Day 29-മാതാവിന്റെ വണക്കമാസം

യഥാര്‍ത്ഥമായ മരിയഭക്തി

ദൈവജനനിയായ കന്യാമറിയത്തിന് നമ്മുടെ ആദ്ധ്യാത്മിക ജീവിതത്തിലുള്ള സ്ഥാനമെന്താണെന്നു മനസ്സിലാക്കിയാല്‍ മാത്രമേ നമുക്ക് അവളുടെ നേരെ ശരിയായ ഭക്തി ഉളവാകുകയുള്ളൂ. ദൈവജനനി, സഹരക്ഷക, ആദ്ധ്യാത്മിക മാതാവ്, സകല വരപ്രസാദങ്ങളുടെയും മദ്ധ്യസ്ഥ എന്നീ വിവിധ നിലകളില്‍ മേരിക്കു നമ്മുടെ ആദ്ധ്യാത്മിക ജീവിതത്തില്‍ സുപ്രധാനമായ സ്ഥാനമുണ്ട്. ദൈവമാതാവ് എന്നുള്ള നിലയില്‍ പ.കന്യക സര്‍വോല്‍കൃഷ്ടമായ വണക്കത്തിനും സ്നേഹാദരങ്ങള്‍ക്കും അര്‍ഹയാണ്. നമുക്ക് മേരിയുടെ നേരെയുള്ള ഭക്തി, സ്നേഹം, ബഹുമാനം, മദ്ധ്യസ്ഥാപേക്ഷ, അനുകരണം, പ്രതിഷ്ഠ എന്നീ മാര്‍ഗ്ഗങ്ങളിലൂടെ പ്രകടമാക്കേണ്ടിയിരിക്കുന്നു.

പരിശുദ്ധ അമ്മ മാതൃ നിര്‍വിശേഷമായ സ്നേഹം നമ്മുടെ നേരെ പ്രദര്‍ശിപ്പിക്കുന്നു. ഒരു ശിശുവിന്‍റെ ശാരീരിക ജീവന്‍ സുരക്ഷിതമാക്കുന്നതിന് മാതൃപരിപാലനം എത്ര ആവശ്യമാണോ അതിലുപരി നമ്മുടെ ആദ്ധ്യാത്മിക ജീവന്‍ സംരക്ഷിക്കുവാനും അതിനെ പരിപോഷിപ്പിക്കുവാനും ദൈവമാതാവിന്‍റെ മാതൃവാത്സല്യം ആവശ്യമാണ്‌. അതുകൊണ്ടുതന്നെയാണ് ഈശോ അവിടുത്തെ അമ്മയെതന്നെ നമ്മുടെ ആദ്ധ്യാത്മിക മാതാവായി നല്‍കിയത്.

കൂടാതെ മേരി സകല വരപ്രസാദങ്ങളുടെയും മദ്ധ്യസ്ഥയാണ്. രക്ഷാകര കർമ്മത്തിൽ ദൈവജനനി വഹിച്ച ഭാഗഭാഗിത്വം അത് വെളിപെടുത്തുന്നു. പരിത്രാണ കര്‍മ്മത്തിന്‍റെ ഫലം നമ്മിലേക്ക് പ്രവഹിക്കുന്നത് മറിയത്തിലൂടെയാണ്. ഒരു ശരീരത്തില്‍ ഹൃദയം ജീവരക്തത്തെ ശരീരത്തിന്‍റെ മറ്റുഭാഗത്ത് എത്തിക്കുന്നതു പോലെ മൗതിക ശരീരത്തില്‍ ആദ്ധ്യാത്മിക ജീവചൈതന്യമായ പ്രസാദവരം എത്തുന്നത് മറിയത്തിലൂടെയാണ്. അവള്‍ ശിരസ്സായ ക്രിസ്തുവിനെയും അവയവങ്ങളേയും തമ്മില്‍ ബന്ധിക്കുന്ന ധമനികൾക്ക് തുല്യമാണ്.

