അനുഗ്രഹിക്കപ്പെടണോ നന്ദിയുള്ളവരാകൂ

നന്ദി വല്ലാത്തൊരു വാക്കാണ്. പക്ഷേ പലരുടെയും ജീവിതത്തില്‍ അതില്ല. ആവശ്യത്തിന് വേണ്ടി മാത്രം ഉപയോഗിക്കുകയും ആവശ്യം കഴിയുമ്പോള്‍ വലിച്ചെറിയുകയും ചെയ്യുന്നവര്‍ ഈ ലോകത്തില്‍ ഒരുപാടുണ്ട്. ക്രിസ്തു പോലും നന്ദി ആഗ്രഹിച്ചിരുന്നതായി കുഷ്ഠരോഗികളെ സൗഖ്യമാക്കിയ സംഭവം വ്യക്തമാക്കുന്നുണ്ട്. നന്ദി കേട് ദൈവം പോലും പൊറുക്കാത്ത തെറ്റാണെന്നും അതിന്റെ പശ്ചാത്തലത്തില്‍ നമുക്ക് തോന്നാനിടയുണ്ട്. ഈ അവസരത്തില്‍ നന്ദിയുള്ളവരായിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നന്ദിയുണ്ടായിരിക്കുക എന്നത് വ്യക്തിത്വത്തിന്റെ നന്മയാണ്. ശോഭനമായ ഭാവിക്കു മുമ്പിലുള്ള നല്ല മാര്‍ഗ്ഗവുമാണ്.എങ്ങനെയാണ് ഈ സമൂഹത്തില്‍ നമുക്ക് നന്ദിയുള്ളവരായി ജീവിക്കാന്‍ കഴിയുന്നത്?

സ്വീകരിച്ച നല്ല കാര്യങ്ങളെ തിരിച്ചറിയുക

ചുരുങ്ങിയ ഈ ജീവിതംകൊണ്ട് എത്രയോ നന്മകള്‍ സ്വീകരിച്ചിട്ടുള്ളവരാണ് നമ്മള്‍ ഓരോരുത്തരും. പക്ഷേ ഈ നന്മകള്‍ക്ക് എന്നെങ്കിലും നന്ദി പറയാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടോ. ഈ പ്രകൃതിയെ തന്നെ നോക്കൂ. പച്ചപ്പ്..പുഴ..മഴ..കടല്‍, വെയില്‍, നിലാവ് അതുപോലും ദൈവം നമുക്ക് നല്കിയ കൃപകളാണ്. അതുപോലെ ഇത് വായിക്കാനുള്ള കഴിവ്..ഓര്‍മ്മയില്‍ സൂക്ഷിക്കാനുള്ള കഴിവ്, നല്ല കുടുംബം, രോഗമുണ്ടെങ്കില്‍ പോലും ചികിത്സിക്കാന്‍ കഴിയുന്ന അവസ്ഥ, നടക്കാനും കാണാനും കഴിയുന്ന അവസ്ഥ. ഇതൊക്കെ അനുഗ്രഹമാണ്. നന്മയാണ്. അവയെ തിരിച്ചറിയുക

നല്ല വികാരങ്ങള്‍ പുലര്‍ത്തുക

സങ്കടവും നിരാശയും മാത്രമല്ല ജീവിതത്തിലുള്ളത്. സന്തോഷവും അഭിമാനവുമെല്ലാമുണ്ട്. ഹൃദയത്തില്‍ കൊണ്ടുനടക്കേണ്ട ഇത്തരം വികാരങ്ങളെ നല്ലരീതിയില്‍ സൂക്ഷിക്കുക. ബുദ്ധികൊണ്ട് എന്നതിലേറെ മനസ്സുകൊണ്ട് അവയെ സ്വീകരിക്കുക.

അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുക:


ലഭിച്ച തീരെ ചെറിയ കാര്യങ്ങള്‍ക്കുപോലും ദൈവത്തോട് നന്ദിപറയുക. മറ്റുള്ളവരോടും നന്ദിപറയുക. ഇങ്ങനെ ക്രമേണ നന്ദിയുടെ ശീലം വളര്‍ത്തിയെടുക്കുക. നന്ദിയുള്ളവരെ എല്ലാവരും ഇഷ്ടപ്പെടും. ആവശ്യം കഴിഞ്ഞ് മറന്നുകളയുന്നവരോട് ആളുകള്‍ അടുക്കാന്‍ മടിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.