തിരുഹൃദയ വണക്കമാസം ഇരുപത്തിയൊന്‍പതാം ദിവസം മരിയന്‍ പത്രത്തില്‍
ദൈവപുത്രനായ ഈശോ പൗരോഹിത്യമായിരിക്കുന്ന പരിശുദ്ധ കുര്‍ബ്ബാനയെ സ്ഥാപിച്ച വിധംതന്നെ എപ്രകാരമെന്ന് നോക്കുക. മാധുര്യം നിറഞ്ഞ ഈശോ തന്‍റെ പീഡാനുഭവത്തിന്‍റെ തലേദിവസം ശിഷ്യരുടെ കാലുകളെ കഴുകി അവരോടുകൂടെ മേശയ്ക്കിരിക്കുന്നു. അപ്പോള്‍ തന്‍റെ ദിവ്യഹൃദയവും മുഖവും സ്നേഹത്താല്‍ ജ്വലിച്ച് തന്‍റെ തൃക്കണ്ണുകളെ ആകാശത്തിലേക്ക് ഉയര്‍ത്തി അപ്പം എടുത്ത് വാഴ്ത്തി മുറിച്ചു കൊടുത്തുകൊണ്ട് അരുളിച്ചെയ്യുന്നു. “നിങ്ങള്‍ വാങ്ങി ഭക്ഷിക്കുവിന്‍ എന്തുകൊണ്ടെന്നാല്‍ ഇത് എന്‍റെ ശരീരമാകുന്നു,” അപ്രകാരം തന്നെ കാസയെടുത്ത് ഉപകാരസ്മരണ ചെയ്ത് അവര്‍ക്കു കൊടുത്തുകൊണ്ട് പറയുന്നത്, “ഇതില്‍ നിന്ന്‍ നിങ്ങള്‍ എല്ലാവരും കുടിക്കുവിന്‍ എന്തുകൊണ്ടെന്നാല്‍ പാപമോചനത്തിനായി അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്ന പുതിയ നിയമത്തിന്‍റെ രക്തം ഇതാകുന്നു.” ദിവ്യഹൃദയ ഭക്തരായ ആത്മാക്കളെ, മാധുര്യം നിറഞ്ഞ ഈശോയുടെ വചനങ്ങളെ കേള്‍ക്കുന്നില്ലയോ?
ഈ ദിവ്യഹൃദയത്തിലെ ആഗ്രഹങ്ങളെ നിങ്ങള്‍ ഈ ദിവ്യവചനങ്ങളില്‍ നിന്നും അറിയുന്നില്ലയോ? നാം ഈശോയുടെ പക്കല്‍ ഇടവിടാതെ ചൊല്ലുന്നതിനും തന്‍റെ തിരുശരീരവും രക്തവും ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നതിനുമത്രേ ഈ ദിവ്യകൂദാശയില്‍ അവിടുന്ന് എഴുന്നള്ളിയിരിക്കുന്നത്. മാത്രമല്ല, തന്‍റെ തിരുശരീരവും രക്തവും ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നവര്‍ക്കു നിത്യായുസ്സ് വാഗ്ദാനം ചെയ്യുകയും അപ്രകാരം ചെയ്യാത്തവരെ നിത്യഭാഗ്യത്തില്‍ നിന്ന്‍ ഒഴിവാക്കുകയും ചെയ്യുന്നു.
മനുഷ്യപുത്രന്‍റെ ശരീരം ഭക്ഷിക്കുകയും തന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍ നിങ്ങളില്‍ ആയുസ്സുണ്ടാകയില്ല. എന്‍റെ മാംസം ഭക്ഷിക്കുകയും തന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവനുണ്ടാകും.” എന്ന്‍ ദിവ്യരക്ഷകന്‍ തന്നെ അരുളിച്ചെയ്തിരിക്കുന്നു. മിശിഹായുടെ അനന്തമായ ആഗ്രഹത്തെ ത്രെന്തോസ് സൂനഹദോസില്‍ കൂടിയിരുന്ന പിതാക്കന്മാര്‍ ഗ്രഹിച്ച്, വിശ്വാസികള്‍ ദിനംപ്രതി വിശുദ്ധ കുര്‍ബ്ബാന ഉള്‍ക്കൊള്ളണമെന്ന് ഉപദേശിക്കുന്നു.
