ഈശോയുടെ തിരുഹൃദയത്തോടുള്ള വണക്കമാസം – മൂന്നാം ദിവസം – മരിയന്‍ പത്രത്തില്‍

ക്രിസ്തുനാഥന്‍റെ സകല‍ ഉപദേശങ്ങളും സ്നേഹത്തിന്റെ പ്രമാണത്തില്‍ അടങ്ങിയിരിക്കുന്നു. ദൈവത്തിലേക്ക് മനുഷ്യനെ ആകര്‍ഷിക്കുന്നതിനു സ്നേഹത്തെക്കാള്‍ ഉചിതമായ മാര്‍ഗ്ഗം ഇല്ല. ദൈവം നമ്മുടെ മേല്‍ പല കടമകളെ ചുമത്തിയിട്ടുണ്ടെങ്കിലും സ്നേഹത്തെക്കാള്‍ ഗൗരവമായും ശക്തിയായും അവിടുന്ന്‍ ഒന്നും ആജ്ഞാപിച്ചിട്ടില്ല. ഈ സ്നേഹം മൂലം നാം അവിടുത്തെ ശിഷ്യരെന്നും സ്നേഹിതരെന്നും അറിയപ്പെടുന്നതിനിടയാകും. മാധുര്യം നിറഞ്ഞ ഈശോയെ, അങ്ങയെ സ്നേഹിക്കുന്നതിനു പാപികളായ ഞങ്ങളെ ക്ഷണിക്കുന്നത് സ്മരിക്കുമ്പോള്‍ വി.ആഗസ്തീനോസിനോടു കൂടെ ഞങ്ങള്‍ ഇപ്രകാരം പറയുന്നു: “കര്‍ത്താവേ, അങ്ങയെ സ്നേഹിക്കുന്നതിനു ഞങ്ങള്‍ക്കു അനുവാദം തരുന്നുവെങ്കില്‍ അതു തന്നെ വലിയ കാര്യമാണ്. എന്നാല്‍ ഞങ്ങള്‍ക്കു അനുവാദം തരിക മാത്രമല്ല, അങ്ങയെ സ്നേഹിക്കുന്നതിനു കല്‍പ്പിക്കുക കൂടെയും ചെയ്യുമ്പോള്‍ ഞങ്ങളുടെ നേരെയുള്ള അങ്ങേ സ്നേഹം അനന്തമാണെന്നുള്ളതിനു സംശയമില്ല”.

ഈശോയെ സ്നേഹിക്കാന്‍ ആഗ്രഹിക്കുന്ന ഭക്തരെ, നിങ്ങള്‍ അനുഭവിക്കുന്ന സങ്കടങ്ങളും, ചെയ്യുന്ന സകല അദ്ധ്വാനങ്ങളും ദൈവസ്നേഹം ലഭിക്കുന്നതിനായി നിയോഗിച്ചിരുന്നുവെങ്കില്‍ എത്രയോ എളുപ്പത്തില്‍ അത് വര്‍ദ്ധിക്കുമായിരുന്നു. വഞ്ചനയും ആപത്തും നിറഞ്ഞ ലൗകികവസ്തുക്കളുടെ പിന്നാലെ നാം ബദ്ധപ്പെട്ടു പാഞ്ഞു കൊണ്ടിരിക്കയാണ്. എന്ത്‌ നേട്ടമാണ് നമുക്കുണ്ടാവുക? ഈശോ വിശുദ്ധ മര്‍ഗ്ഗരീത്തായോട് ഇപ്രകാരം പറഞ്ഞു, “എന്‍റെ ഹൃദയത്തെ സ്നേഹിക്കുന്നവരുടെ ഹൃദയങ്ങളില്‍ ദൈവസ്നേഹം ഞാന്‍ ജ്വലിപ്പിക്കും. എന്‍റെ ദിവ്യഹൃദയഭക്തി കഠിനഹൃദയങ്ങളെ ഇളക്കി, അവയില്‍ ദിവ്യസ്നേഹം ഉദിപ്പിക്കും. തീക്ഷ്ണതയില്ലാത്തവരുടെ ഹൃദയങ്ങളെ ദിവ്യസ്നേഹത്താല്‍ പ്രഭാപൂര്‍ണ്ണമാക്കും.”

