ഈശോയുടെ തിരുഹൃദയത്തോടുള്ള വണക്കമാസം – പന്ത്രണ്ടാം ദിവസം – മരിയന്‍ പത്രത്തില്‍
എല്ലാ സദ്‌ഗുണങ്ങളുടെയും വിളനിലമാണ് ഈശോയുടെ ഹൃദയം. എന്നാല്‍ ഈ ദിവ്യഹൃദയം അഗാധമായ എളിമയുടെ അത്ഭുതകരമായ ഒരു മാതൃക കൂടിയാണ്. മനുഷ്യസ്വഭാവം സ്വീകരിച്ച ഈശോ നസ്രത്തെന്ന ഒരു ഗ്രാമമാണ് സ്വവാസത്തിനു തിരഞ്ഞെടുത്തത്. ജറുസലേം പോലുള്ള പട്ടണത്തിലെ സുന്ദരങ്ങളായ കൊട്ടരങ്ങളൊന്നും അവിടുന്നു സ്വീകരിച്ചില്ല. ദരിദ്രയും ഗ്രാമീണയും എന്നാല്‍ സുശീലയും പുണ്യപൂര്‍ണ്ണയുമായ ഒരു സാധാരണ യഹൂദകന്യകയായിരുന്നു അവിടുത്തെ മാതൃപാദം അലങ്കരിക്കാന്‍ ഭാഗ്യം ലഭിച്ച വനിത. അജ്ഞാതനും ദരിദ്രനുമായ ഒരു മരപ്പണിക്കാരന്‍ ആയിരുന്നു അവിടുത്തെ വളര്‍ത്തു പിതാവായ യൗസേപ്പ്. നീതിനിര്‍വഹണത്തിലുള്ള നിഷ്ഠയും താല്‍പര്യവുമായിരുന്നു അദ്ദേഹത്തിന്‍റെ ഏകധനം. സാധാരണക്കാരായ ഈ രണ്ടു വ്യക്തികളുടെ ഇംഗിതങ്ങള്‍ക്ക് കീഴ്വഴങ്ങി മുപ്പതുവര്‍ഷത്തോളം അവിടുന്ന്‍ ഭൂമിയില്‍ ജീവിച്ചു. മനുഷ്യരെ രക്ഷിക്കുവാന്‍ വന്ന ദൈവപുത്രന്‍റെ ഈ അജ്ഞാതവാസത്തിന്‍റെ രഹസ്യം ഇന്നും ആരും പൂര്‍ണ്ണമായി മനസ്സിലാക്കിയിട്ടില്ല.
വിദ്യാഭ്യാസത്തിലോ ധനസ്ഥിതിയിലോ മികച്ച വ്യക്തികളായിരുന്നില്ല ഈശോയുടെ ശിഷ്യന്മാര്‍. ഒന്നാമത്തെ മാര്‍പ്പാപ്പായായി തിരഞ്ഞെടുത്ത വിശുദ്ധ പത്രോസ് അവിശ്വാസിയും, ഗുരുവിനെ പലപ്രാവശ്യം തള്ളി പറഞ്ഞവനുമായിരുന്നു. ദരിദ്രരുടെയും പാപികളുടെയും ഇടയിലാണ് യേശു പ്രവര്‍ത്തിച്ചത്. അവിടുന്നു സ്നേഹിച്ചതും മറ്റാരെയുമല്ല ദരിദ്രരെയും നിരാലംബരേയുമായിരിന്നു. ഗ്രഹിക്കാന്‍ കഴിഞ്ഞ സ്വര്‍ഗ്ഗീയ രഹസ്യങ്ങളെ മീന്‍പിടുത്തക്കാരോടാണ് അവിടുന്ന്‍ ഉപദേശിച്ചത്. ഇതെല്ലാം അവിടുത്തെ എളിമയുടെ ഔന്നത്യം നമ്മെ ഗ്രഹിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു. ഈശോയുടെ പ്രഭാഷണങ്ങളിലെല്ലാം എളിമയെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ട്. “സാധുശീലവും ഹൃദയ എളിമയും നിങ്ങള്‍ എന്നില്‍ നിന്നു പഠിക്കുവിന്‍. നിങ്ങള്‍ ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല. അഹംഭാവികളോടു ദൈവം മത്സരിക്കുകയും എളിമയുള്ളവര്‍ക്ക് തന്‍റെ ദാനങ്ങള്‍ നല്‍കുകയും ചെയ്യുന്നു” ഈ ദിവ്യവചനങ്ങള്‍ എല്ലാം എടുത്ത് കാണിക്കുന്നത് അവിടുത്തെ എളിമയെയാണ്.
