യൗസേപ്പിതാവിന്റെ വണക്കമാസം 27 ാം തീയതി

എല്ലാവരും അവനെപ്പറ്റി പ്രശംസിച്ചു പറയുകയും അവന്റെ നാവില്‍നിന്നു പുറപ്പെട്ട കൃപാ വചസ്സു കേട്ട് അദ്ഭുതപ്പെടുകയും ചെയ്തു. ഇവന്‍ ജോസഫിന്റെ മകനല്ലേ എന്ന് അവര്‍ ചോദിച്ചു” (ലൂക്കാ 4:22).

മറ്റു വിശുദ്ധന്‍മാരേക്കാള്‍ വിശുദ്ധ യൌസേപ്പ് പിതാവിന് തിരുസഭ നല്‍കുന്ന പരിഗണന

വിശുദ്ധന്‍മാരെ ബഹുമാനിക്കുന്നതില്‍ തിരുസഭ ചില മാനദണ്ഡങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. പ. കന്യകയ്ക്കു നല്‍കുന്ന വണക്കത്തെ അതിവണക്കം (hyperbulia) എന്നു പറയുന്നു. മറ്റു വിശുദ്ധന്‍മാര്‍ക്കു നല്‍കുന്ന ബഹുമാനത്തിന് വണക്കം (bulia) എന്നത്രേ പറയുന്നത്. മറ്റു വിശുദ്ധന്‍മാരില്‍ എല്ലാം കൊണ്ടും ഏറ്റം സമാദരണീയന്‍ നമ്മുടെ പിതാവ് മാര്‍ യൗസേപ്പത്രേ. അദ്ദേഹം ഭൂമിയില്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ പ്രതിപുരുഷനായിരുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ മര്‍ത്യനായി അവതരിച്ച സുതനായ ദൈവത്തിന്‍റെ വളര്‍ത്തുപിതാവ്.

പരിശുദ്ധാത്മാവിന്‍റെ നിര്‍മ്മല മണവാട്ടിയുടെ വിരക്തഭര്‍ത്താവ് എന്നീ നിലകളില്‍ വീക്ഷിക്കുമ്പോള്‍ നമ്മുടെ വത്സല പിതാവ് ദൈവമാതാവ് കഴിഞ്ഞാല്‍ മാനവകുലത്തില്‍ ഏറ്റവും ബഹുമാന്യനും വിശുദ്ധനും അഥവാ വണക്കത്തിനും അര്‍ഹനാണ്.

തിരുസഭാംബിക വിശുദ്ധ യൗസേപ്പിതാവിന്‍റെ അപദാനങ്ങളെ പ്രകീര്‍ത്തിക്കുന്നതില്‍ ഏറെ ശ്രദ്ധ ചെലുത്തിയിരിന്നു. ആദിമ ശതകങ്ങളില്‍ അവതരിപ്പിച്ച നിത്യവചനത്തിന്‍റെ വ്യക്തിത്വത്തിലാണ് തിരുസഭ അവളുടെ ശ്രദ്ധ കൂടുതലായി പതിച്ചത്. അതിനുശേഷം ദൈവജനനിയോടുള്ള ഭക്തിയില്‍ പുരോഗമിച്ചു. പിന്നീട് മാര്‍ യൗസേപ്പിനോടുള്ള ഭക്തി പരിപോഷിപ്പിക്കുന്നതിലും സഭാമാതാവ് തത്പരയായിരുന്നു.

വിശുദ്ധന്‍മാരെ ബഹുമാനിക്കുമ്പോള്‍ അതിലൂടെ സഭയുടെ സന്താനങ്ങള്‍ക്കുളവാകുന്ന ആദ്ധ്യാത്മിക നന്മയാണ് വിശുദ്ധരെ ബഹുമാനിക്കുന്നതിനുള്ള പ്രചോദകമായ വസ്തുത. മാര്‍ യൗസേപ്പിതാവിനെ ബഹുമാനിക്കുമ്പോള്‍ മറ്റു വിശുദ്ധരെ ബഹുമാനിക്കുന്നതില്‍ കൂടുതലായ പ്രയോജനമുണ്ടാകുമെന്ന്‍ നിസംശയം പറയാം. അത്കൊണ്ട് തന്നെ പരിശുദ്ധ കന്യകാമറിയം കഴിഞ്ഞാല്‍ മാര്‍ യൗസേപ്പിനോട് മറ്റു വിശുദ്ധന്‍മാരെ അപേക്ഷിച്ച് തിരുസഭ കൂടുതല്‍ ഭക്തി പ്രകടിപ്പിക്കുന്നു.