അതിനാല്‍ ജീവന്‍റെ പ്രഭവ സ്ഥാനമായ ക്രിസ്തുവുമായുള്ള ഐക്യത്തിനു മേരിയുമായിട്ടുള്ള ഐക്യം എത്ര ആവശ്യമാണെന്നു ഗ്രഹിക്കുമല്ലോ. ദൈവമാതാവിനോടുള്ള ഭക്തി നമ്മുടെ ആദ്ധ്യാത്മികവും ഭൗതികവുമായ നന്മകള്‍ക്കും ഉപയുക്തമത്രേ. നാം എപ്രകാരമാണ് മറിയത്തോടുള്ള നമ്മുടെ ഭക്തി പ്രകടിപ്പിക്കേണ്ടത്. ഭക്തിയുടെ കാതല്‍ അടങ്ങിയിരിക്കുന്നത് അനുകരണത്തിലും പ്രതിഷ്ഠയിലുമാണ്. ഒന്നാമതായി ദൈവജനനിയെ അനുകരിക്കണം. മറിയത്തില്‍ പ്രശോഭിച്ചിരുന്ന സുകൃതങ്ങള്‍ നമ്മിലേക്ക് പകര്‍ത്തണം. പ്രത്യേകമായി വിമലാംബികയുടെ എളിമ, വിശ്വാസം, പ്രത്യാശ, ഉപവി, വിരക്തി മുതലായ സുകൃതങ്ങള്‍ അഭ്യസിക്കുക. എല്ലാ ക്രിസ്തീയ സുകൃതങ്ങളും ഏറ്റവും വലിയ പൂര്‍ണ്ണതയില്‍ മേരിയില്‍ വിലങ്ങിയിരിക്കുന്നു. രണ്ടാമതായി നമ്മെത്തന്നെ ദൈവജനനിക്ക് പ്രതിഷ്ഠിക്കണം. അവളുടെ സേവനം നമ്മുടെ ജീവിതസാഫല്യമായി കരുതുക.

അനുദിന ജീവിതത്തിലെ ഓരോ പ്രവൃത്തിയിലും മറിയത്തിനു ഒരു സ്ഥാനം നല്‍കേണ്ടിയിരിക്കുന്നു. മരിയചൈതന്യത്തില്‍, ഈശോയ്ക്കു വേണ്ടി മറിയത്തിലൂടെ എല്ലാം ഈശോയ്ക്ക് സമര്‍പ്പിക്കുക. നമ്മുടെ ജീവിതം മരിയാത്മകമായിരിക്കണം. മാതാവിനോടുള്ള ഭക്തി മറ്റുള്ളവരുടെ ഇടയില്‍ പ്രചരിക്കുവാന്‍ നാം പരിശ്രമിക്കണം. വൈകാരികമോ ബാഹ്യമോ ആയ ഭക്തി പ്രകടനത്തെക്കാള്‍ ദൈവശാസ്ത്രത്തിലും വി.ഗ്രന്ഥത്തിലും അധിഷ്ഠിതമായ ആരാധനക്രമ ചൈതന്യത്തിനു അനുയോജ്യമായിരിക്കണം നമ്മുടെ ഭക്തി.

സംഭവം

1960 ഒക്ടോബര്‍ മാസം 13-ാം തീയതി അന്നത്തെ റഷ്യന്‍ പ്രധാനമന്ത്രിയായിരുന്ന ക്രൂഷ്ചേവ് ഐക്യരാഷ്ട്ര ജനറല്‍ അസംബ്ലിയില്‍ നിന്നു കൊണ്ട് ഇപ്രകാരം പ്രഖ്യാപിച്ചു. “ഞങ്ങള്‍ നിങ്ങളെ കുഴിച്ചുമൂടും. എന്നാല്‍ എന്തുകൊണ്ടാണ് ക്രൂഷ്ചേവ് ഇപ്രകാരം പറഞ്ഞതെന്ന് നമുക്ക് അറിഞ്ഞുകൂടായിരുന്നു.

അടുത്ത കാലത്ത് ഇരുമ്പു യവനികയുടെ പിന്നില്‍ നിന്നും നമുക്ക് അത്ഭുതകരമായ ഒരു വാര്‍ത്തയാണ് ലഭിച്ചത്; ക്രൂഷ്ചേവ് ഇപ്രകാരം ഐക്യ രാഷ്ട്ര ജനറല്‍ അസംബ്ലിയില്‍ പ്രഖ്യാപിച്ച ദിവസം റഷ്യ സൈബീരിയായില്‍ ഒരു സൂപ്പര്‍ ബോംബ്‌ പരീക്ഷണം നടത്തുകയായിരുന്നു. ഇന്നുവരെ ഉണ്ടാക്കിയിട്ടുള്ളതില്‍ ഏറ്റവും മാരകമായ ബോംബായിരുന്നു അത്.

