തിരുസഭയ്ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന

“യുഗാന്തം വരെ എന്നും ഞാന്‍ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും” (മത്താ. 28/20) എന്നരുള്‍ചെയ്ത ഈശോ നാഥാ, അപകടങ്ങള്‍ നിറഞ്ഞ ഈ ലോകയാത്രയില്‍ അങ്ങയുടെ പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ തിരുസഭയെ കാത്തുരക്ഷിക്കുകയും നയിക്കുകയും ചെയ്യേണമേ.

ഞങ്ങളുടെ വൈദികരേയും സന്യാസീ സന്യാസിനികളേയും, അല്‍മായ സഹോദരങ്ങളെയും, വിശ്വാസ തീക്ഷ്ണതയിലും ജീവിത വിശുദ്ധിയിലും വളര്‍ത്തണമേ. അബദ്ധ സിദ്ധാന്തങ്ങളാല്‍ വശീകരിക്കപ്പെട്ട് സഭാജീവിതത്തില്‍ നിന്ന്‍ അകന്ന് പോയിക്കൊണ്ടിരിക്കുന്ന വിശ്വാസികളെ, പ്രത്യേകിച്ച് ഞങ്ങളുടെ യുവജനങ്ങളെ, തീക്ഷ്ണമായ ദൈവവിശ്വാസത്തിലേയ്ക്കും ആദ്ധ്യാത്മികതയിലേയ്ക്കും ആനയിക്കണമേ. സഭയുടെ താല്‍പര്യങ്ങളെ സംരക്ഷിക്കാനും ദൈവസ്നേഹത്തില്‍ അടിയുറച്ച പരസ്നേഹ ജീവിതത്തില്‍ നിലനില്‍ക്കാനുമുള്ള സന്നദ്ധതയും തീക്ഷ്ണതയും അവര്‍ക്കു നല്‍കണമേ.

പരിശുദ്ധ കന്യാമറിയമേ, വി.യൗസേപ്പിതാവേ, ഞങ്ങളുടെ പിതാവായ മാര്‍ തോമാശ്ലീഹായേ, തിരുസ്സഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. മുഖ്യദൂതനായ വി. മിഖായേലെ, പിശാചിന്‍റെ കെണികളില്‍ നിന്നും ആന്തരികവും ബാഹ്യവുമായ ആക്രമണങ്ങളില്‍ നിന്നും തിരുസഭയെ സംരക്ഷിക്കണമേ. അങ്ങനെ ഐക്യത്തിലും സമാധാനത്തിലും സ്വര്‍ഗ്ഗോമുഖമായി ജീവിക്കുവാന്‍ ഞങ്ങള്‍ക്കിടയാകട്ടെ. ആമ്മേന്‍.