തിരുഹൃദയ വണക്കമാസം ഇരുപതാം തീയതി- മരിയന്‍ പത്രത്തില്‍
നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനേ സ്നേഹിക്കുക, എല്ലാറ്റിലും ഉപരിയായി ദൈവത്തെയും സ്നേഹിക്കുക” എല്ലാ പ്രമാണങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു. ദിവ്യനാഥനായ ഈശോ മനുഷ്യരെ എപ്രകാരം സ്നേഹിക്കുന്നുവെന്ന് ഇന്നു നമുക്ക് ധ്യാനിക്കാം. വിശ്വത്തിലുള്ള സര്‍വ്വചരാചരങ്ങളേയും സൃഷ്ടിച്ച നിത്യദൈവത്തിന്‍റെ സന്നിധിയില്‍ നാം എന്താണ്? സര്‍വ്വ ലോകത്തിന്‍റെയും സ്രഷ്ടാവാണ് ദൈവം. നാം സൃഷ്ടികള്‍ മാത്രം. പ്രപഞ്ചസൃഷ്ട്ടാവായ അവിടുന്നു നിത്യനും സര്‍വ്വശക്തനുമാണ്. നാം നിസ്സാരന്മാരും അഗണ്യരുമാണ്. ഇതിനെല്ലാമുപരിയായി “മനുഷ്യാ നീ പൊടിയാകുന്നു. പൊടിയിലേക്കു തന്നെ പിന്തിരിയും” എന്നു വി.ഗ്രന്ഥം സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.
നമ്മില്‍ ഉണ്ടായിരിക്കുന്നതു കോപം, അസൂയ, ചതിവ്, അഹന്ത, അശുദ്ധത മുതലായ ദുര്‍ഗുണങ്ങളാണ്. ഈ വക തിന്മകള്‍ ഈശോയുടെ പരിശുദ്ധ ഹൃദയം വളരെയധികം വെറുക്കുന്നു. മനുഷ്യരുടെ ഘോരമായ നിന്ദയും മാരകമായ പാപങ്ങളും നിത്യത മുതല്‍ കണ്ടറിഞ്ഞിട്ടും എത്ര സ്നേഹ സമന്വിതമായാണ് ദൈവം നമ്മോടു പ്രവര്‍ത്തിക്കുന്നത്. അവിടുന്നു നമ്മെ ദ്വേഷിക്കുകയോ ഉടനുടന്‍ ശിക്ഷിക്കുകയോ ചെയ്യുന്നില്ല. “മനുഷ്യസന്തതികളോടു കൂടെ വസിക്കുന്നതിലത്രേ എന്‍റെ സന്തോഷം” എന്നാണു സ്നേഹസമ്പന്നനായ ഈശോ അരുളിച്ചെയ്യുന്നത്.
ദയാനിധിയായ ദൈവം തന്‍റെ സമീപത്തേയ്ക്ക് വരുന്ന ആരെയും അകറ്റി നിര്‍ത്തുന്നില്ല. എല്ലാവരെയും സ്നേഹത്തോടെ ആശ്ലേഷിച്ച് സംഭാഷണം ചെയ്യുന്നു. എല്ലാവരെയും സ്നേഹം നിറഞ്ഞ പുത്രന്മാരെന്നും സഹോദരരെന്നും സ്നേഹിതരെന്നും മഹാ വാത്സല്യത്തോടു കൂടി വിളിക്കുന്നു. മഹാപാപിയായ മേരി മഗ്ദലേനായെ ദയാപൂര്‍വ്വം നോക്കി അവളുടെ പാപങ്ങള്‍ മോചിക്കുന്നു. പാപികളുടെ പിന്നാലെ ചെന്ന്‍ അവരെ ആശ്വസിപ്പിക്കുകയും അവര്‍ക്കു ധൈര്യം കൊടുത്തു തന്‍റെ വിശുദ്ധ സ്നേഹത്തിലേക്കു അവരെ ക്ഷണിക്കുകയും ചെയ്യുന്നു. വിശുദ്ധ പത്രോസിനോടും തോമസിനോടുമുള്ള അവിടുത്തെ പെരുമാറ്റം അവിസ്മരണീയവും അത്ഭുതകരവുമാണ്.
ഈശോയുടെ സഹോദരരായ നമുക്കു വേണ്ടി സകലവിധ ക്ലേശങ്ങളും അപമാനങ്ങളും സഹിച്ച ശേഷം കുരിശിന്മേല്‍ മരിച്ചു. കാല്‍വരിയിലെ സ്നേഹബലിക്ക് തുല്യമായ ഒരു ബലിയും ലോകത്തില്‍ നടന്നിട്ടില്ല. മരണത്തോടു കൂടി ക്രിസ്തുവിന്‍റെ സ്നേഹം അവസാനിച്ചില്ല. അവിടുത്തെ ദിവ്യശരീരവും രക്തവും നമ്മുടെ ഭക്ഷണ പാനീയങ്ങളായി അവിടുന്നു നല്‍കി. അനശ്വര സ്നേഹത്തിന്‍റെ നിത്യസ്മാരകങ്ങളായി അവ നില കൊള്ളുന്നു. ഈശോയുടെ ഈ സ്നേഹം നമ്മുടെ വ്യക്തി ജീവിതത്തിലേക്കും പകര്‍ത്താം. ഈശോയെപ്രതി നമ്മുക്ക് എല്ലാവരേയും സ്നേഹിക്കാം. അങ്ങനെ ദിവ്യനാഥനോടുള്ള നമ്മുടെ സ്നേഹം പ്രകടിപ്പിക്കാം.