വി.മറിയം മര്‍ഗ്ഗരീത്താമ്മ പറയുന്നത് – വിശുദ്ധ കുര്‍ബ്ബാന ഉള്‍ക്കൊള്ളുവാന്‍ ഞാന്‍ അത്യന്തം ആഗ്രഹിക്കുന്നു. മിശിഹായുടെ തിരുശരീരത്തെ കൈക്കൊള്ളുവാന്‍ തീയില്‍ക്കൂടെ കടക്കണമെന്നായിരുന്നാലും നല്ലമനസ്സോടെ അങ്ങനെ ചെയ്യുമായിരുന്നു. ഈ അനന്തമായ നന്മ എനിക്കു പോയ്പ്പോകുന്നതിനേക്കാള്‍ സകല സങ്കടങ്ങളും അനുഭവിക്കുന്നതിന് തയ്യാറായിരിക്കുന്നു. മഹാത്മാവായ വി.ഫ്രാന്‍സിസ് സാലസ് തല്‍സംബന്ധമായി പറഞ്ഞിട്ടുള്ളതാണ് താഴെക്കാണുന്നത്: “നല്ലവര്‍ നശിച്ചുപോകാതിരിക്കുന്നതിനും പാപികള്‍ മനസ്സു തിരിയുന്നതിനും വൈദികവൃത്തിയില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ ഇതില്‍ ഉത്സാഹമുള്ളവരായിരിക്കുന്നതിനും, സന്യാസികള്‍ അവരുടെ അന്തസ്സില്‍ നിലനില്‍ക്കുന്നതിനും രോഗികള്‍ ആരോഗ്യം പ്രാപിക്കുന്നതിനും വിവാഹം കഴിച്ചിട്ടുള്ളവര്‍ക്ക് അവരുടെ കടമകളെ ശരിയായി നിറവേറ്റുന്നതിനും വി.കുര്‍ബ്ബാനയുടെ സ്വീകരണം ഉത്തമമായ പോംവഴിയായിരിക്കുന്നു.”
മിശിഹാ ഏഴു കൂദാശകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആറു കൂദാശകളിലും തന്‍റെ അനുഗ്രഹങ്ങള്‍ ഭാഗികമായിട്ടേ കൊടുക്കുന്നുള്ളൂ. വി.കുര്‍ബ്ബാനയിലാകട്ടെ തന്നെ മുഴുവനായി കൊടുക്കുന്നു. ഇവയില്‍ നിന്നു പഠിക്കേണ്ടത് നമ്മുടെ നേരെയുള്ള അനന്തമായ സ്നേഹത്തെ കാണിക്കുവാനാണ് മിശിഹാ പരിശുദ്ധ കുര്‍ബ്ബാനയില്‍ എഴുന്നള്ളിയിരിക്കുന്നതെന്നും ഈ ദിവ്യകൂദാശ വഴിയായി തന്നെ മുഴുവനും നമുക്ക് തന്ന് തന്നില്‍ ഇടവിടാതെ വസിച്ചു അവസാനം നിത്യഭാഗ്യത്തില്‍ നമ്മെ ചേര്‍ക്കണമെന്നാണ് അവിടുന്ന്‍ ആഗ്രഹിക്കുന്നതെന്നുമാകുന്നു. അതിനാല്‍ ഭക്തിയുള്ള ആത്മാക്കളെ! ദിവ്യരക്ഷിതാവായ ഈശോമിശിഹായുടെ ദിവ്യഹൃദയത്തിലെ ആഗ്രഹങ്ങളെ നിങ്ങളില്‍ പൂര്‍ത്തിയാക്കുവാന്‍ കഴിവുപോലെ അടുത്തടുത്ത് നിത്യായുസ്സിന്‍റെ അപ്പമായിരിക്കുന്ന ഈശോയുടെ തിരുശരീരത്തെ ഭക്തിയോടും വിശ്വാസത്തോടും എളിമയോടുംകൂടെ ഉള്‍ക്കൊള്ളുന്നതിനു താല്‍പര്യപ്പെട്ടു കൊള്ളുവിന്‍. വ്യാകുലതകളാലും വ്യാധി മുതലായവയാലും നിങ്ങള്‍ വലയുമ്പോള്‍ സമാധാനവും ആശ്വാസവും നിങ്ങള്‍ക്കു ലഭിക്കുന്നതിനായി വി.കുര്‍ബ്ബാനയില്‍ എഴുന്നള്ളിയിരിക്കുന്ന ഈശോയുടെ ദിവ്യഹൃദയത്തില്‍ അഭയം തേടുവിന്‍.
