തിരുഹൃദയത്തിന്‍റെ വണക്കമാസം – എട്ടാം ദിവസം – മരിയന്‍ പത്രത്തില്‍

ആകാശത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ സകല വസ്തുക്കളും നിശ്ശൂന്യതയില്‍ നിന്നും സൃഷ്ടിച്ചുണ്ടാക്കിയ സര്‍വ്വശക്തനായ കര്‍ത്താവും മാലാഖമാരുടെയും സ്വര്‍ഗ്ഗവാസികളുടെയും ആരാധനകളെയും സ്തുതിസ്തോത്രങ്ങളെയും നിരന്തരം സ്വീകരിക്കുന്ന സ്രഷ്ടാവും പിതാവുമായ ഈശോയുടെ തിരുഹൃദയം നമ്മില്‍ നിന്ന്‍ എന്ത് ആവശ്യപ്പെടുന്നുവെന്ന് അല്‍പസമയം ധ്യാനിക്കാം. ഈ ദിവ്യഹൃദയം അത്യന്തം സ്നേഹത്തോടും ഔദാര്യത്തോടും കൂടി അവിടുത്തെ സ്നേഹം മുഴുവനായും നമുക്കു നല്‍കുന്നു. മനുഷ്യനാവശ്യമുള്ള സകല നന്‍മകളും സര്‍വ്വ ഭാഗ്യങ്ങളും അനുഗ്രഹഭണ്ഡാഗാരമായ ഈശോയുടെ ദിവ്യഹൃദയത്തില്‍ നിന്നു സ്വീകരിക്കത്തക്കവിധം നമുക്കായി തുറന്നിരിക്കയാണ്.

എന്‍റെ ആത്മാവേ! ഉദാരശീലനായ ദൈവം നിന്നില്‍ നിന്ന് എന്താണ് ചോദിക്കുന്നത്? സമ്പത്തോ, ബഹുമാനമോ ഒന്നും അവിടുന്ന്‍ ഇച്ഛിക്കുന്നില്ല. ഒരു കാര്യം മാത്രമേ ദൈവം നമ്മില്‍ നിന്ന്‍ ആഗ്രഹിക്കുന്നുള്ളൂ. അത് നമ്മുടെ ഹൃദയങ്ങളത്രേ. നമ്മുടെ ഹൃദയത്തെ അതിന്‍റെ എല്ലാവിധ ശക്തിയോടും കൂടി ദൈവത്തിന് സമ്പൂര്‍ണ്ണമായി കീഴ്പ്പെടുത്താത്തിടത്തോളം കാലം അവിടുത്തെ പ്രസാദിപ്പിക്കാന്‍ ഒരിക്കലും സാധ്യമല്ല. “എന്നില്‍ നിന്നും നീ എന്താഗ്രഹിക്കുന്നു” എന്ന്‍ ഒരിക്കല്‍ ലുത്തുഗാര്‍ദ് എന്ന പുണ്യവതിയോടു ഈശോ ചോദിക്കുകയുണ്ടായി. “അങ്ങില്‍ നിന്നും ഞാന്‍ ആഗ്രഹിക്കുന്നത് അവിടുത്തെ ഹൃദയം മാത്രമാകുന്നു.” എന്നായിരുന്നു ആ പുണ്യവതിയുടെ മറുപടി. അപ്പോള്‍ ദിവ്യനാഥന്‍ “ഞാന്‍ ഇതിലും അധികമായി നിന്‍റെ ഹൃദയത്തെ ആഗ്രഹിക്കുന്നു. അതിനാല്‍ നിന്‍റെ ഹൃദയം മുഴുവനും എനിക്ക് തരിക.” എന്നു പറഞ്ഞു.

നമ്മുടെ നാഥനും പിതാവുമായ ദൈവത്തിന്‍റെ ആഗ്രഹം നമുക്കു ശ്രദ്ധാപൂര്‍വ്വം ശ്രവിക്കാം. അവിടുത്തെ ആഗ്രഹം അതിവേഗം നിറവേറ്റുക. നമ്മുടെ ഹൃദയകവാടത്തില്‍ അവിടുന്നു മുട്ടിവിളിക്കുന്നത് ദൈവികാനുഗ്രഹങ്ങളാല്‍ നമ്മെ സമ്പന്നരാക്കുന്നതിനാണ്. ആദ്ധ്യാത്മികവും ഭൗതികവുമായ അനുഗ്രഹങ്ങള്‍ നമ്മില്‍ വര്‍ഷിക്കുവാന്‍ അവിടുന്നാഗ്രഹിക്കുന്നു. അതിനാല്‍ നമ്മിലുള്ള സകല ദുര്‍ഗുണങ്ങളും നീക്കി, മനസ്താപത്തിന്‍റെ കണ്ണുനീരാല്‍ കഴുകി ശുദ്ധീകരിച്ച ഹൃദയവുമായി ദൈവസന്നിധിയില്‍ നമുക്കണയാം.

