നന്മ പ്രവര്‍ത്തിച്ചിട്ടും കഷ്ടത അനുഭവിക്കുകയാണോ..വചനം പറയുന്നത് കേള്‍ക്കൂ

നന്മ ചെയ്തതിന്റെ പേരില്‍ എപ്പോഴെങ്കിലുമൊക്കെ ഇച്ഛാഭംഗം തോന്നിയിട്ടുള്ളവരായിരിക്കും നമ്മളില്‍ പലരും.നന്മ ചെയ്തി്ട്ട് തിരിച്ചടി കിട്ടിയതുകൊണ്ടാണ് ഈ ഇച്ഛാഭംഗം.

ഇനിയാര്‍ക്കും ഒരു ഉപകാരവും ചെയ്യുകയില്ലെന്ന് ശപഥം എടുത്തിട്ടുള്ളവര്‍ പോലുമുണ്ടാകാം. കാരണം അവര്‍ നന്മ ചെയ്തു തിരികെ കിട്ടിയത് തിന്മ.

വേറൊരു കൂട്ടരുണ്ട് നന്മ ചെയ്തു തിന്മ കിട്ടി. അങ്ങനെയെങ്കില്‍ ഇനിയെന്തിന് നന്മ ചെയ്യണം എന്നാണ് അവരുടെ ചോദ്യം. അതുകൊണ്ട് തിന്മ ചെയ്യാന്‍ അവര്‍ തീരുമാനിക്കുന്നു.

ഇങ്ങനെ കഠിന തീരുമാനമെടുത്തിരിക്കുന്നവരെല്ലാം നിശ്ചയമായും ധ്യാനിക്കേണ്ട ഒന്നാണ് 1 പത്രോസ് 3:17 വചനം ഇപ്രകാരമാണ് പറയുന്നത് നന്മ പ്രവര്‍ത്തിച്ചിട്ടു കഷ്ടതയനുഭവിക്കുകയെന്നതാണ് ദൈവഹിതമെങ്കില്‍ അതാണ് തിന്മ പ്രവര്‍ത്തിച്ചിട്ടു കഷ്ടതയനുഭവിക്കുക എന്നതിനെക്കാള്‍ നല്ലത്.

ക്രിസ്തുവിന്റെ കാര്യം തന്നെ നോക്കൂ. അവിടുന്ന് ലോകരക്ഷകനും ദൈവപുത്രനായിരുന്നിട്ടും ലോകം അവിടുത്തെ ദ്വേഷിച്ചു. ലോകം അവിടുത്തെ ക്രൂശിലേറ്റി. കാരണം അത്തരം അനുഭവങ്ങളിലൂടെ യേശുകടന്നുപോകുക എന്നത് ദൈവഹിതമായിരുന്നു. തിന്മ ചെയ്തതിന്റെ പേരിലല്ല ക്രിസ്തു ക്രൂശിലേറിയത്. നന്മ ചെയ്തതുകൊണ്ടായിരുന്നു.

അതുകൊണ്ട് നന്മ ചെയ്താല്‍ തിരിച്ചടി കിട്ടുമെന്ന് മനസ്സിലാക്കിക്കൊണ്ടുതന്നെ നാം നന്മ തുടരുക. ഒരിക്കലും നന്മയ്ക്ക് പകരം തിന്മ ചെയ്യാതിരിക്കുക.

നന്മ പ്രവര്‍ത്തിച്ചിട്ടും കഷ്ടതയാണ് അനുഭവിക്കുന്നതെങ്കില്‍ അത്് ദൈവഹിതമാണെന്ന് തിരിച്ചറിയുക. തിന്മ ചെയ്തിട്ട് കഷ്ടത അനുഭവിക്കുന്നതിനെക്കാള്‍ നല്ലത് നന്മ ചെയ്തിട്ടു കഷ്ടതയനുഭവിക്കുക തന്നെയാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.