ങളുടെ ജീവിതബലി പൂര്‍ത്തിയാക്കുവാന്‍ സഹായിക്കണമേ.