മാര്‍ യൗസേപ്പ് ഭൂമിയില്‍ പിതാവായ ദൈവത്തിന്‍റെ സ്ഥാനക്കാരനായിരുന്നു. പുത്രനായ ദൈവത്തിന്‍റെ വളര്‍ത്തു പിതാവും പരിശുദ്ധാത്മാവിന്‍റെ മണവാട്ടിയായ പരിശുദ്ധ കന്യകയുടെ വിരക്ത ഭര്‍ത്താവുമായിരുന്നല്ലോ. തിരുക്കുടുംബ നാഥന്‍ എന്നുള്ള നിലയില്‍ തിരുസഭയുടെ ഭാഗധേയങ്ങളില്‍ മാര്‍ യൗസേപ്പ് അതീവ ശ്രദ്ധാലുവാണ്. തന്നിമിത്തം സഭയുടെ സാര്‍വ‍ത്രിക മദ്ധ്യസ്ഥനായി പ്രഖ്യാപിച്ചിരിക്കുന്നു. മാര്‍ യൗസേപ്പിനെ എല്ലാവരും കൂടുതലായി ബഹുമാനിക്കണമെന്നു തിരുസഭ ആഗ്രഹിക്കുന്നുണ്ട്. ആദ്ധ്യാത്മികവും ശാരീരികവും ഭൗതികവുമായിട്ടുള്ള എല്ലാ ആവശ്യങ്ങളിലും മാര്‍ യൗസേപ്പ് നമ്മെ സഹായിക്കുമെന്നുള്ളത് ഉറപ്പാണ്.

സംഭവം

1863-ല്‍ ലിയോണ്‍സ് നഗരത്തില്‍ വലിയൊരു സാംക്രമിക രോഗബാധ ഉണ്ടായി. ദിവസം പ്രതി അനേകം പേര്‍ മരണമടഞ്ഞു. സാംക്രമിക രോഗബാധ അറിയാതിരുന്ന ഒരു പ്രഭു ലിയോണ്‍സ് നഗരത്തിലേക്ക് സ്വപുത്രനേയും കൊണ്ട് പുറപ്പെട്ടു. അവിടെ ചില ദിവസങ്ങള്‍ താമസിക്കുന്നതിനു ശേഷമാണ് പട്ടണത്തില്‍ സാംക്രമിക രോഗം പടര്‍ന്നു പിടിച്ചിരിക്കുന്നു എന്ന വസ്തുത അദ്ദേഹം അറിയുന്നത്.

കാര്യനിര്‍വഹണം കഴിഞ്ഞ് മകനുമൊത്ത് പ്രഭു വീട്ടിലെത്തി. ഭവനത്തിലെത്തിയ ഉടന്‍ മകന്‍ രോഗബാധിതനായി. തന്നിമിത്തം സമര്‍ത്ഥരായ ഭിഷഗ്വരന്‍മാരെ തന്നെ വൈദ്യ പരിചരണം നല്‍കി. പക്ഷേ, രോഗം ഗുരുതരമായിത്തീര്‍ന്നു. മരണം സുനിശ്ചിതമെന്ന്‍ ഡോക്ടര്‍മാര്‍ വിധിച്ചു. എന്നാല്‍ പ്രഭു വിശുദ്ധ യൗസേപ്പിതാവിന്‍റെ ഭക്തനായിരുന്നതിനാല്‍ വന്ദ്യപിതാവിനോടുള്ള ഒരു നവനാള്‍ പ്രാര്‍ത്ഥന ആരംഭിച്ചു.

സാംക്രമിക രോഗം മറ്റുള്ളവര്‍ക്ക് പകരും എന്ന അപകടം ഒഴിവാക്കാന്‍ ബാലനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുവാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. പ്രഭുവും രോഗബാധിതനായ കുമാരനെ വ്യസനത്തോടെ അനുഗമിച്ചു. മാര്‍ഗമദ്ധ്യേ അത്ഭുതകരമായി മരണാസന്നനായ പുത്രന്‍ സുഖം പ്രാപിച്ചു. മാര്‍ യൗസേപ്പിന്‍റെ അനുഗ്രഹമാണെന്ന് ആ പ്രഭു പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. രോഗാതുരരുടെ വത്സലപിതാവാണ് വിശുദ്ധ യൗസേപ്പ്.

