ദൈവത്തിന്റെ പ്രീതിയാണോ മനുഷ്യരുടെ പ്രീതിയാണോ നിന്റെ ലക്ഷ്യം?

സത്യം, നമ്മുടെ ചെയ്തികളെ സത്യസന്ധമായും ആത്മാര്‍ത്ഥമായും പരിശോധിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ദൈവത്തിന് വേണ്ടിയെന്ന പേരിലും സഭയുടെ ശബ്ദമെന്ന് അവകാശപ്പെട്ടും നാം ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. എന്നാല്‍ അതിനെല്ലാം നമ്മെ പ്രേരിപ്പിക്കുന്ന യഥാര്‍ത്ഥകാരണം എന്താണ്.

നാം മനുഷ്യരുടെയിടയില്‍ നിന്ന് നേടിയെടുക്കാന്‍ ആഗ്രഹിക്കുന്ന പ്രശംസ, നല്ല വാക്കുകള്‍..

ചില പ്രസംഗങ്ങള്‍, എഴുത്തുകള്‍, മിനിസ്ട്രികള്‍ എല്ലാം നാം ചെയ്യുന്നുണ്ട്. അതും ദൈവത്തിന് വേണ്ടിയാണെന്ന പേരില്‍. എന്നാല്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് വേണ്ടത്ര പ്രശംസ കിട്ടിയില്ലെങ്കിലോ.. കൂടുതല്‍ ആളുകള്‍ നമ്മുക്കൊപ്പം ഇല്ലെന്നബോധ്യം വന്നാലോ.. കൂടുതല്‍ വായിക്കപ്പെടുന്നില്ലെങ്കിലോ.. നമ്മുടെ മനസ്സ് തളരും. നിരാശയിലേക്ക കൂപ്പുകുത്തും.

അതുപോലെ പ്രാര്‍ത്ഥിച്ചിട്ട് ഉത്തരം കിട്ടിയില്ലെങ്കിലും ഇതേ അവസ്ഥ തന്നെയാണ്. പ്രാര്‍ത്ഥിക്കുമ്പോഴേ ഉത്തരം കി്ട്ടുമ്പോള്‍ നമ്മുക്ക് വല്ലാത്ത ആത്മവിശ്വാസം ഉണ്ടാകും. എന്റെ പ്രാര്‍ത്ഥന ദൈവം കേട്ടു. അതായത് ഞാന്‍ നല്ലവനും നീതിമാനുമാണ്. പ്രാര്‍ത്ഥന കേട്ടുവെന്നതിനെക്കാള്‍ അതിന് നല്കുന്ന ന്യായീകരണമാണ് പ്രശ്‌നം.

മറ്റൊരാളുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കുന്നില്ല. കാരണം അയാള്‍ പാപിയാണ്. ഇത്തരം ചിന്താഗതികളും അപകടകരമാണ്. ദൈവത്തിന് വേണ്ടിയാണ് ചെയ്യുന്നതെങ്കില്‍ ആ പ്രവൃത്തികള്‍ തുടര്‍ന്നകൊണ്ടുപോകട്ടെ..ദൈവം അനുവദിക്കുന്ന സമയത്ത് ദൈവം ആഗ്രഹിക്കുന്ന രീതിയില്‍ അതിന് ഉയര്‍ച്ചയോ വ്യാപനമോ ഉണ്ടാകും.

പക്ഷേ അതുവരെ കാത്തിരിക്കാന്‍ നാം സന്നദ്ധരായിരിക്കണം. ഇനി മനുഷ്യരുടെ പ്രീതിയാണ് ലക്ഷ്യം വയ്ക്കുന്നതെങ്കില്‍ അവര്‍ നമ്മെ വേണ്ടതുപോലെ പ്രശംസിക്കാതെ വരുമ്പോള്‍ എഴുത്തും വായനയും പ്രസംഗവും നിര്‍ത്തിയേക്കുക. എന്തിനാണ് വെറുതെ ദൈവത്തിന്റെപേരില്‍ അസത്യം തുടര്‍ന്നുകൊണ്ടുപോകുന്നത്? അതുകൊണ്ട് നമ്മുടെ ചെയ്തികളെ സ്വര്‍ണ്ണം ഉരച്ചുനോക്കുന്നതുപോലെ നോക്കുക. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ

ഞാന്‍ ഇപ്പോള്‍ മനുഷ്യരുടെ പ്രീതിയാണോ അന്വേഷിക്കുന്നത്? അതോ ദൈവത്തിന്റെതാണോ? അഥവാ മനുഷ്യരെ പ്രസാദിപ്പിക്കാന്‍ ഞാന്‍ യത്‌നിക്കുകയാണോ. ഞാന്‍ ഇപ്പോഴും മനുഷ്യരെ പ്രസാദിപ്പിക്കുന്നവനായിരുന്നുവെങ്കില്‍ ക്രിസ്തുവിന്റെ ദാസനാവുകയില്ലായിരുന്നു. ( ഗലാത്തിയ 1:10)



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.