ജപം
ഈശോയുടെ ദയനിറഞ്ഞ ഹൃദയമേ! എന്‍റെ ആശ്വാസമേ, എന്‍റെ ധനമേ, സ്വര്‍ഗ്ഗ വാസികളൊക്കെയോടും കൂടെ അങ്ങയെ ഞാന്‍ ആരാധിക്കുന്നു. എന്‍റെ ശക്തിയൊക്കെയോടും കൂടെ അങ്ങയെ ഞാന്‍ സ്നേഹിക്കുന്നു. നാഥാ! അങ്ങയോടുള്ള സ്നേഹത്തെപ്രതി ജീവിക്കുന്നതിനും അങ്ങേയ്ക്കുവേണ്ടി സമസ്തവും ഉപേക്ഷിക്കുന്നതിനും അനുഗ്രഹം ചെയ്യണമേ. സ്നേഹരാജനായ ഈശോയെ! അങ്ങേയ്ക്ക് എന്‍റെ നേരെയുള്ള സ്നേഹം എത്രമാത്രമെന്നു മനസ്സിലാക്കുന്നതിനും അങ്ങയെ ഉപദ്രവിച്ചിടത്തോളം അങ്ങയെ സ്നേഹിക്കുന്നതിനും മറ്റുള്ളവരെ അങ്ങേ സ്നേഹം നിറഞ്ഞ ഹൃദയത്തിലേക്ക് ആകര്‍ഷിക്കുന്നതിനും അനുഗ്രഹം നല്കേണമേ.
പ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.
3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി.
സാധുശീലനും വിനീതഹൃദയനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ.
ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ
കര്‍ത്താവേ! അനുഗ്രഹിക്കണമേ.
മിശിഹായേ! അനുഗ്രഹിക്കണമേ.
കര്‍ത്താവേ! അനുഗ്രഹിക്കണമേ.
മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.
ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ,
ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,
റൂഹാദക്കുദാശാ തമ്പുരാനേ,
ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ,
നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ,
(ഞങ്ങളെ അനുഗ്രഹിക്കണമേ)
കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ,
ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,
അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ,
ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ,
അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ,
ദൈവ ഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ,
ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ,
നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ,
നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ,
സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ,
സകല പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ,
സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ,
സകല ഹൃദയങ്ങള്‍ക്കും അധിപനും കേന്ദ്രവുമായ ഈശോയുടെ തിരുഹൃദയമേ,
ജ്ഞാനത്തിന്റെയും അറിവിന്റെയും നിധിയൊക്കെയും ഉള്‍കൊണ്ടിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,
ദൈവത്വത്തിന്‍ പൂര്‍ണ്ണതയൊക്കെയും വസിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ,
നിത്യപിതാവിന് പ്രസാദിച്ചിരിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ,
ഞങ്ങള്‍ക്കെല്ലാവര്‍ക്കും സിദ്ധിച്ചിരിക്കുന്ന നന്മകളുടെ സമ്പൂര്‍ണ്ണ നിധിയായ ഈശോയുടെ തിരുഹൃദയമേ,
നിത്യപര്‍വ്വതങ്ങളുടെ ആശയമായ ഈശോയുടെ തിരുഹൃദയമേ,
ക്ഷമയും അധിക ദയയുമുള്ള ഈശോയുടെ തിരുഹൃദയമേ,
അങ്ങേ കൃപ അപേക്ഷിക്കുന്ന സകലരെയും ഐശ്വര്യപ്പെടുത്തുന്ന ഈശോയുടെ തിരുഹൃദയമേ,
ജീവന്റെയും വിശുദ്ധിയുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരമായിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,
നിന്ദകളാല്‍ പൂരിതമായ ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളുടെ അക്രമങ്ങള്‍ നിമിത്തം തകര്‍ന്ന ഈശോയുടെ തിരുഹൃദയമേ,
മരണത്തോളം കീഴ് വഴങ്ങിയ ഈശോയുടെ തിരുഹൃദയമേ,
സകല ആശ്വാസങ്ങളുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളുടെ ജീവനും ഉയിര്‍പ്പുമായ ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളുടെ സമാധാനവും അനുരജ്ഞനവുമായ ഈശോയുടെ തിരുഹൃദയമേ,
പാപങ്ങള്‍ക്ക് പരിഹാരബലിയായ ഈശോയുടെ തിരുഹൃദയമേ,
അങ്ങയില്‍ ആശ്രയിക്കുന്ന രക്ഷയായ ഈശോയുടെ തിരുഹൃദയമേ,
അങ്ങില്‍ മരിക്കുന്നവരുടെ ശരണമായ ഈശോയുടെ തിരുഹൃദയമേ,
—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,
കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ.
—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,
കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,
കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ.
പ്രാര്‍ത്ഥിക്കാം
സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദ് കൂദാശയുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍.
സുകൃതജപം
ഈശോയുടെ ദിവ്യഹൃദയമേ! എന്‍റെമേല്‍ കൃപചെയ്യണമേ.