ആകയാല്‍ സഹോദരങ്ങളെ! തിരുസ്സഭയുടെ പൂന്തോട്ടത്തില്‍ നട്ടിരിക്കുന്ന തിരുഹൃദയഭക്തി എന്ന ഈ വിശുദ്ധ വൃക്ഷത്തില്‍ നിന്നും എടുക്കേണ്ട ഫലം ദിവ്യസ്നേഹമാണ്. ഈ ദിവ്യസ്നേഹത്തില്‍ നാം എത്രമാത്രം ആഴപ്പെടുന്നോ അത്രയ്ക്കു തന്നെ കഷ്ടാനുഭവങ്ങള്‍ സഹിക്കുന്നതിനുള്ള ശക്തിയും ധൈര്യവും നമ്മില്‍ വര്‍ദ്ധിക്കുകയും ചെയ്യും. ഇതുവഴി നമ്മുടെ ഹൃദയം ഈശോയുടെ ദിവ്യഹൃദയത്തിനു അനുരൂപമാകുമെന്നു മാത്രമല്ല പരിശുദ്ധ ത്രിത്വത്തിന്‍റെ വസതി കൂടി ആയിത്തീരും. അതുകൊണ്ട് ഈ ഭക്തിയില്‍ അനുദിനം വര്‍ദ്ധിച്ചുവരുന്നതിനും മറ്റുള്ളവരും ഈ ഭക്തി അഭ്യസിക്കുന്നതിനും നമുക്കു ശ്രമിക്കാം.

ജപം

ഈശോയുടെ ഏറ്റം പരിശുദ്ധ ദിവ്യഹൃദയമേ, അങ്ങയുടെ അനന്ത സ്നേഹത്തെപ്പറ്റി ധ്യാനിക്കുമ്പോള്‍ എന്‍റെ ഹൃദയം അങ്ങയുടെ നേരെയുള്ള സ്നേഹത്താല്‍ കത്തിജ്വലിക്കുന്നു. എന്‍റെ ജീവനും സര്‍വ്വസമ്പത്തുമായ ഈശോയേ! ഞാന്‍ മുഴുവനും അങ്ങേയ്ക്കുള്ളവനായിത്തീരുവാന്‍ ആഗ്രഹിക്കുന്നു. എന്‍റെ നാവ് അങ്ങയെക്കുറിച്ച് മാത്രം സംസാരിക്കുവാനും എന്‍റെ ഹൃദയം അങ്ങയെ മാത്രം സ്നേഹിക്കുവാനും എപ്പോള്‍ ഇടയാകും? നാഥാ എന്‍റെ ജീവിതം അങ്ങയുടെ സ്നേഹത്തെപ്രതി ആകയില്ലെങ്കില്‍ എനിക്കെന്തു ഫലം? സ്നേഹം നിറഞ്ഞ ഈശോയേ! ഞാന്‍ മുഴുവനും അങ്ങേയ്ക്കുള്ളവനാകുവാനും അങ്ങില്‍ ജീവിക്കാനും അവസാനം എന്‍റെ ആത്മാവിനെ അവിടുത്തെ ദിവ്യഹൃദയത്തില്‍ സമര്‍പ്പിക്കുവാനും എനിക്ക് അനുഗ്രഹം ചെയ്യണമേ.

പ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.

3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി.

സാധുശീലനും വിനീതഹൃദയനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ.

ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ

കര്‍ത്താവേ! അനുഗ്രഹിക്കണമേ.

മിശിഹായേ! അനുഗ്രഹിക്കണമേ.

കര്‍ത്താവേ! അനുഗ്രഹിക്കണമേ.

മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ,

ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,

റൂഹാദക്കുദാശാ തമ്പുരാനേ,

ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ,

നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ,

ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,

അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ,

ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ,

അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ,

ദൈവ ഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ,

ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ,

നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ,

നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ,

സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ,

സകല‍ പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ,

സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ,

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ.

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ.

പ്രാര്‍ത്ഥിക്കാം

സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദ് കൂദാശയുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍.

സുകൃതജപം

ഈശോയുടെ തിരുഹൃദയമേ! എന്‍റെമേല്‍ ദയയായിരിക്കണമേ.