ജീവിതത്തിലെ തിക്തമായ അനുഭവങ്ങളിലൂടെയും ദുഷ്‌ക്കരമായ സാഹചര്യങ്ങളിലൂടെയും കടന്നുപോകുമ്പോള്‍ ലഭിക്കുന്ന വാക്കുകള്‍ ഏറെ ആശ്വാസം നല്കും. ആ വാക്ക് പറയുന്നത് ചിലപ്പോള്‍ സുഹൃത്തോ ജീവിതപങ്കാളിയോ ബന്ധുക്കളോ ആരുമാകാം. കേവലം മാനുഷികമായ ആ വാക്കുകള്‍ക്ക് പോലും വലിയ ആശ്വാസവും സമാധാനവും നല്കാന്‍ കഴിയുമെങ്കില്‍ ദൈവം പറയുന്ന വാക്കുകള്‍ക്ക് എത്രയോ വലിയ സമാധാനമാണ് നമുക്ക് നല്കാന്‍ കഴിയുന്നത്. ദൈവം നമ്മോട് സംസാരിച്ചതും ഇന്നും സംസാരിക്കുന്നതും തിരുവചനങ്ങളിലൂടെയാണ്. പലവിധതരത്തില്‍ മുറിയപ്പെട്ട മനസ്സുമായി ജീവിക്കുന്ന നമുക്ക് ആശ്വാസം നല്കുന്ന ഒരു വചനമാണ് ജെറമിയ 30: 17 മുതലുള്ളത്. ആ വചനങ്ങളിലൂടെ നമുക്ക് കടന്നുപോകാം
ഞാന്‍ നിനക്ക് വീണ്ടും ആരോഗ്യം നല്കും. നിന്റെ മുറിവുകള്‍സുഖപ്പെടുത്തും. കര്‍ത്താവ് അരുളിച്ചെയ്യുന്നു. അവര്‍ നിന്നെ ഭ്രഷ്ട എന്നും ആരും തിരിഞ്ഞുനോക്കാത്ത സീയോന്‍ എന്നും വിളിച്ചില്ലേ. കര്‍ത്താവ് അരുളിച്ചെയ്യുന്നു യാക്കോബിന്റെ കൂടാരങ്ങളുടെ ഭാഗധേയം ഞാന്‍ പുനസ്ഥാപിക്കും. അവരുടെ വാസസ്ഥലങ്ങളോട് ഞാന്‍ കാരുണ്യം പ്രകടിപ്പിക്കും. നഗരം നാശക്കൂമ്പാരത്തില്‍ നിന്നു വീണ്ടും പണിയപ്പെടും. കൊട്ടാരം അതിന്റെ സ്ഥാനത്തുതന്നെ വീണ്ടും ഉയര്‍ന്നുനില്ക്കും. അവയില്‍ നിന്ന് കൃതജ്ഞതാഗീതങ്ങളും സന്തുഷ്ടരുടെ ആഹ്ലാദാരവവും ഉയരും. ഞാന്‍ അവരെ വര്‍ദ്ധിപ്പിക്കും. അവര്‍ കുറഞ്ഞുപോവുകയില്ല. ഞാന്‍ അവരെ മഹത്വമണിയിക്കും. അവര്‍ നിസ്സാരരാവുകയില്ല. അവരുടെ മക്കള്‍ പൂര്‍വകാലത്തേതുപോലെയാകും. അവരുടെ സമൂഹം എന്റെ മുമ്പില്‍ സുസ്ഥാപിതമാകും, അവരെ ദ്രോഹിക്കുന്നവരെ ഞാന്‍ ശിക്ഷിക്കും. അവരുടെ രാജാവ് അവരില്‍ ഒരാള്‍ തന്നെയായിരിക്കും. അവരുടെ ഭരണാധിപന്‍ അവരുടെയിടയില്‍ നിന്ന് തന്നെ വരും. എന്റെ സന്നിധിയില്‍ വരാന്‍ ഞാന്‍ അവനെ അനുവദിക്കും. അപ്പോള്‍ അവന്‍ എന്റെ അടുക്കല്‍ വരും. അല്ലാതെ എന്നെ സമീപിക്കാന്‍ ആരാണ് ധൈര്യപ്പെടുക? കര്‍ത്താവ് അരുളിച്ചെയ്യുന്നു.
എന്തൊരാശ്വാസം.. സമാധാനം…സന്തോഷം..അല്ലേ.. അതുകൊണ്ട് ജീവിതത്തിലെ ദു:ഖപൂരിതമായ സന്ദര്‍ഭങ്ങളിലൂടെ കടന്നുപോകുമ്പോള്‍ വചനം വായിക്കുന്നത് നമുക്ക് ഒരു ശീലമാക്കാം.