ജപം

എന്‍റെ ശരണവും ആശ്വാസവും ഹൃദയസമാധാനവുമായ ഈശോയുടെ ദിവ്യഹൃദയമേ, അങ്ങേ ഞാന്‍ ആരാധിക്കുന്നു. ദയയും സ്നേഹവും നിറഞ്ഞ എന്‍റെ രക്ഷിതാവേ! ഹൃദയനാഥാ! അങ്ങയെ ഞാന്‍ സ്നേഹിക്കുന്നുവെങ്കില്‍ അതുമാത്രമെനിക്കു മതിയായിരിക്കുന്നു. അങ്ങേ മുഴുവനും എനിക്കു തന്നിരിക്കുകയാല്‍ എന്‍റെ ഹൃദയം മുഴുവനും അങ്ങേയ്ക്കു നല്‍കാതിരിക്കുന്നത് നന്ദിഹീനതയാണ്. വാത്സല്യനിധിയായ പിതാവേ! എന്‍റെ ഹൃദയത്തിന്‍റെ രാജാവേ! ഇന്നുവരെയും എന്‍റെ താല്പര്യങ്ങള്‍ സൃഷ്ടികളില്‍ ഞാന്‍ അര്‍പ്പിച്ചുപോയി എന്നത് വാസ്തവമാണ്. ഇന്നുമുതല്‍ എന്‍റെ ദൈവമേ! അങ്ങുമാത്രം എന്‍റെ ഹൃദയത്തിന്‍റെ രാജാവും പിതാവും ആത്മാവിന്‍റെ നാഥനും സ്നേഹിതനുമായിരിക്കണമേ. ഭൗതിക വസ്തുക്കള്‍ എല്ലാം എന്നില്‍ നിന്ന്‍ അകലട്ടെ. ദയ നിറഞ്ഞ ഈശോയേ! അങ്ങു മാത്രമെനിക്കു മതിയായിരിക്കുന്നു.

പ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.

3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി.

സാധുശീലനും വിനീതഹൃദയനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ.

ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ

കര്‍ത്താവേ! അനുഗ്രഹിക്കണമേ.

മിശിഹായേ! അനുഗ്രഹിക്കണമേ.

കര്‍ത്താവേ! അനുഗ്രഹിക്കണമേ.

മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ,

ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,

റൂഹാദക്കുദാശാ തമ്പുരാനേ,

ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ,

നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

കന്യക മറിയത്തിന്റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ,

ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,

അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ,

ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ,

അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ,

ദൈവ ഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ,

ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ,

നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ,

നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ,

സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ,

സകല‍ പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ,

സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ,

സകല ഹൃദയങ്ങള്‍ക്കും അധിപനും കേന്ദ്രവുമായ ഈശോയുടെ തിരുഹൃദയമേ,

ജ്ഞാനത്തിന്റെയും അറിവിന്റെയും നിധിയൊക്കെയും ഉള്‍കൊണ്ടിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,

ദൈവത്വത്തിന്‍ പൂര്‍ണ്ണതയൊക്കെയും വസിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ,

നിത്യപിതാവിന് പ്രസാദിച്ചിരിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങള്‍ക്കെല്ലാവര്‍ക്കും സിദ്ധിച്ചിരിക്കുന്ന നന്മകളുടെ സമ്പൂര്‍ണ്ണ നിധിയായ ഈശോയുടെ തിരുഹൃദയമേ,

നിത്യപര്‍വ്വതങ്ങളുടെ ആശയമായ ഈശോയുടെ തിരുഹൃദയമേ,

ക്ഷമയും അധിക ദയയുമുള്ള ഈശോയുടെ തിരുഹൃദയമേ,

അങ്ങേ കൃപ അപേക്ഷിക്കുന്ന സകലരെയും ഐശ്വര്യപ്പെടുത്തുന്ന ഈശോയുടെ തിരുഹൃദയമേ,

ജീവന്റെയും വിശുദ്ധിയുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരമായിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,

നിന്ദകളാല്‍ പൂരിതമായ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളുടെ അക്രമങ്ങള്‍ നിമിത്തം തകര്‍ന്ന ഈശോയുടെ തിരുഹൃദയമേ,

മരണത്തോളം കീഴ് വഴങ്ങിയ ഈശോയുടെ തിരുഹൃദയമേ,

സകല ആശ്വാസങ്ങളുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളുടെ ജീവനും ഉയിര്‍പ്പുമായ ഈശോയുടെ തിരുഹൃദയമേ,

ഞങ്ങളുടെ സമാധാനവും അനുരജ്ഞനവുമായ ഈശോയുടെ തിരുഹൃദയമേ,

പാപങ്ങള്‍ക്ക് പരിഹാരബലിയായ ഈശോയുടെ തിരുഹൃദയമേ,

അങ്ങയില്‍ ആശ്രയിക്കുന്ന രക്ഷയായ ഈശോയുടെ തിരുഹൃദയമേ,

അങ്ങില്‍ മരിക്കുന്നവരുടെ ശരണമായ ഈശോയുടെ തിരുഹൃദയമേ,

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ.

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ.

പ്രാര്‍ത്ഥിക്കാം

സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദ് കൂദാശയുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍.

സുകൃതജപം

ഈശോയുടെ ദിവ്യഹൃദയമേ! എന്നെ മുഴുവന്‍ അങ്ങേയ്ക്കുള്ളവനാക്കണമേ.