ജപം
പരിശുദ്ധ കുര്‍ബ്ബാനയില്‍ എന്നോടുള്ള സ്നേഹത്തെപ്രതി എഴുന്നള്ളിയിരിക്കുന്ന കൃപ നിറഞ്ഞ ഈശോയുടെ ദിവ്യഹൃദയമേ, സകല നന്മകളും അടങ്ങിയിരിക്കുന്ന ആത്മീയവിരുന്നേ! മാലാഖമാരുടെ ദിവ്യഭോജനമേ! മോക്ഷവാസികളുടെ സന്തോഷമേ, അങ്ങയെ ഞാന്‍ ആരാധിക്കുന്നു. പൂര്‍ണ്ണഹൃദയത്തോടെ ആരാധിക്കുന്നു. പൂര്‍ണ്ണ ഹൃദയത്തോടുകൂടെ സ്നേഹിക്കുന്നു. വിശുദ്ധ കുര്‍ബ്ബാനയില്‍ അങ്ങ് സത്യമായി എഴുന്നള്ളിയിരിക്കുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. കര്‍ത്താവേ! അങ്ങ് ഈ പരമരഹസ്യത്തില്‍ എന്നോടു കാണിക്കുന്ന അളവറ്റ കൃപയെ ആരുടെ നാവാല്‍ പറഞ്ഞറിയിക്കാന്‍ സാധിക്കും. ഈ ദിവ്യകൂദാശയില്‍ അങ്ങേ മഹിമയ്ക്കു തക്ക യോഗ്യതയോടു കൂടെ അങ്ങയെ ഉള്‍ക്കൊള്ളുന്നതിനു ആര്‍ക്കു കഴിയും? പരമപിതാവായ ഈശോയെ! അങ്ങേ അറുതിയില്ലാത്ത കൃപയാല്‍ എന്നില്‍ എഴുന്നള്ളി വരണമേ. എപ്പോഴും അങ്ങേ തിരുശരീരത്തെ യോഗ്യതയോടു കൂടെ ഉള്‍ക്കൊള്ളുവാന്‍ അങ്ങ് തന്നെ എനിക്ക് ഇടവരുത്തിയരുളണമേ. മാധുര്യം നിറഞ്ഞ ഈശോയെ! എന്‍റെ അവസാനത്തെ വചനങ്ങള്‍ അങ്ങയുടെയും അങ്ങേ പരിശുദ്ധ മാതാവിന്‍റെയും തിരുനാമങ്ങള്‍ ആയിരിക്കട്ടെ. എന്‍റെ അന്ത്യഭോജനം ആയുസ്സിന്‍റെ അപ്പമായിരിക്കുന്ന അങ്ങേ തിരുശരീരവും ആയിരിക്കുമെന്ന് ഞാന്‍ ശരണപ്പെടുന്നു. കര്‍ത്താവേ! അങ്ങുതന്നെ എനിക്കതിനു ഇടവരുത്തിയരുളണമേ.
പ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.
3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി.
സാധുശീലനും വിനീതഹൃദയനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ.
ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ
കര്‍ത്താവേ! അനുഗ്രഹിക്കണമേ.
മിശിഹായേ! അനുഗ്രഹിക്കണമേ.
കര്‍ത്താവേ! അനുഗ്രഹിക്കണമേ.
മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.
ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ,
ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,
റൂഹാദക്കുദാശാ തമ്പുരാനേ,
ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ,
നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ,
(ഞങ്ങളെ അനുഗ്രഹിക്കണമേ)
കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ,
ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,
അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ,
ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ,
അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ,
ദൈവ ഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ,
ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ,
നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ,
നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ,
സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ,
സകല പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ,
സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ,
സകല ഹൃദയങ്ങള്‍ക്കും അധിപനും കേന്ദ്രവുമായ ഈശോയുടെ തിരുഹൃദയമേ,
ജ്ഞാനത്തിന്റെയും അറിവിന്റെയും നിധിയൊക്കെയും ഉള്‍കൊണ്ടിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,
ദൈവത്വത്തിന്‍ പൂര്‍ണ്ണതയൊക്കെയും വസിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ,
നിത്യപിതാവിന് പ്രസാദിച്ചിരിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ,
ഞങ്ങള്‍ക്കെല്ലാവര്‍ക്കും സിദ്ധിച്ചിരിക്കുന്ന നന്മകളുടെ സമ്പൂര്‍ണ്ണ നിധിയായ ഈശോയുടെ തിരുഹൃദയമേ,
നിത്യപര്‍വ്വതങ്ങളുടെ ആശയമായ ഈശോയുടെ തിരുഹൃദയമേ,
ക്ഷമയും അധിക ദയയുമുള്ള ഈശോയുടെ തിരുഹൃദയമേ,
അങ്ങേ കൃപ അപേക്ഷിക്കുന്ന സകലരെയും ഐശ്വര്യപ്പെടുത്തുന്ന ഈശോയുടെ തിരുഹൃദയമേ,
ജീവന്റെയും വിശുദ്ധിയുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരമായിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,
നിന്ദകളാല്‍ പൂരിതമായ ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളുടെ അക്രമങ്ങള്‍ നിമിത്തം തകര്‍ന്ന ഈശോയുടെ തിരുഹൃദയമേ,
മരണത്തോളം കീഴ് വഴങ്ങിയ ഈശോയുടെ തിരുഹൃദയമേ,
സകല ആശ്വാസങ്ങളുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളുടെ ജീവനും ഉയിര്‍പ്പുമായ ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളുടെ സമാധാനവും അനുരജ്ഞനവുമായ ഈശോയുടെ തിരുഹൃദയമേ,
പാപങ്ങള്‍ക്ക് പരിഹാരബലിയായ ഈശോയുടെ തിരുഹൃദയമേ,
അങ്ങയില്‍ ആശ്രയിക്കുന്ന രക്ഷയായ ഈശോയുടെ തിരുഹൃദയമേ,
അങ്ങില്‍ മരിക്കുന്നവരുടെ ശരണമായ ഈശോയുടെ തിരുഹൃദയമേ,
—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,
കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ.
—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,
കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,
കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ.
പ്രാര്‍ത്ഥിക്കാം
സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദ് കൂദാശയുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍.
സുകൃതജപം
ഈശോയുടെ ദിവ്യകാരുണ്യഹൃദയം എല്ലാവരാലും സ്നേഹിക്കപ്പെടട്ടെ.