അഹങ്കാരം സകല ദുര്‍ഗുണങ്ങളുടെയും ആരംഭവും സകല തിന്മകളുടെയും മാതാവുമാണ്. ശുദ്ധത വിലമതിക്കത്തക്ക പുണ്യമാണെങ്കിലും എളിമയാണ് ഏറ്റം ആവശ്യമായ പുണൃമെന്നാണ് വിശുദ്ധ ബര്‍ണ്ണാദ് അഭിപ്രായപ്പെടുന്നു. എളിമയുള്ള ഒരാത്മാവ് സ്വയം മഹാപാപിയെന്നും ദൈവത്തിന്‍റെ പ്രത്യേക സഹായം കൂടാതെ സ്വയം ഒന്നും ചെയ്യാന്‍ സാദ്ധ്യമല്ലെന്നും ഉറപ്പായി വിശ്വസിക്കുന്നു. അവന്‍ അന്യനു ലഭിക്കുന്ന ആദ്ധ്യാത്മികവും ഭൗതികവുമായ നന്മകള്‍ സ്വന്തമെന്ന പോലെ വിചാരിച്ചു സന്തോഷിക്കയും, നേരിടുന്ന മാനസികവും കായികവുമായ വേദനകളില്‍ ദൈവതിരുമനസ്സിനു കീഴ്വഴങ്ങി ഏറ്റം സംതൃപ്തിയോടെ അവയെ സഹിക്കയും ചെയ്യുന്നു.
അഹംഭാവത്താല്‍ വ്രണപ്പെട്ട എന്‍റെ ആത്മാവേ! നീ എന്തുകൊണ്ട് ഇത്ര ഗൗരവഭാവം നടിക്കുന്നു? സ്വര്‍ഗ്ഗരാജ്യത്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ടവരായ വിശുദ്ധാരൂപികളുടെയും പറുദീസായില്‍ വെച്ചു ദൈവം മെനഞ്ഞെടുത്ത ആദിമാതാപിതാക്കളുടെയും അഹംഭാവത്തിനു വന്ന ഘോരശിക്ഷയും നമുക്കു ധ്യാനവിഷയമാക്കാം. ദിവ്യനാഥന്‍റെ വിനീത ജീവിതമായിരിക്കട്ടെ നമ്മുടെ നിരന്തര ധ്യാനവിഷയം.
ജപം
രാജാധിരാജനും എല്ലാ സൃഷ്ടികളുടെയും പ്രഭുവുമായ ഈശോയേ! അങ്ങേ ഞാന്‍ ആരാധിക്കുന്നു. സന്തോഷപൂര്‍ണ്ണവും സുഖസമൃദ്ധവുമായ സ്വര്‍ഗ്ഗത്തില്‍ നിന്നും അങ്ങിറങ്ങി ഞങ്ങളുടെ ഇടയില്‍ മനുഷ്യനായി പിറക്കുകയും അവര്‍ണ്ണനീയമായ അപമാനവും ക്ലേശപൂരിതമായ കുരിശുമരണവും ഞങ്ങളോടുള്ള സ്നേഹത്തെപ്രതി അങ്ങു സഹിക്കയുണ്ടായല്ലോ. സ്നേഹം നിറഞ്ഞ ഈശോയെ, അഗാധമായ അങ്ങയുടെ എളിമയുടെ മുമ്പില്‍ അഹങ്കാര പ്രമത്തനായി ഞാനിതാ നില്‍ക്കുന്നു. അങ്ങയുടെ ദിവ്യഹൃദയത്തില്‍ നിന്നും പുറപ്പെടുന്ന എളിമയുടെ പ്രകാശക്കതിരുകള്‍ എന്‍റെ ഹൃദയത്തിലും തട്ടുവാന്‍ അനുഗ്രഹം ചെയ്യണമേ.