ബോംബു സ്ഫോടനം വിജയപ്രദമായിരുന്നെങ്കില്‍ ലോകത്തിലെ ഈശ്വര വിശ്വാസികളും ജനാധിപത്യ രാജ്യങ്ങളും റഷ്യയുടെ അടിമകളാകുമായിരുന്നു. പക്ഷേ ക്രൂഷ്ചേവ് പ്രതീക്ഷിച്ചതുപോലെ ബോംബ്‌ സ്ഫോടനത്തിലൂടെ റഷ്യയുടെ ഏറ്റവും സമര്‍ത്ഥരായ മുന്നൂറോളം ശാസ്ത്രജ്ഞന്‍മാര്‍ മരണമടഞ്ഞു. അന്നേ ദിവസം ലോകത്തിന്‍റെ നാനാഭാഗങ്ങളിലായി നാനൂറോളം രൂപതകളില്‍ മാതാവിന്‍റെ ഫാത്തിമായിലെ ആഹ്വാനമനുസരിച്ച് ജപമാല‍ യജ്ഞങ്ങളും റാലികളും നടത്തിയിരുന്നു. ഇതിനാല്‍, ഇന്നു ലോകത്തില്‍ ഈശ്വരവിശ്വാസികളും ജനാധിപത്യ പ്രേമികളും, സ്വതന്ത്രമായി ജീവിക്കുന്നത് നമ്മുടെ അമ്മ പ.കന്യകാമറിയത്തിന്‍റെ മാതൃപരിലാളനയുടെ ഫലമായിട്ടാണ് എന്നുള്ളത് നിസ്തര്‍ക്കമത്രേ. നമുക്ക് ദൈവജനനിയോട് കൃതജ്ഞരായി ജീവിക്കാം.

പ്രാര്‍ത്ഥന:

പ.കന്യകയെ, അങ്ങ് ഞങ്ങളുടെ സര്‍വ്വ വല്ലഭയായ മദ്ധ്യസ്ഥയാണെന്ന് ഞങ്ങള്‍ക്കറിയാം. അങ്ങേ സ്നേഹിക്കുവാനും അനുകരിക്കുവാനും ഞങ്ങള്‍ക്കു കടമയുണ്ട്. അങ്ങ് ഞങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന അനുഗ്രഹങ്ങള്‍ക്ക് ആത്മാര്‍ത്ഥമായ കൃതജ്ഞത പ്രകാശിപ്പിക്കുന്നു. ഭാവിയിലും ഞങ്ങള്‍ക്കാവശ്യമായ എല്ലാ അനുഗ്രഹങ്ങളും അങ്ങു നല്‍കേണമേ.

ഞങ്ങളുടെ ആദ്ധ്യാത്മികവും ഭൗതികവുമായ ആവശ്യങ്ങളിലും അങ്ങേ സഹായം അനുപേക്ഷണീയമാണ്. പ്രലോഭനങ്ങളിലും വിഷമതകളിലും അങ്ങാണ് ഞങ്ങള്‍ക്കും പ്രത്യാശ. ദുഃഖങ്ങളില്‍ അവിടുന്നാശ്വാസം. നാഥേ, അങ്ങേ കരുണാ കടാക്ഷം ഞങ്ങളുടെ മേല്‍ തിരിക്കേണമേ.

ഞങ്ങളുടെ ഈ പ്രവാസജീവിതത്തിനു ശേഷം അങ്ങയുടെ ഉദരഫലമായ ഈശോയെ ഞങ്ങള്‍ക്കു കാണിച്ചുതരണമേ. കരുണയും മാധുര്യവും വാത്സല്യവും നിറഞ്ഞ കന്യകാമറിയമേ, ഞങ്ങളെ പരിപാലിക്കേണമേ.

എത്രയും ദയയുള്ള മാതാവേ

ലുത്തീനിയ

പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ

പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

സുകൃതജപം

ശാന്തഗുണത്തിനു മാതൃകയായ മറിയമേ ഞങ്ങളുടെ കുടുംബങ്ങളില്‍ ശാന്തി വിതയ്ക്കണമേ.