മരണത്തിന്റെ മണിക്കൂറിനായി നാം നമ്മെതന്നെ ഒരുക്കേണ്ടത് എങ്ങനെയാണ്?

നവംബര്‍ മാസത്തിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. മരിച്ചുപോയ പ്രിയപ്പെട്ടവര്‍ക്കുവേണ്ടി പ്രത്യേകമായി പ്രാര്‍ത്ഥിക്കാനായി നാം തിരഞ്ഞെടുത്തിരിക്കുന്ന മാസമാണ് ഇത്. അതോടൊപ്പം തന്നെ സ്വന്തം മരണത്തിനായി നമ്മെതന്നെ ഒരുക്കേണ്ടതും അത്യാവശ്യമാണ്. പറയുന്നതുപോലെ എളുപ്പമുള്ളതോ കേള്‍ക്കാന്‍ അത്ര സുഖകരമായ കാര്യമോ അല്ല മരണം എന്നത് സത്യമാണ്. മരണം എന്ന് കേള്‍ക്കുമ്പോള്‍ നാം ഭയപ്പെടുന്നു. ഓടിയകലാന്‍ കൊതിക്കുന്നു. എത്ര പ്രായമുള്ളവരുടെ പോലും അവസ്ഥ ഇതാണ്. അങ്ങനെയെങ്കില്‍ സന്തോഷിച്ചും സുഖിച്ചും ജീവിക്കുന്നവരുടെ കാര്യം പറയാനുണ്ടോ? അതുകൊണ്ടാണ് മരണത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ തന്നെ പലരും മുഖം തിരിക്കുന്നത്. അത്തരം ലേഖനങ്ങളോ കുറിപ്പുകളോ വായിക്കാത്തത്. പക്ഷേ മരണം സത്യമായ കാര്യമല്ലേ. അതിനായി നാം ഒരുങ്ങേണ്ടതല്ലേ.

കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ഇക്കാര്യം നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

നമ്മുടെ മരണത്തിന്റെ മണിക്കൂറിനായി നമ്മെ തന്നെ ഒരുക്കാന്‍ സഭ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. വിശുദ്ധന്മാരുടെ ലുത്തീനിയായില്‍ സഭ, പെട്ടെന്നുള്ളതും മുന്‍കൂട്ടിക്കാണാത്തതുമായ മരണത്തില്‍ നിന്ന് കര്‍ത്താവേ ഞങ്ങളെ രക്ഷിക്കണമേ എന്ന പ്രാര്‍ത്ഥിക്കുന്നു. നന്മനിറഞ്ഞ മറിയമേ എന്ന ജപത്തില്‍ ഞങ്ങളുടെ മരണസമയത്ത് ഞങ്ങള്‍ക്കുവേണ്ടി മാധ്യസ്ഥം വഹിക്കണമേ എന്ന് ദൈവമാതാവിനോട് യാചിക്കാനും സൗഭാഗ്യപൂര്‍ണ്ണമായ മരണത്തിന്റെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിന് നമ്മെതന്നെ ഭരമേല്‍പ്പിക്കാനും സഭ ആവശ്യപ്പെടുന്നു.

അതെ, ഇന്നുമുതല്‍ ഓരോ ദിവസവും നമ്മുക്ക് മരണചിന്തയുണ്ടാകട്ടെ. ഭാഗ്യമരണം പ്രാപിക്കാന്‍ പ്രത്യേകമായി പ്രാര്‍ത്ഥിക്കാം. അങ്ങനെയൊരു ഭാഗ്യം നമുടെ അവകാശമാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.