ജപം

ഞങ്ങളുടെ സ്വര്‍ഗീയ മദ്ധ്യസ്ഥനായ മാര്‍ യൗസേപ്പേ, അങ്ങ് സ്വര്‍ഗ്ഗരാജ്യത്തില്‍ എല്ലാ വിശുദ്ധന്‍മാരേക്കാള്‍ ഉന്നതമായ മഹത്വം പ്രാപിച്ചിരിക്കുന്നല്ലോ. പാപികളായ ഞങ്ങളുടെ സ്വര്‍ഗീയമായ സൗഭാഗ്യത്തില്‍ എത്തിച്ചേരുവാന്‍ വേണ്ട അനുഗ്രഹം പ്രാപിച്ചു തരണമേ. ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും തുണയായിരിക്കണമേ. ഞങ്ങളുടെ ആദ്ധ്യാത്മിക ജീവിതത്തിന് പ്രതിബന്ധമായവയെ ദുരീകരിച്ച് അനുദിനം വിശുദ്ധിയില്‍ പുരോഗമിക്കുവാന്‍ അങ്ങേ മഹനീയമായ മാതൃക പ്രചോദനമരുളട്ടെ. വന്ദ്യപിതാവേ, അങ്ങേ സ്വര്‍ഗ്ഗീയ പിതാവിന്‍റെ ഭക്തരും ദിവ്യകുമാരനായ ഈശോമിശിഹായുടെയും അങ്ങേ മണവാട്ടിയായ കന്യകാമറിയത്തിന്‍റെ പക്കലും ഞങ്ങള്‍ക്കു വേണ്ടി മാദ്ധ്യസ്ഥം വഹിക്കേണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ

കര്‍ത്താവേ, അനുഗ്രഹിക്കണമേ

(കര്‍ത്താവേ…)

മിശിഹായെ, അനുഗ്രഹിക്കണമേ.

(മിശിഹായെ…)

കര്‍ത്താവേ, അനുഗ്രഹിക്കണമേ.

(കര്‍ത്താവേ…)

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,

(മിശിഹായെ…)

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

(മിശിഹായെ…)

സ്വര്‍ഗ്ഗസ്ഥനായ പിതാവേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

ലോകരക്ഷകനായ ക്രിസ്തുവേ,

പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ,

.

പരിശുദ്ധ മറിയമേ,

(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

വിശുദ്ധ യൗസേപ്പേ,

ദാവീദിന്‍റെ വിശിഷ്ട സന്താനമേ,

ഗോത്രപിതാക്കളുടെ പ്രകാശമേ,

ദൈവജനനിയുടെ ഭര്‍ത്താവേ,

പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ,

ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ,

മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ,

തിരുക്കുടുംബത്തിന്‍റെ നാഥനേ,

എത്രയും നീതിമാനായ വി. യൗസേപ്പേ,

മഹാ വിരക്തനായ വി.യൗസേപ്പേ,

മഹാ വിവേകിയായ വി. യൗസേപ്പേ,

മഹാ ധീരനായ വി. യൗസേപ്പേ,

അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ,

മഹാ വിശ്വസ്തനായ വി. യൗസേപ്പേ,

ക്ഷമയുടെ ദര്‍പ്പണമേ,

ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ,

തൊഴിലാളികളുടെ മാതൃകയേ,

കുടുംബജീവിതത്തിന്‍റെ അലങ്കാരമേ,

കന്യകകളുടെ സംരക്ഷകാ,

കുടുംബങ്ങളുടെ ആധാരമേ,

നിര്‍ഭാഗ്യരുടെ ആശ്വാസമേ,

രോഗികളുടെ ആശ്രയമേ,

മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ,

പിശാചുക്കളുടെ പരിഭ്രമമേ,

തിരുസ്സഭയുടെ പാലകാ,

ഭൂലോകപാപ….(3)

(നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു.

(സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി.

പ്രാര്‍ത്ഥിക്കാം

അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെയെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍.

സുകൃതജപം

വിശുദ്ധരുടെ സമുന്നത നേതാവായ വിശുദ്ധ യൗസേപ്പേ, ഞങ്ങളെ വിശുദ്ധിയില്‍ നയിക്കേണമേ.