ഹൃദയശുദ്ധീകരണത്തിനും സ്വര്‍ഗ്ഗീയ വി്ജ്ഞാനത്തിനും വേണ്ടിയുള്ള പ്രാര്‍ത്ഥന

എന്റെ ദൈവമേ പരിശുദ്ധാത്മാവിന്റെ അനുഗ്രഹത്താല്‍ എന്നെ സ്ഥിരപ്പെടുത്തണമേ. ആന്തരിക മനുഷ്യനെ ശക്തിപ്പെടുത്തുന്നതിനും എന്റെ ഹൃദയത്തില്‍ നിന്ന് അനാവശ്യമായ ആകുലതയും ഉത്കണ്ഠയും നീക്കം ചെയ്യുന്നതിനും നിസ്സാരമോ അമൂല്യമോ ആയ എന്തെങ്കിലും വസ്തുവിനോടുണ്ടാകുന്ന നാനാവിധത്തിലുള്ള ആശങ്കകള്‍ക്ക് അടിമപ്പെടാതെ സകലവസ്തുക്കളോടൊപ്പം ഞാനും കടന്നുപോകുമെന്ന് വിചാരിക്കുന്നതിന് എന്നെ ശക്തിപ്പെടുത്തണമേ.

സൂര്യന് കീഴെ ശാശ്വതമായി യാതൊന്നുമില്ല. സര്‍വവും മായും മനോവേദനയുമാണ്. ഇങ്ങനെ വിചാരിക്കുന്നവന്‍ മഹാജ്ഞാനി തന്നെ. കര്‍ത്താവേ സര്‍വ്വോപരി അങ്ങയെ അന്വേഷിച്ച് കണ്ടെത്തുന്നതിനും സര്‍വ്വോപരി അങ്ങയെ ആസ്വദിച്ച് സ്‌നേഹിക്കുന്നതിനും ശേഷം വസ്തുക്കളെ സര്‍വ്വജ്ഞനായ അങ്ങ് നിശ്ചയിച്ചിരിക്കുന്ന ക്രമപ്രകാരം യഥാവിധി ഗ്രഹിക്കുന്നതിനും സ്വര്‍ഗ്ഗീയമായ വിജ്ഞാനം എനിക്ക് നല്കണമേ.

മുഖസ്തുതി പറയുന്നവരില്‍ നിന്ന് വിവേകപൂര്‍വ്വം ഒഴിഞ്ഞുമാറാനും എതിര്‍ക്കുന്നവരോട് ക്ഷമിക്കാനും എനിക്ക് കൃപ ചെയ്യണമേ. വാക്കുകള്‍ വായുവിലുണ്ടാക്കുന്ന ചലനത്താല്‍ ഇളകാതെയും വ്യാജമായ മുഖസ്തുതിക്ക് ചെവി കൊടുക്കാതെയും ഇരിക്കുന്നത് വലിയ വിജ്ഞാനമാകുന്നു. ഇങ്ങനെ നാം നടക്കാന്‍ തുടങ്ങിയ വഴിയിലൂടെ നമുക്ക് ഭദ്രമായി പോകാം. ( ക്രിസ്ത്വാനുകരണം)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.