പ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.
3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി.
സാധുശീലനും വിനീതഹൃദയനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ.
ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ
കര്‍ത്താവേ! അനുഗ്രഹിക്കണമേ.
മിശിഹായേ! അനുഗ്രഹിക്കണമേ.
കര്‍ത്താവേ! അനുഗ്രഹിക്കണമേ.
മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.
ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ,
ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,
റൂഹാദക്കുദാശാ തമ്പുരാനേ,
ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ,
നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ,
(ഞങ്ങളെ അനുഗ്രഹിക്കണമേ)
കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ,
ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,
അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ,
ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ,
അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ,
ദൈവ ഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ,
ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ,
നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ,
നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ,
സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ,
സകല പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ,
സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ,
സകല ഹൃദയങ്ങള്‍ക്കും അധിപനും കേന്ദ്രവുമായ ഈശോയുടെ തിരുഹൃദയമേ,
ജ്ഞാനത്തിന്റെയും അറിവിന്റെയും നിധിയൊക്കെയും ഉള്‍കൊണ്ടിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,
ദൈവത്വത്തിന്‍ പൂര്‍ണ്ണതയൊക്കെയും വസിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ,
നിത്യപിതാവിന് പ്രസാദിച്ചിരിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ,
ഞങ്ങള്‍ക്കെല്ലാവര്‍ക്കും സിദ്ധിച്ചിരിക്കുന്ന നന്മകളുടെ സമ്പൂര്‍ണ്ണ നിധിയായ ഈശോയുടെ തിരുഹൃദയമേ,
നിത്യപര്‍വ്വതങ്ങളുടെ ആശയമായ ഈശോയുടെ തിരുഹൃദയമേ,
ക്ഷമയും അധിക ദയയുമുള്ള ഈശോയുടെ തിരുഹൃദയമേ,
അങ്ങേ കൃപ അപേക്ഷിക്കുന്ന സകലരെയും ഐശ്വര്യപ്പെടുത്തുന്ന ഈശോയുടെ തിരുഹൃദയമേ,
ജീവന്റെയും വിശുദ്ധിയുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരമായിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,
നിന്ദകളാല്‍ പൂരിതമായ ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളുടെ അക്രമങ്ങള്‍ നിമിത്തം തകര്‍ന്ന ഈശോയുടെ തിരുഹൃദയമേ,
മരണത്തോളം കീഴ് വഴങ്ങിയ ഈശോയുടെ തിരുഹൃദയമേ,
സകല ആശ്വാസങ്ങളുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളുടെ ജീവനും ഉയിര്‍പ്പുമായ ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളുടെ സമാധാനവും അനുരജ്ഞനവുമായ ഈശോയുടെ തിരുഹൃദയമേ,
പാപങ്ങള്‍ക്ക് പരിഹാരബലിയായ ഈശോയുടെ തിരുഹൃദയമേ,
അങ്ങയില്‍ ആശ്രയിക്കുന്ന രക്ഷയായ ഈശോയുടെ തിരുഹൃദയമേ,
അങ്ങില്‍ മരിക്കുന്നവരുടെ ശരണമായ ഈശോയുടെ തിരുഹൃദയമേ,
—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,
കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ.
—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,
കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,
കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ.
പ്രാര്‍ത്ഥിക്കാം
സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദ് കൂദാശയുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍.
സുകൃതജപം
ഹൃദയ ശാന്തതയും എളിമയുമുള്ള ഈശോയുടെ ദിവ്യഹൃദയമേ! എന്‍റെ ഹൃദയം അങ്ങേ ഹൃദയത്തിനു സാദൃശ്യമാക്കിയരുളണമേ.