വിശുദ്ധ ചാവറയച്ചന്‍ സാക്ഷ്യപ്പെടുത്തുന്ന ഈ സംഭവം യൗസേപ്പിതാവിന്റെ മാധ്യസ്ഥം കൂടുതലായി തേടാന്‍ നമ്മെ സഹായിക്കും

യൗസേപ്പിതാവിന്റെ മാധ്യസ്ഥം വഴി ചാവറയച്ചന് ലഭിച്ച അനുഗ്രഹത്തെക്കുറിച്ച് എഴുതിയിരിക്കുന്നത് യൗസേപ്പിതാവിന്റെ വണക്കമാസപ്പുസ്തകത്തിലാണ്. പുസ്തകത്തില്‍ നിന്നുള്ള വിവരണമാണ് ചുവടെ കൊടുത്തിരിക്കുന്നത്.

1847 ആഗസ്റ്റ് മാസം മാന്നാനത്തെ പ്രസ്സ് സ്ഥാപിച്ചു പ്രവര്‍ത്തനം തുടങ്ങിയതേയുള്ളൂ. ആശ്രമത്തിന്റെ പണിയും പുരോഗമിക്കുന്നു. വശുദ്ധ ചാവറയച്ചന്‍ ദീര്‍ഘമായ യാത്ര കഴിഞ്ഞ് ക്ഷീണിതനായി മാന്നാനത്ത് മടങ്ങിയെത്തിയതേയുളളൂ. വിവിധ പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ വിഷമിപ്പിക്കുകയാണ്. പ്രസിലെ ജോലിക്കാര്‍ക്ക് ശമ്പളം കൊടുക്കേണ്ട ദിവസം. പക്ഷേ ഒരു ചില്ലിക്കാശുപോലും കൈവശമില്ല. കൊവേന്തയിലെ പണിക്കാര്‍ക്കും കൂലി കൊടുക്കണം. ഒരു വലിയ കടബാധ്യതയും.

ആശ്രമംപണി സംബന്ധിച്ചുള്ള കാലയളവാണ്. ചാവറയച്ചന്‍ വലിയ മനോവിഷമത്തോടെ പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ അള്‍ത്താരയുടെ മുമ്പില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു. തുടര്‍ന്നുള്ള ഭാഗം ചാവറയച്ചന്റെ വാക്കുകളില്‍ തന്നെ ഇവിടെ പകര്‍ത്തുകയാണ്.

വീണ്ടും ഇങ്ങ് വന്നപ്പോള്‍ ശമ്പളം മുതലായി പലവക ചിലവിനും ഒരു ചക്രവും ഇല്ലാത ഈ കടം തീര്‍ക്കാനുള്ളതിനൊക്കെയും കൊടുത്തുപോയി. ഒരു വഴിയുമില്ലാതെ ബുദ്ധിമുട്ടി മാര്‍ യൗസേപ്പ് പുണ്യവാനോടപേക്ഷിച്ചു. ക്ലേശിച്ചിരിക്കുമ്പോള്‍ ദൈവസഹായത്തിന്റെ പ്രത്യക്ഷം പോലെ ചേര്‍പ്പുങ്കല്‍ പള്ളി ഇടവകക്കാരന്‍ നെല്ലിപ്പുഴ ഇട്ടി എന്നയാള്‍ വന്നു. ഞാന്‍ പള്ളിയകത്ത് ഇക്കാര്യത്തെക്കുറിച്ച് വിഷാദിച്ചു നില്ക്കുമ്പോള്‍ പറഞ്ഞു.:

ഞാന്‍ അഞ്ഞൂറ് ചക്രം കൊണ്ടുവന്നിട്ടുണ്ട്. ഇനിയൊരു ആളയച്ചാല്‍ അഞ്ഞൂറും കൂടി കൊടുത്തയ്ക്കാം എന്ന്. ഇതുകേട്ടപ്പോള്‍ ഉടന്‍ ശ്വാസം നേരെ വീഴുകയും ചെയ്തു.’

വിശുദ്ധ യൗസേപ്പിതാവിന്റെ സഹായം കൊണ്ട് ഉണ്ടായ ഇതുപോലെയുള്ള നിരവധി അനുഗ്രഹങ്ങള്‍ക്ക് ചാവറയച്ചന്റെ ജീവിതം സാക്ഷ്യം നല്കുന്നുണ്ട്



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.